പ്രഫ. ഷാജി ജോസഫ്
Emilia Perez (France/132 minutes/2024)
Director: Jacques Audiard
2024 റിലീസ് ചെയ്ത മ്യൂസിക്കല്‍ ക്രൈം ത്രില്ലര്‍ ആയ സ്പാനിഷ് ചിത്രം എമിലിയ പെരെസ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജാക്വെസ് ഓഡിയാര്‍ഡ് ആണ്. മികച്ച ചിത്രം, സംവിധാനം, നടി, സഹനടി തുടങ്ങി 13 ഓസ്കാര്‍ നോമിനേഷനുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്. ഫ്രഞ്ച് എഴുത്തുകാരനായ ബോറിസ് റാസന്റെ എകൗട്ട് (2018) എന്ന നോവലിലെ കഥാതന്തുവില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് സിനിമയുടെ തിരക്കഥ. ചിത്രത്തിന്റെ കഥ എമിലിയ പെരെസിന്റെ ജീവിതത്തിലെ മാറ്റങ്ങളെ ചുറ്റിപ്പറ്റിയാണ്. മാഫിയ നേതാവായി ജീവിതം നയിച്ചിരുന്ന എമിലിയ, ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് ശേഷം പുതിയ ജീവിതം ആരംഭിക്കാന്‍ ശ്രമിക്കുന്നു. ഈ മാറ്റത്തിന്റെ പശ്ചാത്തലത്തില്‍, എമിലിയയുടെ പഴയ ജീവിതത്തിലെ പ്രശ്നങ്ങള്‍, പുതിയ ജീവിതത്തിലെ വെല്ലുവിളികള്‍ എന്നിവ ചിത്രീകരിക്കുന്നു സിനിമയില്‍.
‘എമിലിയ പെരെസ്’ അഭിഭാഷകയായ റീത്ത മോറ കാസ്ട്രോയുടെയും (സോയി സാല്‍ഡാന) കൂടി കഥയാണ്. റീത്ത മെക്സിക്കോ സിറ്റിയിലെ അറിയപ്പെടുന്ന അറ്റോര്‍ണിയാണ്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിക്കപ്പെട്ട ഒരു മാധ്യമ മുതലാളിയെ അവള് കുറ്റ വിമുക്തനാക്കിയെടുത്തു, അയാള്‍ കുറ്റക്കാരനാണെന്ന് അവള്‍ക്കറിയാമെങ്കിലും. ഒരു ദിവസം റീത്തയ്ക്ക് ഒരു അജ്ഞാത കോള്‍ ലഭിക്കുന്നു. കുപ്രസിദ്ധ മെക്സിക്കന്‍ മയക്കുമരുന്ന് കാര്‍ട്ടല്‍ തലവന്‍ ‘മാനിറ്റാസ് ഡെല്‍ മോണ്ടെ’ ആണ് അങ്ങേത്തലക്കല്‍. റീത്തയുടെ സഹായത്തോടെ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി ട്രാന്‍സ് വുമണായി പുതിയൊരു ജീവിതം നയിക്കുവാനാണ് അയാള്‍ ആഗ്രഹിക്കുന്നത്. അതിനായി വലിയൊരു ഓഫറാണ് റീത്തക്കു മുന്നില്‍ വയ്ക്കുന്നത്. എന്നിരുന്നാലും, സാമ്പത്തികമായി ആഡംബരപൂര്‍ണ്ണമായ ജീവിതത്തിന്റെ പ്രലോഭനത്തിന് വഴങ്ങുന്നതില്‍ നിന്ന് അവളുടെ നീതി ബോധം അവളെ തടയുന്നില്ല. അതിനായി ബാങ്കോക്കിലെയും, ടെല്‍ അവീവിലെയും വിദഗ്ദരായ ഡോക്ടര്‍മാരെ കണ്ടെത്തുന്നു റീത്ത. നിരവധി ശസ്ത്രക്രിയകള്‍ക്ക് ശേഷം തന്നെ ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയ റീത്തയുടെ സേവനങ്ങള്‍ക്ക് അമിതമായ തുക പ്രതിഫലം ലഭിക്കുന്നു. വാഗ്ദാനം ചെയ്തതുപോലെ നല്ല പ്രതിഫലം ലഭിച്ച റീത്ത, ഉയര്‍ന്ന ജീവിതം നയിക്കാന്‍ ലണ്ടനിലേക്ക് ഓടിപ്പോകുന്നു. തന്റെ ദൗത്യം അവസാനിച്ചുവെന്ന് അവള് കരുതുന്നു, എന്നിരുന്നാലും ഇത് യഥാര്‍ത്ഥത്തില്‍ ഒരു തുടക്കം മാത്രമാണ്.
അതേസമയം, മാനിറ്റാസ് തന്റെ മരണം വ്യാജമായി പ്രചരിപ്പിച്ചു, എമിലിയ പെരെസ് എന്ന പേരില്‍ ഒരു പുതിയ ജീവിതം ആരംഭിക്കുന്നു. സുരക്ഷിതത്വത്തിനായി മാനിറ്റാസിന്റെ ഭാര്യ ജെസ്സിയും അവരുടെ കുട്ടികളും സ്വിറ്റ്സര്‍ലന്‍ഡിലേക്ക് താമസം മാറുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ശേഷം റീത്ത എമിലിയയെ ലണ്ടനില്‍ വച്ചു കണ്ടുമുട്ടുന്നു. അവള് തന്റെ കുട്ടികളുമായി വീണ്ടും ഒന്നിക്കാന്‍ ആഗ്രഹിക്കുന്നു. ജെസ്സിയും കുട്ടികളും എമിലിയയോടൊപ്പം താമസിക്കാന്‍ മെക്സിക്കോ സിറ്റിയിലേക്ക് മടങ്ങാനുള്ള കാര്യങ്ങള്‍ റീത്ത ക്രമീകരിക്കുന്നു. കുട്ടികളെ വളര്‍ത്താന്‍ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മാനിറ്റാസിന്റെ ഒരു അകന്ന, സമ്പന്നയായ കസിന് ആയാണ് എമിലിയെ ജെസ്സിക്ക് പരിചയപ്പെടുത്തുന്നത്. ജെസ്സിയാകട്ടെ എമിലിയയെ തിരിച്ചറിയുന്നില്ല. മെക്സിക്കോയിലെത്തിയ ജെസ്സി പഴയ കാമുകന് ഗുസ്താവോ ബ്രൂണുമായി വീണ്ടുമടുക്കുന്നു.
ഒരിക്കല്‍ മകനെ കിടക്കയില്‍ കിടത്തുമ്പോള്‍, തന്റെ ഗന്ധം ഇപ്പോഴും അവന് തിരിച്ചറിയാന്‍ കഴിയുമെന്ന് അവള് മനസ്സിലാക്കുന്നു. വൈകിയാണെങ്കിലും എമിലിയ തന്റെ ക്രിമിനല്‍ ഭൂതകാലത്തെക്കുറിച്ച് ചിന്തിക്കുന്നു. (മെക്സിക്കോയിലെ തട്ടിക്കൊണ്ടുപോകലുകളുടെയും തിരോധാനങ്ങളുടെയും വ്യാപ്തി ഒരു ദേശീയ ദുരന്തമാണ്. അപ്രത്യക്ഷരായ 100,000-ത്തോളം ആളുകളെക്കുറിച്ച് പരാമര്‍ശമുണ്ട് സിനിമയില്‍). കുറ്റബോധം മൂലം അവള് പഴയ മാഫിയ അംഗങ്ങളുമായുള്ള ബന്ധം ഉപയോഗിച്ച്, അവര്‍ വധിച്ച ഇരകളുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുകയും, അവരുടെ കുടുംബങ്ങള്‍ക്ക് തിരികെ നല്‍കുകയും ചെയ്യുന്നു. ഇതിനായി ലാഭേച്ഛയില്ലാത്ത സംഘടന കെട്ടിപ്പടുക്കുന്നതില്‍ റീത്ത എമിലിയയെ സഹായിക്കുന്നു. എമിലിയ ഇപ്പോള്‍ ഭൂതകാല കുറ്റകൃത്യങ്ങളാല്‍ വേട്ടയാടപ്പെടുന്ന, എന്നാല്‍ മോചനത്തിനായി കൊതിക്കുന്നവളും, ആഴത്തിലുള്ള മുറിവേറ്റവളുമാണ്.
