ജെക്കോബി
കേരളത്തിലെ 14 ജില്ലകളിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിലുമായി വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പെട്ട ആയിരത്തോളം ആരാധനാലയങ്ങളിലും, ഉത്തര്‍പ്രദേശിലെയും ഡല്‍ഹിയിലെയും ഏതാനും ക്ഷേത്രങ്ങളിലും, പല സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലും ചില മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും മഡോണ പള്‍സേറ്റര്‍ മണി മുഴങ്ങുന്നുണ്ട്. മലയാളക്കരയിലെ നൂറുകണക്കിനു കപ്യാര്‍മാര്‍ക്കും ഒരായുസില്‍ അടിച്ചുതീര്‍ക്കാനാവുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ് മഡോണ പള്‍സേറ്റര്‍ മണികളുടെ പ്രേഷിതസാക്ഷ്യം!
സ്വപ്നദര്‍ശനമുണ്ടായി ചാടിയെഴുന്നേറ്റ്, മനസിനെ മഥിക്കുന്ന സങ്കീര്‍ണ പ്രശ്നത്തിനുള്ള പരിഹാരം കടലാസില്‍ വരച്ചിടുന്ന ശീലം ഫെലിക്സ് ‘മഡോണ’ സില്വെസ്റ്ററിന് പണ്ടേയുള്ളതാണ്. നൂറ്റാണ്ടുകളായി നമ്മുടെ നഗരങ്ങളെയും നാട്ടിന്പുറങ്ങളെയും ദൈവകൃപയിലേക്കു വിളിച്ചുണര്‍ത്തുന്ന പള്ളിമണികള്‍ മനുഷ്യപ്രയത്നം കൂടാതെ യാന്ത്രികമായി യഥാചാരം അടിക്കുന്ന ‘പള്‍സേറ്റര്‍’ എന്ന ഇലക്ട്രോ-മെക്കാനിക്കല്‍ സംവിധാനം അവതരിക്കുന്നതും അത്തരം ഒരു ദീപ്തദര്ശനത്തിലാണ്.
എറണാകുളം നഗരപ്രാന്തത്തിലെ തെക്കന്‍ ചിറ്റൂരില്‍ ഫെലിക്സിന്റെ ഇടവകപ്പള്ളി, തിരുകുടുംബ ദേവാലയം, 2010-ല്‍ പുതുക്കിപ്പണിയുകയായിരുന്നു. നാട്ടുകാര്‍ തന്നെ നാലു കോടിയോളം രൂപ സമാഹരിച്ച് ദേവാലയ നവീകരണ പദ്ധതി മുന്നോട്ടുപോകുമ്പോള്‍, അതിന്റെ സ്മരണിക കമ്മിറ്റി ചെയര്‍മാനായിരുന്ന ഫെലിക്സ് തന്റെ സാമ്പത്തിക വിഹിതത്തിനു പുറമെ, ഇലക്ട്രോണിക്സ് മേഖലയിലെ തന്റെ ‘ഹൈടെക്’ നൈപുണ്യം സവിശേഷ രീതിയില്‍ എങ്ങനെ പള്ളിക്കായി സമര്‍പ്പിക്കാം എന്ന ചിന്തയിലായിരുന്നു. യൂറോപ്യന്‍ കര്‍മലീത്താ മിഷനറിമാര്‍ വരാപ്പുഴ കേന്ദ്രീകരിച്ച് മലയാളക്കരയുടെ വിശുദ്ധീകരണത്തിനായി അജപാലനശുശ്രൂഷയില്‍ മുഴുകിയിരുന്ന കാലത്ത് ബെല്‍ജിയത്തില്‍ നിന്നുള്ള കര്‍മലീത്താ ദേവാലയ വാസ്തുശില്പി ബ്രദര്‍ ലിയോയുടെ അരുമശിഷ്യനായി എറണാകുളം തീരമേഖലയിലെ മൂന്ന് വിഖ്യാത ബസിലിക്കകള്‍ – വല്ലാര്‍പാടം റാന്‍സം മാതാവ്, പള്ളിപ്പുറം മഞ്ഞുമാതാവ്, വരാപ്പുഴ മൗണ്ട് കാര്‍മല്‍-സെന്റ് ജോസഫ് എന്നിവ – ഉള്‍പ്പെടെ നിരവധി പള്ളികളുടെയും ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയുടെയും മറ്റും നിര്‍മാണത്തില്‍ പ്രധാന പങ്കുവഹിച്ച ചേരാനല്ലൂര്‍ വെളിപ്പറമ്പില്‍ പേറു മേസ്തിരിയുടെ പേരക്കുട്ടിയാണ് ഫെലിക്സ്. ജപ്പാനിലെ സോണി കോര്‍പറേഷന്റെ എന്റര്ടെയ്ന്മെന്റ്, ടെക്നോളജി ആന്‍ഡ് സര്‍വീസസ് ഡിവിഷനുമായി ബന്ധപ്പെട്ട് 1992 മുതല്‍ 1998 വരെ തുടര്‍ച്ചയായി ആറുവര്‍ഷം ഏഷ്യ-പസഫിക് മേഖലയിലെ ഏറ്റവും മികച്ച സര്‍വീസ് സെന്ററിനുള്ള അവാര്‍ഡ് നേടിയ ഇലക്ട്രോണിക്സ് എന്‍ജിനിയറിങ് വിദഗ്ധന്‍. 1987 മുതല്‍ മഡോണ ഇലക്ട്രോണിക്സിന്റെ സാരഥി.
കപ്പലുപള്ളി എന്നറിയപ്പെടുന്ന എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലിലെ മൂന്നു മണികളുള്ള ഗോപുരം ഫെലിക്സിന്റെ സ്വപ്നത്തില്‍ ഒരു രാത്രി തെളിഞ്ഞുവന്നു. പള്ളിയില്‍ നിന്ന് പ്രദക്ഷിണം ഇറങ്ങിയിരുന്നു. പ്രായാധിക്യമുള്ള ഒരു മനുഷ്യന് ആയാസപ്പെട്ട് മണിക്കയറില്‍ തൂങ്ങി കൂട്ടമണി അടിച്ചുകൊണ്ടിരിക്കയാണ്. രണ്ടു തടിയന്മാര് അതു നോക്കിനില്പാണ്. അവരില്‍ ഒരാളുടെ മുഖം തന്റേതാണെന്ന് ഫെലിക്സ് ഞെട്ടലോടെ തിരിച്ചറിഞ്ഞു.
”അത് എനിക്ക് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. ആരെങ്കിലും വിഷമിക്കുന്നതു കണ്ടാല്‍ വെറുതെ നോക്കിനില്ക്കാന് എനിക്കാവില്ല,” സൗദി അറേബ്യയിലെ അല്‍കോബാറില്‍ സോണിയുടെ മോഡേണ്‍ ഇലക്ട്രോണിക്സ് സര്‍വീസ് സെന്ററില്‍ ജോലി ചെയ്തിരുന്ന കാലത്ത് അവധിക്കു നാട്ടില്‍ വരുമ്പോള്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ കൊച്ചി നഗരത്തില്‍ ചെത്തി നടക്കുമ്പോഴും, എറണാകുളം നോര്‍ത്തിലെ കുത്തനെയുള്ള പാലത്തിലൂടെ പൊരിവെയിലത്തോ മഴയത്തോ ആരെങ്കിലും ഒറ്റയ്ക്ക് വിഷമിച്ച് ഭാരവണ്ടി വലിച്ചുകയറ്റുന്നതു കണ്ടാല്‍ ബൈക്ക് പാലത്തിലൊരിടത്ത് ഒതുക്കിവച്ച് അയാളെ സഹായിക്കുന്ന ശീലമാണ് തനിക്കുള്ളതെന്ന് ഫെലിക്സ് കൂട്ടിച്ചേര്‍ക്കുന്നു. ആ സ്വപ്നദര്‍ശനമാണ്, പള്ളിമണി കൊട്ടുന്ന കപ്യാരുടെ ജോലിഭാരം ലഘൂകരിക്കാനും, ഡിജിറ്റല്‍ യുഗത്തില്‍ ‘ഇന്റര്‍നെറ്റ് ഓഫ് തിങ്സ്’ സാങ്കേതിക ശൃംഖലയിലൂടെ ഡേറ്റ കൈമാറ്റം ചെയ്യാനും സെന്‍സറുകളും സോഫ്റ്റ് വെയറും ഉപയോഗിച്ച് ആരാധനക്രമ അനുഷ്ഠാനങ്ങളെ കൂടുതല്‍ സമ്പുഷ്ടമാക്കാനുമുള്ള അന്വേഷണത്തിലേക്ക് ഫെലിക്സിനെ നയിച്ചത്.
ഓട്ടോമേഷന്‍ അഗ്നിപരീക്ഷകള്‍
പഴയ ദേവാലയമണികള്‍ അതേപടി മണിഗോപുരങ്ങളില്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ‘ഓട്ടോമേഷന്‍’ സാധ്യമാക്കുന്നതിന് മഡോണ ഇലക് ട്രോണിക്സ് പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച ‘പള്‍സേറ്റര്‍’ ട്രേഡ് മാര്‍ക്ക് പേറ്റന്റോടെ 2012-ല്‍ വിപണിയിലിറക്കുന്നത് രണ്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കും ചില അഗ്നിപരീക്ഷകള്ക്കുമൊടുവിലാണ്. ഇടവകപ്പള്ളിയുടെ പണി തീരുംമുന്പേ, കപ്യാരെ കഷ്ടപ്പെടുത്താതെ പഴയ പള്ളിമണി കൃത്യമായി, കൂടുതല്‍ ഇമ്പമോടെ മുഴങ്ങികേള്ക്കുന്നതിനുള്ള ഉപാധി കണ്ടെത്തുക എന്നതു മാത്രമായിരുന്നു ആദ്യലക്ഷ്യം.
