ജെയിംസ് അഗസ്റ്റിന്
നിര്‍ത്താതെ കരയുന്ന നവജാതശിശുവിനെ 50 സെക്കന്റുകള്‍ക്കുള്ളില്‍ ഉറക്കണോ? ജാപ്പനീസ് ഡോക്ടര്‍ ഹജിമേ മുറൂക്കയുടെ ‘LULLABY FROM THE WOMB’ എന്ന ആല്‍ബത്തിലെ സംഗീതം കേള്‍പ്പിച്ചാല്‍ മതി. 1970-കളില്‍ നിപ്പോണ്‍ മെഡിക്കല്‍ കോളജില്‍ സേവനം ചെയ്തിരുന്ന ഡോ.ഹജിമേ മുറൂക്ക, നവജാതശിശുക്കളുടെ കരച്ചില് കുറയ്ക്കാനും പെട്ടെന്ന് ഉറക്കാനുമുള്ള ശാസ്ത്രീയ വഴികള്‍ തേടുകയായിരുന്നു. ഏറ്റവും സുരക്ഷിതവും ശബ്ദനിയന്ത്രണവുമുള്ള, അമ്മയുടെ ഉദരത്തില്‍ നിന്നും ബഹളമായ അന്തരീക്ഷത്തിലേക്കു വരുന്ന നവജാതശിശുക്കളെ എങ്ങനെ ശാന്തരാക്കാം എന്ന അന്വേഷണത്തിലായിരുന്നു ഡോ. ഹജിമേ. ഗര്‍ഭപാത്രത്തില്‍ കുഞ്ഞു അതുവരേ കേട്ടിരുന്ന ശബ്ദം വീണ്ടും കേള്‍പ്പിച്ചാല്‍ കുഞ്ഞുങ്ങള്‍ ശാന്തരാകുമെന്ന് അദ്ദേഹത്തിനു മനസ്സിലായി. എട്ടു മാസം ഗര്‍ഭിണിയായ ഒരു അമ്മയുടെ ഉദരത്തില്‍ ഗര്‍ഭസ്ഥശിശുവിന്റെ തലയ്ക്കു സമീപം 8 എം.എം.മൈക്രോഫോണ്‍ ഘടിപ്പിച്ച് ഗര്‍ഭാശയത്തിലെ ശബ്ദം റെക്കോര്‍ഡ് ചെയ്തു. അമ്മയുടെ ശരീരസ്പന്ദനത്തിന്റെ മൃദുസ്വരം റെക്കോര്‍ഡ് ചെയ്ത ടേപ്പ് 403 നവജാതശിശുക്കളെ കേള്‍പ്പിച്ചപ്പോള്‍ 161 കുഞ്ഞുങ്ങള്‍ 41 സെക്കന്റിനുള്ളില്‍ ഉറങ്ങി. ഒരു മിനുട്ടിനുള്ളില്‍ എല്ലാ കുഞ്ഞുങ്ങളും ഉറക്കം തുടങ്ങി.
ഡോ. ഹജിമേയുടെ നിരീക്ഷണത്തില്‍ അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വത്തിലും ശാന്തതയിലും മാസങ്ങള്‍ ജീവിച്ച ശേഷം ബഹളമയമായ, ശബ്ദമലിനീകരണം ഉള്ളിടത്തേക്കുള്ള മാറ്റം കുഞ്ഞുങ്ങള്‍ക്ക് അസഹനീയമായിരിക്കും എന്നാണ്. കുഞ്ഞുങ്ങള്‍ക്കായി നാം സൃഷ്ടിച്ചിട്ടുള്ള താരാട്ടുപാട്ടുകള്‍ പലതും കുഞ്ഞുങ്ങള്‍ക്ക് ഉള്ക്കൊള്ളാവുന്നവയുമല്ല.
അമിതവും അലോസരപ്പെടുത്തുന്നതുമായ ശബ്ദം കേള്‍ക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ക്ക് (കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല) കടുത്ത മനസികപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നാണ് ഡോ.ഹജിമേ പറയുന്നത്.
