ജെക്കോബി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കാന്‍ മധ്യപ്രദേശിലെ മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്യുമെന്ന ബിജെപി മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ പ്രഖ്യാപനം ഇക്കാലത്ത് ഒരു പരിഷ്കൃത സമൂഹത്തിനും ഉള്‍ക്കൊള്ളാനാവാത്ത അനര്‍ത്ഥക വിഡംബനമാണ്. ലോക വനിതാ ദിനത്തില്‍ സ്ത്രീശക്തിയെ ആദരിക്കുന്നതിന് ഭോപാലില്‍ പ്രതീകാത്മകമായ പല പ്രകടനങ്ങളും ആവിഷ്കരിക്കുന്നതിനിടയിലാണ് മോഹന്‍ യാദവ് ന്യൂനപക്ഷ വിരുദ്ധ മതവികാരം ഇളക്കിവിടുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥിനെ പോലും നിഷ്പ്രഭനാക്കാന്‍ തനിക്കു കഴിയുമെന്ന് തെളിയിച്ചത്.
പന്ത്രണ്ടുവയസില്‍ താഴെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തിന് ഇരകളാക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമം ഭേദഗതി ചെയ്ത രാജ്യത്തെ ആദ്യ സംസ്ഥാനമാണ് മധ്യപ്രദേശ്. ”നമ്മളുടെ പെണ്മക്കളെ ഉപദ്രവിക്കുന്നവരെ ഒരു കാരണവശാലും ജീവനോടെ വച്ചേക്കില്ല. പെണ്‍കുട്ടികളോടും സ്ത്രീകളോടും അപമര്യാദ കാട്ടുന്ന കുറ്റവാളികളെ ഉറപ്പായും തൂക്കിലേറ്റും. അതുപോലെ, പെണ്‍കുട്ടികളെ മതംമാറ്റുന്നവര്ക്കും വധശിക്ഷ നല്‍കും. ഇതിനായി സംസ്ഥാനത്തെ മതസ്വാതന്ത്ര്യ നിയമത്തില്‍ വധശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതി കൊണ്ടുവരും,” മോഹന്‍ യാദവ് പ്രസ്താവിച്ചു. മതപരിവര്‍ത്തനത്തിന്റെ വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് ബിഷപ്പിനെയും വൈദികരെയും കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും സാധാരണ വിശ്വാസികളെയും കള്ളക്കേസില്‍ കുടുക്കി ജാമ്യമില്ലാതെ തടവിലാക്കുന്ന സംസ്ഥാനത്ത്, ഇനി പരമാവധി ശിക്ഷ വിധിക്കാനുള്ള ആള്‍ക്കൂട്ട വിചാരണയ്ക്ക് സംഘപരിവാര സംഘടനകള്‍ക്ക് പുതിയ മാരകായുധം കൈമാറുകയാണ് മുഖ്യമന്ത്രി.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 2017 മുതല്‍ വിവാഹം, വഞ്ചന, ബലപ്രയോഗം, പ്രലോഭനം എന്നിവയിലൂടെയുള്ള മതപരിവര്‍ത്തനത്തിനെതിരെ കൂടുതല്‍ മാരകമായ നിയമങ്ങളും നിയമഭേദഗതികളും കൊണ്ടുവരുന്നതില്‍ പരസ്പരം മത്സരിച്ച് മുന്നേറുകയാണ്. പ്രണയക്കെണിയില്‍ വീഴ്ത്തി മുസ് ലിം പുരുഷന്മാര് ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വിവാഹം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതിന് ഹിന്ദുത്വവാദികള്‍ നല്കിയ വംശീയവിദ്വേഷ സംജ്ഞയായ ‘ലൗ ജിഹാദ്’ ഇതില്‍ പ്രധാന ആഖ്യാനമായി മാറിയിരിക്കുന്നു. ദേശീയതലത്തില്‍ ഹിന്ദുത്വവികാരം ഉണര്‍ത്തുന്നതിന് സംഘപരിവാരങ്ങള്‍ ക്രൈസ്തവ പ്രേഷിതശുശ്രൂഷകളെ അപകീര്‍ത്തിപ്പെടുത്തി ആള്‍ക്കൂട്ട അതിക്രമങ്ങള്‍ക്ക് കളമൊരുക്കുന്നതിനൊപ്പംതന്നെ ‘ലൗ ജിഹാദ്’ ഭയാശങ്കകള്‍ ആളിപ്പടര്‍ത്തി സമൂഹത്തില്‍ വര്‍ഗീയ ഭിന്നിപ്പ് രൂക്ഷമാക്കി രാഷ് ട്രീയ ധ്രുവീകരണത്തിന് ആക്കം കൂട്ടുന്ന ബൃഹദ് തന്ത്രങ്ങളും രൂപംകൊള്ളുന്നുണ്ട്.
