തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ആശുപത്രിയിലെ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്കോ, വിവാ ഇല് പാപ്പാ’ എന്ന് ആര്‍ത്തുവിളിച്ചുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
റോം: ലോകമെമ്പാടുമുള്ള വിശ്വാസികളും സന്മനസുള്ള മറ്റെല്ലാ മനുഷ്യരും പ്രാര്‍ഥനയോടെയും പ്രത്യാശയോടെയും കാത്തിരുന്ന ആ നിമിഷം – ഗുരുതരമായ ശ്വാസകോശരോഗം ബാധിച്ച് 38 ദിവസങ്ങളായി റോമിലെ അഗൊസ്തീനോ ജെമെല്ലി പോളിക്ലിനിക്കില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഫ്രാന്‍സിസ് പാപ്പാ ആശുപത്രിയുടെ രണ്ടാം നിലയിലെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട് താഴെ ദര്‍ശനത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തെ നോക്കി അഭിവാദ്യം ചെയ്ത് അവരെ ആശീര്‍വദിച്ചു.
തൂവെള്ള പേപ്പല്‍ വസ്ത്രങ്ങളും വെള്ളവട്ടതൊപ്പിയും കുരിശുമാലയും മോതിരവുമണിഞ്ഞ് വീല്‍ചെയറില്‍ ബാല്‍ക്കണിയില്‍ എത്തിയ പരിശുദ്ധ പിതാവ് കൈവീശുകയും തള്ളവിരല്‍ ഉയര്‍ത്തി വിജയചിഹ്നം കാണിക്കുകയും ചെയ്തു. മൈക്രോഫോണ്‍ ആവശ്യപ്പെട്ട പാപ്പാ, പതറിയ ശബ്ദത്തില്‍ പറഞ്ഞു: ”എല്ലാവര്ക്കും നന്ദി. മഞ്ഞപ്പൂക്കളുമായി നില്ക്കുന്ന ആ വനിതയെ എനിക്കു കാണാനാകുന്നുണ്ട്. എ ബ്രാവാ!” ജനക്കൂട്ടം ‘പാപ്പാ ഫ്രാന്‍ചെസ്കോ, വിവാ ഇല് പാപ്പാ’ എന്ന് ആര്‍ത്തുവിളിക്കുകയും വത്തിക്കാന്‍ പതാക വീശുകയും ചെയ്തുകൊണ്ടിരിക്കെ, മെല്ലെ കരമുയര്‍ത്തി കുരിശടയാളത്തോടെ ആശീര്‍വാദം നല്കിയ പരിശുദ്ധ പിതാവിനെ അകത്തേക്കു കൊണ്ടുപോയി.
അഗൊസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റിയിലെയും ജെമെല്ലി ആശുപത്രിയിലെയും ഉന്നത മാനേജ്മെന്റ് പ്രിതിനിധികളെയും സ്റ്റാഫിനെയും അഭിവാദ്യം ചെയ്തതിനു ശേഷം ഉച്ചയ്ക്ക് 12.15ന് വത്തിക്കാന്‍ വാഹനവ്യൂഹത്തിന്റെ അകമ്പടിയോടെ പാപ്പാ ഫോര്‍ഡ് ഫിയറ്റ് 500 കാറില്‍ ജെമെല്ലി ആശുപത്രി സമുച്ചയത്തില്‍ നിന്ന് യാത്രയായി.
ഫ്രാന്‍സിസ് പാപ്പാ എല്ലാ യാത്രയുടെയും ആരംഭത്തിലും അവസാനത്തിലും പതിവായി പ്രാര്‍ഥിക്കാന്‍ എത്താറുള്ള റോമിലെ സാന്താ മരിയ മജ്ജോരെ പേപ്പല്‍ ബസിലിക്കയില്‍ മരിയ സാലുസ് പോപ്പുലി റോമാനി (റോമന്‍ ജനതയുടെ ആരോഗ്യരക്ഷക) എന്ന വിഖ്യാത മരിയന്‍ തിരുസ്വരൂപം പ്രതിഷ്ഠിച്ചിട്ടുള്ള അള്‍ത്താരയ്ക്കു മുന്‍പാകെ പ്രാര്‍ഥിക്കാനായാണ് ആദ്യം പോയത്. അവിടെ നിന്നാണ് വത്തിക്കാനിലേക്ക് തിരിച്ചത്.