പള്ളിമണി യന്ത്രവത്കരിക്കുന്നതിന് കാനോനികമായി എന്തെങ്കിലും തടസമുണ്ടോ എന്ന് പരിശോധിക്കുന്നതിന്, കാക്കനാട് ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി നഗറിലെ ആവിലാ ഭവനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്ന തന്റെ മാതൃസഹോദരന്‍ മോണ്‍. ജോര്‍ജ് വെളിപ്പറമ്പില്‍, മോണ്‍. അംബ്രോസ് അറയ്ക്കല്‍, ഇലക്ട്രോണിക്സ് മേഖലയിലേക്ക് തന്നെ കൈപിടിച്ചുനടത്തിയ കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്ന മോണ്‍. പോള്‍ ഫിഗരാദോ എന്നിവരെയാണ് ഫെലിക്സ് ആദ്യം സമീപിച്ചത്. ദൈവികസാന്നിധ്യത്തിലേക്ക് നമ്മെ വിളിച്ചുണര്‍ത്തുന്ന ദേവാലയത്തിന്റെ നാവാണ് മണിയെന്ന് മോണ്‍. അംബ്രോസ് പഠിപ്പിച്ചു. അര്‍ണോസ് പാതിരിയുടെ ‘നിയമസംഹിതയില്‍’ എഴുപത്തൊമ്പതാം താളില്‍, രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ത്രികാലജപത്തിന്റെ കുരിശുമണിക്ക് മൂന്ന് ഇടവിട്ട് ഒന്‍പതു വീതവും, ആത്മക്കാര്ക്കുവേണ്ടിയുള്ള പ്രാര്‍ഥനയ്ക്ക് ആറ് ഒറ്റമണിയും ഉള്‍പ്പെടെ 33 തവണ ദിവസവും പള്ളിമണിയടിക്കുന്നതിന്റെ പൊരുള്‍ രേഖപ്പെടുത്തിയിട്ടുണ്ട്: യേശുവിന്റെ ഇഹലോകവാസത്തിന്റെ 33 രക്ഷാകരവര്ഷങ്ങള്. തിരുകര്മങ്ങളൊന്നുമില്ലാതെ പള്ളി അടച്ചിടേണ്ടിവരുന്ന സാഹചര്യത്തിലും ഇത്രയും മണി അടിച്ചിരിക്കണമെന്നാണ് നിബന്ധന (കൊറോണ മഹാമാരിയുടെ കാലത്ത് ലോക്ഡൗണില്‍പെട്ട് ആരാധനാലയങ്ങള്‍ അടഞ്ഞുകിടന്ന നാളുകളില്‍ മഡോണ പള്‍സേറ്റര്‍ ഘടിപ്പിച്ചിരുന്ന പള്ളിമണികളുടെ ‘മോഡ്’ മാറ്റി കുരിശുമണിയും ആത്മക്കാരുടെ മണിയും മുടങ്ങാതെ അടിക്കാനുള്ള മാര്‍ഗനിര്‍ദേശം നല്കാന് ഫെലിക്സിനു പ്രചോദനമായത് ഈ ലിഖിതമാണ്.) ദിവ്യബലിക്ക് ദൈവജനത്തെ ക്ഷണിക്കുന്ന മൂന്നു മണികള്‍, തിരുകര്മങ്ങളിലെ ഏറ്റവും പ്രധാന ഭാഗത്ത് അടിക്കുന്ന മണി, തെദേവും സ്തോത്രഗീത ആലാപനം, തിരുനാള്‍ പ്രദക്ഷിണത്തിനുള്ള കൂട്ടമണി, ജ്ഞാനസ്നാനം, വിവാഹം, മരണം എന്നിങ്ങനെ വ്യത്യസ്ത സന്ദര്‍ഭങ്ങള്‍ക്ക് പ്രത്യേക മണിനാദക്രമമുണ്ട്. അല്മായരുടെ മരണം (അതില്‍തന്നെ കുട്ടികളുടേതും മുതിര്‍ന്നവരുടേതും, സ്ത്രീയുടെയും പുരുഷന്റെയും പ്രായംസഹിതം തിരിച്ചറിയുംവിധം മണിയടിക്കുന്ന രീതി ചിലയിടങ്ങളിലുണ്ട്), വൈദികന്റെ മരണം, മെത്രാന്റെ മരണം, പരിശുദ്ധ പാപ്പായുടെ മരണം എന്നിവ അറിയിക്കുന്ന മണികളുടെ താളക്രമവും എണ്ണവും വ്യത്യസ്തങ്ങളാണ്.
ഇറ്റലിയിലെ കംപാനിയയില് നോളയിലെ ബിഷപ് പൗളീനൂസ് എഡി 400-ല്‍ പ്രതിഷ്ഠിച്ച പള്ളിമണിയില്‍ നിന്നാണ് മണിനിര്മാണവും മണികളുടെ ട്യൂണിങ്ങും മണിമുഴക്കുന്നതിന്റെ വിവിധ ശൈലികളും സംബന്ധിച്ച ‘കാംപനോളജി’ ചരിത്രം ആരംഭിക്കുന്നത്. സബീനിയാനുസ് പാപ്പാ 604-ല്‍ ആരാധനയ്ക്കായി മണി ഉപയോഗിക്കാന്‍ അനുമതി നല്കി. എഡി 930 ആയപ്പോഴേക്കും യൂറോപ്പിലെങ്ങും പള്ളിമണിഗോപുരങ്ങള് വ്യാപകമായി. ദൈവമഹത്വത്തെ പ്രകീര്‍ത്തിക്കാനും ദൈവികസാന്നിധ്യം വിളിച്ചറിയിക്കാനും ദൈവജനത്തെ വിളിച്ചുകൂട്ടാനും ആരാധനക്രമത്തിന്റെ താളം നിര്‍ണയിക്കാനും മാത്രമല്ല, സാമൂഹികജീവിതം തന്നെ ക്രമപ്പെടുത്തുന്ന അനുഗ്രഹങ്ങളുടെയും ആഹ്ലാദത്തിന്റെയും സമര്‍പ്പണത്തിന്റെയും ഉദ്ഘോഷമായും ദേവാലയമണികള്‍ രൂപാന്തരം പ്രാപിക്കുന്നുണ്ട്. റോമന്‍ പൊന്തിഫിക്കലില്‍ ഒരു പ്രാര്‍ഥന പ്രകൃതിക്ഷോഭത്തെയും സാത്താനെയും ആധ്യാത്മിക തിന്മകളെയും അകറ്റുന്ന മണിമുഴക്കത്തിന്റെ അകമ്പടിയോടെയുള്ളതാണ്. ‘ലൗദോ ദേവും വേരും, പ്ലേബെം വോക്കോ, കോണ്ഗ്രെഗോ ക്ലേരും, ദെഫുങ്തോസ് പ്ലോരോ, നിംബും ഫൂഗോ, ഫെസ്താ ദെക്കോറോ (സത്യദൈവത്തെ ഞാന്‍ സ്തുതിക്കുന്നു, ജനങ്ങളെ ഞാന്‍ വിളിച്ചറിയിക്കുന്നു, വൈദികരെ ഞാന്‍ ഒരുമിച്ചുകൂട്ടുന്നു, മരിച്ചവര്‍ക്കുവേണ്ടി ഞാന്‍ വിലപിക്കുന്നു, കൊടുങ്കാറ്റിനെ ഞാന്‍ ശമിപ്പിക്കുന്നു, തിരുനാളുകള്‍ ഞാന്‍ കൊണ്ടാടുന്നു) എന്ന് ചില പുരാതന മണികളില്‍ ലത്തീന്‍ ലിപിയില്‍ എഴുതിയിരിക്കുന്നതു കാണാം. പാശ്ചാത്യസംഗീതത്തിലെ ഡയറ്റോണിക് സ്കെയിലില്‍ ഉച്ചസ്ഥായിയിലുള്ള ട്രെബിളില്‍ നിന്നു തുടങ്ങി ഏറ്റവും താണ ടെനര്‍ വരെ ആലപിക്കുന്ന മണികളുടെ സ്വര്‍ഗീയ നാദധ്വനികളുടെ അര്‍ത്ഥതലങ്ങളെക്കുറിച്ച് പഠിക്കാനും ഫെലിക്സിന് അവസരമുണ്ടായി.
ഹില്‍ ഇലക് ട്രോണിക്സ് ടെക്നിക്കല്‍ ഡയറക്ടറായിരുന്ന കെ.കെ. വര്‍മ്മ, പാലാ എന്‍ജിനിയറിങ് കോളജ് മെക്കാനിക്കല്‍ എച്ച്ഒഡി പ്രൊഫസര്‍ ടോം സ്കറിയ എന്നിവരുടെ സാങ്കേതിക സഹായം തേടിയ ഫെലിക്സ് ഏതാനും നാള്‍ക്കകം ഒരു ഇലക്ട്രോ മാഗ്നറ്റിക് ബെല്‍ റിങ്ങറിന്റെ പ്രോട്ടോടൈപ് വിജയകരമായി പരീക്ഷിച്ചു. ഇടവക വികാരി ഫാ. ജോര്‍ജ് മംഗലത്തും സഹവികാരി ഫാ. ഡെന്നി പെരിങ്ങാട്ടും ആഹ്ളാദഭരിതരായി ഫെലിക്സിന്റെ ‘ഓട്ടോമേഷന്‍’ സംരംഭത്തെ സ്വാഗതം ചെയ്തു. പള്ളിയുടെ പഴയ മണിഗോപുരത്തില്‍ കയറി മണി യന്ത്രവത്കരിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ അനുമതിയും നല്കി.
ഒടുവില്‍ ഒരു ബുധനാഴ്ച മഡോണ ഇലക് ട്രോണിക്സിന്റെ ഓട്ടോമാറ്റിക് ബെല്‍ റിങ്ങര്‍ ഉപയോഗിച്ച് പള്ളിമണി അടിക്കുമെന്നും അസാധാരണമായി അസമയത്ത് മണിയൊച്ച കേട്ട് ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വികാരിയച്ചന് പള്ളിയില്‍ അറിയിച്ചു. ഫെലിക്സിന്റെ ടീം മണിമാളികയില് ഓട്ടോമേഷന്റെ ഡ്രൈവ് യൂണിറ്റും താഴെയുള്ള കണ്ട്രോള് യൂണിറ്റുമെല്ലാം സെറ്റു ചെയ്തു. വെളിയില്‍ ഇടവകജനങ്ങളും വൈദികരും ആ അദ്ഭുതത്തിനായി കാത്തുനില്ക്കയായിരുന്നു. എന്നാല്‍ ഒരു തവണ പോലും ആ മണിനാക്ക് അനങ്ങിയില്ല. ഒടുവില്‍, ക്ഷമകെട്ടു. പരിപാടി അവസാനിപ്പിച്ച് മണിമാളികയില് നിന്ന് ഇറങ്ങിപ്പോകാന്‍ വികാരിയച്ചന് ഫെലിക്സിനോട് കല്പിച്ചു.
നാട്ടുകാരുടെ മുന്പില് അപമാനിതനായ ഹൈടെക് ഉപാസകന് വ്രണിതഹൃദയനായെങ്കിലും അങ്ങനെ തോറ്റു പിന്മാറാന് സന്നദ്ധനായില്ല. വൈപ്പിന്കരയിലെ അയ്യമ്പിള്ളി ചെറുവയ്പ് അമലോദ്ഭവമാതാ പള്ളിയില്‍ വികാരിയായിരുന്ന ഫാ. ജോര്‍ജ് ഇലഞ്ഞിക്കല്‍, ആരുടെയും ശല്യമില്ലാതെ അവിടത്തെ പള്ളിമണിയില്‍ പരീക്ഷണം തുടരാന്‍ ഫെലിക്സിനെ ക്ഷണിച്ചു. ഇടവകക്കാരുടെ എണ്ണം വളരെ കുറവായ, ഗ്രാമീണ അന്തരീക്ഷത്തില്‍ പതിവില്ലാതെ മണിയൊച്ച കേട്ടുതുടങ്ങിയപ്പോള്‍ ആശയക്കുഴപ്പത്തിലായ വിശ്വാസികളില്‍ ചിലര്‍ പരാതിയുമായി അച്ചനെ സമീപിച്ചു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഇലഞ്ഞിക്കലച്ചന് ഫെലിക്സിനെ ആശ്വസിപ്പിക്കാനായി, പള്ളിയില്‍ ഉപയോഗിക്കാതെ കിടന്ന പഴയ ഒരു മണി പരീക്ഷണങ്ങള്‍ക്കായി കൊടുത്തുവിട്ടു. തനിക്ക് സ്ഥലംമാറ്റമുണ്ടാകുമ്പോള്‍ കണക്ക് ഏല്പിക്കാന് തിരിച്ചുകൊടുക്കണം എന്നാണ് അച്ചന് പറഞ്ഞത്.
ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ചിറ്റൂരിലെ തന്റെ വസതിയോടു ചേര്‍ന്ന് രണ്ടുനിലയുള്ള ജിംനേഷ്യത്തിന്റെ മുകളിലായി ആ മണി കെട്ടിത്തൂക്കി കാര്‍ പോര്‍ച്ചില്‍ നിന്ന് ഫെലിക്സ് പരീക്ഷണങ്ങള്‍ തുടര്‍ന്നു. ഇടവകപ്പള്ളിയിലെ മണിനാദവും ഫെലിക്സിന്റെ വീട്ടുവളപ്പില്‍ നിന്നുള്ള മണിയടിയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാതെ പ്രദേശവാസികള്‍ ആശയക്കുഴപ്പത്തിലാകുന്നതായി പരാതിയുണ്ടായി. മണി ചാക്കുകൊണ്ടു പൊതിഞ്ഞ് ഒച്ച പുറത്തുവിടാതെ നോക്കാന്‍ പലരും നിര്‍ദേശിച്ചു. കടുത്ത സമ്മര്‍ദങ്ങളെ നേരിട്ട് ഫെലിക്സ് കൂടുതല്‍ നിഷ്ഠയോടെ മണികൊട്ടല് തുടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ മനോനിലയെക്കുറിച്ചു പോലും ആശങ്കപ്രകടിപ്പിക്കാന് ആളുകളെത്തി.
കൊച്ചിയിലെ പ്രധാന അച്ചടിശാലകളിലെ ആധുനിക ഓഫ്സെറ്റ് പ്രസുകളിലും ഡബ്ബിങ് സ്റ്റുഡിയോകളിലും ഷൂട്ടിങ് സെറ്റിലും പ്രതിസന്ധി സൃഷ്ടിക്കുന്ന ടെക്നിക്കല്‍ തകരാറുകള്‍ക്ക് അടിയന്തരമായി പരിഹാരം കാണാനും അതിനൂതന പ്രൊഫഷണല്‍ ക്യാമറകളും ഡിജിറ്റല്‍ ഉപകരണങ്ങളും പണിമുടക്കുമ്പോഴും ഏതു പാതിരാത്രി വിളിച്ചാലും ഏതു സങ്കീര്ണപ്രശ്നവും പരിഹരിക്കാന്‍ ഓടിയെത്തിയിരുന്ന ഫെലിക്സ് മഡോണ, പോകുന്ന വഴിക്ക് സെമിത്തേരിമുക്കിലെ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപത്തെ നോക്കി, തന്റെ ദൗത്യം അമ്മയെ ഏല്പിക്കുന്ന പതിവുണ്ട്. ‘നാറ്റിക്കല്ലേ, മാതാവേ’ എന്നാവും മന്ത്രിക്കുക. ഒരിക്കല്‍ പോലും മഡോണ കൈവെടിഞ്ഞിട്ടില്ല. ഇടവകപ്പള്ളിമണിയുടെ ഓട്ടോമേഷന്‍ സംരംഭത്തിലും ഒടുവില്‍ ആ കൃപാകടാക്ഷം ഫെലിക്സ് അനുഭവിച്ചറിഞ്ഞു. 2012 സെപ്റ്റംബര്‍ 8ന് തിരുകുടുംബദേവാലയത്തിലെ മണി മഡോണ ഇലക്ട്രോണിക്സിന്റെ പള്‍സേറ്റര്‍ ഓട്ടോമേഷനില്‍ അന്നത്തെ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ വിരല്‍തൊട്ടു മുഴക്കി. ‘പള്ളിമണിയില്‍ തളച്ചിട്ടിരുന്ന കപ്യാര്‍മാരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ഹൈടെക് പ്രതിവിധി’ കേരളത്തിലെ മാധ്യമങ്ങളില്‍ മാത്രമല്ല, ദേശീയ, രാജ്യാന്തര മാധ്യമങ്ങളിലും അന്ന് പരക്കെ ആഘോഷിക്കപ്പെട്ടു. ക്രൈസ്തവജീവിതത്തിന്റെ മാത്രമല്ല, നാടിന്റെ സ്പര്ശനീയമല്ലാത്ത സാംസ്കാരിക പൈതൃകത്തിന്റെ അടിസ്ഥാന അനുഭവവിശേഷമാണ് അനുഗൃഹീതമായ ഈ മണിനാദം.
എട്ടാം ക്ലാസിലെ തോല്‍വി
കടമക്കുടി ചേന്നൂര്‍ എയ്ഞ്ചല്‍ മേരി മെമ്മോറിയല്‍ സ്കൂള്‍ അധ്യാപകനായിരുന്ന വേവുകാട്ട് അഗസ്റ്റിന്റെയും ചിറ്റൂര്‍ സെന്റ് മേരീസ് സ്കൂള്‍ പ്രധാനാധ്യാപികയായി വിരമിച്ച വി.പി ട്രീസയുടെയും മകനായ ഫെലിക്സ് സില്‍വെസ്റ്റര്‍ വരാപ്പുഴ അതിരൂപതാ പെറ്റി സെമിനാരി വിദ്യാര്‍ഥിയായി എറണാകുളം സെന്റ് ആല്‍ബര്‍ട്സില്‍ പഠിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ തോറ്റതിനാല്‍ സെമിനാരിയില്‍ നിന്നു മടങ്ങേണ്ടിവന്നയാളാണ്. ”നീ കുര്‍ബാന ചൊല്ലേണ്ട, മണിയടിച്ചാല്‍ മതി എന്നു കര്‍ത്താവ് നിശ്ചയിച്ചതാണ്,” ഇപ്പോള്‍ ഫെലിക്സ് ചിരിച്ചുകൊണ്ട് പറയുന്നു.
സ്കൂളുകളിലെങ്ങും സമരകാഹളമായിരുന്നു അക്കാലത്ത്. ക്ലാസില്ലാത്തപ്പോഴൊക്കെ ഫെലിക്സ്, ഇലക് ട്രിക്കല്‍ കോണ്ട്രാക്റ്ററായിരുന്ന മാതൃസഹോദരന്‍ റാഫി അമ്മാവന്റെ കൂടെ പണിക്കുപോകുമായിരുന്നു. അങ്ങനെ പത്താം ക്ലാസിലെത്തും മുന്‍പേ ഇലക് ട്രിക്കല്‍ ജോലിയെല്ലാം വശമാക്കിയിരുന്നു. കുടുംബത്തില്‍ മറ്റെല്ലാവരും ഡിഗ്രി പഠനത്തിനു പോകുമ്പോള്‍ ഫെലിക്സിനു താല്പര്യം ഇലക് ട്രോണിക്സില്‍ ഡിപ്ലോമ നേടാനായിരുന്നു. അങ്ങനെയാണ് കളമശേരി ലിറ്റില്‍ ഫ്ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അന്ന് പൊതുവെ അത്ര ഡിമാന്‍ഡ് ഇല്ലാതിരുന്ന ഇലക് ട്രോണിക്സ് ട്രേഡില്‍ ചേരുന്നത്. മികച്ച ട്രെയിനിയായി അവിടെ നിന്ന് പാസായ ഉടന്‍ വില്ലിങ്ടണ്‍ ഐലന്‍ഡിലെ ദക്ഷിണ നാവികസേനാ കമാന്‍ഡില്‍ ബിആര്‍ഒ അപ്രന്റിസ് ആയി ജോലി കിട്ടുകയും ചെയ്തു. നേവല്‍ ബേസില്‍ 58 വയസുവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിക്കൂടി കഴിയേണ്ടിവരും എന്ന ആശങ്ക ഫെലിക്സിനെ അലട്ടാന്‍ തുടങ്ങി. അപ്രന്റിസ് കാലത്ത് 90 ദിവസം ജോലി ചെയ്തുകഴിഞ്ഞ് ഒരു മാസത്തെ കാഷ്വല്‍ ബ്രെയ്ക്കുണ്ട്. നാട്ടില്‍ അക്കാലത്ത് ടെലിവിഷന്‍ എത്തിയിട്ടില്ല. ടിവി പഠിക്കണം എന്ന മോഹത്തോടെ, ഒരു അവധിക്കാലത്ത് ഗള്‍ഫില്‍ ജോലി കിട്ടി എന്നു വീട്ടുകാരെ ബോധിപ്പിച്ച് ഫെലിക്സ് ബോംബെയ്ക്കു കടന്നു. ആദ്യത്തെ ആ ഉദ്യമത്തില്‍ വിചാരിച്ചതുപോലെയൊന്നും നടന്നില്ല. തിരിച്ചെത്തി മൂന്നു മാസം ജോലി ചെയ്ത് കിട്ടിയ പണവുമായി വീണ്ടും ബോംബെയിലെത്തി. ചെമ്പൂരില്‍ ഒരു സര്‍ദാറിന്റെ ടിവി കടയില്‍ ശമ്പളമില്ലാതെ ട്രെയിനിയായി ജോലിക്കു കയറി. സൗദി അറേബ്യയിലേക്ക് സോണി കോര്പറേഷന് റിക്രൂട്ട്മെന്റ് നടത്തുന്നതായി പത്രപരസ്യം കണ്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തു. അല്‍കോബാറിലെ സോണിയുടെ ഫ്രാഞ്ചൈസി ഷോറൂമില്‍ ജോലി കിട്ടുന്നത് അങ്ങനെയാണ്.