മഹാരാഷ് ട്രയില്‍ ലൗ ജിഹാദും നിര്‍ബന്ധിത മതപരിവര്‍ത്തനവും തടയുന്നതിന് പുതിയ നിയമം കൊണ്ടുവരുമെന്ന് ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രാജ്യാന്തര വനിതാദിനത്തില്‍ പ്രഖ്യാപിച്ചു. ‘സൂത്രിതമായ ഭ്രാന്ത്’ എന്ന് അദ്ദേഹം വിശേഷിപ്പിക്കുന്ന ‘ലൗ ജിഹാദ്’ വളരെ ഗുരുതരമായ പ്രശ്നമാണെന്നും ഇതു സംബന്ധിച്ച് സര്‍ക്കാരിന് ഒരു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്. ഈ വിഷയത്തെക്കുറിച്ച് പഠിച്ച് നിയമനിര്‍മാണത്തിന് ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാനത്തെ ആദ്യത്തെ വനിതാ ഡിജിപി രശ്മി ശുക്ല അധ്യക്ഷയായി ഏഴംഗ ഉന്നതതല സമിതിയെ ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് ഫഡ്നാവിസ് നിയോഗിക്കുകയുണ്ടായി.
ലൗ ജിഹാദിന് നിലവിലുള്ള നിയമങ്ങളില്‍ നിര്വചനമൊന്നുമില്ലെന്നും കേന്ദ്ര ഏജന്‍സികളില്‍ ഒന്നുംതന്നെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നുമാണ് 2020 ഫെബ്രുവരിയില്‍ ലോക്സഭയെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി അറിയിച്ചത്. 2018-ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തിലാണ് ലൗ ജിഹാദ് വിവാഹനിരോധനം ആദ്യം നിലവില്‍ വന്നത്. ഗുജറാത്ത്, ഹരിയാണ, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലും ലൗ ജിഹാദ് നിയമം നടപ്പാക്കിക്കഴിഞ്ഞു.
ഉത്തര്‍പ്രദേശില്‍ ‘വിധി വിരുദ്ധ് ധര്മ്മ് സംപരിവര്ത്തന് പ്രതിഷേധ് അദ്ധ്യാദേശ്’ എന്ന പേരില്‍ 2021-ല്‍ പാസാക്കിയ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2023 വരെ 400 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. അയോധ്യ രാമക്ഷേത്ര നിര്‍മാണത്തിന്റെ പേരില്‍ ബിജെപി ഐതിഹാസിക വിജയം നേടും എന്ന പ്രവചനങ്ങളെയെല്ലാം നിരര്ഥകമാക്കി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഭരണകക്ഷി അപ്രതീക്ഷിത തിരിച്ചടി നേരിട്ടപ്പോള്‍ യോഗി പ്രതികാരഭാവത്തോടെ 2024 ജൂലൈയില്‍ മതപരിവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്തു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍, പട്ടികജാതി-പട്ടികവര്‍ഗ സ്ത്രീകള്‍ എന്നിവരെ മതംമാറ്റുന്നവര്‍ക്ക് 20 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവാണ് അതില്‍ വ്യവസ്ഥ ചെയ്യുന്നത്. വിദേശ ഏജന്‍സികളോ ‘നിയമവിരുദ്ധ’ സംഘടനകളുമായോ ബന്ധപ്പെട്ട് മതപരിവര്‍ത്തനം നടത്തുന്നവര്‍ക്ക് 14 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.
