അര്‍ണ്ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികം
രതീഷ് ഭജനമഠം, ആലപ്പുഴ
ഭാരത സംസ്കാരത്തിന്റെ കവാടങ്ങള്‍ യൂറോപ്പിന് ശാസ്ത്രിയമായി തുറന്നുകൊടുത്ത ജര്‍മ്മന്‍ ഈശോ സഭാ വൈദികനായിരുന്നു അര്‍ണോസ് പാതിരി (ഫാ. ജോവാനസ് ഏണസ്ത്തൂസ് ഹാങ്സ്ലയ്ഡന് എസ്.ജെ.). 1681ല്‍ ജര്‍മ്മനിലെ ഓഷ്നാം ബ്രൂക്കിനടുത്തുള്ള ഓസ്റ്റര്‍ കാപ്നം എന്ന സ്ഥലത്ത് ജനിച്ച അര്‍ണോസ് 1699ലാണ് ഭാരതത്തിലെ സൂറത്തില്‍ എത്തുന്നത്. അവിടെനിന്ന് 1701ല്‍ കേരളത്തില്‍ എത്തി. മലയാളത്തില്‍ വ്യാകരണവും നിഘണ്ടുവും രചിച്ച അര്‍ണോസ് പാതിരി കേരളത്തില്‍ എത്തി ആദ്യം താമസിച്ചത് ചാലക്കുടി അമ്പഴക്കാടിനടുത്തുള്ള സമ്പാളൂരിലാണ്. ഈശോസഭ വൈദിക വിദ്യാര്‍ഥികളെ പരിശീലിപ്പിക്കുവാന്‍ ഇപ്പോഴത്തെ കോട്ടപ്പുറം രൂപതയിലുള്ള സമ്പാളൂരില്‍ സ്ഥാപിച്ച സെമിനാരിയില്‍ ആയിരുന്നു താമസം. അര്‍ണോസ് തന്റെ വൈദികപഠനം പൂര്‍ത്തിയാക്കിയതും ആദ്യ ദിവ്യബലി സമര്‍പ്പിച്ചതും ഇവിടെ വെച്ചായിരുന്നു.
അര്‍ണോസ് കവിതകളിലൂടെ മലയാള ഭാഷയ്ക്ക് പുതിയൊരു പദകോശം ലഭിച്ചു. ആ കവിതകളില്‍ നിന്നെല്ലാം കൂടി മലയാളഭാഷയ്ക്ക് ലഭിച്ചത് ആയിരത്തോളം പുതിയ പദങ്ങളാണ്. മലയാളത്തിന്റെ കാവ്യാഖ്യാന ചരിത്രത്തില്‍ ഇപ്പോഴും അര്‍ണോസ് പാതിരിയെ അവഗണിക്കുന്നു എന്നതാണ് സത്യം. അര്‍ണ്ണോസ് പാതിരിയുടെ ഭാരതപ്രവേശനത്തിന്റെ 325-ാം വാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിക്കുന്നു.
ആഗോള തിരുസഭയിലെ മഹാപ്രേഷിതരായ വിശുദ്ധ ഇഗ്നേഷ്യസ് ലയോളയുടെയും വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെയും സ്മരണകളുണര്‍ത്തുന്ന ജസ്യൂട്ട് സന്ന്യാസ സമൂഹത്തിലെ പണ്ഡിതശ്രേഷ്ഠരായ വൈദികരില്‍ പ്രഥമ സ്ഥാനത്തുള്ള, കേരളീയര്‍ ‘അര്‍ണ്ണോസ് പാതിരി’ എന്ന് ഏറെ ആദരവോടെ വിളിക്കുന്ന ഫാ. ജോവാനസ് ഏണസ്ത്തൂസ് ഹാങ്സ്ലയ്ഡന് എസ്.ജെ. ഭാരതത്തില്‍ പ്രവേശിച്ചതിന്റെ 325-ാം വാര്‍ഷികമാണ് 2025 വര്‍ഷം. കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-ഭാഷാവികസന-സാഹിത്യ-നിഘണ്ടു-വ്യാകരണ നിര്‍മാണ-പ്രേഷിത മുന്നേറ്റ-നവോത്ഥാന ചരിത്രങ്ങളില്‍ അദ്ദേഹം മായാത്ത വ്യക്തിമുദ്രയാണ് പതിപ്പിച്ചത്.