1984-ല്‍ നാട്ടില്‍ ടിവി എത്തി. സോണി ഓര്‍സണ്‍ കമ്പനിയുടെ കേരളം, തമിഴ്നാട്, കര്‍ണാടക മേഖലയുടെ ചുമതലയുള്ള ടിവി സര്‍വീസിങ് സീനിയര്‍ എന്‍ജിനിയര്‍ തസ്തികയില്‍ എറണാകുളത്ത് വൈഎംസിഎ ബില്‍ഡിങ്ങിലെ കാര്യാലയത്തില്‍ ജോലിക്കു കയറി. ഇലക് ട്രോണിക്സ് സ്പെയര്‍പാര്‍ട്സിന് ബോംബെയ്ക്ക് ഇടയ്ക്കിടെ യാത്ര പോകണമായിരുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ എവിടെയെങ്കിലും ടിവി സെറ്റുകള്‍ക്ക് പ്രാദേശികമായി പരിഹരിക്കാനാവാത്ത തകരാറുണ്ടെങ്കില്‍ അതു കൈകാര്യം ചെയ്യാനും പോകണം. ഇതിനിടെ ആഗോളീകരണത്തിനു മുന്‍പത്തെ വിദേശനിക്ഷേപ വ്യവസ്ഥകളും വിസ നിയന്ത്രണവുമൊക്കെയായി സോണി ഓര്‍സണ്‍ കമ്പനിയുടെ നിലനില്പുതന്നെ അവതാളത്തിലായി. അങ്ങനെയാണ് 1987-ല്‍ മഡോണ ഇലക് ട്രോണിക്സ് ജനറല്‍ സര്‍വീസ് സെന്റര്‍ ആരംഭിക്കുന്നത്. 1992-ല്‍ സോണി വീണ്ടും നേരിട്ട് ഇന്ത്യന്‍ വിപണിയിലെത്തിയപ്പോള്‍ മഡോണ അവരുടെ അംഗീകൃത സര്‍വീസ് ഏജന്‍സിയായി.
അമേരിക്കന്‍ പോപ്പ് ഗായിക മഡോണ അന്ന് അത്രയ്ക്ക് പ്രശസ്തയായിരുന്നില്ല. ഏജന്‍സി ചര്‍ച്ചയ്ക്കായി ജപ്പാനില്‍ നിന്നു വന്ന സോണിയുടെ പ്രതിനിധിക്ക് മഡോണ ഇലക്ട്രോണിക്സ് എന്ന പേരിനോട് വല്ലാത്ത എതിര്‍പ്പായിരുന്നു. പേരുമാറ്റാതെ ഏജന്‍സി നല്‍കാനാവില്ലെന്നു പറഞ്ഞാണ് അയാള്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്കു പോയത്. ഗായിക മഡോണയുടേതല്ല, ഇതു സാക്ഷാല്‍ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തിനു പ്രതിഷ്ഠിക്കപ്പെട്ട സംരംഭമാണെന്നു തെളിയിക്കുന്ന നടപടികളാണ് പിന്നീടുണ്ടായതെന്ന് ഫെലിക്സ് പറയുന്നു. സോണിയുടെ 21 ബ്രാഞ്ചുകളുടെ സര്‍വീസില്‍ 25 വര്‍ഷം പൂര്ത്തിയയാപ്പോള് 2019-ല്‍ ആ പ്രസ്ഥാനം തന്റെ ജീവനക്കാരെ ഏല്പിച്ച് ഫെലിക്സ് മഡോണ തന്റെ സ്വപ്നദര്‍ശനത്തിലെ മണികളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.
മണികളുടെ പ്രേഷിതത്വം
ആദ്യ പള്‍സേറ്റര്‍ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞാണ് അടുത്തുള്ള വടുതല സെന്റ് ആന്റണീസ് ദേവാലയത്തില്‍ മൂന്നു പള്സേറ്ററുകള്ക്ക് ഓര്‍ഡര്‍ ലഭിക്കുന്നത്. ഇതിനിടെ സര്‍ക്കാരിന്റെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ അംഗീകാരത്തോടൊപ്പം എട്ടു ലക്ഷം രൂപയുടെ സബ്സിഡിയോടെ 28 ലക്ഷം രൂപയുടെ പിഎംജി ഫണ്ടും ലഭ്യമായി. മഡോണ പള്‍സേറ്റര്‍ പേറ്റന്റും ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷനുമെടുത്ത്, ജിംനേഷ്യത്തിന്റെ ഫ്ളോറുകള്‍ കൂടി ഉപയോഗിച്ച് പൂര്‍ണതോതില്‍ മണികള്‍ക്കായി കണ്ട്രോള് യൂണിറ്റ്, ഡ്രൈവിങ് യൂണിറ്റ് ഉത്പാദനം തുടങ്ങുകയായിരുന്നു.
വര്‍ഷം മുഴുവന്‍, ഓരോ സമൂഹത്തിനും ആവശ്യമുള്ള പാറ്റേണില്‍, നിശ്ചിത സമയത്ത് മണിനാദം ഓട്ടോമാറ്റിക്കായി മുഴങ്ങുന്നതിന് കണ്ട്രോള് യൂണിറ്റില്‍ ക്രമീകരണങ്ങള്‍ ചെയ്യാനാകും. മൊബൈല്‍ ഫോണിലൂടെ ലോകത്തിന്റെ ഏതു കോണില്‍ നിന്നും പള്‍സേറ്റര്‍ മണി അടിക്കാനും അതു കേള്‍ക്കാനും കഴിയും. വിസ്തൃതമായ പ്രദേശങ്ങളിലായി മൂന്നോ നാലോ ആരാധനാലയങ്ങളുടെ ചുമതലയുള്ള വൈദികന് സെല്ഫോണിലൂടെ എല്ലാ സ്റ്റേഷനുകളിലെയും മണികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനാകും. നേരിട്ടുള്ള സ്പര്‍ശത്തിലൂടെയും 100 മീറ്റര്‍ ചുറ്റളവില്‍ നിന്ന് റിമോട്ടായും പള്‍സേറ്റര്‍ നിയന്ത്രിക്കാം. വിവിധ പാറ്റേണുകള്‍ തിരഞ്ഞെടുക്കാനുള്ള സോഫ്റ്റ് വെയര്‍, ആപ്ലിക്കേഷന്‍സ്, പ്രതിദിന, പ്രതിവാര, പ്രതിമാസ ഷെഡ്യൂള്‍ അനുസരിച്ച് പ്രോഗ്രാം സിലക് ഷന്, ഓട്ടോ സ്ലീപ്, വെയ്ക്കപ്പ് സംവിധാനം, ഇടിമിന്നലില്‍ നിന്നും ഓവര്‍ വോള്‍ട്ടേജില്‍ നിന്നും സംരക്ഷണം തുടങ്ങിയ ഫീച്ചറുകള്‍ക്കൊപ്പം, യൂസര്‍ ഐഡി കൊണ്ടുള്ള പൂര്‍ണ സംരക്ഷണവും പള്‍സേറ്റര്‍ ഉറപ്പാക്കുന്നു.
കേരളത്തിലെ 14 ജില്ലകളിലും രാജ്യത്തെ 23 സംസ്ഥാനങ്ങളിലുമായി വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍പെട്ട ആയിരത്തോളം ആരാധനാലയങ്ങളിലും, ഉത്തര്‍പ്രദേശിലെയും ബെംഗളൂരുവിലെയും ഏതാനും ക്ഷേത്രങ്ങളിലും, പല സംസ്ഥാനങ്ങളിലെയും വിദ്യാലയങ്ങളിലും ചില മുനിസിപ്പല്‍ കോര്‍പറേഷനുകളിലും കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലും മഡോണ പള്‍സേറ്റര്‍ മണി അടിക്കുന്നുണ്ട്. മലയാളക്കരയിലെ നൂറുകണക്കിനു കപ്യാര്‍മാര്‍ക്കും ഒരായുസില്‍ അടിച്ചുതീര്‍ക്കാനാവുന്നതിനെക്കാള്‍ എത്രയോ മടങ്ങാണ് മഡോണ പള്‍സേറ്റര്‍ മണികളുടെ പ്രേഷിതസാക്ഷ്യം!
കേരളത്തിനു വെളിയില്‍ പുണെ സെന്റ് പാട്രിക് കത്തീഡ്രലിലാണ് ആദ്യമായി പള്‍സേറ്റര്‍ സ്ഥാപിച്ചത്. ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിലും മേഘാലയ, നാഗാലാന്‍ഡ്, മണിപ്പുര്‍, അരുണാചല്‍ പ്രദേശ്, അസം, ഹിമാചല്‍പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലും മഡോണ പള്സേറ്ററുകളും ചാന്റുകളും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
ഇന്ത്യയ്ക്കു വെളിയില്‍, പാപ്പുവ ന്യൂഗിനിയിലും ആഫ്രിക്കയിലെ ടാന്‍സാനിയായിലും മഡോണ ചാന്റും പള്സേറ്ററും വെങ്കല മണിയും മുഴങ്ങുന്നുണ്ട്. പാപ്പുവ ന്യൂഗിനിയിലെ സിംബുവിലെ ഡോണ്‍ ബോസ്കോ തീര്‍ഥാടനകേന്ദ്രത്തില്‍ നിന്ന് ഫാ. റോബിന്‍സണ്‍ പറപ്പിള്ളി എസ്ഡിബിയാണ് ആദ്യമായി മഡോണയുടെ ഇലക് ട്രോണിക് ചാന്റ് തെക്കുപടിഞ്ഞാറന്‍ പസിഫിക്കിലെ ആ ഓഷ്യാനിയ തീരത്തേക്കു കൊണ്ടുപോകുന്നത്.
ചാന്റുകള്‍
വിലകൂടിയ മണി വാങ്ങാന്‍ ശേഷിയില്ലാത്ത ക്രൈസ്തവ സമൂഹങ്ങള്‍ക്കായി മഡോണ ഒരുക്കുന്ന ഇലക് ട്രോണിക് മണിയും സ്തുതിഗീതങ്ങളും പ്രാര്‍ഥനകളും ബൈബിള്‍ വചനങ്ങളുമാണ് ചാന്റിലുള്ളത്. റിയല്‍ ടൈം ക്ലോക്കില്‍ കൃത്യസമയത്ത് ഓട്ടോമാറ്റിക്കായി പള്ളിമണിനാദം നിര്‍ദിഷ്ട രീതിയില്‍ ദേവാലയത്തിലെ ആംപ്ലിഫയറില്‍ നിന്ന് ലൗഡ് സ്പീക്കറിലൂടെയോ വലിയ കോളാമ്പിമൈക്കിലൂടെയോ മുഴങ്ങും. പെന്‍ഡ്രൈവോ സിഡിയോ പോലുള്ള എക്സ്റ്റേണല്‍ ഡിവൈസ് ഒന്നും ഇതിന് ആവശ്യമില്ല. കണ്ട്രോള് യൂണിറ്റില്‍ 999 ഫയലുകള്‍ സേവ് ചെയ്യാം. ഇത് ഷഫിള്‍ ചെയ്ത് ആവശ്യാനുസരണം ഓരോ സന്ദര്ഭത്തിനുമുള്ള മണിനാദമോ ഗാനമോ പ്രാര്‍ഥനയോ ബൈബിള്‍ വചനങ്ങളോ സംപ്രേഷണം ചെയ്യാം. ഷെഡ്യൂള്‍ ചെയ്യുന്ന മുറയ്ക്ക് ദിവസവും മാസവും നോക്കി കൃത്യസമയത്ത് ആംപ്ലിഫയര്‍ ഓണ്‍ ആവുകയും ഒഫാവുകയും ചെയ്യും. മാനുവലായും റിമോട്ടായും ഇതു പ്രവര്‍ത്തിക്കും. മൂന്നര കിലോമീറ്റര്‍ ദൂരെ വരെ ചാന്റുകള്‍ കേള്‍ക്കാനാകും.