ജെമെല്ലിയില്‍ പാപ്പായുടെ പൊതുദര്‍ശന ദൃശ്യങ്ങള്‍ വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ മാക്സി സ്ക്രീനുകളില്‍ സംപ്രേഷണം ചെയ്തിരുന്നു.
ആശുപത്രിയില്‍ കഴിഞ്ഞ ദിനങ്ങളില്‍ ദൈവത്തിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ് തനിക്ക് വ്യക്തിപരമായി അനുഭവിക്കാന്‍ കഴിഞ്ഞുവെന്നും ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരും രോഗികളുടെ കുടുംബങ്ങളും തന്നോടും മറ്റു രോഗികളോടും കാണിച്ച ‘ക്ഷീണമറിയാത്ത കരുതലിലും’ ഈ ക്ഷമ കാണാന്‍ കഴിഞ്ഞുവെന്നും പരിശുദ്ധ പിതാവ് ആഞ്ജലുസ് സന്ദേശത്തില്‍ കുറിച്ചു.
”ഒരിക്കലും കൈവെടിയാത്ത ദൈവസ്നേഹത്തില്‍ നങ്കൂരമിട്ടിരിക്കുന്ന ഉറച്ച വിശ്വാസത്തിന്റെ ക്ഷമയോടെയുള്ള കാത്തിരിപ്പ് നമ്മുടെ ജീവിതത്തില്‍ അത്യന്താപേക്ഷിതമാണ്, വിശേഷിച്ച് ഏറ്റവും വേദനാജനകവും ബുദ്ധിമുട്ടേറിയതുമായ സാഹചര്യങ്ങളില്‍,” വത്തിക്കാന്‍ പുറത്തുവിട്ട മധ്യാഹ്നപ്രാര്ഥനാ സന്ദേശത്തില്‍ പറഞ്ഞു.
ഗാസാ മുനമ്പില്‍ വെടിനിര്‍ത്തല്‍ ഉടമ്പടിയുടെ തകര്‍ച്ചയെ തുടര്‍ന്ന് ഇസ്രയേല്‍ സൈനികാക്രമണം പുനരാരംഭിച്ചതിലും ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതിലും പാപ്പാ തന്റെ ദുഃഖം രേഖപ്പെടുത്തി. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കപ്പെടണമെന്നും, ബന്ദികളെ മോചിപ്പിച്ചുകൊണ്ടും കൃത്യമായ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിന് സംഭാഷണം ആരംഭിക്കാനുമുള്ള ധീരത ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകണമെന്നും പാപ്പാ ആഹ്വാനം ചെയ്തു. അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ സമാധാന കരാറില്‍ ഒപ്പുവയ്ക്കുന്നതിനുള്ള അന്തിമ നടപടികളിലെത്തിച്ചേര്ന്നതില് പാപ്പാ സംതൃപ്തി പ്രകടിപ്പിച്ചു. യുക്രെയ്ന്, ഇസ്രയേല്‍, പലസ്തീന്, ലെബനന്, മ്യാന്മര്, സുഡാന്, കോംഗോ ജനാധിപത്യ റിപ്പബ്ലിക് എന്നിവിടങ്ങളില്‍ സമാധാനമുണ്ടാകാനായി എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിക്കുന്നത്.
ശ്വാസകോശങ്ങളെ ബാധിച്ച കടുത്ത ന്യൂമോണിയ ഭേദപ്പെട്ടിട്ടുണ്ടെങ്കിലും ശ്വാസകോശത്തില്‍ അവശേഷിക്കുന്ന ചില ബാക്റ്റീരിയ പൂര്‍ണമായും ഇല്ലാതാകുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും ഔഷധചികിത്സാമുറകളും ശ്വസന-ചലനശേഷിക്കായുള്ള ഫിസിയോതെറപ്പിയും ഓക്സിജന്‍ തെറപ്പിയും തുടരേണ്ടതുണ്ടെന്നും രണ്ടു മാസം പൂര്‍ണ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പാപ്പായോടു പറഞ്ഞിട്ടുണ്ട്.
