കൊല്ലം : പ്രത്യാശയുടെ തീർത്ഥാടന ജൂബിലി 2025 നോട് അനുബന്ധിച്ച് കൊല്ലം രൂപതയിൽ നടന്നുവരുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി അൾത്താര സാക്രിസ്റ്റ്യൻസ് ( കണക്കന്മാർ) സംഗമം കൊട്ടിയം ആനിമേഷൻ സെന്ററിൽ സംഘടിപ്പിച്ചു.
കൊല്ലം രൂപത വികാരി ജനറൽ മോൺ. ഡോ. ബൈജു ജൂലിയൻ സംഗമം ഉദ്ഘാടനം ചെയ്തു. തുടർന്ന് ആരാധനാക്രമത്തിലെയും അൾത്താര ശുശ്രൂഷയിലെയും വിവിധ വിഷയങ്ങൾ അടിസ്ഥാനപ്പെടുത്തി ഫാ. ജെറിൻ CMI, ഫാ. സേവ്യർ ലാസർ, ഫാ. ജോസഫ് സുഗുൺ ലിയോൺ എന്നിവർ ക്ലാസുകൾ നയിച്ചു.
തുടർന്ന് കൊല്ലം രൂപതാ അധ്യക്ഷൻ അഭിവന്ദ്യ പോൾ ആന്റണി മുല്ലശ്ശേരി ഈ രംഗത്ത് 25 വർഷവും അതിൽ അധികവും പൂർത്തിയാക്കിയ എല്ലാവരെയും ആദരിച്ചു. സഭയുടെ ആരാധനാക്രമം ഭക്തിനിർഭരമാക്കുവാൻ അക്ഷീണം പ്രയത്നിക്കുന്ന സാക്രിസ്റ്റ്യൻസിന്റെ സേവനം വിലമതിക്കാനാവാത്തതാണെന്ന് അഭിവന്ദ്യ പിതാവ് അഭിപ്രായപ്പെട്ടു.
കൊല്ലം രൂപതയിലെ വിവിധ ഇടവകകൾ നിന്നായി നൂറോളം കണക്കന്മാരാണ് സംഗമത്തിൽ പങ്കെടുത്തത്. ജൂബിലി ആഘോഷങ്ങളുടെ സെക്രട്ടറിമാരായ ഫാ ജോൺ പോൾ, ഫാ ജോ ആന്റണി അലക്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോളി എബ്രഹാം, ഫാ ഫ്രാൻസിസ് ജോൺ, ഫാ ഷാജൻ വർഗീസ്, ഫാ ലിബിൻ സി. റ്റി. ഫാ റിജോ പോൾ എന്നിവർ ആശംസകൾ അറിയിച്ചു.