ജെക്കോബി
മുനമ്പം കടപ്പുറത്തെ 610 കുടുംബങ്ങളുടെ ജീവിതം വഴിമുട്ടിച്ച ‘വഖഫ്’ അവകാശവാദത്തില്‍ കുടുങ്ങിയ ഭൂമിയുടെ കാര്യത്തില്‍ ‘വസ്തുതാപഠനം നടത്തി യഥാര്‍ഥ ഭൂവുടമകളുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിന്’ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മിഷന് നിയമപരമായ നിലനില്പില്ലെന്ന് ഹൈക്കോടതി വിധിച്ചതോടെ ജനങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കും ആശങ്കകള്‍ക്കും ആഴമേറുകയാണ്. തീറുവാങ്ങി പതിറ്റാണ്ടുകളായി കൈവശം വച്ച് കരമടച്ചുവന്ന ഭൂമിയില്‍ പൊടുന്നനെ ഒരുനാള്‍ റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് തീതിന്നുകഴിയുന്ന ജനങ്ങളെ ‘എന്തൊക്കെയായാലും കുടിയിറക്കുകയില്ല’ എന്ന ആശ്വാസവചനം പറയുന്നതല്ലാതെ, ചെയ്യേണ്ട കാര്യങ്ങളൊന്നും ചെയ്യാതെ പ്രതിസന്ധി രൂക്ഷമാക്കിയ സര്‍ക്കാരിന്റെ കള്ളക്കളിയും വലിയ വീഴ്ചയും കോടതി തന്നെ തുറന്നുകാട്ടുകയാണ്, ‘യാന്ത്രികമായ, മനസ്സിരുത്താതെയുള്ള’ കമ്മിഷന് നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലൂടെ.
ജീവിക്കാനുള്ള അവകാശത്തിനായി അഞ്ചുമാസത്തിലേറെയായി സഹനസമരം നടത്തിവരുന്ന മുനമ്പം കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തീരദേശവാസികളായ ലത്തീന്‍ കത്തോലിക്കാ, ഹൈന്ദവ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ ക്രൈസ്തവ സമൂഹങ്ങളും മുസ് ലിം സംഘടനകളും വിവിധ രാഷ് ട്രീയ പാര്‍ട്ടികളും സാമൂഹിക പ്രസ്ഥാനങ്ങളും രംഗത്തിറങ്ങിയപ്പോള്‍, മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ചുകൂട്ടി പ്രശ്നത്തിന് പരിഹാരം കാണുമെന്ന പ്രഖ്യാപനം ഏറെ പ്രതീക്ഷയുണര്‍ത്തിയിരുന്നു. വയനാട് ലോക്സഭാ മണ്ഡലത്തിലെയും, പാലക്കാട്, ചേലക്കര നിയമസഭാമണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍, മുനമ്പം ‘വഖഫ്’ വിഷയത്തിന്റെ പേരില്‍ വര്‍ഗീയ വിദ്വേഷപ്രചാരണം ശക്തമാക്കി രാഷ് ട്രീയ ധ്രുവീകരണശ്രമങ്ങള്‍ കൊടുമ്പിരിക്കൊണ്ട നാളുകളില്‍, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഈ പ്രശ്നം പിടിവിട്ടുപോകാന്‍ അനുവദിക്കരുതെന്ന് കേരളത്തിലെ ലത്തീന്‍ സഭാനേതൃത്വം ഭരണമുന്നണിയെയും ബന്ധപ്പെട്ടവരെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ച് സമവായത്തിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് കോണ്‍ഗ്രസും മുസ് ലിം ലീഗും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നിര്‍ദേശിച്ചത്. എന്നാല്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന് നായര്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിഷനെ പ്രഖ്യാപിച്ച് തന്ത്രപരമായി തത്കാലത്തേക്ക് തടിയൂരുകയായിരുന്നുവെന്ന് കോടതി പോലും നിരീക്ഷിക്കുകയുണ്ടായി.
അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും, കമ്മിഷന്റെ പരിഗണനാവിഷയങ്ങള്‍ നിര്‍ണയിച്ചതിലും കോടതിയില്‍ ഗവണ്മെന്റിനു വേണ്ടി അറ്റോര്‍ണി ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും കാണുന്ന വൈരുധ്യങ്ങള്‍ എടുത്തുകാട്ടിയാണ് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് മുനമ്പം കമ്മിഷന് നിയമസാധുതയില്ലെന്ന് വിധിച്ചത്. വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലുള്ള കേസില്‍ കമ്മിഷന്റെ സമാന്തര അന്വേഷണം സാധ്യമല്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. കമ്മിഷന് ജുഡീഷ്യല്‍ അധികാരമോ അര്‍ധ ജുഡീഷ്യല്‍ അധികാരമോ ഇല്ലെന്നും കമ്മിഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും മുനമ്പത്ത് വസ്തുതാ അന്വേഷണം മാത്രമാണ് നടത്തുന്നതെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചതില്‍ നിന്നുതന്നെ സംഭവം വെറും പ്രഹസനമായിരുന്നുവെന്ന് തെളിയുന്നുണ്ട്. തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വടക്കേക്കര വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 18/1ലെ മുനമ്പം ഭൂമി സംബന്ധിച്ചുള്ള രേഖകളും, പറവൂര്‍ സബ് കോടതിയുടെ അനുവാദത്തോടെ കോഴിക്കോട് ഫാറൂഖ് കോളജ് മാനേജ്മെന്റ് 1988 – 1993 കാലയളവില്‍ മുനമ്പത്തെ 136 കുടുംബങ്ങള്‍ക്ക് തീറെഴുതി വിറ്റ ഭൂമിയുടെ ആധാരങ്ങളും പട്ടയവും, സ്ഥലത്തിന്റെ കൃത്യമായ അളവും അതിരുകളും മറ്റും ശേഖരിക്കാന്‍ ജുഡീഷ്യല്‍ കമ്മിഷനെന്തിനാണ്, തഹസില്‍ദാര്‍ നിയോഗിക്കുന്ന സര്‍വേയര്‍ മതിയല്ലോ എന്ന് കോടതി ഒരുഘട്ടത്തില്‍ ചോദിക്കുന്നുണ്ട്.
കേരള വഖഫ് ബോര്‍ഡ് 2019 സെപ്റ്റംബര്‍ 25ന് ‘മുഹമ്മദ് സിദ്ദിഖ് സേഠ് വഖഫ്’ എന്ന പേരില്‍ ഏകപക്ഷീയമായി തങ്ങളുടെ ആസ്തി രജിസ്റ്ററില്‍ ചേര്‍ത്ത മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി, സര്‍വേ നടത്തി അതിരുകള്‍ അടയാളപ്പെടുത്തി കൈവശക്കാരുടെയും ‘കൈയേറ്റക്കാരുടെയും’ പക്കലുള്ള സ്ഥലത്തിന്റെ കണക്ക് രേഖപ്പെടുത്താന്‍ ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും വഖഫ് ബോര്‍ഡോ സര്‍ക്കാരോ ശ്രമിച്ചിട്ടില്ല എന്നത് വിചിത്രമാണ്. കടലേറ്റവും തീരശോഷണവും മൂലം ഇപ്പോള്‍ 135.11 ഏക്കര്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നൊരു കണക്കുണ്ട്. അതുപോലെ, 9.19 ഏക്കര്‍ ഭൂമി കടല്വെച്ചതായും പറയുന്നു. കടപ്പുറത്തെ പരമ്പരാഗത കുടികിടപ്പുകാരായ മത്സ്യത്തൊഴിലാളികളുടെ കുടികള്‍ കൂടി ഉള്‍പ്പെടുത്തിയാണ് മട്ടാഞ്ചേരിയിലെ അബ്ദുല്‍ സത്താര്‍ സേട്ടിന് തിരുവിതാംകൂറിലെ മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് 1902-ല്‍ പാട്ടത്തിനു നല്കിയ ഭൂമി, 1950-ല്‍ ഫാറൂഖ് കോളജിന് ‘ഒരുലക്ഷം രൂപ വില നിര്‍ണയിച്ച്’ സത്താര്‍ സേട്ടുവുമായി ഒരു ബന്ധവുമില്ലാത്ത സിദ്ദിഖ് സേട്ട് ‘വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി’ ഇഷ്ടദാനമായി നല്‍കിയതെന്നു ചില പഠനങ്ങളില്‍ കാണുന്നുണ്ട്. സത്താര്‍ സേട്ടിന്റെ മകന്റെ മകന് മൂസാ സേട്ട് 1945 മേടമാസം ആറിന് മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ആറുവയസുള്ള മകള്‍ ആമിനയുടെ കെയര്‍ടേക്കറും മൂസാ സേട്ടിന്റെ സ്വത്തുക്കളുടെ റിസീവറുമായി കോടതി നിശ്ചയിച്ച ആളാണത്രെ സിദ്ദിഖ് സേട്ട്. മൂസാ സേട്ടിന്റെ സഹോദരിമാരില്‍ ഒരാളായ ജിംബു ബായി 1948-ല്‍ ഒരു തീറാധാരം എഴുതി സിദ്ദിഖ് സേട്ടിന് 5,000 രൂപയ്ക്ക് കൈമാറിയതാണ് മുനമ്പം ഭൂമി എന്നും കാണുന്നു. ആമിനയ്ക്ക് പതിനാറാം വയസില്‍ പിതൃസ്വത്ത് നേരിട്ട് കൈകാര്യം ചെയ്യാന്‍ അവകാശം ലഭിക്കുമെന്നിരിക്കെ, അതിനു മുന്‍പ് സിദ്ദിഖ് സേട്ട് ഒരു ലക്ഷം രൂപ വില നിര്‍ണയിച്ച് മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജിന് കൈമാറി എന്നാണ് അനുമാനം.
രാജ്യാന്തര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയിട്ടുള്ള ചെറായി ബീച്ചിനോടു ചേര്‍ന്നുകിടക്കുന്ന മുനമ്പം കടപ്പുറത്തെ ഭൂമിയുടെ വിപണിമൂല്യം ഇക്കഴിഞ്ഞ ദശകങ്ങളില്‍ കുതിച്ചുയര്‍ന്നിട്ടുണ്ട്. കുറെ റിസോര്‍ട്ടുകള്‍ അടുത്തകാലത്തായി മുനമ്പത്തേക്കും കടന്നുവന്നിട്ടുണ്ട്. വാസ്തവത്തില്‍, 2022 ആരംഭത്തില്‍ മുനമ്പം കടപ്പുറത്തു താമസിക്കുന്നവര്‍ക്ക് വില്ലേജ് ഓഫിസില്‍ കരമടയ്ക്കാന്‍ പറ്റുകയില്ലെന്ന് ആദ്യ സൂചന ലഭിച്ചപ്പോള്‍, വഖഫ് ബോര്‍ഡ് അവിടെ 16 റിസോര്‍ട്ടുകള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു; എന്നാല്‍ സാധാരണക്കാരായ 610 കുടുംബങ്ങള്‍ക്ക് ഇന്നേവരെ അങ്ങനെ ഒരു നോട്ടീസും ലഭിച്ചിട്ടില്ല. ചില റിസോര്‍ട്ടുകളെങ്കിലും പുറമ്പോക്കും തീരവുമെല്ലാം കൈയേറിയിട്ടുണ്ട്. തീരപരിപാലന നിയമം കര്ശനമാകയാല് സാധാരണക്കാര്‍ക്ക് വീട് പുതുക്കിപ്പണിയാന്‍ പോലും അനുമതി കിട്ടുകയില്ലെങ്കിലും പല വന്‍കിട റിസോര്‍ട്ടുകളും സിആര്‍സെഡിന്റെ പരിധിയെല്ലാം മറികടക്കുന്നു. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന് പരിശോധിച്ച രേഖകളില്‍ നിന്ന് കടപ്പുറത്തെ യഥാര്‍ഥ ഭൂവുടമകളും കൈയേറ്റക്കാരും വ്യാജപട്ടയക്കാരും ആരെല്ലാമാണെന്ന് തിരിച്ചറിയാന്‍ കഴിയുമായിരുന്നോ?