നവജാതശിശുക്കള്‍ക്ക് സംഗീതം കൊണ്ട് സാന്ത്വനമേകാനുള്ള ശ്രമമാണ് ‘LULLABY FROM THE WOMB ‘ എന്ന ആല്‍ബം. എല്‍.പി.റെക്കോര്‍ഡുകള്‍ക്കും കസ്സറ്റുകള്ക്കും രണ്ടു വശങ്ങളിലും പാട്ടുകള്‍ ചേര്‍ക്കാനുള്ള സൗകര്യം ഉണ്ടാകും. ഒരു വശം പാടിത്തീരുമ്പോള്‍ തിരിച്ചിട്ടു കൊടുക്കണം. ഈ റെക്കോര്‍ഡിന്റെ ഒരു വശത്ത് അമ്മയുടെ ഉദരത്തിലെ ശബ്ദം മാത്രമാണ് റെക്കോര്‍ഡ് ചെയ്തിട്ടുള്ളത്.
രണ്ടാമത്തെ വശത്തു ലളിതമായ സിംഫണികള്‍ ചേര്‍ത്തിരിക്കുന്നു. കുഞ്ഞുങ്ങള്‍ ഏതാനും മാസങ്ങള്‍ പിന്നിടുമ്പോള്‍ ശാന്തമായ ക്ലാസ്സിക് സംഗീതം കേള്പ്പിക്കാമെന്നാണ് ഡോ. ഹജിമേ പറയുന്നത്. ഇതിനായി സ്ലീപ്പിങ് ബ്യൂട്ടി എന്ന ബാലെയ്ക്കു വേണ്ടി Tchaikovsky സൃഷ്ടിച്ച പനോരമ എന്ന ട്രാക്ക് ചേര്‍ത്തിട്ടുണ്ട്. സെബാസ്റ്റ്യന്‍ ബാച്ചിന്റെ എയര്‍ ഓണ്‍ ദി സ്ട്രിംഗ് എന്ന ആല്‍ബത്തില്‍ നിന്നുള്ള ട്രാക്കുകളും കേള്‍ക്കാം.
ഈ റെക്കോര്‍ഡിലെ ശബ്ദം എങ്ങനെയാണു കുഞ്ഞുങ്ങളെ കേള്‍പ്പിക്കേണ്ടതെന്നും ആല്‍ബത്തിന്റെ കവര്‍പേജില്‍ ഡോ.ഹജിമേ എഴുതിയിട്ടുണ്ട്. ആദ്യത്തെ രണ്ടാഴ്ച അമ്മയുടെ ഉദരത്തിലെ ശബ്ദം മാത്രം കേള്‍പ്പിക്കുക. എന്ത് കേള്‍പ്പിച്ചാലും മിതമായ സ്വരത്തിലായിരിക്കണം. രണ്ടാഴ്ച കഴിയുമ്പോള്‍ മറ്റു ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനായി കുഞ്ഞുങ്ങളുടെ ചെവികള്‍ സജ്ജമാകാന്‍ തുടങ്ങും. കുഞ്ഞുങ്ങള്‍ കരയുന്നില്ലെങ്കിലും ഇപ്പോഴും ഇത് കേള്‍പ്പിക്കുന്നത് നന്നായിരിക്കും.
അന്യഗ്രഹത്തിലേക്ക് എത്തിയതുപോലെ ശബ്ദവും വെളിച്ചവും ചൂടും തണുപ്പുമെല്ലാം അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ മനസികാവസ്ഥയെക്കുറിച്ചു വര്‍ഷങ്ങളോളം പഠനം നടത്തി 1970 -ല്‍ ഒരു ആല്‍ബം തയ്യാറാക്കിയ ഡോ. ഹജിമേയെ സംഗീതലോകം നന്ദിയോടെ നോക്കിക്കാണുന്നു.