ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടിയൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്. നാളെ പാപ്പായുടെ ആശുപത്രിവാസം 28 ദിവസം പൂര്‍ത്തിയാകും.
വത്തിക്കാന്‍ സിറ്റി: നാലാഴ്ചയായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ന്യൂമോണിയ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കയാണെന്ന് നെഞ്ചിലെ എക്സ്റേ പരിശോധനാ ഫലങ്ങള്‍ സ്ഥിരീകരിക്കുന്നതായി വത്തിക്കാന്‍ വാര്‍ത്താകാര്യാലയം ബുധനാഴ്ച വൈകീട്ട് അറിയിച്ചു.
”കഴിഞ്ഞ ദിവസങ്ങളില്‍ രക്തപരിശോധനകളില്‍ കാണാന്‍ കഴിഞ്ഞ പുരോഗതിക്ക് എക്സ്റേയിലൂടെ റേഡിയോളജിക്കല്‍ സ്ഥിരീകരണം ലഭിച്ചിരിക്കയാണ്. പാപ്പായുടെ ക്ലിനിക്കല്‍ സ്ഥിതിവിശേഷം വ്യതിയാനമൊന്നുമില്ലാതെ പൊതുവെ ഭേദപ്പെട്ട നിലയില്‍ തുടരുകയാണ്.”
എണ്‍പത്തെട്ടുകാരനായ പരിശുദ്ധ പിതാവ് അപകടനില തരണം ചെയ്തതായി ആശുപത്രിയില്‍ അദ്ദേഹത്തെ പരിചരിക്കുന്ന മെഡിക്കല്‍ സംഘം തിങ്കളാഴ്ച അറിയിച്ചിരുന്നു. അതേസമയം പൊതുവെയുള്ള മെഡിക്കല്‍ ചിത്രം ഇപ്പോഴും ‘ലേശം സങ്കീര്ണാവസ്ഥയില്തന്നെ’ തുടരുകയാണ്. കുറച്ചുനാള്‍ കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും.
പകല്‍ മുഴുവന്‍ മൂക്കിലെ കന്യൂല ട്യൂബിലൂടെ ഉയര്‍ന്ന തോതില്‍ പ്രവഹിക്കുന്ന സപ്ലിമെന്റല്‍ ഓക്സിജനും, രാത്രി ഫെയ്സ് മാസ്ക്കിലൂടെ തുടരുന്ന മെക്കാനിക്കല്‍ വെന്റിലേഷനും പാപ്പായുടെ സ്വാഭാവിക ശ്വസനത്തിനു സഹായകമാണ്.
വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ റോമന്‍ കൂരിയാ അംഗങ്ങള്‍ക്കായി നടത്തുന്ന നോമ്പുകാല ധ്യാനത്തില്‍ വീഡിയോ ലിങ്കിലൂടെ ആശുപത്രിയില്‍ നിന്ന് പാപ്പാ പങ്കുചേരുന്നുണ്ട്. പൊന്തിഫിക്കല്‍ ഭവനത്തിലെ ധ്യാനഗുരുവും ബൈബിള്‍ പണ്ഡിതനുമായ കപ്പുച്ചിന്‍ സന്ന്യാസി റൊബേര്‍ത്തോ പസൊളീനിയുടെ പ്രഭാഷണം രാവിലെയും ഉച്ചയ്ക്കുശേഷവും തുടക്കം മുതല്‍ പരിശുദ്ധ പിതാവ് കേട്ടുകൊണ്ടിരിക്കയാണ്.
വെള്ളിയാഴ്ച വരെ തുടരുന്ന ആധ്യാത്മിക ധ്യാനവിചിന്തനങ്ങളുടെ പശ്ചാത്തലത്തില്‍ പരിശുദ്ധ പിതാവിന്റെ ഔദ്യോഗിക പരിപാടികളെല്ലാം മാറ്റിവച്ചിരിക്കയാണ്. ആശുപത്രിയിലായിരിക്കെ മിക്ക ദിവസങ്ങളിലും ചില അത്യാവശ്യ ജോലികളില്‍ പാപ്പാ വ്യാപൃതനായിരുന്നു.