ഏതു ഭാഷയിലുമുള്ള ടെക്സ്റ്റും സംഗീതവും ഡിജിറ്റല്‍ ഫയലുകളായി ട്രിം ചെയ്ത് കണ്ട്രോള് യൂണിറ്റില്‍ നിറയ്ക്കാനാകും. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, കൊങ്കണി, ഇംഗ്ലീഷ്, ലത്തീന്‍, സുറിയാനി, കസായി, ഒഡിയ, ഹിന്ദി, ബംഗാളി, നേപ്പാളി, ആസാമീസ് തുടങ്ങി ഏതു ഭാഷയിലെയും ഫയലുകള്‍ അതേപടി ഉള്‍പ്പെടുത്താനാകും. ഗോവയില്‍ നിന്ന് കൊങ്കണി തിരുകര്‍മങ്ങളുടെ സംഗീതത്തിന്റെ ഫയല്‍ സെറ്റു ചെയ്ത് മഡോണ ചാന്റ് യൂണിറ്റ് അയച്ചപ്പോള്‍ ഒരിടത്ത് കാക്കയുടെ കരച്ചില് വേറിട്ടുകേള്ക്കുന്നു. ഗോവയില്‍ നിന്നുള്ള റെക്കോര്‍ഡിലെ കാക്കയുടെ ശബ്ദമാണതെന്ന് തിരിച്ചറിയാന്‍ ചാന്റിന്റെ സ്പഷ്ടത വേണ്ടിവന്നു.
മഡോണ ബ്രോണ്‍സ് ബെല്‍
കേരളത്തിലെ ബെല്‍ മെറ്റല്‍ കരകൗശലകേന്ദ്രമെന്ന നിലയില്‍ വിശ്വപ്രസിദ്ധമായ പമ്പാനദീതീരത്തെ മാന്നാറില്‍ (ആലപ്പുഴ ജില്ല) ചെമ്പും വെളുത്തീയവും (ടിന്) കൃത്യമായ അളവില്‍ ചേര്‍ത്ത് മണികള്‍ പരമ്പരാഗത രീതിയില്‍ വാര്‍ത്തെടുക്കുന്ന ഫൗണ്ട്രിയുണ്ട് മോഡോണയ്ക്ക്. മാധുര്യമേറുന്ന ടോണും അഴകാര്‍ന്ന അലങ്കാരപ്പണികളുമുള്ള ഓട്ടുമണികള്‍ വിദേശത്തേക്കും കയറ്റിഅയക്കുന്നുണ്ട്.
മണി ലോഹ അലോയ് കൊണ്ട് മണികളും വിഗ്രഹങ്ങളും മറ്റും നിര്‍മിക്കുന്ന കരുവാന്മാരുടെ സൊസൈറ്റിയില്‍ മഡോണയ്ക്കും അംഗത്വമുണ്ട്. മാന്നാറിലെ ബെല്‍ മെറ്റല്‍ ലോഹപ്പണിക്കാരുടെ പരമ്പരയില്‍ ഇപ്പോള്‍ എട്ടോ പത്തോ പേരാണ് അവശേഷിക്കുന്നത്. ഇവരില്‍ ഏറ്റവും പ്രായംകുറഞ്ഞയാള്ക്ക് 55 വയസുണ്ട്. പുതിയ തലമുറ ഈ കരകൗശല പാരമ്പര്യം തുടര്‍ന്നുകൊണ്ടുപോകുന്നതില്‍ തീരെ താല്പര്യം കാണിക്കുന്നില്ല. മാന്നാറിലെ ബെല്‍ മെറ്റല്‍ ക്രാഫ്റ്റിന്റെ പുനരുജ്ജീവനത്തിന് ‘ഓട്ടോമേഷന്‍’ കൊണ്ടുവരണമെന്നാണ് ഫെലിക്സ് മഡോണയുടെ നിര്‍ദേശം.
ഫ്രാന്‍സിലെ വിഖ്യാതമായ മ്യൂസിക്കല്‍ ബെല്‍ നിര്‍മാതാക്കളായ പക്കാര്‍ഡ് ബെല്‍ ഫൗണ്ട്രിയുമായി ഇക്കാര്യത്തില്‍ ഒരു കരാറുണ്ടാക്കാമെന്ന പ്രതീക്ഷ ഫെലിക്സിനുണ്ട്. ജൂണില്‍ ഇതിനുവേണ്ടി ഫ്രാന്‍സിലേക്കു പോകാന്‍ അദ്ദേഹം പദ്ധതി തയാറാക്കിയിട്ടുണ്ട്. പിയാനോയില്‍ സ്റ്റയിന്വേ പോലെ, വയലിനില്‍ സ്ട്രാഡിവാരിയസ് പോലെ അദ്വിതീയമാണ് മണികളുടെ ശബ്ദമാധുര്യത്തില്‍ പക്കാര്‍ഡ്. 78 ശതമാനം ചെമ്പും 22 ശതമാനം ടിന്നും ചേര്‍ത്തുള്ള പക്കാര്‍ഡിന്റെ 125,000 പള്ളിമണികളും കാരിലിയനും കേരളത്തില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഗീതം പൊഴിക്കുന്നുണ്ട്. ബൂര്ഡന്, പീല്‍, ചൈം, കാരിലിയന് സംഗീതാത്മക മണികളുടെ ശ്രേണികള്‍ക്കു മാറ്റുകൂട്ടുന്ന അയ്യായിരത്തിലേറെ ഫ്രീസ് അലങ്കാരപ്പണിയുടെ എച്ചിങ് പാറ്റേണും കസ്റ്റം ഡിസൈനുകളും അവര്‍ക്കുണ്ട്.
തിരുവനന്തപുരത്ത് വെട്ടുകാട് മാദ്രെ ദെ ദേവൂസ് പള്ളിയിലേക്ക് 2015-ല്‍ ഫ്രാന്‍സില്‍ നിന്ന് പക്കാര്‍ഡിന്റെ മൂന്നു മണികള്‍ ഇറക്കുമതി ചെയ്ത കഥ ഫെലിക്സ് ഓര്‍ക്കുന്നു. പക്കാര്‍ഡ് കമ്പനിക്കാരുമായി മണിയുടെ ചില സാങ്കേതിക വശങ്ങള് വിശദീകരിക്കാന്‍ ഭാഷാപരമായ പരിമിതികള്‍ അനുഭവപ്പെട്ടപ്പോള്‍, വികാരിയച്ചന്, മോണ്‍. നിക്കൊളാസ് താര്സിയൂസിന്റെ സഹായം തേടി. മോണ്‍. നിക്കൊളാസ് അനര്‍ഗളം ഫ്രഞ്ച് സംസാരിക്കുന്നതു കേട്ട് താന്‍ ആശ്ചര്യം പൂണ്ടെന്ന് ഫെലിക്സ് പറയുന്നു. പക്കാര്‍ഡ് മണികള്‍ എത്തിയപ്പോള്‍ അത് പഴയ രീതിയില്‍ അടിച്ചാല്‍ മതി, പള്‍സേറ്റര്‍ ആവശ്യമില്ലെന്ന് പാരിഷ് കൗണ്‍സിലില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. മോണ്‍. നിക്കൊളാസിന്റെ നിശ്ചയദാര്‍ഢ്യം കൊണ്ടാണ് വെട്ടുകാട് പള്ളിമണികള്‍ക്ക് പള്‍സേറ്റര്‍ ഓട്ടോമേഷന്‍ സാധ്യമായതെന്ന് ഫെലിക്സ് എടുത്തുപറയുന്നുണ്ട്. പാളയത്തെ സെന്റ് ജോസഫ് കത്തീഡ്രലിലും മോണ്‍. നിക്കൊളാസ് മൂന്നു പള്‍സേറ്റര്‍ വച്ചു. മൂന്നു ദിവസത്തെ ഷോര്‍ട്ട് നോട്ടീസിലാണ് പാറ്റൂര്‍ പള്ളിയില്‍ വിദേശനിര്‍മിത മണി ഉയര്‍ത്തി പള്‍സേറ്റര്‍ ഘടിപ്പിച്ചത്. വിഴിഞ്ഞത്തെ പള്ളിയിലും ഒരു പള്സേറ്ററും ചാന്റും മഡോണയില്‍ നിന്ന് അദ്ദേഹം വാങ്ങുകയുണ്ടായി.
ബിഹാറിലെ ഭഗല്പുറിലെ കച്ചാരിചൗക്കിലെ സെന്റ് ബെനഡിക്റ്റ് പള്ളിയിലേക്ക് ഒരു പള്‍സേറ്റര്‍ ഓര്‍ഡര്‍ ചെയ്യാന്‍ വന്ന ബിഷപ് കുര്യന് വലിയകണ്ടത്തില്‍ ഭഗല്‍പുര്‍ കത്തീഡ്രലിലേക്ക് നാല് മണികളും രൂപതയിലെ മറ്റു ദേവാലയങ്ങളിലേക്കായി 12 മണികളും ഉള്‍പ്പെടെ മൊത്തം 1,932 കിലോ ഭാരം വരുന്ന 16 മഡോണ മണികള്‍ കൊണ്ടുപോയ കഥയും ഫെലിക്സ് പറയും.
ബെംഗളൂരുവിനടുത്ത് ഹെസരഘട്ടയില്‍ സെന്റ് ജോര്‍ജ് മലബാര്‍ സ്വതന്ത്ര സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ദേവാലയത്തിനായി മഡോണ ഫൗണ്ട്രിയില് നിര്‍മിച്ച 536 കിലോ ഭാരമുള്ള മണിക്കൊപ്പം ഫ്രാന്‍സില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏഴ് ‘പക്കാര്‍ഡ് സംഗീതമണികള്’ കൂടി സെറ്റ് ചെയ്യുന്നുണ്ട്. പിയാനോ കീയില്‍ ഡയടോണിക് സ്കെയിലില്‍ 22 ബെല്ലുകളുടെ ചൈമുകള്‍ സെറ്റു ചെയ്യുന്നതു പോലെ, ഓര്‍ഗന്‍ കീബോര്‍ഡില്‍ കര്‍ണാടക സംഗീതത്തിലെ ഷഡ്ജം, ഋഷഭം, ഗാന്ധാരം, മധ്യമം, പഞ്ചമം, ധൈവതം, നിഷാദം എന്നീ സപ്തസ്വരങ്ങള്‍ വായിച്ച് റെക്കോര്‍ഡ് ചെയ്താല്‍ ഹെസരഘട്ടയിലെ മണികള്‍ ആ സംഗീതം ആലപിച്ചുകൊണ്ടിരിക്കും.

