ജെയിംസ് അഗസ്റ്റിന്
ക്രിസ്തീയഭക്തിഗാനശാഖയില്‍ ഏറ്റവുമധികം ആരാധനാക്രമഗീതങ്ങള്‍ രചിച്ച ഫാ. ജോസഫ് മനക്കിലും സംഗീതത്തിലൂടെ വരികള്‍ക്ക് ഭക്തി പകര്‍ന്ന കെ. കെ. ആന്റണി മാസ്റ്ററും ഒന്നിച്ച ആല്‍ബമാണ് സ്നേഹധാര. 1986 -ല്‍ തരംഗിണി മ്യൂസിക് കമ്പനി പ്രകാശനം ചെയ്ത സ്നേഹധാര യിലെ പാട്ടുകള്‍ ആലപിച്ചിട്ടുള്ളത് യേശുദാസും സുജാതയുമാണ്.
സ്നേഹധാര എന്ന ആല്‍ബത്തിലെ 12 പാട്ടുകളും രചനയിലും സംഗീതത്തിലും ആലാപനത്തിലും ഒരേ മികവ് പുലര്ത്തിയിട്ടുള്ളവയാണ്. കസ്സെറ്റുകളുടെ സുവര്ണകാലത്തു സ്നേഹധാരയിലെ പാട്ടുകള്‍ പ്രചുരപ്രചാര മാര്ജ്ജിച്ചിരുന്നു. ഇന്നും യുട്യൂബില്‍ ഈ പാട്ടുകള്‍ തിരയുന്നവര്‍ ഏറെയുണ്ട്.
‘ജനതകളേ സ്തുതി പാടുവിന്‍
തിരുനാമം വാഴ്ത്തുവിന്‍
ജനപദമേ അണിചേരുവിന്‍
ജയഘോഷം ആര്‍ക്കുവിന്‍’
എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യഗാനമായി ചേര്‍ത്തിട്ടുള്ളത്.
‘അനുഗ്രഹപ്പൂമഴ പൊഴിയൂ
അനവരതം കൃപ ചൊരിയൂ
അനശ്വരനാം ജഗദീശാ
അനുപമസ്നേഹാംബുധിയേ ‘
എന്നാരംഭിക്കുന്ന ഗാനം മലയാളത്തിലെ അതിമനോഹരമായ കീര്‍ത്തനങ്ങളില്‍ ഒന്നായി സ്വീക രിക്കപ്പെട്ട ഗാനമാണ്. ഈ ഗാനത്തിലെ ആദ്യ പത്തു വരികള്‍ ‘അ’ എന്ന അക്ഷരത്തിലാണ് തുടങ്ങുന്നത്.
‘അഖിലവും അലിവാല്‍ തീര്‍ത്തവനേ
അനുദിനകൃപയാല് നയിപ്പവനേ
അവികലജീവന്നുറവിടമേ
അതുലദയാമയനേ’
എന്നെഴുതാനുള്ള പ്രതിഭ ഫാ. ജോസഫ് മനക്കിലിനു സ്വന്തമായിരുന്നു.
‘നിറയും സ്നേഹത്താല്‍ കുരിശിലേറി
മരണം മര്‍ത്യര്‍ക്കായി വരിച്ചവനേ
എരിയും സ്നേഹത്താല്‍ ഹൃദയസൂനം
കുരിശില്‍ മക്കള്‍ക്കായി തുറന്നവനേ’
എന്ന ഗാനം സുജാതയാണ് ആലപിച്ചിരിക്കുന്നത്.
കുരിശിന്റെ മഹിമ വര്‍ണിക്കുന്നൊരു മനോഹരഗാനവും ഇതില്‍ നമുക്കു തുടര്‍ന്നു കേള്‍ക്കാം.
‘കുരിശുമരമേ കുരിശുമരമേ
മഹിമയാര്‍ന്ന വെറും മരമേ
ജീവനാഥനെയേറ്റ നിമിഷം
ജീവദായകമാം മരമായ്
രക്ഷതന്‍ വഴിയായ്’
സെമിക്ലാസ്സിക്കല്‍ ശൈലിയില്‍ ചെയ്ത
‘വചനം തിരുവചനം ദൈവവചനം
നിത്യവചനം ജീവദായക വചനം
സൃഷ്ടി ചെയ്തൊരു വചനം’
എന്ന ഗാനവും ഇതേ കസ്സെറ്റില്‍ നിന്നുമാണ് ആദ്യമായി നാം കേട്ടത്. കുരിശിന്റെ മഹത്വം, മാനവകുലത്തിനായി ജീവനര്‍പ്പിച്ച ദൈവസ്നേഹം, കുരിശുമരണം എന്നീ വിഷയങ്ങളിലാണ് കസ്സെറ്റിലെ കൂടുതല്‍ പാട്ടുകളും. ഒരു ക്രിസ്മസ് ഗാനവും ഇതേ ആല്‍ബത്തിലുണ്ട്.
