ബിജോ സില്‍വേരി
അസാധാരണമായ ഒരു സംഭവവികാസത്തിന് കേരളതീരം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുകയാണ്. മലയാളിയുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷ്യവിഭവങ്ങളിലൊന്നായ മത്തി അഥവാ ചാളയ്ക്ക് വലിയതോതില്‍ വളര്‍ച്ചാ മുരടിപ്പ് അനുഭവപ്പെടുന്നു. ചാളയുടെ ഉല്പാദനം വലിയതോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നതില്‍ ആശങ്കപ്പെടുന്ന മത്സ്യത്തൊഴിലാളികളും ‘മത്തി പ്രിയരും’ പുതിയ മാറ്റത്തില്‍ ആശങ്കാകുലരാണ്. ഇത് കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമാണോ? എന്തായിരിക്കും ഇതിന് കാരണം? മത്സ്യത്തൊഴിലാളികളും ശാസ്ത്രജ്ഞരും ഏതു വിധത്തിലാണ് ഇതിനെ കാണുന്നത്?
‘മലബാറിലെ മത്സ്യങ്ങള്‍’
മത്തി, പുരാതന കാലം മുതല്ക്കേ മനുഷ്യന്റെ ഭക്ഷണക്രമത്തിലും സമ്പദ്വ്യവസ്ഥയിലും ഒരു പ്രധാന ഘടകമാണ്. പുരാതന റോമും ചില ഫ്രഞ്ച് പട്ടണങ്ങളും മത്തിയുടെ ഗുണനിലവാരം പണ്ടുമുതലേ അറിഞ്ഞവരാണ്.
കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലത്തീന്‍ ഭാഷയില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് (‘മലബാറിന്റെ ഉദ്യാനം’ എന്നര്‍ഥം). മത്തേയൂസ് പാതിരിയുടെ സഹായത്തോടെ ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന് വാന്‍ റീഡ് ആണ്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ സമഗ്രഗ്രന്ഥം ഇതാണ്. 1678 മുതല്‍ 1703 വരെ നെതര്‍ലാന്‍ഡിലെ ആംസ്റ്റര്‍ഡാമില്‍ നിന്നും 12 വാല്യങ്ങളിലായാണ് ഈ സസ്യശാസ്ത്രഗ്രന്ഥം പുറത്തിറക്കിയത്. ചാളക്കാര്യത്തിനിടയില് ഹോര്‍ത്തൂസ് മലബാറിക്കൂസിനെന്താണ് കാര്യമെന്നല്ലേ?
1865ല്‍ ലണ്ടനിലെ ബെര്‍ണാര്‍ഡ് ക്വാറിച്ച് പ്രസിദ്ധീകരിച്ച മത്സ്യശാസ്ത്ര ഗ്രന്ഥമാണ് ഫിഷസ് ഓഫ് മലബാര്‍ അഥവാ മലബാറിലെ മത്സ്യങ്ങള്‍. ബ്രിട്ടീഷ് സൈന്യത്തിലെ ഭിഷഗ്വരനായിരുന്ന ഫ്രാന്‍സിസ് ഡേയാണ് പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യയിലെ മത്സ്യങ്ങളെക്കുറിച്ച് സമഗ്രപഠനം നടത്തിയ അദ്ദേഹം മലബാര്‍ പ്രദേശങ്ങളില്‍ നടത്തിയ പഠനത്തില്‍ നിന്നുമാണ് പുസ്തകം തയ്യാറാക്കിയത്. കേരളത്തിന്റെ സാഹചര്യത്തില്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിനോളമോ അതിലേറേയോ പ്രാധാന്യമുണ്ട് ‘മലബാറിലെ മത്സ്യങ്ങള്‍ക്കും’. ഒന്നര നൂറ്റാണ്ട് മുമ്പെഴുതിയ ഈ ഗ്രന്ഥത്തില്‍ തന്നെ ചാളയുടെ വലിയ കുറവ് ഭാവിയില്‍ ഉണ്ടാകുമെന്ന് ഫ്രാന്‍സിസ് ഡേ പ്രവചിച്ചിരുന്നു.
1940കളോടെ മലബാറില്‍ മീനെണ്ണ ഫാക്ടറികള്‍ കൂണുപോലെ മുളച്ചുപൊങ്ങിയതും 1942ല്‍ ‘മത്തിക്കൊല്ലി വലയും’, ‘ചാളക്കൊല്ലി വലയും ബ്രിട്ടീഷ് സര്‍ക്കാര്‍ നിരോധിച്ചതും ചരിത്രം. 1943ല്‍ മദ്രാസ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന റാവു സാഹിബ് ദേവനേശനെ വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയമിച്ചു. വലകളുടെ നിരോധനത്തോടൊപ്പം ഒരു തവണ ഒരു വള്ളം ഒരു ‘മന്നി’ല്‍ (37 കിലോ) കൂടുതല്‍ മീന്‍ പിടിക്കരുത്, പിടിക്കുന്ന മത്തിയുടെ കുറഞ്ഞ വലുപ്പം 15 സെന്റീമീറ്ററാക്കണം തുടങ്ങിയ ശുപാര്‍ശകള്‍ നല്‍കിയത് സര്‍ക്കാര്‍ അംഗീകരിച്ചു. 1947-ല്‍ ബ്രിട്ടീഷുകാര്‍ പോയതിനുപിന്നാലെ ഇന്ത്യാസര്‍ക്കാര്‍ നിരോധനം പിന്‍വലിച്ചു. ബ്രിട്ടീഷുകാരെ നാടുകടത്തിയതോടൊപ്പം ഈ ഉത്തരവുകളെല്ലാം റദ്ദാക്കാനും നമ്മുടെ സ്വന്തം സര്‍ക്കാര്‍ മറന്നില്ല. താമസിച്ചുമില്ല.
