ഷാജി ജോര്‍ജ്
കേരളത്തിലെ അല്മായ നേതാക്കളില്‍ പ്രമുഖനും പത്രാധിപരുമായ മാര്‍ഷല്‍ ഫ്രാങ്കിന്റെ അഞ്ചാമത്തെ പുസ്തകം ‘അമാവാസി നാളിലെ നുറുങ്ങുവെട്ടം ‘ സ്ഥിതി ബുക്സ് പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ 18 വര്‍ഷങ്ങളായി കൊല്ലം രൂപതയുടെ മുഖപത്രം വിശ്വധര്‍മ്മം മാസികയുടെ എഡിറ്ററാണ് മാര്‍ഷല്‍ ഫ്രാങ്ക്. സഭയുടെ പ്രിയപുത്രനായി സമൂഹത്തെയും സമുദായത്തെയും വിശകലനം ചെയ്യുന്നതിലും വിമര്‍ശിക്കുന്നതിലും തെറ്റുകള്‍ തിരുത്തുന്നതിലും അസാമാന്യമായ പാടവം ഈ പത്രാധിപര്‍ പുലര്‍ത്തുന്നുണ്ട്. വ്യത്യസ്ത മേഖലകളില്‍ ജോലിചെയ്ത പരിചയവും ആര്‍ജ്ജിച്ചെടുത്ത അറിവിന്റെ ആഴവുമാണ് അതിനു കാരണം. തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥന്, അത് രാജിവെച്ച് വിവിധ വിദ്യാലയങ്ങളില്‍ അധ്യാപകനായുള്ള സേവനം, കേരളത്തിലെ മത്സ്യ ബോട്ടുകളുടെ ഉടമാസംഘത്തിന്റെ പ്രസിഡന്റ്, സംസ്ഥാന സര്‍ക്കാരിന്റെ ഫിഷറീസ് അഡൈ്വസറി ബോര്‍ഡ് അംഗം, വിവിധ കത്തോലിക്ക സംഘടനകളുടെ നേതാവ്, സംഘാടകന്‍, സാംസ്കാരിക പ്രവര്ത്തകന്, പ്രഭാഷകന്‍ എന്നീ നിലകളില്‍ ഒക്കെ മാര്‍ഷല്‍ ഫ്രാങ്കിനെ കേരളം അറിഞ്ഞിട്ടുണ്ട്.
സമകാലികമായ ദേശീയവും അന്തര്‍ദേശീയവുമായ വിഷയങ്ങളോടൊപ്പം വ്യക്തി ചിത്രങ്ങളും ചരിത്ര കുറിപ്പുകളും സാമൂഹ്യ വിമര്‍ശവും ‘അമാവാസി നാളിലെ നുറുങ്ങുവെട്ടം’ ചര്‍ച്ച ചെയ്യുന്നു. പുസ്തകത്തിന് എഴുതിയിട്ടുള്ള അവതാരികയില്‍ ഡോ. കുര്യാസ് കുമ്പളക്കുഴി ലേഖനങ്ങളെ വിശേഷിപ്പിക്കുന്നത് ‘ധര്‍മ്മയുദ്ധത്തിന്റെ സമര കാഹളം’ എന്നാണ്.
മാര്‍ഷല്‍ ഫ്രാങ്കിന്റെ എഴുത്തിനു ഡോ. കുര്യാസ് നല്കുന്ന നിഗമനവും പ്രസക്തമാണ്. ‘മാര്‍ഷല്‍ ഫ്രാങ്കിന്റെ എഴുത്തു സര്‍ഗാത്മക സാഹിത്യത്തിന്റെ ഭാഗമല്ല. മറിച്ച്, അവ വൈജ്ഞാനിക വിഭാഗത്തില്‍ പെടുന്നു. അവിടെയും ഉണ്ടൊരു വ്യത്യാസം. അദ്ദേഹം കേവല വിജ്ഞാനത്തിന്റെ ഉപാസകനല്ല. സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്ന അനഭിലഷണീയ പ്രവണതകളുടെ കടുത്തവിമര്‍ശകനാണ്. അങ്ങനെയാണദ്ദേഹം സത്യധര്‍മ്മങ്ങളുടെ പക്ഷത്തു നില്ക്കുന്ന നിര്‍ഭയനായ പോരാളിയായി മാറുന്നത്. തനിക്കൊപ്പം ആരെങ്കിലുമുണ്ടോ, താന്‍ പറയുന്നത് ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ വരുന്നുണ്ടോ എന്നതൊന്നും അദ്ദേഹത്തിന്റെ പരിഗണനയില്‍ വരുന്നില്ല. ഒപ്പം ആരുമില്ലെന്നറിഞ്ഞിട്ടും അദ്ദേഹം പടവെട്ടി മുന്നേറുകയാണ്.