‘മാലാഖവൃന്ദം നിരന്നു
വാനില്‍ മാധുര്യഗീതം പൊഴിഞ്ഞു
മാലോകരാമോദമാര്ന്നീ
പാരില്‍ ആ ഗാനമേറ്റേറ്റു പാടി’
കച്ചേരികള്‍ക്കു പാടാന്‍ അനുയോജ്യമായ ശൈലിയില്‍ കെ.കെ.ആന്റണി മാസ്റ്റര്‍ ചിട്ടപ്പെടുത്തി സുജാത പാടിയ ഗാനമാണ്
‘കന്യാസുതനെ ദൈവകുമാരാ
മണ്ണിന് രക്ഷകനെ
വിണ്ണില്‍ നിന്നിഹ വന്നു പിറന്ന
ഉന്നതനീശജനെ പരമോന്നതനീശജനെ’
എന്ന ക്ലാസ്സിക്കല്‍ ഗീതം.
കുരിശിലേക്കു ഓരോ മനുഷ്യരെയും ഈശോ വിളിക്കുന്നതായി വര്‍ണ്ണിക്കുന്നൊരു അര്‍ത്ഥവത്തായ ഗാനവും നമുക്ക് കേള്‍ക്കാം. ഈശോയുടെ വിളി കേള്‍ക്കാതെ ലോകത്തിന്റെ മായകള്ക്കു പിന്നാലെ പോകുന്നതിനെപ്പറ്റിയാണ് ഈ ഗാനം.
‘കുരിശിലന്നൊരുനാള് കൈകള്‍ വിരിച്ചു
വരികയെന്നരികെ നീ വിളിച്ചു
മധുരമാം നിന്‍സ്വരം കേള്‍ക്കാതെ ഞാനഹോ
മഹി തരും സന്തോഷം തേടിയലഞ്ഞു’
മനുഷ്യകുലത്തോടുള്ള സ്നേഹത്താല്‍ എരിയുന്ന തിരുഹൃദയത്തിന്റെ ചിത്രം നമ്മുടെ വീടുകളില്‍ നാം പ്രതിഷ്ഠിച്ചിട്ടുണ്ട്. എരിയുന്ന ഹൃദയത്തെ ഒരു പാട്ടിലൂടെ നമുക്ക് സമ്മാനിക്കുന്നുണ്ട് ഈ ആല്‍ബത്തില്‍.
‘സ്നേഹാഗ്നിയാലെന്നുമെരിയും
കാരുണ്യരൂപന്റെ ഹൃദയം
ജീവന്റെ നീര്‍ധാര ചൊരിയും
ക്രൂശില്‍ തുറന്നൊരു ഹൃദയം.’
ഈ ആല്‍ബത്തിലെ മറ്റു ഗാനങ്ങള്‍
പരമപിതാവേ പരമപിതാവേ
കാരണമെന്തേ കൈവെടിയാന്‍
യേശുവിന് രക്ഷ നല്‍കും നാമമേ
പാരിന് ആശയായ് തീര്‍ന്ന നാമമേ
യഹോവേ യഹോവേ എന്‍
നിലവിളി കേള്‍ക്കണമേ…
സംഗീത സംവിധാനം നിര്‍വഹിച്ച കെ.കെ.ആന്റണി മാസ്റ്ററും അതുല്യപ്രതിഭയായിരുന്നു.
‘പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേയെന്റെ ഹൃദയത്തില്‍’
എന്ന ഒരു ഗാനം മതി ഭക്തിഗാന ശാഖയില്‍ കെ.കെ.ആന്റണി മാസ്റ്ററുടെ സ്ഥാനം മനസ്സിലാക്കാന്‍. ജനിച്ചത് ഇരിങ്ങാലക്കുടയിലാണെങ്കിലും പത്തൊന്‍പതാം വയസ്സു മുതല്‍ ശ്രീലങ്കയില്‍ സംഗീതം അഭ്യസിച്ച ആന്റണി മാസ്റ്റര്‍ ഇരുപത് വര്‍ഷം ശ്രീലങ്കന്‍ റേഡിയോയില്‍ ശാസ്ത്രീയ സംഗീത പഠന പരിപാടി അവതരിപ്പിച്ചു. പിന്നീട് കുറെ വര്‍ഷം മലേഷ്യയില്‍ സംഗീതാധ്യാപകനായി സേവനം ചെയ്തു. അതിനുശേഷമാണ് കലാഭവനില്‍ ചേരുന്നത്. ആബേലച്ചനുമായി ചേര്‍ന്നു കുറെ നല്ല ഗാനങ്ങള്‍ അദ്ദേഹം മലയാളിക്കു സമ്മാനിച്ചു.
ഉത്തമമായ ക്രിസ്തീയഭക്തിഗാന സമാഹാരമെന്നു വിശേഷിപ്പിക്കപ്പെട്ട ‘സ്നേഹധാര’യുടെ രചയി താവും സംഗീതസംവിധായകനും ലോകത്തോടു വിട പറഞ്ഞു. പക്ഷേ അവര്‍ ജീവിക്കുകയാണ് ഇന്നും ഈ പാട്ടുകളിലൂടെ. ഉദാത്തമായ കലാസൃഷ്ടികള്‍ നിര്‍വഹിച്ചവര്‍ക്കു മരണമില്ലല്ലോ.