പാരിസ്ഥിതിക ഘടകങ്ങള്‍ പലപ്പോഴും മത്തിയുടെ വലുപ്പത്തേയും ലഭ്യതയേയും ബാധിച്ചിരുന്നുവെന്നാണ് മത്സ്യത്തൊഴിലാളി സംഘടനാ നേതാവായ ചാള്‍സ് ജോര്‍ജിനെ പോലുള്ളവര്‍ പറയുന്നത്. 1964, 1994 വര്‍ഷങ്ങളില്‍ മത്തിയുടെ ലഭ്യതക്കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
2012ല്‍ മത്തി അധികമായി ലഭിച്ചു. തൊട്ടടുത്ത വര്‍ഷമാകട്ടെ മത്തിവരവ് കീഴോട്ടായി. തീരക്കടലിലെ ചൂട് വര്‍ദ്ധിച്ചതാണ് കാരണമെന്നാണ് ശാസ്ത്രജ്ഞര്‍ ഗണിച്ചു പറഞ്ഞത്. 2014ലെ കുറവിന് കാരണമാകട്ടെ, അധികം മഴ ലഭിച്ചതായിരുന്നു. തീരക്കടലില്‍ ഉപ്പിന്റെയും ഓക്സിജന്റേയും അംശം കുറഞ്ഞതായിരുന്നു കാരണം. 2015ല്‍ പസഫിക്കില്‍ പ്രത്യക്ഷപ്പെട്ട എല്‍-നീനോ പ്രതിഭാസം മത്തിയുടെ തീരത്തേക്കുള്ള വരവിനെ ബാധിച്ചപ്പോഴും ലഭ്യതക്കുറവുണ്ടായി.
കേരളത്തില്‍ മാത്രമല്ല ഇത്തരം കയറ്റിറക്കങ്ങള്‍ മത്തിയുടെ കാര്യത്തില്‍ സംഭവിക്കുന്നത്. അമേരിക്കയില്‍ കാലിഫോര്‍ണിയന്‍ തീരം മത്തിയാല് സമൃദ്ധമാണ്. പക്ഷേ കഴിഞ്ഞ പത്തിരുപത് വര്‍ഷമായി ഉത്പാദനം ഇടഞ്ഞുകൊണ്ടിരിക്കുകയാണ്. 2000ത്തില്‍ 18 ലക്ഷം ടണ്‍ ക്യാച്ച് ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 86,000 ടണ്ണായാണ് കുറഞ്ഞത്. കാലാവസ്ഥാ മാറ്റം (ക്ലൈമറ്റ് സെന്‍സറ്റീവ്) ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന മത്സ്യവിഭവമാണ് മത്തി എന്നു സാരം.
അഖിലലോക ചാള ദിനം
തൈക്കൂടം ബ്രിഡ്ജുകാര്‍ അയല മത്തി ചാള ചൂര എന്ന പാട്ടിറക്കിയപ്പോള്, പാട്ടില്‍ ചാളയായും മത്തിയായും മലയാളിയുടെ പ്രിയ മത്സ്യം ഇടം തേടി. ഏകദേശം അരനൂറ്റാണ്ട് മുമ്പു കാലത്ത് മരച്ചീനിയും മത്തിയുമാണ് മലയാളികളുടെ ജീവന് നിലനിര്ത്തിയിരുന്നതില് പ്രധാന പങ്കുവഹിച്ചിരുന്നത്. ‘മത്തിയില്ലെങ്കില് പണ്ടേ ചത്തേനെ’ എന്ന പാട്ടു തന്നെ അക്കാലത്തുണ്ടായിരുന്നു. ധനികര്‍ തെങ്ങുംതോപ്പുകളില്‍ വളമായി ഉപയോഗിച്ചിരുന്ന ചാള, രാത്രിയുടെ മറവില്‍ തെങ്ങിന്റെ തടം തോണ്ടിയെടുത്ത് പാകം ചെയ്ത് കഴിച്ചവരുടെ ഒരു തലമുറയും ഇവിടെയുണ്ടായിരുന്നു.
കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ നിലനിര്‍ത്തുന്ന ജീവസ്രോതസാണ് ചാള. കേരളത്തില്‍ ലഭിക്കുന്ന മത്സ്യങ്ങളില്‍ 40 ശതമാനവും ചാളയാണ്. സാധാരണ മേയ് മാസം മുതല്‍ മൂന്നു മാസത്തേക്കാണ് ചാളക്കൊയ്ത്ത്. പക്ഷേ പലപ്പോഴും സീസണ് കണക്കാക്കാതെ ചാള വലയിലേക്കെത്താറുണ്ട്. വിലയില്ലാത്തതാണെന്നു കരുതി നേരത്തെ വളത്തിനും മറ്റും ഉപയോഗിച്ചിരുന്നു. പക്ഷേ 2023-24 സീസണില്‍ കിലോയ്ക്ക് 400-500 രൂപവരെ വില വരുകയും ചെയ്തു. നെയ്മീന് കിലോ 800 രൂപയുണ്ടായിരുന്നപ്പോള്‍ മത്തി വലി 500 വരെയെത്തിയെന്ന്. നെയ്മീന് ഞെട്ടിപ്പോയിട്ടുണ്ടാകും.
മംഗലാപുരത്തേക്ക് ടണ്‍ കണക്കിന് ചാള കയറ്റിപ്പോകുന്ന സീസണുകളുമുണ്ട്. കേരളത്തിലെ കടലോരങ്ങളില്‍ അപ്പോള്‍ ചാള വിലയിടിഞ്ഞ് 30-40 വരെയൊക്കെ എത്തും. ഫിഷ്മീല്‍ (മീന്‍ തീറ്റ) കമ്പനികളിലേക്ക് വന്‍തോതില്‍ കയറ്റിപ്പോകാറുമുണ്ട്.