”മൂന്നു നാലു ദിവസമായി തനിക്ക് എപ്പോള്‍ വീട്ടിലേക്കു മടങ്ങാനാകും എന്ന് പാപ്പാ ചോദിച്ചുകൊണ്ടിരിക്കയായിരുന്നു. അതിനാല്‍ ഇപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തിലാണ്,” ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച് പരിശുദ്ധ പിതാവിന്റെ പേഴ്സണല്‍ ഡോക്ടറും വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറുമായ ലൂയിജി കര്ബോണെ പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷമായി പാപ്പാ താമസിച്ചുവരുന്ന ദോമുസ് സാന്താ മാര്‍ത്താ എന്ന വത്തിക്കാന്‍ ഹോട്ടലിന്റെ രണ്ടാം നിലയില്‍ രണ്ടു മുറികള്‍ ചേര്‍ന്ന സ്വീറ്റില്‍, സപ്ലിമെന്റല്‍ ഓക്സിജന്‍ ഉള്‍പ്പെടെ 24 മണിക്കൂറും മെഡിക്കല്‍ പരിചരണത്തിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 2022 മുതല്‍ ഫ്രാന്‍സിസ് പാപ്പായുടെ പേഴ്സണല്‍ ഹെല്‍ത്ത് അസിസ്റ്റന്റായ മാസിമിലിയാനോ സ്ട്രപ്പേത്തി എന്ന വിശ്വസ്തനായ നഴ്സ് ആണ് വത്തിക്കാനിലെ മെഡിക്കല്‍ സംഘത്തില്‍ പാപ്പായോട് ഏറ്റവും അടുപ്പം പുലര്‍ത്തുന്നത്. വത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേരുന്നതിനു മുന്‍പ് ജെമേല്ലി പോളിക്ലിനിക്കിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ട്രപ്പേത്തി ജോണ്‍ പോള്‍ രണ്ടാമന് പാപ്പായെയും ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പായെയും പരിചരിച്ചിരുന്നു.
2021 ജൂലൈയില്‍ വന്‍കുടലിലെ ശസ്ത്രക്രിയയ്ക്ക് തന്നെ പ്രേരിപ്പിച്ച സ്ട്രപ്പേത്തിയാണ് അന്ന് തന്റെ ജീവന് രക്ഷിച്ചതെന്ന് പാപ്പാ ‘കൊപ്പെ’ എന്ന സ്പാനിഷ് റേഡിയോ സ്റ്റേഷന് അഭിമുഖത്തില്‍ പറയുകയുണ്ടായി. ”അന്ന് സര്‍ജറി വേണമെന്ന് നിര്‍ദേശിച്ചത് സ്ട്രപ്പേത്തിയാണ്. മറ്റു വഴികളും നിര്‍ദേശിക്കപ്പെട്ടതാണ്. ആന്റിബയോട്ടിക് ചികിത്സ മതിയെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. എന്നാല്‍ ശസ്ത്രക്രിയ വേണം എന്ന് ഉറപ്പിച്ചുപറഞ്ഞത് സ്ട്രപ്പേത്തിയാണ്. വത്തിക്കാന്‍ ഹെല്‍ത്ത് സര്‍വീസില്‍ 30 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള നഴ്സാണ് സ്ട്രപ്പേത്തി,” പാപ്പാ ആ അഭിമുഖത്തില്‍ അനുസ്മരിച്ചു.
പാപ്പായുടെ പേഴ്സണല്‍ ഡോക്ടര്‍ ലൂയിജി കര്ബോണെ ജെമെല്ലി മെഡിക്കല്‍ ടീമിനോടൊപ്പം ഇക്കഴിഞ്ഞ ഫെബ്രുവരി 14 മുതല്‍ ആശുപത്രിയില്‍ പാപ്പായുടെ പരിചരണത്തിന് മുന്നിലുണ്ടായിരുന്നു. ജെമെല്ലി ആശുപത്രിയില്‍ 2023 ജൂണില്‍ ഫ്രാന്‍സിസ് പാപ്പായുടെ കുടലിലെ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സര്ജന് ഡോ. സെര്‍ജോ അല്ഫിയേരിയാണ് ഇത്തവണയും പാപ്പായുടെ മെഡിക്കല്‍ പരിചരണത്തിന് നേതൃത്വം വഹിച്ചത്.