ലൗ ജിഹാദ് വിവാഹവും മിശ്രജാതി ദമ്പതിമാരുടെ ‘ലിവിങ് ഇന്‍’ ബന്ധവും ക്രിമിനല്‍ കുറ്റമായി. ബന്ധുക്കള്‍ക്കു മാത്രമല്ല, ആര്‍ക്കുവേണമെങ്കിലും മിശ്രവിവാഹിതര്‍ക്കും മതംമാറ്റത്തിന് പ്രേരിപ്പിച്ചവര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്ന സ്ഥിതിയായി. ലഹരിമരുന്നുമായി ബന്ധപ്പെട്ട എന്‍ഡിപിഎസ് ആക്ടിലും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട പിഎംഎല്എയിലുമെന്നപോലെ മതപരിവര്‍ത്തന കേസെല്ലാം കൊഗ്നൈസബിള്‍, ജാമ്യമില്ലാത്ത കുറ്റമാണ്. വാറന്റില്ലാതെ അറസ്റ്റു ചെയ്യാം. ബലപ്രയോഗത്തിലൂടെയോ, വഞ്ചിച്ചോ, പണമോ, ജോലിയും വിദ്യാഭ്യാസ ആനുകൂല്യങ്ങളും വസ്തുവകകളും ഭൗതികസാമഗ്രികളും മറ്റും വാഗ്ദാനം ചെയ്തോ അല്ല മതപരിവര്‍ത്തനം നടത്തിയതെന്ന് കുറ്റാരോപിതന് സ്വയം സ്ഥാപിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ മതപരിവര്‍ത്തനം ചെയ്തത് എന്ന് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ ബോധിപ്പിച്ചാല്‍ മാത്രം മതിയാവില്ല, തങ്ങള്‍ നിര്‍ബന്ധിച്ചിട്ടല്ല മതംമാറിയതെന്ന് അവളുടെ ഭര്‍ത്താവും കുടുംബവും തെളിയിക്കണം.
വിവാഹം മതപരിവര്‍ത്തനം ലക്ഷ്യമാക്കിയിട്ടുള്ളതാണെങ്കില്, ദമ്പതികള്‍ക്ക് കുട്ടികളുണ്ടെങ്കില്‍ പോലും, അത്തരം വിവാഹം അസാധുവായി പ്രഖ്യാപിക്കപ്പെടും. രാജസ്ഥാനിലും മധ്യപ്രദേശിലും, മതപരിവര്‍ത്തനം ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേട്ടിന് 60 ദിവസം മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. അല്ലെങ്കില്‍ മൂന്നു വര്‍ഷം തടവും പതിനായിരം രൂപ പിഴയും പ്രതീക്ഷിക്കാം. മതപരിവര്‍ത്തന കര്‍മം നിര്‍വഹിക്കുന്നയാള്‍ ഒരു മാസം മുന്‍പ് ജില്ലാ മജിസ്ട്രേട്ടിനെ വിവരം അറിയിച്ചിരിക്കണം, ഇല്ലെങ്കില്‍ ചുരുങ്ങിയത് 25,000 രൂപ പിഴ, അഞ്ചു വര്‍ഷം തടവ് എന്നിവയ്ക്കു വകുപ്പുണ്ട്. അഡീഷണല്‍ ജില്ലാ മജിസ്ട്രേട്ട്, പൊലീസ് മുഖേന മതപരിവര്‍ത്തനത്തിന്റെ ഉദ്ദേശ്യം, അതിലേക്കു നയിച്ച കാരണങ്ങള്‍ എന്നിവയെക്കുറിച്ച് അന്വേഷിക്കണം. മതംമാറിയ ആള് 60 ദിവസത്തിനകം ജില്ലാ മജിസ്ട്രേട്ടിന് സത്യവാങ്മൂലം സമര്‍പ്പിക്കണം, അത് കലക്ടറേറ്റില്‍ പരസ്യപ്പെടുത്തണം, ആ വ്യക്തി 21 ദിവസത്തിനകം ജില്ലാ മജിസ്ട്രേട്ടിനു മുന്‍പാകെ നേരിട്ട് ഹാജരാവുകയും വേണം.