പരിശുദ്ധ കുര്‍ബാന കൈക്കൊണ്ട്, ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പി സെഷനുകളും വിശ്രമവും പ്രാര്‍ഥനയുമായാണ് ഈ ദിനങ്ങള്‍ കടന്നുപോകുന്നത്.
ഫ്രാന്‍സിസ് പാപ്പായുടെ പരമാചാര്യശുശ്രൂഷയുടെ 12-ാം വാര്‍ഷികമാണിന്ന്. ജെമെല്ലി ആശുപത്രിയിലോ വത്തിക്കാനിലോ പ്രത്യേക ആഘോഷ പരിപാടികളൊന്നും ആസൂത്രണം ചെയ്തിട്ടില്ല. വത്തിക്കാനില്‍ ഇന്ന് പൊതുഅവധിയാണ്. റോമിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശുദ്ധ പിതാവിനുവേണ്ടി ഇന്ന് സവിശേഷമായി ദിവ്യബലിയര്‍പ്പണവും പ്രാര്‍ഥനകളും നടക്കുന്നുണ്ട്.
ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാന്‍ വത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലില്‍ സമ്മേളിച്ച കര്‍ദിനാള്‍ ഇലക്തോര്മാരുടെ കോണ്‍ക്ലേവില്‍ അഞ്ചാമത്തെ ബാലറ്റില്‍, 2013 മാര്‍ച്ച് 13ന് റോമിലെ വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ലാറ്റിന്‍ അമേരിക്കയിലെ അര്‍ജന്റീനയില്‍ നിന്നു വന്ന ബൂനോസ് ഐറിസിലെ ജസ്യുറ്റ് ആര്‍ച്ച്ബിഷപ്പായ കര്‍ദിനാള്‍ ഹോര്‍ഹെ മാരിയോ ബെര്‍ഗോളിയോയ്ക്ക് 76 വയസായിരുന്നു.
അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ പേരു സ്വീകരിച്ച്, സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ സെന്‍ട്രല്‍ ബാല്‍ക്കണിയില്‍ ആദ്യമായി പ്രത്യക്ഷപ്പെട്ട് ‘നഗരത്തിനും ലോകത്തിനുമായി’ (ഊര്‍ബി എത് ഓര്‍ബി) തന്റെ ആദ്യത്തെ പൊന്തിഫിക്കല്‍ ആശീര്‍വാദം നല്കുന്നതിനു മുന്‍പ്, ഇറ്റാലിയനില്‍ ഫ്രാന്‍സിസ് പാപ്പാ തനിക്കുവേണ്ടി പ്രാര്‍ഥിക്കാന്‍ ദൈവജനത്തോട് ആവശ്യപ്പെടുകയുണ്ടായി. കഴിഞ്ഞ 12 വര്‍ഷം തന്റെ എല്ലാ പൊതുദര്ശനവേളകളിലും പരിശുദ്ധ പിതാവ് ഈ അഭ്യര്‍ഥന തുടര്‍ന്നുകൊണ്ടിരുന്നു: നിങ്ങളുടെ പ്രാര്‍ഥന എന്റെമേലുണ്ടാകണം. പാപ്പാ ജെമേല്ലി ആശുപത്രിയില്‍ 27 ദിവസം പിന്നിടുമ്പോള്‍, ലോകം മുഴുവന്‍ അദ്ദേഹത്തിന്റെ ആയുരാരോഗ്യസൗഖ്യത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കയാണ്.
ബൂനോസ് ഐറിസില്‍, ഇറ്റാലിയന്‍ കുടിയേറ്റക്കാരുടെ സന്തതിയായ ബെര്‍ഗോളിയോ ഈശോസഭയില്‍ ചേര്‍ന്നതിന്റെ അറുപത്തിയേഴാം വാര്‍ഷികമായിരുന്നു മാര്‍ച്ച് 11 ചൊവ്വ.
ഇതിനിടെ, നിഖ്യാ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ മേയ് മാസം ഫ്രാന്‍സിസ് പാപ്പാ തുര്‍ക്കി സന്ദര്‍ശിക്കുമെന്ന് സ്ഥിരീകരിച്ചതായി കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബെര്‍ത്തലോമിയോ പ്രഥമന്റേതായി വന്ന പ്രസ്താവന, ബുധനാഴ്ച വത്തിക്കാന്‍ വാര്‍ത്താകാര്യാലയം നിഷേധിച്ചു.