മീന്‍ തീറ്റയുടെ ഡിമാന്‍ഡ് കണ്ട് തമിഴ്നാട്ടിലും കര്‍ണാടകയിലും നിരവധി ഫാക്ടറികള്‍ തുടങ്ങിയിട്ടുണ്ട്. ഈ ഫാക്ടറികളാണ് കേരളത്തില്‍ വന്‍തോതില്‍ ലഭിക്കുന്ന ചാളയില്‍ കണ്ണ് വെച്ചിട്ടുള്ളത്. ചാളയ്ക്ക് വില കുറവാണെങ്കിലും വന്‍തോതില്‍ കിട്ടുന്നതിനാല്‍ തൊഴിലാളികള്‍ക്കും നഷ്ടമുണ്ടായിരുന്നില്ല. മത്തിക്ക് പ്രത്യേകമായി ഒരു ദിവസം ഉണ്ടെന്ന കാര്യം അറിയാമോ? നവംബര്‍ 24ആണ് ചാള ദിനം.
പാവപ്പെട്ടവന്റെ മത്സ്യം
ചാള പിടുത്തത്തിന് മാത്രമായി 13,10,000 മത്സ്യത്തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് കടലില്‍ പോകുന്നുണ്ടെന്നാണ് സിഎംഎഫ്ആര്‍ഐയുടെ പഠനത്തില്‍ പറയുന്നത്. ലോകത്തില്‍ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യവും പോഷക സമൃദ്ധവുമായ കടല്‍ മത്സ്യമാണിത്. അഞ്ചുജനുസുകളിലായി 21ല്‍ കൂടുതല്‍ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ ഈ വിഭാഗത്തിലുണ്ട്. ഹെറിംഗ് വിഭാഗത്തില്‍ ക്ലൂപ്പൈഡേ (Clupeids) കുടുംബത്തില്‍പ്പെട്ട മല്‍സ്യങ്ങളാണിവ. കേരളത്തില്‍ മത്സ്യബന്ധനത്തിലൂടെ ലഭിക്കുന്ന മത്സ്യയിനങ്ങളില്‍ മൂന്നിലൊരുഭാഗവും മത്തിയാണ്. സാധാരണക്കാരുടെ മത്സ്യമെന്ന അര്‍ത്ഥത്തില്‍ ‘പാവപ്പെട്ടവന്റെ മത്സ്യം’ എന്നും മത്തി അറിയപ്പെടുന്നു. ഇംഗ്ലീഷില്‍ സാര്‍ഡൈന്‍ (Sardines) എന്നതുകൂടാതെ പ്ലിച്ചാര്‍ഡ് (Plichards) എന്നപേരിലും ഈ മത്സ്യം അറിയപ്പെടുന്നു. സാര്‍ഡിനിയ ദ്വീപിനുസമീപം ഇവയെ കണ്ടെത്തിയതാണ്, ഇവയ്ക്ക് സാര്‍ഡൈന്‍ എന്ന പേരുവരാന്‍ കാരണം.
ഇന്ത്യയില്‍ മാത്രമാണ് അല്ലെങ്കില്‍ കേരളത്തില്‍ മാത്രമാണ് ചാള ജനങ്ങളുടെ ഇഷ്ടവിഭവമെന്ന് കരുതുന്നവര്‍ ധാരാളമുണ്ട്. ലോകത്ത് ഏറ്റവുമധികം മത്തി ലഭിക്കുന്നത് ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയുടെ തീരത്താണെന്നറിയുക. അറ്റ്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവും മത്തിയുടെ മുഖ്യ ഉറവിടങ്ങളാണ്. ഇന്ത്യ, പാക്കിസ്ഥാന്, ഒമാന്‍, ഇറാന്, യുഎഇ, യെമെന്‍ എന്നീ രാജ്യങ്ങളാണ് മത്തിപിടുത്തത്തിലെ പ്രമുഖര്‍. ഇവര്‍ ചാള വിപണിയിലെ 80% കയ്യാളുന്നു. ഇവയില്‍ തന്നെ ഒന്നാം സ്ഥാനം ഇന്ത്യയ്ക്കും രണ്ടാം സ്ഥാനം പാക്കിസ്ഥാനുമാണ്. ദക്ഷിണാഫ്രിക്ക, ഫ്രാന്‍സ്, മൊറോക്കോ, ബ്രസീല്‍, ജപ്പാന്, ഓസ്ട്രേലിയ, സ്പെയിന്, പോര്‍ച്ചുഗല്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലും ചാള പ്രധാന വിഭവം തന്നെ. സമൃദ്ധമായ പോഷകഗുണങ്ങളാണ് പാശ്ചാത്യരുടെ ഇഷ്ടവിഭവമായി മത്തിയെ മാറ്റിയത്.
ചാളയൊരു ചെറിയ മീനല്ല
കറിവച്ചും അച്ചാറുകളുടെ രൂപത്തിലും ഇലയില്‍ പൊള്ളിച്ചും വറുത്തും ഒക്കെ ചാള ഭക്ഷണമേശയിലേക്ക് എത്തുന്നു. ചെറിയ മീന്‍ ആയതുകൊണ്ട് ഗുണങ്ങള്‍ കുറവാണ് എന്ന് കരുതരുത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് ഭക്ഷണ ശീലത്തില്‍ മത്തി എങ്ങനെ ഉള്‍പ്പെടുത്തണമെന്നും അത് ശരീരത്തിന് നല്കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ചും തിരിച്ചറിഞ്ഞ് ഉപയോഗിക്കണം. ഓരോതവണയും വീട്ടില്‍ കറിക്കായി മത്തി വാങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങളാണ് പരിഗണിക്കേണ്ടതെന്നും ഒരു സാധാരണ വ്യക്തി ഇത് എത്രത്തോളം കഴിക്കണമെന്നും കണ്ടെത്തണം.