ഏതായാലും, ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷന്റെ പബ്ലിക് ഹിയറിങ് പൂര്‍ത്തിയായ ഉടന്‍ കമ്മിഷനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി പോയ കേരള വഖഫ് സംരക്ഷണ വേദിയുടെയും, 2008 മുതല്‍ മുനമ്പം ഭൂമിയുടെ പേരില്‍ സ്ഥലവാസികള്‍ക്കെതിരെ വ്യവഹാരം നടത്തിവരുന്ന വഖഫ് സംരക്ഷണ സമിതിയുടെയും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഫണ്ടിംഗിനെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന ഒരാവശ്യം ഉയരുന്നുണ്ട്. കടപ്പുറത്തെ പാവപ്പെട്ടവരെ കുടിയൊഴിപ്പിച്ച് ടൂറിസം വികസനത്തിന് വന്‍പദ്ധതികള്‍ കൊണ്ടുവരാന്‍ പലര്‍ക്കും താല്പര്യമുണ്ട്, അവര്‍ക്ക് ഒത്താശ ചെയ്യാന്‍ രാഷ് ട്രീയക്കാരുമുണ്ട്.
കടപ്പുറത്തെ വേളാങ്കണ്ണിമാതാ പള്ളിയും സെമിത്തേരിയും ഇടവകയുടെ അജപാലനചുമതലയുള്ള പാഷനിസ്റ്റ് ഫാദേഴ്സിന്റെ മാത്തെര്‍ ദോളൊറോസ ആശ്രമവും പ്രസന്റേഷന് വിസിറ്റേഷന്‍ കോണ്‍വെന്റും 440 ഇടവകാംഗങ്ങളില്‍ 400 പേരുടെ വീടുകളും വഖഫിന്റെ പേരിലുള്ള ഈ ഊരാക്കുടുക്കില്പെട്ടിരിക്കയാണ്. ഹൈന്ദവ വിഭാഗക്കാരായ 210 കുടുംബങ്ങളും അവരുടെ ഏതാനും കുടുംബക്ഷേത്രങ്ങളും പ്രശ്നഭൂമിയിലുണ്ട്. അന്യാധീനപ്പെട്ടുപോയ വഖഫ് വസ്തുക്കളെക്കുറിച്ച് അന്വേഷിക്കാന്‍ വി.എസ് അച്യുതാനന്ദന് സര്‍ക്കാര്‍ നിയോഗിച്ച റിട്ടയേഡ് ജില്ലാ ജഡ്ജി മൊയ്തു അഹമ്മദ് നിസാര്‍ കമ്മിറ്റി സ്ഥലവാസികളില്‍ നിന്ന് മൊഴിയെടുക്കുകയോ ഭൂമിയുടെ ചരിത്രമോ അസല്രേഖകളോ പരിശോധിക്കുകയോ ചെയ്യാതെ മുനമ്പത്തേത് വഖഫ് വസ്തുവാണെന്ന വസ്തുതാവിരുദ്ധമായ റിപ്പോര്‍ട്ടാണ് 2009 ജൂണില്‍ സമര്‍പ്പിച്ചത്. ഇടതുമുന്നണി മന്ത്രിസഭ 2010 മേയില്‍ ‘വഖഫ് ഭൂമി’ തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ടു. 2016-ല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച്, നിസാര്‍ കമ്മിറ്റി റിപ്പോര്ട്ടിന്മേലും മന്ത്രിസഭാ തീരുമാനത്തിന്മേലും നടപടിയെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്നും, അത് തങ്ങള്‍ക്ക് ക്രയവിക്രയം ചെയ്യാനുള്ള അവകാശത്തോടെ ഇഷ്ടദാനമായി കിട്ടിയതാണെന്നുമാണ് ഫാറൂഖ് കോളജ് പറവൂര്‍ കോടതിയിലും ഹൈക്കോടതിയിലും വഖഫ് ട്രൈബ്യൂണിലിലും വാദിച്ചിട്ടുള്ളത്.