വിമര്‍ശനം ഒരു തിരുത്തല്‍ പ്രക്രിയയാണ്. അത് ആരെയും ആക്ഷേപിക്കാനോ അവഹേളിക്കാനോ ഉദ്ദേശിച്ചുള്ളതല്ല. വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് മുന്നേ നീങ്ങുന്ന മാര്ഗദര്ശകനാണു വിമര്ശകന്. അതു തിരിച്ചറിയാന്‍ പക്ഷേ, പലര്‍ക്കും കഴിയാറില്ല. വിമര്‍ശനം, അതിനിരയാകുന്നവര്ക്കുണ്ടാകാവുന്ന അസ്വസ്ഥതയും അസഹിഷ്ണുതയും മൂലം വിമര്‍ശകനെ ശത്രുപക്ഷത്തു നിര്‍ത്താനാണു മിക്കവരും ശ്രമിക്കുന്നത്. അതോര്‍ത്തു തരളചിത്തനാകുന്നവന് യഥാര്‍ത്ഥ വിമര്‍ശകനല്ല. ‘(അവതാരികയില്‍ നിന്ന്).
27 ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. പൗരത്വ ഭേദഗതി നിയമം, സ്ത്രീ വിവേചനം, ഗാന്ധിജിക്കെതിരെയുള്ള വിരോധം, തീര സംരക്ഷണം, ഇലക്ഷന് കമ്മീഷന്, പാക്കിസ്ഥാനിലെ ക്രൈസ്തവ പീഡനങ്ങള്‍, വൈക്കം സത്യഗ്രഹ സമരം, ഗുജറാത്ത് വംശഹത്യ, മുനമ്പത്തെ കുടിയൊഴിപ്പിക്കല്‍ ഭീഷണി, ജസ്റ്റീസ് ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട്, മത്സ്യത്തൊഴിലാളികളോടുള്ള അവഗണന എന്നിങ്ങനെ പോകുന്നു ലേഖനങ്ങളിലെ വിഷയങ്ങള്‍. ലേഖനങ്ങള്‍ കൂടാതെ വ്യക്തി ചിത്രങ്ങളും പുസ്തകത്തെ സമ്പന്നമാക്കുന്നു. കത്തോലിക്ക സഭയുടെ തലവന്‍ പോപ്പ് ഫ്രാന്‍സിസ്, മിഷണറിയും ആദിവാസികളുടെ നീതിക്കും വേണ്ടി പൊരുതിയ സ്റ്റാന്‍ സ്വാമി, കൊല്ലം രൂപതാധ്യക്ഷനായിരുന്ന ബിഷപ് ജോസഫ് ഫെര്‍ണാണ്ടസ്, കര്‍ണ്ണാടക മുന്‍ ചീഫ് സെക്രട്ടറി ജെ. അലക്സാണ്ടര്‍ ഐഎഎസ് തുടങ്ങിയവരോടൊപ്പം കൊല്ലത്തെ രണ്ടു ശാസ്ത്ര പ്രതിഭകളെയും അദ്ദേഹം പരിചയപ്പെടുത്തുന്നു. അമേരിക്കയില്‍ ആണവശാസ്ത്രജ്ഞനായി ജോലി ചെയ്യുന്ന ഡോ. സില്‍വസ്റ്റര്‍ നെറോണ, അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനങ്ങളില്‍ മോളിക്കുലാര്‍ മൈക്രോ ബയോളജി, ബയോ കെമിസ്ട്രി വിഷയങ്ങളിലുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയയായ യുവ ഗവേഷക ഇവ ജൂഡി എന്നിവരെ കുറിച്ചുള്ള ലേഖനങ്ങളും വായനക്കാരെ അദ്ഭുതപ്പെടുത്തും.