ചുരുക്കം ചില സസ്യങ്ങളിലും സമുദ്ര ജീവികളിലും മാത്രം കാണപ്പെടുന്ന എണ്ണമറ്റ ആരോഗ്യഗുണങ്ങള്‍ നല്കുന്ന ഒരു ഭക്ഷ്യ പോഷക സ്രോതസാണ് ഒമേഗ-3 ഫാറ്റി ആസിഡുകള്‍. ഇവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുള്ള മത്സ്യങ്ങളില്‍ ഒന്നായി മത്തി കണക്കാക്കപ്പെടുന്നു. ഒമേഗ കൂടാതെ പ്രോട്ടീന്‍, വിറ്റാമിനുകള്‍, സെലിനിയം, കാല്‍സ്യം എന്നിവയുടെ നല്ല ഉറവിടം കൂടിയാണ് ഈ മത്സ്യം. ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ശാരീരിക കോശ സ്തരങ്ങളുടെ നിര്‍മ്മാണത്തിന് അവശ്യ ഘടകങ്ങളാണ്. ഒരു വ്യക്തിക്ക് ഈ ഫാറ്റി ആസിഡുകള്‍ ഭക്ഷണത്തില്‍ നിന്ന് കൃത്യമായ അളവില്‍ ലഭിക്കേണ്ടതുണ്ട്. കാരണം മനുഷ്യ ശരീരത്തിന് അവ സ്വയം നിര്‍മ്മിക്കാന്‍ കഴിയില്ല. പ്രധാനമായും മൂന്ന് തരം ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ഉണ്ട്. അവയില്‍ രണ്ടെണ്ണം മത്തി ഉള്‍പ്പെടെയുള്ള മത്സ്യത്തില്‍ കാണപ്പെടുന്നവയാണ്. ഇത് ശരീരത്തിന് നല്കുന്ന ഐക്കോസപെന്റേനോയിക് ആസിഡ് എന്നറിയപ്പെടുന്ന ഇപിഐ കണ്ണുകള്‍, തലച്ചോറ്, ഹൃദയം എന്നിവയുള്‍പ്പെടെ മനുഷ്യ ശരീരത്തിന്റെ പല ശരീരഭാഗങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായതാണ്. പതിവായി ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് അല്‍ഷൈമേഴ്സ് രോഗം വരാതിരിക്കാന്‍ സഹായിക്കുമെന്ന് സമീപകാല പഠനങ്ങള്‍ പറയുന്നു.
ഒമേഗ-3 കൂടാതെ ജീവകം ഡി, കാല്‍സ്യം, ബി12, മാംസ്യം എന്നിവയും മത്തിയില്‍ അടങ്ങിയിട്ടുണ്ട്. കൊച്ചുമത്തിയില് (100 ഗ്രാം) അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടും:
കാലറി- 172
പ്രോടീന്‍/ മാംസ്യം- 24.625.4 ഗ്രാം
കൊഴുപ്പ്- 7.811.4 ഗ്രാം
കൊളെസ്ട്രോള്‍-142 മില്ലിഗ്രാം
അന്നജം 01.5 ഗ്രാം
സോഡിയം- 307 മില്ലിഗ്രാം
പൊട്ടാസ്യം- 496630 മില്ലിഗ്രാം
കാല്‍സ്യം- 63382 മില്ലിഗ്രാം
അയണ്‍ (ഇരുമ്പ്)- 1.82.9 മില്ലിഗ്രാം
വിറ്റാമിന്‍ ഡി- 4.85 മൈക്രോഗ്രാം
നിയാസിന് – 12 മില്ലിഗ്രാം
വിറ്റാമിന്‍ ബി 12 – 10.6 മൈക്രോഗ്രാം
സെലിനിയം- 6526.54 മൈക്രോഗ്രാം
അയഡിന്‍- 101 മൈക്രോഗ്രാം
ശാസ്ത്രീയമായി പറഞ്ഞാല്‍
ക്ലൂപ്പിഡേ കുടുംബത്തിലെ സമുദ്രജല മത്സ്യമായ മത്തി വിഭാഗത്തിലെ ഒരു ഇനമാണ് മത്തി അഥവാ നെയ്യ് മത്തി (ശാസ്ത്രീയനാമം: Sardinella longiceps )െ. ഐയുസിഎന്‍ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി നിലനില്‍പ്പ് ആശങ്കാജനകമല്ലാത്ത ജീവിവര്‍ഗ്ഗങ്ങള്‍ എന്ന വിഭാഗത്തിലാണ് ഇപ്പോഴും മത്തി ഉള്‍പ്പെടുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പിടിക്കപ്പെടുന്ന ഭക്ഷ്യയോഗ്യമായ മല്‍സ്യങ്ങളില്‍ ആദ്യ രണ്ടില്‍ ഒന്നാണ് ഇവ. നെയ്യ് മത്തി, സ്വര്ണവരയന് മത്തി, കാരി ചാള എന്നിവയാണ് കേരളത്തിലെ സമുദ്രതീരങ്ങളില്‍ ലഭ്യമാകുന്ന മൂന്ന് ഇനം മത്തി വിഭാഗങ്ങള്‍.
10 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തീരക്കടലിലാണു മത്തി കൂടുതലായും കണ്ടു വരുന്നത്. ജൂണ്‍ ജൂലൈ മാസങ്ങളാണു മത്തിയുടെ പ്രജനന കാലം. പെണ് മീനുകള്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണു മുട്ടയിടുക. ഒരു പെണ്‍മത്തി ശരാശരി അര ലക്ഷം മുട്ട വരെ ഇടാറുണ്ട് (ഇടാറുണ്ടായിരുന്നു എന്ന് തിരുത്തേണ്ട കാലം) ചെമ്മീനുകളുടെ ലാര്‍വകള്‍, മീനുകളുടെ മുട്ടകള്‍, വിവിധ തരം ആല്‍ഗകള്‍, പ്ലവകങ്ങള്‍, പായലുകള്‍ തുടങ്ങിയവയൊക്കെ മത്തി ആഹാരമാക്കുന്നു.
