രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
വത്തിക്കാന്‍ സിറ്റി: റോമിലെ അഗൊസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക്കില്‍ പത്താം നിലയിലുള്ള പാപ്പായുടെ സ്വകാര്യ ചാപ്പലില്‍ ഞായറാഴ്ച ദിവ്യബലിയര്‍പ്പണത്തിനുശേഷം ആരാധനയില്‍ മുഴുകിയിരിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ചിത്രം വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ടു. കഴിഞ്ഞ ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിച്ചതിനുശേഷം പാപ്പായുടെ ഒരു ദൃശ്യം ലോകം കാണുന്നത് ഇപ്പോഴാണ്.
ദിവ്യബലിയര്‍പ്പണത്തിനുള്ള തൂവെള്ള മേലങ്കിയായ ആല്‍ബും സ്റ്റോളും അണിഞ്ഞ് വീല്‍ചെയറിലിരിക്കുന്ന പാപ്പായുടെ പിന്നില്‍ നിന്നെടുത്ത ഫോട്ടോയില്‍, പാപ്പാ ബലിപീഠത്തിലെ ക്രൂശിതരൂപത്തില്‍ ദൃഷ്ടികേന്ദ്രീകരിച്ചുകൊണ്ട് ധ്യാനത്തിലാണ്.
ആശുപത്രിവാസത്തിനിടെ പരിശുദ്ധ പിതാവ് ദിവ്യബലിയര്പ്പിച്ചതായി സ്ഥിരീകരിക്കുന്നതും ആദ്യമായാണ്. പാപ്പാ പരിശുദ്ധ കുര്‍ബാന സ്വീകരിച്ചു, തന്നെ പരിചരിക്കുന്നവരോടൊപ്പം ദിവ്യബലിയില്‍ പാപ്പാ പങ്കുചേര്‍ന്നു എന്നും മറ്റുമാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.
പാപ്പായുടെ ചികിത്സാ സംബന്ധമായ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയില്‍ തുടരുകയാണെന്നും, കഴിഞ്ഞയാഴ്ച കാണപ്പെട്ട പുരോഗതി സ്ഥിരീകരിക്കപ്പെടുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ഫെബ്രുവരി 22ന് ശ്വസനസ്തംഭന പ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്ന്, രാത്രിതോറും ഫെയ്സ്മാസ്ക്കിലൂടെ ശ്വസനയന്ത്രത്തില് നിന്ന് കൂടുതല്‍ അളവില്‍ ഓക്സിജന്‍ ലഭ്യമാക്കുന്ന നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന് മെല്ലെ കുറച്ചുകൊണ്ടുവരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്. പകല്‍നേരത്ത് മൂക്കിലെ കന്യൂല ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ പ്രവഹിക്കുന്ന തെറപ്പി തുടരുകയാണ്.
സൗഖ്യപ്രാപ്തിയിലേക്കുള്ള പുരോഗതി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴും പാപ്പായ്ക്ക് ആശുപത്രിയില്‍ മെഡിക്കല്‍ തെറപ്പിയും, ശ്വസനത്തിനും ചലനശേഷിക്കും സഹായകമായ മോട്ടോര്‍, റെസ്പിറേറ്ററി തെറപ്പികളും തുടരേണ്ടതുണ്ടെന്ന് വത്തിക്കാന്‍ അറിയിച്ചു.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിനു മുന്‍പ് സ്പെയിനിലെ ഗൗദിയും എത് സ്പെസ് ഫൗണ്ടേഷന് അംഗങ്ങളെ വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തില്‍ പാപ്പാ സ്വീകരിക്കുന്നതിന്റെ ദൃശ്യമാണ് ഇതിനു മുന്‍പ് ഔദ്യോഗികമായി വത്തിക്കാന്‍ പുറത്തുവിട്ടത്.