പൊട്ടുകയോ മറ്റേതെങ്കിലും തരത്തില്‍ കേടുപാടു സംഭവിക്കുകയോ ചെയ്ത പുരാതന മണികള്‍ വീണ്ടും ഉരുക്കിവാര്‍ത്ത് ഒറിജിനല്‍ ടെക്സ്ചര്‍ വീണ്ടെടുത്ത് പോളിഷ് ചെയ്ത് നവീകരിക്കുന്നതില്‍ മഡോണ മികവു തെളിയിച്ചിട്ടുണ്ട്. കല്‍ക്കട്ടയിലെ സ്റ്റെല്ലാ മാരിസ് ദേവാലയത്തിന് വില്‍സ് കമ്പനി 1947-ല്‍ സംഭാവന ചെയ്ത, ചെക്കോസ്ലോവാക്യയില്‍ നിര്‍മിച്ച 450 കിലോ ഭാരമുള്ള മണി പൊട്ടിയ അവസ്ഥയില്‍ മഡോണയിലെത്തിച്ച് അതിലെ ഒറിജിനല്‍ ചിത്രീകരണങ്ങള്‍ നഷ്ടപ്പെടാത്തവണ്ണം അതു വീണ്ടും വാര്‍ത്തെടുത്ത് മനോഹരമായി പുനഃസൃഷ്ടിക്കുകയുണ്ടായി. അലഹാബാദ് സെന്റ് ജോസഫ് കത്തീഡ്രലിലെ അഞ്ച് പുരാതന മണികള്‍ ഇതുപോലെ 2020 സെപ്റ്റംബറില്‍ ഉരുക്കിവാര്‍ത്ത് നവീകരിച്ചു. രണ്ടുവര്‍ഷത്തിനിടെ ഇത്തരം നൂറു മണികളാണ് മഡോണ റീമോള്‍ഡ് ചെയ്തത്.
പഴയ മണികള്‍ ഉരുക്കിവാര്‍ക്കുന്ന കൂട്ടത്തില്‍ ഫെലിക്സിന് മറക്കാനാവാത്ത ഒരു അനുഭവമുണ്ട്: തൃശൂരിലെ അമ്മാടം സെന്റ് ആന്റണീസ് പള്ളി പുതുക്കിപ്പണിയുകയായിരുന്നു, 2014-ല്‍. മണിയുടെ കാര്യം അന്വേഷിക്കാന്‍ ചെന്നപ്പോള്‍ ഫാ. ജോസഫ് മുരിങ്ങത്തുശേരി പറഞ്ഞു, ”ഇവിടെ രണ്ടു പഴയ മണികള്‍ കിടപ്പുണ്ട്. അത് ഉരുക്കി ഒരൊറ്റമണിയാക്കിയാല് കൊള്ളാം.” മണ്ണില്‍ പുതഞ്ഞുകിടന്നിരുന്ന രണ്ടു പഴയ മണികള്‍ വണ്ടിയില്‍ കയറ്റാനെടുത്തപ്പോള് ഒരു മണി എന്തിലോ മുട്ടി കേട്ട നാദം അതീവഹൃദ്യമായിരുന്നു. പഴയ മണികള്‍ പോളിഷ് ചെയ്യാറുള്ള അച്യുട്ടിയുടെ പക്കല്‍ മണികളെത്തിച്ചു. ”നല്ല ഇമ്പമുള്ള മണിയാണ്. ഇത് ഉടച്ചുവാര്‍ക്കുന്നതിനു പകരം അത്രയുംതന്നെ ഭാരമുള്ള പുതിയൊരു മണി ഉണ്ടാക്കികൊടുത്താല്‍ മതിയല്ലോ.” രണ്ടും പോളിഷ് ചെയ്തെടുക്കാന്‍ പറഞ്ഞ് ഫെലിക്സ് വീട്ടില്‍ എത്തേണ്ട താമസം അച്യുട്ടിയുടെ ഫോണ്‍ വന്നു. ആകെ പരിഭ്രാന്തനായ മട്ടില്‍ അച്യുട്ടി പറഞ്ഞു: ”ഈ മണി നമുക്ക് തൊടാന്‍ പറ്റില്ല, സാറേ! പഞ്ചലോഹമാണ്. ആകെ പ്രശ്നമാകും!” സ്വര്‍ണവും വെള്ളിയും ചെമ്പും വെളുത്തീയവും ഇരുമ്പും ചേര്‍ന്ന പഞ്ചലോഹം സാധാരണഗതിയില്‍ വിഗ്രഹങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ്.
പുരാവസ്തുവിന്റെ മൂല്യമുള്ള പഞ്ചലോഹ നിര്മിതികളുടെമേല് സര്‍ക്കാരിനും അവകാശവാദം ഉന്നയിക്കാം. ”ഞാന്‍ ഉടനെ അമ്മാടം പള്ളിയിലെ അച്ചനെ വിളിച്ചു. വിവരം ധരിപ്പിച്ചു. ഉടന്‍ വന്ന് പഞ്ചലോഹ മണി കൊണ്ടുപോയി സുരക്ഷിതമായി സൂക്ഷിക്കാന്‍ പറഞ്ഞു,” ഫെലിക്സ് അനുസ്മരിച്ചു. രാത്രിതന്നെ അച്ചന് വണ്ടിയുമായെത്തി രണ്ടു മണികളും തിരിച്ചുകൊണ്ടുപോയി. പഞ്ചലോഹ മണിയെക്കുറിച്ച് കേട്ടറിഞ്ഞ് പള്ളിയില്‍ സന്ദര്‍ശകരുടെ പ്രവാഹമായി. പണി നടക്കുന്ന പള്ളിയില്‍ അത് സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റില്ലെന്നു മനസിലാക്കി ബിഷപ് ഇടപെട്ടു. എത്രയും വേഗം മണിമാളിക പണിതീര്‍ത്ത് മണികള്‍ മേലെ കയറ്റാനായിരുന്നു നിര്‍ദേശം. അങ്ങനെ പള്ളി പണിതീരും മുന്‍പേ മണിമാളിക ഒരുക്കി രണ്ടു മണികളും ആശീര്‍വദിച്ച് ഉയരത്തില്‍ തൂക്കി, ആരും കയറാതിരിക്കാന്‍ അതിന്റെ കോവണി മാറ്റുകയും ചെയ്തു. പള്ളിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെ നിന്ന് ഒരാള്‍ ആ പഞ്ചലോഹ മണിയുടെ ഒച്ചകേട്ട് പരാതിപ്പെട്ടകാര്യം വികാരിയച്ചന് പറയാറുണ്ടായിരുന്നു.
തൃശൂരിലെ മറ്റൊരു ഗ്രാമപ്രദേശത്ത് പുതിയ പള്ളിക്ക് ശിലാസ്ഥാപനം നടത്താന്‍ പലതരം തടസങ്ങള്‍ നേരിട്ടുകൊണ്ടിരുന്നു. ഒടുവില്‍ മെത്രാന് വന്നു കല്ലിടാന്‍ നിശ്ചയിച്ച ദിവസം രാവിലെ പരവതാനി വിരിക്കുന്ന നിലം ഒന്നു നിരപ്പാക്കാന്‍ ഒരു കൈക്കാരന് തന്റെ ട്രാക്റ്ററുമായെത്തി. കാര്‍പ്പെറ്റില്‍ വീണുകിടന്നിരുന്ന മണ്ണു നീക്കം ചെയ്യാന്‍ അയാള്‍ ഇറങ്ങിയതും എങ്ങനെയോ ട്രാക്റ്റര്‍ നിയന്ത്രണം വിട്ടു നീങ്ങി അയാള്‍ അതിനടിയില്‍പെട്ടു മരണമടഞ്ഞു. അവിടെ ആദ്യം ദൈവസാന്നിധ്യം വിളിച്ചറിയിക്കാന്‍ മണി പ്രതിഷ്ഠിച്ച് ദുഷ്ടശക്തികളെ ആട്ടിപ്പായിക്കാനാണ് ബിഷപ് നിര്‍ദേശിച്ചത്.
അപ്പൂപ്പന്റെ മണിമാളികയില് ഓട്ടോമേഷന്‍
തന്റെ അമ്മയുടെ അപ്പന് പേറു മേസ്തരി പണിതീര്‍ത്ത വല്ലാര്‍പാടം ബസിലിക്കയിലെയും പള്ളിപ്പുറം ബസിലിക്കയിലെയും മണിഗോപുരങ്ങളിലെ പുരാതന മണികള്‍ മഡോണ പള്‍സേറ്റര്‍ വച്ച് യന്ത്രവത്കരിക്കാന്‍ തനിക്കു ലഭിച്ച അസാധാരണ നിയോഗത്തെക്കുറിച്ച് ഫെലിക്സ് സംസാരിക്കും. കുഞ്ഞുന്നാളില്‍ അപ്പൂപ്പന് തന്നെ തോളിലേറ്റി നടന്നിരുന്നത് ഫെലിക്സ് ഓര്‍ക്കുന്നുണ്ട്.
പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്കയിലെ മണിമാളികയിലെ മണികള്‍ രണ്ടുപേര്‍ ചേര്‍ന്ന് കാലുകൊണ്ട് ചവിട്ടി അടിക്കുന്ന പെഡല്ബോര്ഡ് സംവിധാനമുള്ളതായിരുന്നു. 2018-ല്‍ ബസിലിക്കാ വികാരിയായിരുന്ന റവ. ഡോ. ജോണ്സണ് പങ്കേത്തിന്റെ പൗരോഹിത്യ രജതജൂബിലി ആഘോഷത്തിന് അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ എന്തു സമ്മാനമാണ് നല്‍കേണ്ടതെന്ന് ചോദിച്ചപ്പോള്‍ അച്ചന് പറഞ്ഞത് ബസിലിക്കയിലെ മണിമാളികയില് മണിയടിക്കുന്ന പ്രായമായ കപ്യാര്‍മാരുടെ കഷ്ടപ്പാടുകള്‍ക്ക് എത്രയും വേഗം അറുതിവരുത്തി മണികള്‍ യന്ത്രവത്കരിക്കണമെന്നാണ്.