മൊതലാളീ ജങ്ക ജഗ ജഗാ…
2012ല്‍ 3.9 ലക്ഷം ടണ്‍ ചാളയാണ് കേരളത്തില്‍ പിടിച്ചത്. ഇത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടായുള്ള (പഴയ കണക്കുകള്‍ ലഭ്യമല്ല) ചാളപിടിത്തത്തിലെ സര്‍വ്വകാല റിക്കോര്‍ഡ് ആയിരുന്നു. എന്നാല്‍ അതോടെ കഷ്ടകാലവും ആരംഭിച്ചു. 2013ല്‍ കിട്ടിയത് ഇതിനെക്കാള്‍ 41% കുറവ്. 2014ല്‍ 61 ശതമാനം കുറവ്, 2015 ഇല് 82 ശതമാനം കുറവ്. 2016 ഔദ്യോഗിക വിവരം ലഭ്യമല്ല, എങ്കിലും 84-87% ഓളം കുറവുണ്ട് എന്നാണ് അറിയുന്നത്. വെറും അഞ്ചുവര്‍ഷ കാലയളവിനുള്ളില്‍ 200 വര്‍ഷത്തെ സര്‍വകാല റിക്കോര്‍ഡുകള്‍ രണ്ടെണ്ണം ഏറ്റവും വലിയ ക്യാച്ചും ഏറ്റവും ചെറിയ ക്യാച്ചും!
മത്തിയുടെ വന്‍കിട കയറ്റുമതിക്കാര്‍ ആയിരുന്ന കേരളം വിദേശരാജ്യങ്ങളില്‍ നിന്നു മത്തി ഇറക്കുമതി ചെയ്ത് ചന്തയില്‍ എത്തിക്കേണ്ട ഗതികേടിലായി. നിവൃത്തിയില്ലെങ്കില്‍ തമിഴരുടെ പേയ് ചാളയും നമ്മള് കഴിക്കും. നാഗപട്ടണം, കടലൂര്‍, തൂത്തുക്കുടി, പുതുശേരി എന്നിവിടങ്ങളില്‍ നിന്നാണ് മത്തിവരവ്.
എവിടെപോയ് മറഞ്ഞൊരെന്റെ…
ചില സമയത്ത് ചാളകള്‍ കൂട്ടത്തോടെ അപ്രത്യക്ഷമാകും, മത്സ്യത്തൊഴിലാളികളും ചാള പ്രേമികളും ആശങ്കയിലാകും. വിലയപ്പോള് വാണം പോലെ കുതിച്ചുയരും. ഒമാന്‍ ചാളയും ആന്ധചാളയും വിമാനത്തിലും ട്രെയിനിലുമൊക്കെ കയറി വിഐപി പരിവേഷത്തോടെ ചാളയുടെ സ്വന്തം നാട്ടില്‍ എത്തുകയും ചെയ്യും.
620 എക്സ് 100 മീറ്റര്‍ സീന്‍ വലകളാണ് ദശാബ്ദങ്ങളായി ചാള പിടിത്തത്തിന് ഉപയോഗിച്ചിരുന്നത്. 2012 ആയപ്പോഴേക്ക് 1250 മീറ്റര്‍ വലകള്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു. ഇവ കൊണ്ട് കൂടുതല്‍ വിസ്തീര്‍ണ്ണത്തില്‍ വലയിട്ട് കൂടുതല്‍ മത്തിക്കൂട്ടങ്ങളെ കുരുക്കാന്‍ കഴിഞ്ഞു. ഇതോടൊപ്പം വള്ളങ്ങളുടെ ഔട്ട് ബോര്‍ഡ് എന്ജിന് ശേഷി കൂട്ടി കൂടുതല്‍ ദൂരത്തില്‍ എത്താനും കഴിഞ്ഞു.
കാലാകാലം ജലനിരപ്പില്‍ നിന്നു 30 മീറ്റര്‍ ആഴത്തിലാണ് മത്തിവലകള്‍ ഇട്ടിരുന്നത് 2011 മുതല്‍ അത് 50 മീറ്റര്‍ വരെ താഴ്ത്തി. മത്തി ലഭ്യത പൊടുന്നനെ കൂടിയതിനു ഒരു പ്രധാന കാരണം ഇതായിരുന്നു.
ഇതിനൊടോപ്പം റിങ്ങ് സീന്‍ വലയിടീലിലെ വളരെക്കൂടുന്ന രീതികള്‍ അവലംബിക്കപ്പെട്ടു, പ്രധാനമായും ആയാസം വര്‍ദ്ധിപ്പിച്ച് ലഭ്യത പലമടങ്ങ് കൂട്ടുകയായിരുന്നു. 2012ല്‍ പൊടിച്ചാള അഥവാ പ്രജനന വലിപ്പമാകാത്ത ചാളയുടെ പിടിത്തം ക്രമാതീതമായി വര്‍ദ്ധിച്ചു.
ചാള മുരടിപ്പ്
കേരളതീരത്തെ കടലില്‍നിന്ന് കിട്ടുന്ന മത്തിക്ക് മാസങ്ങളായി ഒരേ വലുപ്പം. മാസങ്ങള്‍ക്ക് മുമ്പ് മത്തി കൂട്ടമായി കരയിലേക്ക് വന്നുകയറിയിരുന്നു. അന്നത്തെ വലുപ്പത്തില്‍നിന്ന് ‘അരക്കൊല്ലം’ പിന്നിട്ടിട്ടും വലിയ വ്യത്യാസമുണ്ടായിട്ടില്ല. സാധാരണ രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോള്‍ വലുപ്പം കൂടിവരാറുണ്ടെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്. മത്തി വളരാത്തതിന് കാരണം തേടിയുള്ള പഠനം നടത്തുന്നുണ്ടെന്നും വൈകാതെ റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും കൊച്ചി സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് പറഞ്ഞു. 2023 ഒക്ടോബര്‍ മുതല്‍ 2024 ഏപ്രില്‍വരെ ചൂടേറിയ കാലഘട്ടമായിരുന്നു. കാലാവസ്ഥയിലുണ്ടായ ഈ മാറ്റം പ്രജനനസമയം നീണ്ടുപോകാന്‍ കാരണമാകാം. അശാസ്ത്രീയ മീന്‍പിടിത്തവും പ്രശ്നമാകാമെന്നാണ് വിലയിരുത്തല്‍.