പടിഞ്ഞാറിനെ കിഴക്കുമായി സമന്വയിപ്പിക്കാനും ആര്‍ഷഭാരതത്തിന്റെ സാംസ്കാരിക തനിമയില്‍ ആഴപ്പെടാനും അദ്ദേഹം വലിയ പരിശ്രമങ്ങളാണ് നടത്തിയത്. മലയാളഭാഷയെ പരിപോഷിപ്പിക്കാന്‍ പരിശ്രമിച്ച വിദേശ മിഷണറിമാരുടെ ഗണത്തില്‍ അദ്ദേഹത്തിന് പ്രഥമസ്ഥാനമാണുള്ളത്. വൈജ്ഞാനിക-സര്‍ഗാത്മകരംഗങ്ങളില്‍ ഈടുറ്റ രചനകള്‍ നടത്തിയ അദ്ദേഹം
കേരളത്തിന്റെ ആത്മീയ-സാധകരചനകലിലൂടെ കേരളത്തിന്റെ ആത്മീയസാമൂഹിക രംഗത്തെ വളര്‍ച്ചയില്‍ പ്രധാന പങ്കാണ് വഹിച്ചത്. അന്തര്‍ദേശീയ തലത്തില്‍തന്നെ ഇന്നു ചര്‍ച്ച ചെയ്യപ്പെടുന്ന കൃതികള്‍ മൂന്ന് നൂറ്റാണ്ടുമുമ്പ് കേരളത്തില്‍ വച്ച് തയ്യാറാക്കിയ അദ്ദേഹം ‘രണ്ടാം എഴുത്തച്ഛന്’ എന്ന ബഹുമതിക്ക് തികച്ചും അര്‍ഹനാണ്. ബഹുഭാഷ പണ്ഡിതനായ അദ്ദേഹം മലയാള ഭാഷാ വികസനത്തിന് നിസ്തുല സംഭാവനകളാണ് നല്‍കിയിട്ടുള്ളത്.
ജനനം, വിദ്യാഭ്യാസം
1681-ല്‍ ജര്‍മ്മനിയിലെ ഓസ്റ്റര്‍ കാപ്ലന്‍ എന്ന സ്ഥലത്താണ് അര്‍ണ്ണോസ് പാതിരി ജനിച്ചത്. പാതിരിയുടെ പ്രാഥമിക വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. എങ്കിലും ഏതാണ്ട് പതിനെട്ടു ഇരുപതു വയസ്സുവരെ അന്നാട്ടിലെ നാട്ടുനടപ്പനുസരിച്ചുള്ള വിദ്യാഭ്യാസവും തത്ത്വശാസ്ത്രവും പഠിച്ചു എന്നു കരുതുന്നു. പഠനകാലത്ത് ഈശോ സഭാ സന്ന്യാസിയായ ഫാ. വില്യം വെബ്ബറിനെ പരിചയപ്പെടാന്‍ ഇടയായതാണ് അര്‍ണ്ണോസ് പാതിരിയുടെ ജീവിതത്തിലെ വഴിത്തിരിവായി കണക്കാക്കുന്നത്.. ഇന്ത്യയിലെ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധ പ്രവര്‍ത്തകരെ തിരഞ്ഞെടുക്കുവാനായാണ് അന്ന് വെബ്ബര്‍ പാതിരി എത്തുന്നത്. കോഴിക്കോട്ട് കേന്ദ്രമാക്കി അന്നു പ്രവര്‍ത്തിച്ചിരുന്ന ഈശോ സഭയുടെ അധികാരികളാല്‍ നിയുക്തനായിരുന്നു അദ്ദേഹം. ഫാ. വെബ്ബറിന്റെ വ്യക്തി മഹാത്മ്യം ചെറുപ്പക്കാരനായ അര്‍ണ്ണോസിനെയും അര്‍ണ്ണോസിന്റെ വിനയവും വിജ്ഞാനതൃഷ്ണയും സ്നേഹശീലവും വെബ്ബര്‍ പാതിരിയേയും ആകര്‍ഷിച്ചു. സന്ന്യാസ ദീക്ഷക്കായുള്ള പ്രഥമിക പരീക്ഷ വിജയിച്ച അദ്ദേഹം സന്ന്യാസാര്‍ത്ഥിപട്ടം നേടി. വെബ്ബര്‍ അദ്ദേഹത്തിന്റെ ആധ്യാത്മിക പിതൃത്വം ഏറ്റെടുത്തു. മാതാപിതാക്കളോടും സഹോദരങ്ങളോടും വിടപറഞ്ഞ് അദ്ദേഹം വെബ്ബറിന്റെ സംഘത്തില്‍ ചേര്‍ന്നു. 1699 ഒക്ടോബര്‍ മൂന്നിനാണ് ഔഗ്സ് ബുര്‍ഗില്‍ നിന്ന് യാത്ര ആരംഭിച്ചത്.
