മുനമ്പം വിഷയത്തിൽ സർക്കാർ നിയോഗിച്ച കമ്മീഷനെ ഹൈക്കോടതി നിരാകരിച്ച വിധിയുടെ പശ്ചാത്തലത്തിൽ 1995 ലെ വഖഫ് നിയമത്തിലെ അപകടകരമായ വ്യവസ്ഥകൾ മുൻകാല പ്രാബല്യം നല്കി ഭേദഗതി ചെയ്യണമെന്ന് കെആർഎൽസിസി ആവശ്യപ്പെട്ടു. ഏതൊരു ഭൂമിയും ഏകപക്ഷീയമായി ഏറ്റെടുക്കാനുള്ള വഖഫ് ബോർഡിന്റെ അമിതാധികാരവും, സിവിൽ കോടതികളിൽ ചോദ്യം ചെയ്യാനാവില്ല എന്ന വഖഫ് ട്രീബ്യൂണലിന്റെ വിധിയുടെ അന്തിമ സ്വഭാവവും ഭേദഗതി ചെയ്യുന്നതോടൊപ്പം, ഈ ഭേദഗതികൾക്ക് മുൻകാല പ്രാബല്യം വ്യവസ്ഥ ചെയ്യുന്നില്ലെങ്കിൽ മുനമ്പം പ്രശ്നപരിഹാരം അസാധ്യമാക്കുമെന്നും കെആർഎൽസിസി ചൂണ്ടിക്കാട്ടി.
മുനമ്പം കമ്മീഷന്റെ നിയമസാധുത നിരാകരിച്ച ഹൈക്കോടതി ഈ പ്രശ്നത്തിൽ ഇടപെടുവാനുള്ള സർക്കാരിന്റെ അധികാരത്തെ അംഗീകരിക്കുന്നു എന്നുള്ളത് പ്രസക്തമാണ്. പ്രത്യേക ജുഡീഷ്യൽ കമ്മീഷന്റെ ഇടപെടൽ ഇല്ലാതെ തന്നെ, പ്രശ്നം പരിഹരിക്കുവാൻ സർക്കാരിനുള്ള അധികാരവും സാധ്യതയും ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിനായ് സർക്കാർ ആർജ്ജവത്തോടെ ഇടപെടണം. ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ അവസരവാദവും രാഷ്ട്രീയ മുതലെടുപ്പും ഉപേക്ഷിച്ച് നിലപാട് എടുക്കണമെന്നും കെആർഎൽസിസി ആവശ്യപ്പെട്ടു.