”തീര്‍ച്ചയായും പരിശുദ്ധ മാതാവ് അദ്ദേഹത്തിനു നല്കിയ ഒരു ദര്‍ശനം അതിനു പിന്നിലുണ്ടായിരുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. പള്‍സേറ്റര്‍ ഘടിപ്പിച്ച് മൂന്നാം നാള് അതിലെ ഒരു മണി അടിക്കുന്നില്ലെന്ന പരാതി വന്നു. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് അവിടെ സംഭവിച്ചത്. പഴയ മണികളുടെ നാക്ക് (ക്ലാപ്പര്‍) കെട്ടിത്തൂക്കാറുള്ളത് ഒട്ടകത്തിന്റെ തോലിലാണ്. പള്ളിപ്പുറത്തെ ഒരു മണിനാക്ക് തൂക്കിയിരുന്ന തോല് തേഞ്ഞ് ഏതു നിമിഷവും അതു പൊട്ടിവീഴാവുന്ന നിലയിലായിരുന്നു. മണികളുടെ നേരെ താഴെ നിന്ന് പെഡല്‍ ചവിട്ടിക്കൊണ്ടിരുന്ന ആ രണ്ടു പാവപ്പെട്ട മനുഷ്യരുടെ ജീവന് അപകടത്തിലാകുമായിരുന്നു, ഏതാണ്ട് 40 കിലോ ഭാരമുള്ള ആ മണിനാക്ക് മുകളില്‍ നിന്നു പൊട്ടിവീണിരുന്നെങ്കില്‍. പള്‍സേറ്റര്‍ വയ്ക്കാന്‍ വൈകിയിരുന്നെങ്കില്‍ ആ ദുരന്തം സംഭവിക്കുമായിരുന്നു. മാതാവിന്റെ അദ്ഭുതകരമായ ഒരു ഇടപെടലാണ് അവിടെ സംഭവിച്ചത്,” ഫെലിക്സ് പറയുന്നു.

ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ ദേവാലയ നിര്‍മാണം തുടങ്ങുന്നതിനു മുന്‍പുതന്നെ ആര്കിടെക്റ്റുകള് ബെല്‍ ടവറിന്റെ (ബെല്ഫീ) സ്കെച്ചും പ്ലാനും ഫെലിക്സ് മഡോണയ്ക്ക് അയച്ചുകൊടുക്കുന്നുണ്ട് – മണികള്‍ക്ക് കൃത്യമായ സ്പെയ്സും ശബ്ദവിന്യാസത്തിനുള്ള അകൂസ്റ്റിക്സ് എന്‍ജിനിയറിങ് ഘടകങ്ങളും മറ്റും വേണ്ടവണ്ണം ക്രമീകരിക്കാനും ഇത്തരം ആശയവിനിമയം വളരെ ആവശ്യമാണ്. ”നമ്മുടെ നാട്ടില്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്ന ചില ആരാധനാലയങ്ങളിലെ മണിഗോപുരങ്ങള്‍ പലപ്പോഴും അശാസ്ത്രീയമായ രീതിയിലാണ് രൂപകല്പന ചെയ്യുന്നത്. ഒരിടത്ത് പള്ളിപണി തുടങ്ങിയപ്പോള്‍തന്നെ ഞാന്‍ നേരിട്ട് അച്ചനെ കണ്ട് അവിടത്തെ ബെല്‍ ടവറിന്റെ മുകള്‍ഭാഗത്ത് മണികള്‍ കയറ്റാനാവാത്ത സ്ഥിതിയുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയതാണ്. ഒടുവില്‍ ദേവാലയ ആശീര്‍വാദം കഴിഞ്ഞ് ഒരു മാസം തികയും മുന്‍പ് അച്ചന് ആളെ അയച്ചു, മണിയുടെ പ്രശ്നത്തിന് എന്തെങ്കിലും പ്രതിവിധി നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. മണിമാളികയുടെ മുകള്ഭാഗം പൊളിക്കുകയല്ലാതെ മറ്റു വഴിയൊന്നുമില്ലെന്ന് ഞാന്‍ മറുപടി നല്കി,” ഫെലിക്സ് അനുസ്മരിക്കുന്നു.
ദേവാലയ വാസ്തുശില്പവുമായി അപ്പൂപ്പന്റെ പേരിലുള്ള ഒരു ബന്ധം വലിയ അനുഗ്രഹമായി തോന്നാറുണ്ടെന്ന് ഫെലിക്സ് പറയുന്നു. ഇലക് ട്രോണിക്സ് പഠനത്തിന്റെ ഭാഗമായും ചില എന്‍ജിനിയറിങ് ഡ്രോയിങ് ഉണ്ടായിരുന്നതും സഹായകമാകുന്നുണ്ട്.
തുറികോള്
അള്‍ത്താരയില്‍ ചില തിരുകര്‍മങ്ങളില്‍ ധൂപാര്ച്ചനയ്ക്ക് കുന്തുരുക്കം പുകയ്ക്കാനുള്ള കല്‍ക്കരിയും ചിരട്ടക്കരിയും പല പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. ചിലപ്പോള്‍, അള്‍ത്താര ശുശ്രൂഷകന് വീശുന്ന തുറിബിളില് നിന്ന് തീപ്പൊരി പാറിവീണ് വിലപിടിച്ച തിരുവസ്ത്രങ്ങളും കാര്‍പെറ്റും കരിയാറുണ്ട്. ധൂപക്കുറ്റിയില്‍ തീ പകരുന്നതുതന്നെ പലപ്പോഴും ബുദ്ധിമുട്ടേറിയ പണിയാണ്. ചില സങ്കീര്ത്തികളിലെ മതിലുകള്‍ ധൂപക്കുറ്റിയിലെ കരി പടര്‍ന്ന് ആകെ വികൃതമായിരിക്കും. അത്യാവശ്യനേരത്ത് ധൂപാര്‍ച്ചന നടത്തുന്നതിന് കുന്തുരുക്കം ഇട്ട് ധൂപക്കുറ്റി വീശിയാലും തീയണഞ്ഞതിനാല്‍ പുക ഉണ്ടായെന്നുവരില്ല.
ആലങ്ങാടിന് അടുത്ത് നീറിക്കോട് സെന്റ് ജോസഫ് പള്ളിയിലെ വികാരിയച്ചനാണ് 2013-14 കാലത്ത് ധൂപക്കുറ്റിയുടെ കാര്യത്തില്‍ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്ന് ഫെലിക്സിനോട് ആവശ്യപ്പെട്ടത്.
ധൂപത്തിന് ആരാധനക്രമത്തില്‍ വലിയ പ്രാധാന്യമുണ്ട്. മൂന്നു ഘടകങ്ങള്‍ അതിലുണ്ട്: കരി വേണം, അത് പാപത്തെ സൂചിപ്പിക്കുന്നു. തീ വേണം, അത് കുമ്പസാരത്തിലൂടെ ആത്മശുദ്ധിവരുത്തുന്നതിന്റെ അടയാളമാണ്. കുന്തുരുക്കം വേണം, സുഗന്ധസുരഭിലമായ സ്തുതിപ്പിന്റെ അടയാളമായി ധൂപം മാറുന്നു. കരിപരത്താതെ, ചുരുങ്ങിയത് രണ്ടുമണിക്കൂറെങ്കിലും തീയണയാതെ എരിയുന്ന മാധ്യമം കണ്ടെത്തണം.
ഫെലിക്സിന് സ്വപ്നദര്‍ശനമുണ്ടായി: വരാപ്പുഴ മുട്ടിനകത്തെ അപ്പന്റെ തറവാട്ടില്‍ കൊയ്ത്തുകഴിഞ്ഞ് കറ്റമെതിച്ച് കളത്തിലിട്ട് നെല്ല് ഉണക്കി അരി കുത്തിയെടുക്കുമ്പോള്‍ കിട്ടുന്ന ഉമി കളത്തിന്റെ ഒരു മൂലയ്ക്ക് കൂട്ടിയിട്ട് കത്തിക്കാറുണ്ട്. ദിവസങ്ങളോളം നീറിപ്പുകഞ്ഞുകത്തുന്ന ഉമിത്തീയ്ക്ക് കൊടുംചൂടാണ്. കളത്തില്‍ ഓടിക്കളിക്കാനിറങ്ങുന്ന കുട്ടികളോട് അമ്മൂമ്മ പറയും, മക്കളേ, ആ ഉമിത്തീയില്‍ ചെന്നുവീഴല്ലേ, ആശുപത്രിയില്‍ പോലും നിങ്ങളെ എടുക്കില്ല!
ചുട്ടുപഴുത്തുനില്‍ക്കുന്ന ഉമിത്തീയെക്കുറിച്ചുള്ള അമ്മൂമ്മയുടെ വാക്കുകള്‍, ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന് ഫെലിക്സ് കുറിച്ചുവച്ചു. ചിരട്ടക്കരിയും ഉമിയും ഏത് അനുപാതത്തില്‍ ചേര്‍ത്താല്‍ കൂടുതല്‍ സമയം തീകെടാതെ എരിഞ്ഞുനില്‍ക്കും എന്നു കണ്ടെത്താനുള്ള പരീക്ഷണം ആരംഭിച്ചു. മഡോണ ഓഫിസില്‍ സഹായിയായി വന്ന ലിറ്റി എന്ന പെണ്‍കുട്ടിയെ ചിരട്ടക്കരിയും ഉമിയും കുഴച്ചുചേര്‍ത്ത് ഉണക്കി ചെറിയ ക്യൂബുകള്‍ രൂപപ്പെടുത്തി കത്തിച്ചുനോക്കാനുള്ള ചുമതല ഏല്പിച്ചു. എറണാകുളം ജില്ലാ വ്യവസായകേന്ദ്രത്തില്‍ കരി ലൈസന്‍സ് കിട്ടാന്‍ സാധ്യതയില്ലെന്നു കണ്ട് മലപ്പുറത്ത് ഹുക്കയ്ക്കും ബാര്‍ബിക്യുവിനും കരി ഉത്പാദിപ്പിക്കുന്ന ഡീലറെ കണ്ടെത്തി ധൂപക്കുറ്റിക്ക് വേണ്ട കരിയുടെ ക്യൂബുകള്‍ മഡോണയ്ക്കു മാത്രമായി സപ്ലൈ ചെയ്യുന്നതിന് കരാറുണ്ടാക്കി.
ചെറിയ ഇലക് ട്രിക് ബേണറില് തുറികോള് ക്യൂബ് വച്ച് ചൂടുപിടിക്കുമ്പോള്‍ തുറിബിളിലെ ഒരു കണ്ടെയ്നറിലേക്ക് ക്യൂബുകള്‍ മാറ്റി അതിലേക്ക് കുന്തുരുക്കം തൂവിയാല്‍ മതി. തുറികോള് രണ്ടുമണിക്കൂറെങ്കിലും കെടാതെ നില്ക്കും. അന്തരീക്ഷത്തില്‍ കരിയോ തീക്കനലോ ഒന്നും പാറുകയില്ല. ആവശ്യം കഴിയുമ്പോള്‍ ക്യൂബിലെ തീയണച്ചാല്‍ അത് വീണ്ടും ഉപയോഗിക്കാനുമാകും. ഇലക് ട്രിക് ബേണറും തുറികോള് ക്യൂബിന്റെ പെട്ടിയും ഉള്‍പ്പെടുന്ന ‘ഓട്ടോമേറ്റഡ് ഇന്സെന്സിങ്’ സംവിധാനം ഇപ്പോള്‍ രാജ്യത്ത് 5000 ദേവാലയങ്ങളില്‍ സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്.