ചികിത്സയില്‍ കഴിയുന്ന പാപ്പായുടെ ഫോട്ടോ മാധ്യമങ്ങള്‍ക്കു നല്‍കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, ഫെബ്രുവരി 21ന് ജെമെല്ലി ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മെഡിക്കല്‍ ടീമിന്റെ മേധാവിയും സര്‍ജറി വിദഗ്ധനുമായ പ്രൊഫസര്‍ സെര്‍ജോ അല്‍ഫിയേരി നല്കിയ മറുപടി സ്മരണീയമാണ്: ”പരിശുദ്ധ പിതാവിന്റെ സ്വകാര്യതയെ മാനിക്കണം. ആശുപത്രിയില്‍ പൈജാമ ധരിച്ചുകൊണ്ടുനില്ക്കുന്ന അദ്ദേഹത്തിന്റെ ദൃശ്യമാണോ നിങ്ങള്‍ക്കു വേണ്ടത്? തന്റെ ചിത്രം കാണിക്കണമെന്ന് പാപ്പാ തീരുമാനിക്കുമ്പോള്‍ അതു നിങ്ങള്‍ക്കു കാണാനാകും, എന്നാല്‍ അദ്ദേഹം പാപ്പായുടെ വസ്ത്രങ്ങള്‍ അണിഞ്ഞിരിക്കും.”
ഞായറാഴ്ച രാവിലെ യൂണിസെഫില്‍ നിന്നും ഇറ്റലിയിലെ വിവിധ സംഘടനകളില്‍ നിന്നുമായി ഇരുന്നൂറോളം കുട്ടികള്‍ പൂക്കളും ബലൂണുകളും ‘പാപ്പായെ ആശ്ലേഷിക്കുന്നതിന്റെ ഒരു പ്രതീകവുമായി’ ജെമെല്ലി ആശുപത്രി അങ്കണത്തില്‍ ഒത്തുകൂടി. ആശുപത്രിയുടെ പത്താം നിലയിലെ പേപ്പല്‍ അപ്പാര്‍ട്ടുമെന്റിന്റെ ജനാലയുടെ വിരി നീങ്ങുന്നുണ്ടോ എന്ന് അവര്‍ നോക്കിക്കൊണ്ടിരുന്നു. പരിശുദ്ധ പിതാവിനെ ഒരുനോക്കു കാണാനാകും എന്ന പ്രതീക്ഷ അവരുടെ കണ്ണുകളില്‍ തെളിഞ്ഞുനിന്നു. തങ്ങളെ അദ്ഭുതപ്പെടുത്തി പാപ്പാ അഭിവാദ്യം ചെയ്യുകയോ ആശീര്വദിക്കുകയോ ചെയ്തെങ്കിലോ എന്ന ആശയും.
തന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറഞ്ഞുകൊണ്ടും, ഏവര്‍ക്കും ദൈവാനുഗ്രഹവും പരിശുദ്ധകന്യകയുടെ സംരക്ഷണവും നേര്‍ന്നുകൊണ്ടും മാര്‍ച്ച് ആറിന് ആശുപത്രിയില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത സ്പാനിഷ് ഭാഷയിലുള്ള ഹ്രസ്വ സന്ദേശത്തിലൂടെ പാപ്പായുടെ ശബ്ദം വത്തിക്കാന്‍ ചത്വരത്തില്‍ സംപ്രേഷണം ചെയ്തത് ലോകം കേട്ടിരുന്നു.
പ്രാര്‍ഥിക്കുന്ന പാപ്പായുടെ ഫോട്ടോയെങ്കിലും കാണാന്‍ കഴിയുന്നതില്‍ ആശ്വാസം കണ്ടെത്തുകയാണ് കഴിഞ്ഞ അഞ്ചു ഞായറാഴ്ചകളിലായി പരിശുദ്ധ പിതാവിന്റെ മധ്യാഹ്നപ്രാര്ഥനാവേളയിലെ പൊതുദര്‍ശനത്തിന് അവസരം ലഭിക്കാതെ പോയ വിശ്വാസികളും തീര്‍ഥാടകരും.