യഥാര്‍ത്ഥ ട്രാന്‍സ് വുമണായ ‘കാര്‍ല സോഫിയ ഗാസ്കോണാണ് ‘മാനിറ്റാസ്’ ആയും എമിലിയ ആയും ഇരട്ട വേഷത്തില്‍ വരുന്നത്. ആദ്യമായാണു മികച്ച നടിക്കുള്ള നോമിനേഷന് ഒരു ട്രാന്‍സ് പേഴ്സണ്‍ ലഭിക്കുന്നത്. ഗാസ്കോണ്‍ ഇരട്ട വേഷത്തില്‍ തന്റെ അഭിനയ ശ്രേണിയും ആലാപനവും ശ്രദ്ധേയമായി അവതരിപ്പിക്കുന്നു. ആദ്യം, മയക്കുമരുന്ന് മാഫിയ തലവനായ മാനിറ്റാസ് ഡെല്‍ മോണ്ടെയായും, പിന്നീട് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ തിരയാന്‍ കുടുംബങ്ങളെ സഹായിക്കുന്ന, ലാഭേച്ഛയില്ലാത്ത ഒരു മനുഷ്യസ്നേഹിയായ എമിലിയ പെരെസായും. റീത്തയായി വേഷമിടുന്ന സോയി സല്‍ദാനയുടെ ശബ്ദത്തിലും നൃത്ത ചലനങ്ങളിലും ദ്രുത ഗതിയിലുള്ള സംഗീതം കൂട്ടിച്ചേര്‍ക്കപ്പെടുന്നു, പലപ്പോഴും വാചാലമായ ട്രാക്കുകള്‍ ചുറ്റുമുള്ള ലോകത്തെ ആകര്‍ഷകമായി അവളോടൊപ്പം ചേര്‍ക്കുന്നു. റീത്തയുടെ റോള്‍ അവതരിപ്പിച്ച സോയി സല്‍ദാന ഓസ്കറില് മികച്ച സഹനടിയായി തിരഞ്ഞെടുക്കപ്പെട്ടു.
ജാക്വസ് ഓഡിയാര്‍ഡ് ഫ്രഞ്ച് ചലച്ചിത്ര സംവിധായകനും, നിര്‍മ്മാതാവും, തിരക്കഥാകൃത്തുമാണ്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച ഫ്രഞ്ച് ചലച്ചിത്ര സംവിധായകരില്‍ ഒരാളായ അദ്ദേഹത്തിന്റെ അന്താരാഷ്ട്ര അംഗീകാരങ്ങളില്‍, ഒരു അക്കാദമി അവാര്‍ഡ്, രണ്ട് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡുകള്‍, മൂന്ന് ഗോള്‍ഡന്‍ ഗ്ലോബ് എന്നിവ ഉള്‍പ്പെടുന്നു. ഫ്രാന്‍സിന്റെ ദേശീയ ചലച്ചിത്ര അവാര്ഡുകളായ സീസര്‍ അവാര്‍ഡുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത വിജയങ്ങള്‍ നേടിയ റെക്കോര്‍ഡ് അദ്ദേഹത്തിനുണ്ട്, കൂടാതെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് നാല് സമ്മാനങ്ങളും നേടി.
2024-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍, താരങ്ങളായ കാര്‍ല സോഫിയ ഗാസ്കോണ്‍, സെലീന ഗോമസ്, അഡ്രിയാന പാസ്, സോയ് സാല്‍ഡാന എന്നിവര്‍ ഒരുമിച്ച് മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു, സംവിധായകന് ജാക്വസ് ഓഡിയാര്‍ഡ് ജൂറി സമ്മാനവും, ക്ലെമെന്റ് ഡുകോള്, കാമില്‍ എന്നിവര്‍ സൗണ്ട് ട്രാക്ക് അവാര്‍ഡും നേടി. പാം ഡി’ ഓര്, ക്വീര്‍ പാം എന്നിവയ്ക്കും ഈ ചിത്രം നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. എമിലിയ പെരെസ് എന്ന സിനിമ അക്രമത്തെക്കുറിച്ചല്ല, മറിച്ച് അതിന്റെ പരിണതഫലങ്ങള്‍ സ്ഥിരമായ ഇരകളെ എങ്ങനെ സൃഷ്ടിക്കുന്നു എന്നതിനെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്.