കപ്പല്യാത്രക്കിടയിലെ സന്ന്യാസ വ്രതവാഗ്ദാനം
ജസ്യൂട്ട് വൈദികരായ ഫാ. വില്യം വേബ്ബര്, ഫാ. വില്യം മേയര്‍, വൈദ്യശാസ്ത്രം പഠിച്ച ജോണ്‍ കാസ്പര്‍ ഷില്ലിംഗര്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം ഭാരതത്തിലേക്ക് പുറപ്പെട്ടത്. ആദ്യഘട്ടത്തില്‍ വെബ്ബറും അര്‍ണോസും മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വൈദികനായിരുന്ന വില്യം മേയറും, ഫ്രാന്‍സ് കാസ്പര്‍ ഷില്ലിങറും അവരുടെ ഒപ്പം ചേര്‍ന്നു. ലിവെര്‍ണൊയിലേയ്ക്കായിരുന്നു യാത്ര. ഇന്സ്ബ്രൂ, അലക്സാണ്ട്രിയേറ്റാ, അലേപ്പോ, അന്താവ്, എരിവാന്‍, താവ്രിസ്, സുല്ത്താനിയാന്, സാപാന്, ബണ്ടര്‍ അബാസ്, ട്രെന്റ്, വെനികെ, ഫൊറാറാ, ബൊളോഞ്ഞോ, ഫ്ളോറന്‍സ് എന്നീ സ്ഥലങ്ങളിലൂടെ നാലാഴ്ച്കൊണ്ട് അവര്‍ ലിവെര്ണൊയില് എത്തി. യാത്രയിലെല്ലാം വൈദികപഠനവും നടക്കുന്നുണ്ടായിരുന്നു. ലിവെര്‍ണോയില്‍ ഒരു ഫ്രഞ്ചുകപ്പിത്താന്‍ അവരെ സിറിയയില്‍ എത്തിക്കാമെന്നേറ്റു. ആറാഴ്ച കഴിഞ്ഞപ്പോള്‍ അവര്‍ അലക്സാണ്ഡ്രിയയില് എത്തിച്ചേര്‍ന്നു. നവംബര്‍ 3ന് ആരംഭിച്ച് ഡിസംബര്‍ 15 ന് അവസാനിച്ച ഈ യാത്രക്കിടയില്‍ വെബ്ബര്‍ ഈശോ സഭയുടെ സന്ന്യാസ മുറകളിലും നിയമാവലികളിലും ഉള്ള അവശ്യവിജ്ഞാനം ആ യുവാവിന് പകര്‍ന്നു കൊടുത്തു. ഈ യാത്രക്കിടയില്‍ 1699 നവംബര്‍ 30 ന് അര്‍ണ്ണോസ് ഈശോസഭാംഗമായി സന്ന്യാസ വ്രതവാഗ്ദാനം ചെയ്തു. അദാം തുര്‍ക്കിക്കാരുടെ വസ്ത്രം ധരിച്ചിരുന്ന അദ്ദേഹം പിന്നീട് ജെസ്യൂട്ട് സന്ന്യാസ വസ്ത്രം ധരിച്ചു. സിറിയയില്‍ നിന്ന് അര്‍മേനിയ വഴി പേര്‍ഷ്യന്‍ ഗള്‍ഫിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തേക്ക് കരമാര്‍ഗ്ഗം സഞ്ചരിച്ചു. അവിടെ നിന്ന് സൂറത്തിലേയ്ക്ക് കപ്പല്‍ കയറി. കരമാര്‍ഗ്ഗം സഞ്ചരിക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ വച്ച് കോര്സാ നദി കടക്കുന്നതിനിടെ അധിക ചുങ്കം കൊടുക്കേണ്ടിവരികയും പിന്നീട് തുര്‍ക്കി പട്ടാളത്തിന്റെ കിരാതമായ ചോദ്യം ചെയ്യലുകള്‍ക്ക് വിധേയരാവേണ്ടിവന്നതുമെല്ലാം സഹയാത്രികനായ ഷില്ലിംഗറിന്റെ യാത്രാ വിവരണത്തില്‍ വിശദീകരിക്കുന്നുണ്ട്. 1707-ല്‍ ജര്‍മ്മനിയിലെ ന്യൂറന്‍ബര്‍ഗില്‍ നിന്ന് ഈ യാത്രാ വിവരണഗ്രന്ഥം പ്രസിദ്ധീകരിച്ചിരുന്നു. സഞ്ചാരത്തിനിടയില്‍ വച്ച് വില്യം പാതിരിയും വെബ്ബറും പുതിയ സന്ന്യാസാര്ത്ഥികള്ക്ക് നിരന്തരമായി തത്ത്വദീക്ഷ നല്‍കിയിരുന്നു. ബന്ദര്‍ അബ്ബാസിലെത്തിയപ്പൊഴേയ്ക്കും യാത്രക്കാരില്‍ പലരും രോഗഗ്രസ്തരായിക്കഴിഞ്ഞിരുന്നു. തുടര്‍ന്ന് അഞ്ച് ആഴ്ചയും അഞ്ചുദിവസവും കപ്പലില്‍ യാത്ര ചെയ്ത് 1700 ഡിസംബര്‍ 13ന് സൂറത്തിലെത്തി. അതിനിടയില്‍ രോഗാതുരരായ വെബ്ബര്‍ പാതിരിയും ഫാ. വില്യം മേയറും മൃതിയടഞ്ഞു. ആ വൈദികരെ കടലില്‍ തന്നെയാണ് സംസ്കരിച്ചത്. ഈ സംഭവം അര്‍ണ്ണോസിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ചു. ജര്‍മ്മനി, ഇറ്റലി, മാര്‍ട്ടാ സൈപ്രസ്, ക്രേറ്റ, തുര്‍ക്കി, സിറിയ, അര്‍മേനിയ, പേര്‍ഷ്യ തുടങ്ങിയ രാജ്യങ്ങള്‍ വഴിയാണ് അവര്‍ ഭാരതത്തിലെത്തിയത്. അര്‍ണ്ണോസ് ഉള്‍പ്പെടെയുള്ള നാല് ജര്‍മ്മന്‍കാരെ കൂടാതെ 40 പേര്‍ഷ്യക്കാരും 10 അര്‍മേനിയക്കാരും 2 യുറോപ്യന്ക്കാരും ഒരു തുര്ക്കിക്കാരനുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്.