തുര്‍ക്കിയിലേക്കുള്ള പേപ്പല്‍ യാത്ര വത്തിക്കാന്‍ ഒരിക്കലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെയൊരു സന്ദര്‍ശനത്തിന്റെ സാധ്യത പരിഗണിക്കപ്പെട്ടിരുന്നുവെങ്കിലും പരിശുദ്ധ സിംഹാസനം അതിനെക്കുറിച്ച് ഒന്നുംതന്നെ പറഞ്ഞിരുന്നില്ലെന്നും വത്തിക്കാന്‍ വാര്‍ത്താകാര്യാലയം വ്യക്തമാക്കി.
പാപ്പായുടെ വിദേശയാത്രകളുടെ ഏകോപനച്ചുമതല വഹിക്കുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ പ്രത്യേക വിഭാഗത്തില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന, മതാന്തര സംവാദങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാടാണ് ബുധനാഴ്ച വൈകീട്ട് ആറിന് വത്തിക്കാനിലെ കൂരിയാ ധ്യാനവേദിയായ പോള്‍ ആറാമന്‍ ഹാളില്‍ നിന്ന് പരിശുദ്ധ പിതാവിനുവേണ്ടിയുള്ള പ്രത്യേക ജപമാല പ്രാര്‍ഥന നയിച്ചത്. വത്തിക്കാന്‍ ചത്വരത്തില്‍ മാക്സി സ്ക്രീനിലൂടെ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കുമായി പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യം യാചിച്ചുകൊണ്ടുള്ള ജപമാലയര്‍പ്പണം സംപ്രേഷണം ചെയ്തു.
ജെമെല്ലി ആശുപത്രി അങ്കണത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് പാപ്പായുടെ സ്വരൂപത്തിനു മുന്പില് ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി പ്രാര്‍ഥിക്കാനെത്തുന്നവരുടെ കൂട്ടത്തില്‍, റഷ്യയില്‍ നിന്നെത്തിയ 85 അംഗ തീര്‍ഥാടകസംഘം പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചു. മോസ്കോയിലെ ദൈവമാതാവിന്റെ അതിരൂപതാ ആര്‍ച്ച്ബിഷപ് പൗളോ പെത് സി, സഹായമെത്രാന്‍ നിക്കൊളായ് ഗിന്നഡേവിച്ച് ഡുബിനിന് എന്നിവരുടെ നേതൃത്വത്തില്‍ മോസ്കോയില്‍ നിന്നും സെന്റ് പീറ്റേഴ്സ്ബര്‍ഗ്, കലിനിന്‍ഗ്രാഡ്, വ്ളാഡിമിര്‍ എന്നീ ഇടവകകളില്‍ നിന്നും വടക്കന്‍ റഷ്യയിലെ മറ്റു നഗരങ്ങളില്‍ നിന്നുമായി ഒരു ഡസന്‍ വൈദികരും രണ്ടു കന്യാസ്ത്രീകളും കുറെ അല്മായരുമാണ് സംഘത്തിലുണ്ടായിരുന്നത്. റഷ്യക്കാര്‍ക്കു പുറമെ പോളണ്ടുകാരും ബെലാറൂസുകാരും ജര്‍മന്‍കാരും അര്‍മീനിയക്കാരും തീര്ഥാടകസംഘത്തിലുണ്ട്.
മാര്‍ച്ച് 12ന് റോമിലെത്തിയ സംഘത്തിന് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നതാണ്. പാപ്പാ ആശുപത്രിയിലായതിനാല്‍, അദ്ദേഹത്തിന്റെ ചാരെ എത്തിച്ചേരാന്‍ റോമിലെ കൊര്ണേലിയാ മെട്രോ സ്റ്റേഷനില്‍ നിന്ന് ജെമെല്ലി ആശുപത്രിയിലേക്ക് നാലു കിലോമീറ്റര്‍ കാല്‍നടയായി അവര്‍ തീര്‍ഥാടനം ചെയ്തു.