ഹൈക്കോടതി സൂചിപ്പിച്ചതുപോലെ, മുനമ്പം ഭൂമി വഖഫാണോ അല്ലയോ എന്നു തീരുമാനിക്കേണ്ടത് വഖഫ് ട്രൈബ്യൂണലാണ്. ഹൈക്കോടതി നിയമിക്കുന്ന ജില്ലാ ജഡ്ജിയാണ് കോഴിക്കോട് വഖഫ് ട്രൈബ്യൂണിലെ ന്യായാധിപന്. മുനമ്പം കേസില്‍ കൊച്ചിയിലും സിറ്റിംഗ് നടത്തിയിട്ടുള്ള ട്രൈബ്യൂണല്‍ ജഡിജി രാജന് തട്ടില്‍ കുടുംബകോടതിയിലേക്ക് സ്ഥലംമാറി പോവുകയാണ്. പകരം ഡിസ്ട്രിക്റ്റ് ജഡ്ജി ടി.കെ മിനിമോള്‍ മേയ് മധ്യത്തോടെ ചുമതലേല്‍ക്കും. മുനമ്പം ഭൂസംരക്ഷണ സമിതിയും ട്രൈബ്യൂണലിലെ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ട്രൈബ്യൂണലിലാണ് അവര്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.
മുനമ്പത്തെ ഭൂവുടമകളുടെ റവന്യൂ അവകാശങ്ങള്‍ പുനഃസ്ഥാപിച്ചുകൊടുക്കാന്‍, ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഒരു സത്യവാങ്മൂലം ഇനിയും സമര്‍പ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. 2022-ല്‍ സിംഗിള്‍ ബെഞ്ച്, കരമടയ്ക്കാന്‍ അനുമതി നല്കി – ‘കൈയേറ്റക്കാരാണെങ്കിലും’ തത്കാലം കരം സ്വീകരിക്കാം എന്നാണ് ഉത്തരവില്‍ പറഞ്ഞത്! അതിന്റെ പേരില്‍ മുനമ്പത്തെ കൈവശഭൂമിക്കാര് ഒരു കാവിയാറ്റ് സമര്‍പ്പിച്ചില്ല, അതിനാല്‍ അവരെ കേള്‍ക്കാതെ എക്സ്പാര്‍ട്ടിയായാണ് ഡിവിഷന് ബെഞ്ച് ആ ഉത്തരവ് സ്റ്റേ ചെയ്തത്. സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ ആ സ്റ്റേ നീക്കുന്നതിന് അപ്പീലോ റിവിഷന്‍ പെറ്റീഷനോ സമര്‍പ്പിച്ചില്ല. ആ കേസ് തീര്‍പ്പാക്കാന്‍ എന്തെങ്കിലും നടപടി വേണ്ടേ?
സംസ്ഥാന സര്‍ക്കാരാണ് വഖഫ് ബോര്‍ഡ് ചെയര്‍മാനെയും പത്ത് അംഗങ്ങളെയും നിയമിക്കുന്നത്. സിപിഎം നേതാവ് ടി.കെ ഹംസയുടെ പിന്‍ഗാമിയായി 2023 ഓഗസ്റ്റില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ എം.കെ സക്കീര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന് മുന്‍ ചെയര്‍മാനും മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനുമാണ്. 1995-ലെ വഖഫ് നിയമത്തിലെ 97-ാം വകുപ്പു പ്രകാരം, മുനമ്പം ഭൂമി വഖഫ് ആസ്തിയായി രജിസ്റ്റര്‍ ചെയ്തത് പുനഃപരിശോധിക്കണമെന്ന് വഖഫ് ബോര്‍ഡിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. വസ്തുതകള്‍ പഠിക്കാതെയും കൈവശക്കാരുടെ രേഖകള്‍ പരിശോധിക്കാതെയും സോപാധികം ഇഷ്ടദാനമായി നല്കിയ വസ്തുവിന്റെ ഡീഡില്‍ വഖഫിന്റെ നിര്‍വചനത്തിനു വിരുദ്ധമായ ഉള്ളടക്കം നോക്കാതെയും ബന്ധപ്പെട്ട ഭൂമിയില്‍ സര്‍വേ നടത്താതെയും നിസാര്‍ കമ്മിറ്റി നല്കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ട് അച്യുതാനന്ദന് മന്ത്രിസഭ അതു നടപ്പാക്കാന്‍ വഖഫ് ബോര്‍ഡിനു നിര്‍ദേശം നല്‍കിയത് ഈ 97-ാ ം വകുപ്പിന്റെ അടിസ്ഥാനത്തിലാണ്. നിസാര്‍ കമ്മിറ്റിയുടെ ശുപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിച്ചുകൊണ്ട്, മുനമ്പം ഭൂമി വഖഫ് ആയി തെറ്റായി നിര്‍ണയിച്ച തീരുമാനം റിവ്യൂ ചെയ്യണമെന്ന് ബോര്‍ഡിനോട് നിര്‍ദേശിക്കാന്‍ സര്‍ക്കാരിനു കഴിയും. മുഖ്യമന്ത്രിയോ വഖഫ് മന്ത്രി വി. അബ്ദുറഹിമാനോ ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല.