കഴിഞ്ഞ ഫെബ്രുവരി 14ന് പാപ്പാ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ തുടര്‍ന്ന് ശ്വസനനാളിയില്‍ ബാക്റ്റീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ ബഹുമുഖ അണുബാധയും രണ്ടു ശ്വാസകോശങ്ങളിലും ന്യൂമോണിയയും സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്തപരിശോധനയില്‍ അനീമയും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ കുറവും വൃക്ക തകരാറിന്റെ പ്രാരംഭ ലക്ഷണങ്ങളും കണ്ടെത്തുകയും ചെയ്തിരുന്നു. രണ്ടുവട്ടം ബ്ലെഡ് ട്രാന്സ്ഫ്യൂഷന് നടത്തിയതോടെ പ്ലേറ്റ്ലെറ്റുകളുടെ കുറവും അനീമിയയും പരിഹരിക്കപ്പെട്ടു. ഫെബ്രുവരി 28ന് അതിശക്തമായ ചുമയും ബ്രോങ്കോസ്പാസവുമുണ്ടായതിനൊപ്പം ഛര്‍ദിക്കുകയും അതിന്റെ ചില അംശങ്ങള്‍ ശ്വസനനാളിയില്‍ പ്രവേശിക്കുകയും ചെയ്തത് അതീവ സങ്കീര്‍ണമായ ശ്വസനസ്തംഭനത്തിന് ഇടയാക്കി. നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന് ഉപയോഗിച്ചാണ് ശ്വാസം വീണ്ടെടുക്കാന്‍ കഴിഞ്ഞത്. ഏതാനും ദിവസം കഴിഞ്ഞ് രണ്ടുതവണ കൂടി ശ്വസനതടസം രൂക്ഷമായി. ശ്വാസകോശത്തില്‍ അടിഞ്ഞുകൂടിയ കഫവും സ്രവങ്ങളും നീക്കം ചെയ്ത്, രാത്രി വെന്റിലേഷന് മാസ്ക് ഉപയോഗിക്കാന്‍ തുടങ്ങി. കഴിഞ്ഞ രണ്ടാഴ്ച ക്ലിനിക്കല്‍ നില മെച്ചപ്പെട്ടതോടെ ശ്വസനയന്ത്രത്തിന്റെ ഉപയോഗം ഒഴിവാക്കുകയും മൂക്കിലെ കന്യൂല ട്യൂബിലൂടെ ഹൈ ഫ്ളോ ഓക്സിജന്‍ തെറപ്പി തുടര്‍ന്നുവരികയായിരുന്നു. ഈ ഓക്സിജന്‍ പ്രവാഹം ശബ്ദത്തെയും സംസാരശേഷിയെയും ബാധിക്കുന്നതിനാല്‍ കുറച്ചുകാലത്തേക്ക് പരിശുദ്ധ പിതാവിന് പ്രഭാഷണം നടത്തുക പ്രയാസമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ആഞ്ച് ആഴ്ച നീണ്ട ആശുപത്രിവാസത്തിനിടെ ഫ്രാന്‍സിസ് പാപ്പാ ഇന്ത്യയില്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലായി ഒരു ഡസനിലേറെ മെത്രാന്മാരെ നിയമിച്ചുകൊണ്ടുള്ള കല്പനകളും, വാഴ്ത്തപ്പെട്ടവരായ രണ്ടുപേരെ വിശുദ്ധപദത്തിലേക്കും ധന്യരായ അഞ്ചുപേരെ വാഴ്ത്തപ്പെട്ടവരായും ഉയര്‍ത്തുന്നതിനുമുള്ള കല്പനകളും, സിനഡാത്മക സഭയ്ക്കായുള്ള നവീകരണ നടപടികള്‍ മൂന്നു വര്‍ഷത്തേക്കു കൂടി നീട്ടുന്നതിനുള്ള ഡിക്രിയും ഒപ്പുവയ്ക്കുകയുണ്ടായി. വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായ തിരുകര്‍മങ്ങളില്‍ മുഖ്യകാര്‍മികത്വം വഹിക്കാനാവാത്ത സാഹചര്യത്തില്‍ പാപ്പാ തന്റെ സുവിശേഷസന്ദേശം പങ്കുവയ്ക്കാന്‍ മറ്റുള്ളവരെ ചുമതലപ്പെടുത്തി.