തുറികോള് ഉപയോഗിച്ച് ശീലിച്ചുകഴിഞ്ഞാല്‍, അതില്ലാതെ തിരുകര്‍മങ്ങള്‍ അര്‍പ്പിക്കാനാവാത്ത നിലയില്‍ വരെ ചില വൈദികരെത്താറുണ്ടെന്ന് ഫെലിക്സ് സാക്ഷ്യപ്പെടുത്തുന്നു. 2017 മേയില്‍ ഒരു ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആലപ്പുഴ മൗണ്ട് കാര്‍മല്‍ കത്തീഡ്രലില്‍ നിന്ന് മഡോണയിലേക്ക് ഫാ. സ്റ്റാന്‍ലി പുളിമൂട്ടുപറമ്പിലിന്റെ ഫോണ്‍കോള്‍ വന്നു: അടിയന്തരമായി ഒരു പെട്ടി തുറികോള് ആലപ്പുഴയില്‍ എത്തിക്കണം. ഞായറാഴ്ച പുലര്‍ച്ചെ കുര്‍ബാനയ്ക്ക് ധൂപം വീശുന്നതിന് ആവശ്യമായ തുറികോള് ഇല്ലെന്ന് കപ്യാര് ഓര്‍മിപ്പിക്കുന്നത് ഈ നേരത്താണ്! നല്ല മഴയുമുണ്ട്. എറണാകുളത്തുനിന്ന് രാത്രി പ്രത്യേകം വണ്ടിയെടുത്ത് ആലപ്പുഴ വരെ ഒരാളെ തുറിക്കോളുമായി പറഞ്ഞുവിടുക ഒട്ടും ലാഭകരമായ ഇടപാടല്ലെന്ന് അച്ചനോടു പറഞ്ഞപ്പോള്‍ അച്ചന് പറഞ്ഞു, അഞ്ചുപെട്ടി തുറികോള് കൊടുത്തുവിട്ടോളൂ. അഞ്ചുപെട്ടിയായാലും മുതലാവില്ല എന്നറിയിച്ചപ്പോള്‍ അച്ചന്, ആര്‍ക്കും നിരസിക്കാനാവാത്ത ഒരു ഓഫര്‍ വച്ചു: പള്ളിയിലെ മൂന്നു മണികള്‍ പള്‍സേറ്റര്‍ വച്ച് ഓട്ടോമേഷന്‍ നടത്തിക്കൊള്ളൂ. തുറികോളുമായി വരുമ്പോള്‍ അതിന്റെ അഡ്വാന്‍സ് ചെക്ക് സെക്യൂരിറ്റി ഗാര്‍ഡില്‍ നിന്ന് വാങ്ങിക്കൊള്ളൂ!
ഹന്നാന്‍വെള്ളം – ടച്ച്ലെസ്
കൊവിഡ് മഹാമാരിക്കാലത്തെ ലോക്ഡൗണില്‍ മഡോണ ഇലക്ട്രോണിക്സ് ഫാക്ടറി ഒരു ദിവസം പോലും അടച്ചിടേണ്ടിവന്നില്ല – കാരണം അന്ന് നാട്ടാര്‍ക്ക് ഏറ്റവും ആവശ്യമായി വന്ന ഓട്ടോമാറ്റിക് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സര് ‘പ്യൂരിഫിയോണ്’ എന്ന പേരില്‍ ഉത്പാദനം യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നു. കൈനീട്ടുമ്പോള്‍ ഒരു തുള്ളി കൈവെള്ളയില്‍ വന്നു വീഴുന്ന ‘ഫോട്ടോ സെന്‍സര്‍ ഡ്രോപ് സാനിറ്റൈസിങ്’ ഡിസ്പെന്‍സറും, വലിയ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാവുന്ന എട്ടു ലിറ്ററിന്റെ വി3-എക്സ്എല്‍ അള്‍ട്രാ സോണിക് സെന്‍സര്‍ മിസ്റ്റ്/ ഡ്രോപ് ടച്ച്-ഫ്രീ സാനിറ്റൈസിങ് ഡിസ്പെന്‍സറും കൃത്യസമയത്ത് വിപണിയിലിറക്കി വലിയ മുന്നേറ്റം സൃഷ്ടിക്കാനായി.
പള്ളികള്‍ അടച്ചിട്ടതിനുശേഷം ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടംഘട്ടമായി പിന്‍വലിച്ചപ്പോഴും, മാസ്ക് ധരിച്ചും കൃത്യമായി അകലം പാലിച്ചും തിരുകര്‍മങ്ങളില്‍ പങ്കെടുക്കാനെത്തിവയവര്ക്ക് പണ്ടത്തെപോലെ വാതിലുകള്‍ക്കരികെയുള്ള ഹന്നാന്വെള്ളത്തിന്റെ ചെറുപാത്രത്തില്‍ വിരല്‍ മുക്കാന്‍ ഭയമായിരുന്നു. വിശുദ്ധജലം നെറ്റിയില്‍ തൊടുന്ന ശീലം അത്ര എളുപ്പം മറക്കാന്‍ കഴിയില്ല എങ്കിലും എല്ലാവരും കൈമുക്കുന്ന തൊട്ടിയിലെ വിശുദ്ധജലം സുരക്ഷിതമാകില്ലെന്ന് പ്രത്യേകിച്ച് ആരും മുന്നറിയിപ്പു നല്‍കേണ്ടിയിരുന്നില്ല. സാനിറ്റൈസര്‍ ഡിസ്പെന്‍സറിന്റെ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് മഡോണ ഇലക്ട്രോണിക്സ് അവതരിപ്പിച്ച ഹോളി വാട്ടര്‍ ടച്ച്ലെസ് ഡിസ്പെന്സര് വിശ്വാസികളുടെ ശുചിത്വസംസ്കാരത്തിന് വലിയൊരു സംഭാവനയായി മാറിയിട്ടുണ്ട്. ഫോട്ടോ സെന്‍സറും വാല്‍വ് ഓപ്പറേഷനും വഴി ഒരൊറ്റതുള്ളി വിശുദ്ധ ജലം കൈവെള്ളയില്‍ വന്നുവീഴും, മറ്റാരുടെയും കരസ്പര്‍ശമേല്‍ക്കാതെ.
മദ്ബഹയില്‍ തിരുകര്‍മങ്ങളില്‍ കര്ട്ടന് ഉപയോഗിക്കുന്ന സുറിയാനി ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി തിരശീല ഓട്ടോമേഷനും മഡോണ അവതരിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള കര്‍ട്ടനുകളും ഓട്ടോമേറ്റ് ചെയ്യാനാകും. ഒരു സ്വിച്ച് അമര്‍ത്തിയോ റിമോട്ട് ഉപയോഗിച്ചോ കര്ട്ടന് നീക്കാം.
ടാന്‍സാനിയയില്‍ മഡോണ
യേശുവും ശിഷ്യരും സുവിശേഷം പ്രസംഗിച്ച അരാമിക് ഭാഷയില്‍ എഴുതിയ ലിഖിതങ്ങളുള്ള മണി മഡോണ ഇസ്രയേലിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. മഡോണ ഇലക്ട്രോണിക്സില് നിന്ന് വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ റിലീജിയസ് ആര്‍ട്ടിക്കിള്‍സ് കയറ്റുമതി ചെയ്യുന്നത് ടാന്‍സാനിയയിലേക്കാണ്. അവിടെ കിമാറായിലെ ക്ലരീഷ്യന്‍ മിഷണറീസിന്റെ വില്പനശാലകളിലേക്ക് 775 കിലോ തൂക്കം വരുന്ന 10 മണികളും 305, 303 കിലോ ഭാരമുള്ള ഒന്‍പതു മണികള്‍ വീതവും, 156 കിലോ വരുന്ന നാലെണ്ണവും ഉള്‍പ്പെടെ മൊത്തം 13,846 കിലോ വരുന്ന 32 മണികള്‍ മഡോണ സപ്ലൈ ചെയ്തിട്ടുണ്ട്. സക്രാരി, ക്രൂശിതരൂപം, അരുളിക്ക, കാസ, സിബോറിയം, തിരുസ്വരൂപങ്ങള്‍ തുടങ്ങി പല തരം റിലീജിയസ് ആര്‍ട്ടിക്കിള്‍സ് ഇവിടെ നിന്ന് കൊണ്ടുപോകുന്നു. കഴിഞ്ഞ എട്ടുവര്‍ഷമായി 40 അടി കണ്ടെയ്നറുകളില്‍ ഇത്തരം ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ടാന്‍സാനിയയിലെ കിബാംബായിലെ സെന്റ് പോള്‍സ് ഇടവകയിലേക്ക് മഡോണ പള്സേറ്ററും 122 കിലോ വരുന്ന മണിയും, അരൂഷ അതിരൂപതയിലെ മുരിയെറ്റ് സെന്റ് ജൂഡ് ഇടവകയിലേക്ക് 200 കിലോ മണിയും ഒരു പള്സേറ്ററും, മഡാലെ സമാധാനത്തിന്റെ രാജ്ഞിയായ മേരിയുടെ ഇടവകയിലേക്കും ബൂണ്ട രൂപതയിലെ ബലീലി ക്വാസി ഇടവകയിലേക്കുമായി ഓരോ ചാന്റും കയറ്റുമതി ചെയ്തു.
കരീബിയന്‍ ദ്വീപായ ഹെയ്റ്റിയിലെ പേഷ്യന്വില്ലിലെ പെയര്‍ അസ്നിഗ് മെര്ലെറ്റില് 100 കിലോ വരുന്ന മഡോണ മണി മുഴങ്ങുന്നുണ്ട്. ഫെലിക്സ് സില്‍വെസ്റ്ററിന്റെ മകനും മെക്കാനിക്കല്‍ എന്‍ജിനിയറുമായ നിഹാല്‍ ഫെലിക്സിനാണ് എക്സ്പോര്‍ട്ട് ഡിവിഷന്റെ ചുമതല.
കാസ്റ്റ് അയേണ്‍ മണി
മുന്തിയ ഇനം മണികള്‍ വിപണിയിലെത്തിക്കുന്നതിനോടൊപ്പം താരതമ്യേന വിലക്കുറവില്‍ കാസ്റ്റ് അയേണ്‍ (വാര്‍പ്പിരുമ്പ്) മണികള്‍ വാര്‍ത്തെടുക്കാനും ട്യൂണ്‍ ചെയ്യാനും ഓട്ടോമേഷന്‍ പരമ്പരയില്‍ ഉള്‍പ്പെടുത്താനുമുള്ള പരീക്ഷണങ്ങള്‍ മഡോണ ഫാക്ടറിയില്‍ നടക്കുന്നുണ്ട്. കാലത്തിന്റെ ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ദൈവികസാന്നിധ്യത്തിന്റെ സ്വര്‍ഗീയ മണിനാദം മുഴക്കാന്‍ നവീന ഉപാധികള്‍ തേടുകയാണ് ഫെലിക്സ് മഡോണയും ഇനൊവേഷന്റെ അര്‍പ്പിത സംഘവും.