ഇപ്പോള്‍ കിട്ടുന്നവ മീന്‍കുഞ്ഞുങ്ങള്‍ അല്ലെന്നും വളര്‍ച്ചയെത്തിയവ തന്നെയാണെന്നും തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. ചാളയുടെ കേരളത്തിലെ മിനിമം ലീഗല്‍ സൈസ് 10 സെന്റിമീറ്ററാണ്. ഇപ്പോള്‍ ലഭിക്കുന്നത് ആറു മുതല്‍ എട്ടുസെന്റീമീറ്റര്‍ വരെ വലുപ്പമുള്ളവ. ചാള മുരടിച്ചു പോയിരിക്കുകയാണ്.
കഴിഞ്ഞ ട്രോളിംഗ് നിരോധന സമയത്ത്, ഒരു പ്രധാന മത്സ്യമായിരുന്ന മത്തിക്ക് അപൂര്‍വമായ ഒരു പദവി ലഭിച്ചു. ഒരുകാലത്ത് പാവപ്പെട്ടവന്റെ ഭക്ഷണമായിരുന്ന മത്തി പെട്ടെന്ന് വിലകൂടിയതായി മാറി, വില കിലോയ്ക്ക് 400-500 രൂപവരെ ആയി. ഏതാനും മാസങ്ങള്‍ക്ക് ശേഷം സ്ഥിതി നാടകീയമായി മാറി, വിരല്‍ വലിപ്പമുള്ള മത്സ്യം ആരും വാങ്ങാതായി. കേരള തീരത്ത് നിന്ന് പിടിക്കുന്ന ചെറിയ വലിപ്പത്തിലുള്ള മത്തികള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുരുതരമായ ആശങ്കയായി മാറി. വലിപ്പം കുറയുന്നത് നേരിട്ട് വിപണി മൂല്യം കുറയ്ക്കുന്നതിന് കാരണമാകുന്നതിനാല്‍, അവര്‍ പിടിക്കുന്ന മത്സ്യം മീല്‍ പ്ലാന്റുകള്‍ക്ക് വില്ക്കാന് നിര്‍ബന്ധിതരാകുന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീരദേശ ജലതാപനം പോഷകക്കുറവിന് കാരണമാകുന്നതായി കേരള യൂണിവേഴ്സിറ്റിയിലെ അക്വാട്ടിക് ബയോളജി വിഭാഗം പ്രഫ. ഡോ.ബിജുകുമാര്‍ പറയുന്നു. ഇത് മത്തികുഞ്ഞുങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. വലിപ്പത്തില്‍ ഗണ്യമായ കുറവിന് ഇതു കാരണമായി. മുമ്പ്, മത്തിയുടെ ശരാശരി തൂക്കം 150 ഗ്രാം ആയിരുന്നു; ഇപ്പോള്‍, അവ കഷ്ടിച്ച് 25 ഗ്രാം വരെയായി. കേരള തീരത്ത് നിന്ന് പിടിക്കപ്പെടുന്ന മത്തിയുടെ ചെറിയ വലിപ്പത്തില്‍ ആശങ്കാകുലരായ മത്സ്യത്തൊഴിലാളികള്‍, മത്സ്യക്കുഞ്ഞുങ്ങളുടെ പിടുത്തം പൂര്‍ണ്ണമായും നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) ഈ പ്രതിഭാസം പഠിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
തീരക്കടലിലെ ലവണാംശം വളരെക്കുറഞ്ഞത് ചാളകളുടെ പ്രജനനത്തെയും കുഞ്ഞുങ്ങളുടെ അതിജീവനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകാം. കടലിലേക്ക് ചെളിവെള്ളം കലങ്ങുന്നത് മൂലം ചാളകളുടെ പ്രധാന ഭക്ഷണമായ പ്ലാങ്ക്ടണ്‍ വളര്‍ച്ച മുരടിച്ചു. ചാളകള്‍ പട്ടിണിയിലായത് പിന്നെയും ചാളകളുടെ അംഗബലം കുറച്ചു, പ്രജനന സാധ്യതയും. കേരള തീരക്കടലില്‍ ജെല്ലി ഫിഷ് വര്‍ദ്ധിച്ചതും ചാളകള്‍ക്ക് ഭീഷണിയായി.
കടല്‍ വെള്ളം അടിയില്‍ നിന്നു മുകളിലേക്ക് പൊന്തുകയും (അപ്വെല്ലിങ്ങ്) അങ്ങനെ അടിത്തട്ടിലെ വളങ്ങള്‍ വെയിലുള്ള വെള്ളത്തിലെത്തി അവിടെ പ്ലാങ്ക്ടണ്‍ വളരുന്നത് മത്തിയുടെ ഭക്ഷണലഭ്യതയ്ക്ക് അത്യാവശ്യമാണ്. നമ്മുടെ തീരക്കടല്‍ -മലബാര്‍ അപ്വെല്‍ സോണില്‍- മത്തികള്‍ ഏറെയുണ്ടായിരുന്ന സ്ഥലമായിരുന്നത് അപ്വെല്ലിങ്ങ് മൂലമാണ്. അസ്ഥിരമായ മഴയും കാലാവസ്ഥയും ഇവിടത്തെ അപ്വെല്ലിങ്ങ് കുറച്ച് മത്തിക്ക് പ്ലാങ്ക്ടണ്‍ ലഭ്യത കുറച്ചു അവയെ പട്ടിണിയിലാക്കി.
