വെള്ളയമ്പലം: പ്രോ-ലൈഫ് ദിനാചരണത്തോടനുബന്ധിച്ച് കുടുംബപ്രേഷിത ശുശ്രൂഷ ലവീത്ത മിനിസ്ട്രിയുമായി ചേര്‍ന്ന് പ്രോ-ലൈഫ് കുടുംബങ്ങളെ ആദരിച്ചു.
2024 വർഷത്തിൽ നാലും അതിന് മുകളിൽ മക്കൾക്ക് ജന്മം നൽകിയ രണ്ട് റീത്തുകളിലെ നാല് രൂപകളിൽപ്പെട്ട 19 കുടുംബങ്ങളെയാണ് വെള്ളയമ്പലം സെന്റ്. ജിയന്ന ഹാളിൽ വച്ചുനടന്ന പരിപാടിയിൽ ആദരിച്ചത്. തിരുവനന്തപുരം അതിരൂപതാ കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ ഫാ. റിച്ചാര്‍ഡ് സഖറിയാസ് സ്വാഗതമേകിയ സമ്മേളനത്തിൽ ബിഷപ് ക്രിസ്തുദാസ് മുഖ്യാതിതിയായിരുന്നു. ലവീത്ത ഡയറക്ടര്‍ റവ. ഫാ. റോബര്‍ട്ട് വി.സി. മിനിസ്ട്രിയുടെ പ്രവർത്തനത്തെക്കുറിച്ചും വലിയക്കുടുംബങ്ങളുടെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.
കുടുംബങ്ങളിൽ മക്കള്‍ കൂടുന്നതിനനുസരിച്ച് അക്രമസ്വഭാവം കുറയുകയും പരസ്പരം സ്നേഹിക്കുന്നവരായിത്തീരുകയും ചെയ്യുന്നു. ആയതിനാൽ ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നായ മനുഷ്യ മനസിലെ വയലൻസിനുള്ള പ്രധാന പരിഹാരമാർഗ്ഗമാണ് വലിയ കുടുംബങ്ങളെന്ന് മുഖ്യ പ്രഭാഷണത്തിൽ ബിഷപ് ക്രിസ്തുദാസ് പറഞ്ഞു. തുടർന്ന് ലവീത്ത മിനിസ്ട്രിയിൽ നിന്നുള്ള സാമ്പത്തിക സഹായം മാതാപിതാക്കൾക്ക് കൈമാറി. നെയ്യാറ്റിന്‍കര കുടുംബപ്രേഷിത ശുശ്രൂഷ ഡയറക്ടര്‍ റവ. ഫാ. ജോസഫ് രാജേഷ് ഏവര്‍ക്കും കതജ്ഞതയര്പ്പിച്ചു സംസാരിച്ചു.
2010-ല്‍ ഇടുക്കി ബിഷപ്പ് മാർ മാത്യു ആനിക്കുഴി കെ.സി.ബി.സി. കുടുംബകമ്മീഷന് ചെയര്‍മാനായിരുന്ന കാലത്താണ് ലാവീത്ത മിനിസ്ട്രിയുടെ ആരംഭം. ഇത് ഒരു അല്മായകൂട്ടായ്മയാണ്, വലിയകുടുംബങ്ങള്ക്കു വേണ്ടിയുള്ള പ്രാര്ത്ഥനയിലാരംഭിച്ച് ഇപ്പോള്‍ പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനങ്ങളുമായി കേരളം, ഗോവ, മുംബൈ രൂപതകളിൽ ലാവീത്ത മിനിസ്ട്രി വ്യാപിച്ചിരിക്കുന്നു. വലിയ കുടുംബങ്ങളിലെ കുട്ടികള്‍ക്കു വേണ്ടിയുള്ള വസ്ത്രം, പാര്‍പ്പിടം, വിദ്യാഭ്യാസം എന്നിവയാണ് ലാവീത്ത മിനിസ്ട്രി ലക്ഷ്യം വയ്ക്കുന്നത്.