ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി നൽകി. ഭരണഘടന നൽകുന്ന അവകാശങ്ങൾ ലംഘിക്കപ്പെടുന്നു എന്ന് ആരോപിച്ചാണ് ഹർജി. ലോക്സഭയിലെ കോൺഗ്രസ് വിപ്പ് മുഹമ്മദ് ജാവേദാണ് ഹർജി ഫയൽ ചെയ്തത്.
പ്രതിപക്ഷത്തിന്റെ വലിയ എതിർപ്പിനിടെയാണ് ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. 128 പേരാണ് രാജ്യസഭയിൽ നടന്ന വോട്ടിംഗിൽ ബില്ലിനെ പിന്തുണച്ചത്. 95 പേർ ബില്ലിനെ എതിർത്തും വോട്ടുചെയ്തു. പതിമൂന്നര മണിക്കൂർ നീണ്ട ചർച്ചയ്ക്കൊടുവിലാണ് രാജ്യസഭയിൽ ബിൽ പാസായത്.
പ്രതിപക്ഷം നിർദേശിച്ച ഭേദഗതി ശബ്ദവോട്ടോടെ തള്ളി. ഇനി രാഷ്ട്രപതിയുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി മാറും. രാഷ്ട്രപതി അംഗീകാരം നൽകുന്നതോടെ നിയമത്തിന്റെ പേര് “ഏകീകൃത വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡെവലപ്മെന്റ് ആക്ട് 1995’എന്നായി മാറും.
വഖഫ് ഭേദഗതി ബിൽ വ്യാഴാഴ്ച ലോക്സഭയിലും പാസാക്കിയിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് വഖഫ് ബോർഡുകളുടെയും വഖഫ് കൗൺസിലുകളുടെയും അടിസ്ഥാനരൂപം പൊളിച്ചെഴുതുന്ന “വഖഫ് ഭേദഗതി ബിൽ -2025′ ലോക്സഭയിൽ പാസായത്.