കണ്ണൂർ: സാമൂഹ്യ നീതിയിലൂടെ മാത്രമേ അടിസ്ഥാനവർഗത്തിന്റെ ക്ഷേമവും പുരോഗതിയും ഉറപ്പ് വരുത്താനാവുകയുള്ളൂവെന്നും, ഇതാവട്ടെ ഭരണ കർത്താക്കളുടെ പ്രഥമ ചുമതലയാകണമെന്നും കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി.
കേരള ലാറ്റിൻ കാത്തലിക് അസോസിയേഷന്റെ (കെഎൽസിഎ) 53-ാംസ്ഥാപകദിന രൂപതാതല ആഘോഷം ഉദ്ഘാsനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന് എട്ട് പതിറ്റാണ്ടിലേക്ക് എത്തി നിൽക്കുന്ന രാജ്യം ഏത് അളവു വരെ സാമുഹിക നീതി കൈവരിച്ചുവെന്നു വിശകലനം ചെയ്യാൻ രാഷ്ട്രീയ നേതൃത്വങ്ങൾ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും, ന്യുനപക്ഷ വിദ്യാർഥികൾക്ക് കാലങ്ങളായി നൽകിക്കൊണ്ടിരുന്ന സ്കോളർഷിപ്പുകളും പുനസ്ഥാപിക്കണമെന്നും മെത്രാൻ പറഞ്ഞു.
ലഹരിവിരുദ്ധ പ്രവർത്തനം തലമുറകൾക്കുവേണ്ടിയുള്ള മഹത്തായ ശുശ്രൂഷയാണെന്നും അതിനായി സമുഹം ജാഗ്രതയോടെ മുന്നിട്ടിറങ്ങണമെന്നും മെത്രാൻ ആഹ്വാനം ചെയ്തു.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ എല്ലാ കെഎൽസിഎ യൂണിറ്റ് ഇടവകകളിലും കെഎൽസിഎ പതാക ഉയർത്തൽ ചടങ്ങുകളും നടന്നു.
കണ്ണൂർ ബർണശേരി ഹോളി ട്രിനിറ്റി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ കെഎൽസിഎ രൂപത പ്രസിഡന്റ് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.
മെത്രാൻ ലഹരിവിരുദ്ധ പ്രതിജ്ഞ ച്ചൊല്ലിക്കൊടുത്തു. രൂപതയിലുടനീളം ലഹരിവിരുദ്ധ മുന്നേറ്റ ബോധവൽകരണ പരിപാടികൾ കെഎൽസിഎ നടപ്പിലാക്കും
രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ , കെ.എൽ.സി.എ സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി,മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ , ഫാ ജോയ് പൈനാടത്ത്, ശ്രീജൻ ഫ്രാൻസിസ്, ജോൺ ബാബു, ജോയ്സ് മേനേസസ് , ഷിബു ഫെർണാണ്ടസ്,റിനേഷ് ആൻ്റണി, ഫ്രാൻസിസ് അലക്സ്, ഫിലോമിന കുന്നോത്ത് , കെ.എച്ച് ജോൺ റീജ സ്റ്റീഫൻ എന്നിവർ സംസാരിച്ചു