മതംമാറ്റത്തിന് 60 ദിവസത്തെ നോട്ടീസ് നല്‍കണമെന്ന മധ്യപ്രദേശ് നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതി വിധിച്ചത് സുപ്രീം കോടതി ശരിവയ്ക്കുകയുണ്ടായി. സ്വകാര്യത സംരക്ഷിക്കുന്നതു സംബന്ധിച്ച ജസ്റ്റിസ് കെ.എസ് പുട്ടസ്വാമിയുടെ കേസില്‍, കുടുംബം, വിവാഹം, സന്താനോത്പാദനം, ലൈംഗികാഭിമുഖ്യം എന്നിവ ഒരു വ്യക്തിയുടെ മാനവാന്തസുമായി ബന്ധപ്പെട്ട കാര്യങ്ങളാകയാല്‍ അലംഘനീയമായ സ്വകാര്യതയുടെ മൗലികാവകാശമാണെന്ന് സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് വിധിക്കുകയുണ്ടായി. മതപരിവര്‍ത്തനം സംബന്ധിച്ച സത്യപ്രതിജ്ഞ പരസ്യപ്പെടുത്തുന്നതും മറ്റും മതകാര്യത്തില്‍ ഭരണകൂടത്തിന്റെ അനാവശ്യമായ ഇടപെടലാണ്, സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനവുമാണ്.
മതത്തില്‍ വിശ്വസിക്കാനും വിശ്വാസാനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാനും മതപ്രചാരണത്തിനുമുള്ള മൗലികാവകാശം ഇന്ത്യന്‍ ഭരണഘടനയുടെ 25-ാം ആര്‍ട്ടിക്കിള്‍ ഉറപ്പുനല്‍കുന്നുണ്ട്. ഭരണഘടനാ നിര്‍മാണസഭയില്‍ ബി.ആര് അംബേദ്കറുടെ മൂല കരടില്‍, ”മതത്തില്‍ വിശ്വസിക്കാനും അത് പ്രഘോഷിക്കാനും പൊതുക്രമത്തിനും ധാര്‍മികതയ്ക്കും പൊരുത്തപ്പെടുന്ന പരിധിക്കുള്ളില്‍ നിന്നുകൊണ്ട് മതപരിവര്‍ത്തനം നടത്താനുമുള്ള അവകാശം” എന്നാണ് മതസ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതിയിരുന്നത്.
മതത്തില്‍ വിശ്വസിക്കുക, വിശ്വാസമനുഷ്ഠിക്കുക, മതപ്രചാരണം നടത്തുക എന്നത് മോദിയുടെ ഇന്ത്യയില്‍ ഒരേസമയം ഭരണഘടനാപരമായ മൗലികാവകാശവും, ചിലരെ തൂക്കിലേറ്റാന്‍ വരെ ഗുരുതരമായ ക്രിമിനല്‍ കുറ്റവുമാകുന്നു എന്ന മഹാവൈരുധ്യം നമുക്ക് കാണാനാകുന്നു!