മേല്‍ പറഞ്ഞ മലബാര്‍ അപ്വെല്ലിങ്ങ് സോണിലെ ജലതാപം ശരാശരിയെക്കാള്‍ 1 ഡിഗ്രി ഉയര്‍ന്നിരിക്കുകയാണ്. സമുദ്രപ്രതല ഊഷ്മാവ് 0.6 ഡിഗ്രി ഉയര്‍ന്നു.
കടലിലെ ഒഴുക്കിന് വന്ന മാറ്റം മത്സ്യങ്ങളുടെ പലായത്തിന് കാരണമായി. ചാളയുള്പ്പെടയുള്ള പെലാജിക് (ചെറുമത്സ്യവിഭാഗം)മത്സ്യവിഭാഗങ്ങളാണ് ഈ ഭീഷണി ഏറ്റവും കൂടുതല്‍ നേരിടുന്നത്. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ പുതിയ മാര്‍ഗങ്ങള്‍ അവലംഭിച്ചതും കൂറ്റന്‍ വിദേശ ട്രോളറുകള്‍ക്ക് കടലിന്റെ അടിത്തട്ട് വരെ മാന്താന്‍ അവസരമൊരുക്കിയതും ഭീഷണി തന്നെ. വലുപ്പമുള്ള മത്സ്യങ്ങളെ തിരഞ്ഞുപിടിക്കാനുള്ള സാറ്റലൈറ്റ്-സാങ്കേതിക സൂത്രങ്ങള്‍ ഇവര്‍ക്കുണ്ട്. വലുപ്പം കൂടിയ മത്തികളെ ഇതുപോലെ തിരഞ്ഞു പിടിക്കുകയാണോ എന്ന സംശയവും മത്സ്യത്തൊഴിലാളികള്‍ക്കുണ്ട്.
ചുറ്റുപാടിനനുസരിച്ച് ശരീരത്തിലെ താപനില മാറുന്നവയാണ് മത്തികള്‍. കാലാവസ്ഥാ മാറ്റം ഇവരെ പ്രധാനമായി ബാധിക്കുന്നതിന് കാരണമിതാണ്. കാലാവസ്ഥയില്‍ വന്ന മാറ്റം ഇവയുടെ ഇക്കോസിസ്റ്റത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
സങ്കിർണവും വൈവിധ്യപൂര്‍ണവുമായ ഘടകങ്ങള്‍ മത്സ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കും. എന്താണ് മുന്നോട്ട് ഒരു വഴി? ഇത്തരം പ്രതിസന്ധി പരിഹരിക്കാന്‍ ഒരുപക്ഷേ കുറച്ചു വര്‍ഷത്തേക്ക് അതായത് ബാക്കിയായവ ചില തലമുറകള്‍ പ്രജനനം ചെയ്ത് അംഗസംഖ്യ കൂടും വരെ- കേരളതീരത്ത് മത്തിപിടുത്തം നിരോധിക്കേണ്ടി വന്നേക്കും. ഒരുലക്ഷത്തോളമുള്ള തൊഴിലാളികള്‍ എന്തു ചെയ്യും എന്നത് വലിയ ഒരു പ്രശ്നമാണ്. അവര്‍ക്ക് ഇപ്പോഴേ കാര്യമായ വരുമാനമില്ല എന്നത് വേറേയും.
മറ്റു രാജ്യങ്ങളില്‍ എന്തു സംഭവിക്കുന്നു?
ചാളയുടെ ഉല്പാദനം കുറയുന്നതും വലുപ്പം കുറയുന്നതും കേരളത്തില്‍ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണോ? അല്ലേയല്ലെന്നാണ് വിദേശത്തുനിന്നുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ഓഷന്‍സ് കണക്ട്റ്റ്സ് എന്ന ഫ്രഞ്ച് മത്സ്യഗവേഷണ സ്ഥാപനം (ഫ്രഞ്ച് സമുദ്രശാസ്ത്ര സ്ഥാപനമായ ഇഫ്രീമര്) നടത്തിയ പഠനത്തില്‍ 2010കളുടെ മധ്യം മുതല്‍, മത്സ്യത്തൊഴിലാളികളും ഗവേഷകരും പെലാജിക് (ചാള ഉള്‍പ്പെടെയുള്ള ചെറുമത്സ്യവിഭാഗം) മത്സ്യങ്ങളുടെ വലിപ്പത്തില്‍ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. കാലാവസ്ഥാ വ്യതിയാനം ബിസ്കേ ഉള്‍ക്കടലിലെ ഡോള്‍ഫിനുകളുടെ സ്വഭാവത്തെ സ്വാധീനിക്കുന്നതായി വ്യക്തമാക്കിയിരുന്നു. അവ തീരത്തോട് അടുക്കുകയും തീരപ്രദേശത്തെ ചാളകളെ കൂടുതലായി വേട്ടയാടുകയും ചെയ്തു. സ്രാവുകള്‍, തിമിംഗലങ്ങള്‍, സീലുകള്‍, പക്ഷികള്‍ എന്നിവയും ഏറ്റവും സമൃദ്ധമായ സമുദ്ര വിരുന്നില്‍ പങ്കുചേരുകയാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ചൂടുവെള്ളം ചാളകളുടെ ഭക്ഷണമായ പ്ലവകങ്ങളെ (ജലാശയങ്ങളില്‍ ഒഴുകിനടക്കുന്ന സൂക്ഷ്മ ജീവജാലങ്ങള്‍) നശിപ്പിക്കുന്നതിനാല്‍, 12 വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ചാളകള്‍ മൂന്നില്‍ രണ്ട് ഭാഗത്തോളം ചെറുതായെന്നും വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മെഡിറ്ററേനിയന്‍ മത്തികളുടെ ശരാശരി നീളം 5.1 ഇഞ്ച് (13 സെ.മീ) മുതല്‍ 3.9 ഇഞ്ച് (10 സെ.മീ) ആയി ചുരുങ്ങി, അതേസമയം ബിസ്കേ ഉള്‍ക്കടലിലെ മത്തികളുടെ വലുപ്പം ഏകദേശം 7.1 (18 സെ.