സാമ്പത്തിക ശാസ്ത്രജ്ഞന് പറക്കാല പ്രഭാകര്‍ എഴുതിയ ദി ക്രൂക്കഡ് ടിംബര്‍ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിന്റെ വെളിച്ചത്തില്‍ ഇന്ത്യയിലെ ആസൂത്രണ കമ്മീഷന് പിരിച്ചുവിട്ടു ‘നീതി ആയോഗ് ‘രൂപീകരിച്ച മോദി സര്‍ക്കാര്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ വിശകലനം ചെയ്യുന്ന സീതാരാമകാന്ത വര്‍ത്തമാനം, ഗുജറാത്തിലെ ബില്‍ക്കീസ് ബാനുവിന്റെ ദാരുണ കഥകള്‍ വിവരിക്കുന്ന അമാവാസി നാളിലെ നുറുങ്ങു വട്ടം, ഇല്ല ധൃതരാഷ്ട്രര്‍ മരിച്ചിട്ടില്ല…, അച്ഛേ ദിന് ആഗയാ !എന്നീ ലേഖനങ്ങള്‍ രാജ്യത്തെ പുതിയ രാഷ്ട്രീയ വ്യതിചലനങ്ങള്‍ അടയാളപ്പെടുത്തുന്നു. ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ‘ഏക് രൂപ്പയാ’ എന്ന ലേഖനം. അതാകട്ടെ; ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും നീതിന്യായ രംഗത്തെയും ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള പ്രവാചകശബ്ദമാണ്. സുപ്രീം കോടതി വിധികളെ വിമര്‍ശിച്ചതിന് പ്രശാന്ത് ഭൂഷന് ഒരു രൂപ പിഴ വിധിച്ച സംഭവമാണ് ലേഖനത്തിന് ആധാരം. സുപ്രീം കോടതി ജഡ്ജിമാരുടെ നിഷ്കളങ്കത ഇവിടെ ചോദ്യം ചെയ്യുന്നു. ഭാവിയില്‍ വരാവുന്ന അപകടവും ഇവിടെ മാര്‍ഷല്‍ ഫ്രാങ്ക് ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയിലെ പ്രഗത്ഭനായ അഭിഭാഷകന് ഫലി എസ്. നരിമാന് എഴുതി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പേര് ഗോഡ് സേവ് ദി ഓണറബിള്‍ സുപ്രീം കോര്‍ട്ട് (ദൈവം സുപ്രീം കോടതിയെ രക്ഷിക്കട്ടെ) എന്നാണ്. അമേരിക്കയില്‍ സുപ്രീം കോടതി ജഡ്ജിമാര്‍ കോടതി ആരംഭിക്കുന്നതിനുമുമ്പായി ചൊല്ലുന്ന പ്രാര്‍ത്ഥന; ”അമേരിക്കയേയും ബഹുമാന്യ കോടതിയെയും ദൈവം രക്ഷിക്കട്ടെ’ എന്നാണ്. ഇന്ത്യയിലെ വര്‍ത്തമാനകാല സമസ്യകളെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചാല്‍ ”ഇന്ത്യയെയും കോടതികളെയും ദൈവം രക്ഷിക്കട്ടെ” എന്ന പ്രാര്‍ത്ഥന നമുക്കും ആസന്നഭാവിയില്‍ ചൊല്ലേണ്ടി വന്നേക്കാം.
പ്രവാചക ധീരതയുള്ള ഈ എഴുത്തുകാരനെ നമിക്കാതിരിക്കാനാവില്ല.