‘പൂര്‍വിക മതം’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ മതപരിവര്‍ത്തന നിരോധന നിയമമൊന്നും ബാധകമല്ല. ഒരു മുസ് ലിമോ ക്രിസ്ത്യാനിയോ ഹിന്ദുമതം സ്വീകരിച്ചാല്‍ അത് ‘ഘര്‍ വാപസി’ ആണ്, പൂര്‍വിക മതത്തിലേക്കുള്ള തിരിച്ചുവരവ്. എന്നാല്‍ ഹിന്ദുവിന് ഇസ് ലാം മതം സ്വീകരിക്കാനാവില്ല, അത് ലൗ ജിഹാദിന്റെ പരിധിയില്‍ വരും! ഹിന്ദു, സിഖ്, ബുദ്ധ ദളിത വിഭാഗങ്ങള്‍ക്ക് പട്ടികജാതി-വര്‍ഗ സംവരണാനുകൂല്യമുണ്ട്, എന്നാല്‍ ക്രൈസ്തവ, മുസ് ലിം ദളിതര്‍ക്ക് അതിന് അവകാശമില്ല. ക്രിസ്ത്യന്‍ ആദിവാസി എന്ന് സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയാല്‍ പട്ടികവര്‍ഗ ആനുകൂല്യം ലഭിക്കുകയില്ല. അതേസമയം, ഗുജറാത്തില്‍ ആദിവാസികളോ ദളിതരോ ബുദ്ധമതം സ്വീകരിക്കുമ്പോള്‍ ജില്ലാ മജിസ്ട്രേട്ടിനു മുന്‍പാകെ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഭരണഘടനയില്‍ പറയുന്ന സാമൂഹിക നീതി, സമത്വം, തുല്യനിയമം എന്നിവ എത്രകണ്ട് ആപേക്ഷികമാകുന്നു!
ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ അരുണാചല്‍ പ്രദേശില്‍ 1978-ല്‍ മതസ്വാതന്ത്ര്യ നിയമം പാസാക്കിയെങ്കിലും 46 വര്‍ഷമായി അതു മരവിപ്പിച്ചിരിക്കയായിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ ഗുവാഹട്ടി ഹൈക്കോടതിയുടെ ഇടാനഗര് ബെഞ്ച്, ആറുമാസത്തിനകം ആ നിയമം നടപ്പാക്കാനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ ഉത്തരവിട്ടു. ബിജെപി തുടര്‍ച്ചയായി മൂന്നാംവട്ടം അധികാരത്തിലിരിക്കുന്ന സംസ്ഥാനത്ത് മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കുന്നതിനെതിരെ അരുണാചല്‍ പ്രദേശ് ക്രിസ്റ്റ്യന്‍ ഫോറം സംസ്ഥാന അസംബ്ലി ഘെരാവോ ഉള്‍പ്പെടെയുള്ള പ്രക്ഷോഭത്തിലാണ്. അസമില്‍ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിസ്വ സര്‍മ്മ, സംസ്ഥാനത്ത് ഒരു പ്രത്യേക ജനവിഭാഗം ജനസംഖ്യാപരമായ അട്ടിമറിക്കായി നടത്തുന്ന ലൗ ജിഹാദ്, ഭൂമി കൈമാറ്റത്തിന്റെ ‘ലാന്‍ഡ് ജിഹാദ്’, പ്രളയം സൃഷ്ടിക്കുന്നതിന്റെ ‘ഫ്ളഡ് ജിഹാദ്’ എന്നിങ്ങനെ ‘രാജ്യദ്രോഹകുറ്റങ്ങളുടെ’ പട്ടിക നീട്ടിനീട്ടി ഒടുവില്‍, ‘രോഗശാന്തി (അത്യാചാരങ്ങള്‍ തടയുന്നതിനുള്ള) നിയമം’ കൊണ്ടുവന്ന് ക്രൈസ്തവരുടെ ആധ്യാത്മിക ധ്യാനശുശ്രൂഷകള്‍ നിരോധിക്കുന്നതില്‍ വരെ കാര്യങ്ങള്‍ എത്തിനില്‍ക്കെ, അരുണാചല്‍ പ്രദേശിലെ മതസ്വാതന്ത്ര്യത്തില്‍ ഇടപെടാനുള്ള പുതിയ നീക്കങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലാകെ ആശങ്ക പടര്‍ത്തുകയാണ്.
മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരായ ഹര്‍ജികളിലൊന്നില്‍ വാദം കേള്‍ക്കുമ്പോള്‍, ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഈ നിയമത്തിലെ ചില ഭാഗങ്ങളെന്ന് കഴിഞ്ഞ മേയില്‍ സുപ്രീം കോടതി വാക്കാല്‍ നിരീക്ഷിക്കുകയുണ്ടായി. യുപിയിലെ മതപരിവര്‍ത്തന നിയമവുമായി ബന്ധപ്പെട്ട അലഹബാദ് ഹൈക്കോടതിയുടെ ചില ഉത്തരവുകള്‍ വളരെ വിചിത്രമാണ്. യുപിയില്‍ ലിവ്-ഇന്‍ ബന്ധത്തില്‍ കഴിയുന്ന 12 മിശ്രജാതി ദമ്പതിമാര്‍ പൊലീസ് സംരക്ഷണം തേടി സമര്‍പ്പിച്ച ഹര്‍ജികള്‍, 2021-ലെ മതപരിവര്‍ത്തന നിയമപ്രകാരം സംഭവം ക്രിമിനല്‍കുറ്റമാണെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി തള്ളി, അതേസമയം മറ്റൊരു ബെഞ്ച് ഇത്തരം മൂന്നു കേസുകളില്‍ സംരക്ഷണം അനുവദിച്ചു. വ്യക്തിസ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, സ്വയംനിര്‍ണയാവകാശം, അഭിപ്രായസ്വാതന്ത്ര്യം, സ്വകാര്യതയ്ക്കുള്ള അവകാശം, വിവേചനത്തിനെതിരായ സംരക്ഷണം എന്നിങ്ങനെ ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യ ഒപ്പുവച്ചിട്ടുള്ള അന്താരാഷ് ട്ര മനുഷ്യാവകാശ പ്രഖ്യാപനവും നിര്‍വചിച്ചിട്ടുള്ള മൗലികാവകാശങ്ങളുടെ ലംഘനത്തിന്റെ കാര്യത്തില്‍ എത്രയും വേഗം ഇടപെട്ട് ജുഡീഷ്യറി തീര്പ്പുകല്പിക്കുമെന്നാണ് രാജ്യത്തെ ജനാധിപത്യവിശ്വാസികള്‍ എന്നും പ്രതീക്ഷിക്കുന്നത്.
നിങ്ങള്‍ ആരെ കല്യാണം കഴിക്കുന്നു, എന്തു ഭക്ഷിക്കുന്നു, ഏതു ഭാഷ സംസാരിക്കുന്നു, എവിടെ താമസിക്കുന്നു, ഏതു മതത്തില്‍ വിശ്വസിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന അവസ്ഥ ജനാധിപത്യ, മതനിരപേക്ഷ രാജ്യത്ത് അഭികാമ്യമല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം പിന്നിടുമ്പോഴും രാജ്യത്തെ നിയമങ്ങള്‍ പിന്തിരിപ്പനാകുന്നത് അത്യന്തം ഖേദകരമാണ്. നിയമവിരുദ്ധ മതപരിവര്‍ത്തനം തടയാന്‍ ഭാരതീയ ന്യായസംഹിതയില്‍ വേണ്ടത്ര വകുപ്പുകളുണ്ടെന്നിരിക്കെ, ജനസമൂഹങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധയും സംഘര്‍ഷവും വിദ്വേഷവും സൃഷ്ടിക്കുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ കിരാത നിയമങ്ങള്‍ ആയുധമേന്തിയ ആള്‍ക്കൂട്ടങ്ങള്‍ക്ക് എറിഞ്ഞിട്ടുകൊടുക്കുന്നത് എന്തിനാണ്? ദൈവികദാനമായ ജീവന്റെയും മാനവാന്തസിന്റെയും അലംഘനീയമായ പവിത്രതയും, കാരുണ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രത്യാശയുടെയും സ്നേഹസന്ദേശവും ഹൃദയത്തിലേറ്റുന്നവര്ക്ക് വധശിക്ഷ പൊറുക്കാനാവാത്ത കൊടിയ ദൈവനിന്ദയാണ്.