1995-ലെ വഖഫ് നിയമത്തിലെ 40-ാം വകുപ്പുപ്രകാരം, ഏതെങ്കിലും സ്വത്ത് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വഖഫ് ബോര്‍ഡിനു ബോധ്യമായാല്‍ നിലവിലുള്ള രജിസ്ട്രേഷന് ആക്ടിനെയും മറികടന്ന് അത് സ്വന്തമാക്കാം എന്ന ആപല്‍ക്കരമായ വ്യവസ്ഥ ഭേദഗതി ചെയ്യേണ്ടതുതന്നെതാണ്. മോദി സര്‍ക്കാര്‍ ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു പറയുന്ന വഖഫ് നിയമഭേദഗതി ബില്ലില്‍ ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി ഈ വകുപ്പ് നീക്കം ചെയ്യാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടത്രെ. പ്രതിപക്ഷ അംഗങ്ങളുടെ ഒരു ഭേദഗതിനിര്ദേശവും അംഗീകരിക്കാതെ തികച്ചും ഏകപക്ഷീയമായി ജെപിസി സമര്‍പ്പിച്ച ഭേദഗതി നിര്‍ദേശങ്ങള്‍ അപ്പടി പാര്‍ലമെന്റ് അംഗീകരിക്കണമെന്നില്ല. ഇസ് ലാം വിരുദ്ധമായ, ഭരണഘടനയ്ക്കും ഫെഡറലിസത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും എതിരായ വ്യവസ്ഥകളാണ് ബില്ലിലുള്ളതെന്ന് അഖിലേന്ത്യ മുസ് ലിം വ്യക്തിനിയമ ബോര്‍ഡും പ്രതിപക്ഷകക്ഷികളും ആരോപിക്കുന്നു.
മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരം, വഖഫ് ഭേദഗതി ബില്ലാണെന്ന് ബിജെപിക്കാര്‍ മാത്രമല്ല, കേരളത്തിലെ ക്രിസംഘി എന്നറിയപ്പെടുന്ന ചില മുന്നാക്ക ക്രൈസ്തവ വിഭാഗക്കാരും പ്രചരിപ്പിക്കുന്നുണ്ട്. ബില്ല് പാസായേക്കും, എന്നാല്‍ 40-ാം വകുപ്പ് റദ്ദാക്കുന്നത് മുന്കാലപ്രാബല്യത്തോടെയല്ലെങ്കില് അത് മുനമ്പംകാര്‍ക്ക് പ്രയോജനകരമാകില്ല എന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പള്ളിപ്പുറത്തെ രണ്ടു വാര്‍ഡുകളില്‍ നിന്നു തുടങ്ങി കേരളത്തില്‍ വന്തരംഗമാകാന് വഖഫ് ഭേദഗതിയാകും തങ്ങളുടെ ഭാഗ്യചന്ദ്രികയെന്ന് ഇവിടെ ബിജെപിയുമായി അന്തര്ധാരയുള്ളവര് വിശ്വസിക്കുന്നുണ്ടാകും. മുനമ്പം സമരവേദിയില്‍ ആവേശം പകരുന്ന ചില ടിവിചാനലുകാരും പല അപരിചിത മുഖങ്ങളും വഖഫ് നിയമഭേദഗതി നടപ്പാക്കുന്നതു കാണാന്‍ കടപ്പുറത്ത് എത്രകാലമുണ്ടാകാനാണ്? ദേശീയതലത്തില്‍ അപ്പോഴേക്കും ഔറംഗാബാദിലെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കബറിടം പൊളിച്ചടുക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കര്‍സേവകര്‍ക്കൊപ്പം കൂടുമായിരിക്കും!