രോഗബാധിതര്‍ക്കായുള്ള തങ്ങളുടെ സമര്‍പ്പിത സേവനത്തിലൂടെ ദൈവസ്നേഹം ലോകത്തിലേക്ക് കൊണ്ടുവരുന്നവര്‍ക്ക് ഫ്രാന്‍സിസ് പാപ്പാ ഞായറാഴ്ച മധ്യാഹ്നപ്രാര്‍ഥനാവേളയ്ക്കായി തയാറാക്കിയ സന്ദേശത്തില്‍ നന്ദിയര്‍പ്പിച്ചു. ”നമ്മെ ഒരിക്കലും കൈവിടാത്ത, ദുഃഖസമയത്ത് തന്റെ സ്നേഹത്തിന്റെ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ആളുകളെ നമ്മുടെ അരികില്‍ നിര്‍ത്തുന്ന കര്‍ത്താവിനെ സ്തുതിക്കുന്നതില്‍ എന്നോടൊപ്പം ചേരാന്‍ ഇന്ന് നിങ്ങളെ ക്ഷണിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”
തന്റെ മെഡിക്കല്‍ ടീമിനും തങ്ങളുടെ സമര്‍പ്പിത പ്രവര്‍ത്തനത്തിലൂടെ ആശുപത്രികളിലും മറ്റു പരിചരണസ്ഥലങ്ങളിലും ദൈവത്തിന്റെ അനന്തമായ ജീവന്റെയും സ്നേഹത്തിന്റെയും വെളിച്ചം പ്രകാശിപ്പിക്കുന്ന എല്ലാ ആളുകള്‍ക്കും പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു. ”മുറികള്‍, ഇടനാഴികള്‍, ക്ലിനിക്കുകള്‍, എളിമയുള്ള സേവനങ്ങള്‍ നടത്തുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ എത്രമാത്രം സ്നേഹപൂര്‍വമായ പരിചരണം പ്രകാശിക്കുന്നു!”
”ഞാന്‍ ഒരു പരീക്ഷണഘട്ടത്തെ അഭിമുഖീകരിക്കുമ്പോള്‍ ഈ ചിന്തകള്‍ നിങ്ങളുമായി പങ്കിടുന്നു,” പരിശുദ്ധ പിതാവ് കുറിച്ചു: ”നമ്മുടെ ശരീരം ദുര്‍ബലമാണ്, പക്ഷേ, ഇതുപോലെ, സ്നേഹിക്കുന്നതില്‍ നിന്നും, പ്രാര്ഥിക്കുന്നതില് നിന്നും, സ്വയം സമര്‍പ്പിക്കുന്നതില്‍ നിന്നും, പരസ്പരം കൂട്ടായിരിക്കാന്‍ സന്നദ്ധരായി, വിശ്വാസത്തില്‍, പ്രത്യാശയുടെ തിളങ്ങുന്ന അടയാളങ്ങളാകുന്നതില് നിന്നും നമ്മെ തടയാന്‍ യാതൊന്നിനും കഴിയില്ല.”
തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്ന അനേകം കുട്ടികള്‍ക്കുള്ള നന്ദിയും പാപ്പാ പങ്കുവച്ചു: ”പ്രിയപ്പെട്ട മക്കളേ, നന്ദി! പാപ്പാ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ കാണാനായി എന്നും കാത്തിരിക്കുന്നു.”
ആശുപത്രിവാസത്തില്‍ ഔഷധചികിത്സാമുറകള്ക്കും, ശ്വസനത്തിനും ചലനശേഷിക്കുമായുള്ള ഫിസിയോതെറപ്പിക്കുമൊപ്പം പാപ്പാ കുറെസമയം പ്രാര്‍ഥനയിലും ചെലവഴിക്കുന്നുണ്ട്. ഫിസിയോതെറപ്പിയുടെ ഗുണഫലങ്ങള്‍ പ്രകടമായിത്തുടങ്ങിയതായി വത്തിക്കാന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞായറാഴ്ച പാപ്പാ സന്ദര്‍ശകരെ സ്വീകരിച്ചില്ല. എന്നാല്‍ ചില ജോലികള്‍ ചെയ്തു.
പാപ്പാ ആശുപത്രിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് വത്തിക്കാന്‍ പ്രസ് ഓഫിസില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരുടെ അക്രെഡിറ്റേഷന്‍ വര്‍ധിച്ചിരിക്കയാണ് – ഇപ്പോള്‍, വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തിന്റെ അംഗീകാരമുള്ള 700 മാധ്യമപ്രവര്‍ത്തകര്‍ പാപ്പായുടെ മെഡിക്കല്‍ ബുള്ളറ്റിനുവേണ്ടി കാത്തിരിക്കയാണ്.
പാപ്പായുടെ സൗഖ്യപ്രാപ്തിക്കുവേണ്ടി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ട് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ ദിവസവും വൈകീട്ട് അര്‍പ്പിച്ചുവരുന്ന ജപമാല പ്രാര്‍ഥനയുടെ സമയം കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഏഴര മണിയായി നിശ്ചയിച്ചിരിക്കയാണ്.