മീ) മുതല്‍ 5.5 (14 സെ.മീ) വരെയായി. ഈ മാറ്റങ്ങള്‍ക്ക് കാരണം വേട്ടയാടല്‍, അമിത മത്സ്യബന്ധനം, രോഗം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷണത്തിന്റെ കുറവ് എന്നിവയാണെന്ന് നിരീക്ഷിക്കുന്നു. നത്തോലി, കൊഴുവ എന്നീ ചെറുമത്സ്യങ്ങളുടെ വലുപ്പവും കുറഞ്ഞുവരികയാണെന്ന് ബാഴ്സലോണ സര്‍വകലാശാല നടത്തിയ ഗവേഷണത്തില്‍ വിശദീകരിക്കുന്നു. വലുപ്പം മാത്രമല്ല, മത്തികളുടെ ആയുസും കുറഞ്ഞുവരികയാണെന്നാണ് ഗവേഷണഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. ഭക്ഷണം ആവശ്യത്തിന് ലഭിക്കാത്തതുകൊണ്ട് പലപ്പോഴും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇവ ആഹരിക്കുന്നുണ്ട്. ആയുസും വലുപ്പവും കുറയുന്നതിന് ഇത് പ്രധാന കാരണമാണ്. വിഷവസ്തുക്കളും അപകടകരമായ രോഗാണുക്കളും മൈക്രോപ്ലാസ്റ്റിക് വഴി മത്സ്യങ്ങളിലേക്കും പ്ലാസ്റ്റിക് കലര്‍ന്ന മത്സ്യം കഴിക്കുന്ന മനുഷ്യരിലേക്കും പകരാന്‍ സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കേണ്ടത് നിര്‍ണായകമാണെന്നാണ് ഗവേഷകരുടെ നിലപാട്.
മത്തിയ്ക്ക്, പ്രായപൂര്‍ത്തിയാകുന്ന ഘട്ടത്തില്‍, ദ്രുതഗതിയിലുള്ള വളര്‍ച്ചയുണ്ടെന്ന് സീ ഗ്രാന്‍ഡ് കാലിഫോര്‍ണിയ എന്ന സമുദ്രഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. പക്ഷേ അത് കാലഘട്ടം, മുട്ടയിടുന്ന സ്ഥലം, ലിംഗഭേദം എന്നിവയെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. വസന്തകാലത്ത് വളര്‍ച്ചയുടെ തീവ്രത വേഗത്തിലാകാം, ശൈത്യകാലത്ത് മന്ദഗതിയിലാകാം അല്ലെങ്കില്‍ അവസാനിക്കാം. അവയ്ക്ക് ആദ്യ വര്‍ഷത്തില്‍ ഭാരത്തിലും വളര്‍ച്ചയുണ്ട്, തുടര്‍ന്ന് പ്രായം കൂടുമ്പോള്‍ സഞ്ചാര വേഗത കുറയുന്നു. ചാളകളുടെ വലുപ്പം 27 സെന്റിമീറ്റര്‍ വരെയെത്താം. അതില്‍ 90% അതിന്റെ ജീവിതത്തിന്റെ ആദ്യ വര്‍ഷത്തില്‍ എത്തുന്നു. 14 വര്‍ഷം വരെ ആയുര്‍ദൈര്‍ഘ്യം ഉണ്ടായിരുന്നിട്ടും തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ വളര്‍ച്ച വളരെ കുറവാണ്.
കാലാവസ്ഥാ വ്യതിയാനം സമുദ്ര താപനില ഉയരാന്‍ കാരണമായപ്പോള്‍ കാലിഫോര്‍ണിയന്‍ മത്തികളുടെ വലുപ്പം കുറഞ്ഞുവെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ചൂടുള്ള വെള്ളത്തില്‍ മത്സ്യങ്ങള്‍ക്ക് അതിജീവിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം ആവശ്യമാണ്. ഇത് പ്രദേശത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യങ്ങളിലൊന്നിന്റെ വളര്‍ച്ചയെ പരിമിതപ്പെടുത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സമുദ്രതീരത്തുള്ള ഭക്ഷ്യശൃംഖലയ്ക്ക് മത്തികള്‍ നിര്‍ണായകമാണ്.
മസാച്യുസെറ്റ്സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ ലിസ കൊമോറോസ്കെ അവയെ ‘തീറ്റ മത്സ്യം’ എന്നാണ് വിശേഷിപ്പിക്കുന്നത്. താപനില ഉയരുന്നതിനനുസരിച്ച്, ആവാസവ്യവസ്ഥയില്‍ മത്തികളുടെ ജീവിതശൈലിയില്‍ മാറ്റമുണ്ടായേക്കാം. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി കുറച്ച് മുട്ടകള്‍ മാത്രമേ മത്തികള്‍ ഇപ്പോള്‍ ഇടുന്നുള്ളൂ. ഇത് ആത്യന്തികമായി അവയുടെ എണ്ണവും വലുപ്പവും കുറയ്ക്കുകയും വലിയ മത്സ്യങ്ങള്‍ക്കും അവയെ ആശ്രയിക്കുന്ന മറ്റ് സമുദ്രജീവികള്‍ക്കും മത്സ്യ ഭക്ഷണം കുറയാന്‍ കാരണമാവുകയും ചെയ്യും.