എരമല്ലൂർ: ജൈവ,രാസ ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ ഭരണകൂട പ്രവാചകൻമാരെ കാത്തുനിൽക്കാതെ യൗവ്വനം സ്വയം പ്രതിരോധ സംഘമായി പ്രവാചക ശബ്ദമാകണമെന്ന് ഡോ. ഫ്രാൻസിസ് കുരിശിങ്കൽ.
“ആസക്തി ലഹരിയോടല്ല ജീവിതത്തോടാകട്ടെ ” എന്ന പേരിൽ കെ.സി.വൈ.എം എരമല്ലൂർ യൂണിറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരെ യുവജന പ്രതിരോധമായ സിഗ്നേച്ചർ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബത്തെയും സമൂഹത്തെയും മനുഷ്യജീവനെതന്നെയും കാർന്നുതിന്നുന്ന ജൈവ,രാസ ലഹരികൾ സുലഭമാക്കികൊണ്ട് നാടിനെ തകർക്കുന്ന ഒരു ഭീകരസംഘം നമുക്കു ചുറ്റുമുണ്ട്. എരമല്ലൂർ രാസലഹരിയുടെ റെഡ് സ്പോട്ടാണ്. നാടിനെ രക്ഷിക്കാൻ ലഹരിമാഫിയയേക്കാൾ വലിയ ലഹരിവിരുദ്ധ പ്രതിരോധ സംഘത്തെ വളർത്തിയെടുക്കണം. ലഹരി ഉപയോഗത്തെയും വിതരണത്തെയും തിരിച്ചറിയാനും നിയമപാലകരുടെ സഹായത്തോടെ ഇല്ലായ്മ ചെയ്യാനുമായി 100 പേരുടെ പ്രതിരോധ സംഘത്തെ രൂപീകരിച്ചു.
എരമല്ലൂർ ടൗണിൽ സംഘടിപ്പിച്ച ക്യാമ്പയിനിൽ 500 ലേറെപേർ ഒപ്പായും ചിത്രമായും ആശയമായും തമ്പ് ഇബ്രഷനായും പങ്കുചേർന്നു.
കെ.സി.വൈ.എം പ്രസിഡൻ്റ് ഫ്രാൻസീന ക്രിസ് അധ്യക്ഷത വഹിച്ചു. ആനിമേറ്റർ സോണി പവേലിൽ, ഭാരവാഹികളായ സ്നേഹ സാബു, റോഹൻ റോയി, ജിത്തു സെബാസ്റ്റ്യൻ, ആശിഷ് സേവ്യർ, അശ്വിൻ ആൻ്റെണി, ആദിഷ് ജോസഫ് ജോയൽ തോമസ് , നെവിൻ ജോസഫ്, എബിൻ ബെന്നി എന്നിവർ പ്രസംഗിച്ചു.