ഇന്ത്യയിലെ സുററ്റ് തുറമുഖത്ത് എത്തുവാന്‍ ഒരു വര്‍ഷത്തിലേറെ കാലമെടുത്തു. വളരെ ക്ലേശങ്ങളും സാഹസികതകളും അപകടങ്ങളും പ്രതികൂല കാലാവസ്ഥകളും സഹനങ്ങളും മറ്റും നിറഞ്ഞതായിരുന്നു ആ കപ്പല്‍ യാത്ര. അതികഠിനമായ ചൂട്, കടല്‍ കൊള്ളക്കാരുടെ അക്രമ സാധ്യത, രോഗപീഡകള്‍, മരണങ്ങള്, അത്യാവശ്യവസ്തുക്കളുടെ ദൗര്‍ലഭ്യം തുടങ്ങിയ പ്രതികൂലാവസ്ഥകള്‍ അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. തുടര്‍ന്ന് പാതിരി ഗോവയിലേയ്ക്ക് യാത്ര തിരിച്ചു. 1701ന്റെ ആരംഭത്തില്‍ ഗോവയിലെത്തി. അവിടെയുള്ള പോര്‍ട്ടുഗീസ് മിഷണറി കേന്ദ്രത്തില്‍ തന്റെ സന്ന്യാസപരിശീലനം പൂര്‍ത്തിയാക്കി. റോമന്‍ പ്രൊപ്പഗാന്താ മിഷനില്‍ പെട്ട അര്‍ണ്ണോസിനെ പാദ്രുവാദായുടെ കീഴിലുള്ള പോര്‍ട്ടുഗീസ് സന്ന്യാസ മഠത്തില്‍ പരിശീലനം നല്‍കിയത് അവിടത്തെ അധികാരിയുടെ മഹാമനസ്കതയും അര്‍ണ്ണോസിന്റെ വിനയവും മൂലമാണ് എന്ന് കരുതപ്പെടുന്നു.
മലയാളക്കരയിലേക്ക്
ഗോവയില്‍ നിന്ന് അദ്ദേഹം അന്നത്തെ കൊച്ചി രാജ്യത്തിലുള്ള അമ്പഴക്കാട് സമ്പാളൂരില്‍ എത്തി. (ഇന്ന് തൃശൂരില്‍ ജില്ലയിലെ മാളയ്ക്കടുത്ത്). മലബാറിലെ പ്രമുഖ ജെസ്യൂട്ട് കേന്ദ്രമായിരുന്നു സമ്പാളൂര്‍. അവിടെ വൈദിക പരിശീലനവും ഒപ്പം ഭാഷാ പഠനവും നടത്തി. 1707-ല്‍ അര്‍ണ്ണോസ് വൈദിക പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ഉദയംപേരൂര്‍, കുറവിലങ്ങാട്, ചേറ്റുവ, മുട്ടത്ത്, കോഴിക്കോട്, വേലൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ അദ്ദേഹം സവിശേഷമായ സേവനശുശ്രൂഷകള്‍ അര്‍പ്പിച്ചു.
സംസ്കൃത പഠനം
ഭാഷാ പഠനത്തില്‍ മുന്‍പന്തിയിലായിരുന്ന അദ്ദേഹം സംസ്കൃതം പഠിക്കാന്‍ കാണിച്ചിരുന്ന താല്പര്യം മാനിച്ച് അന്നത്തെ സാംസ്കാരിക പണ്ഡിതന്മാരുടെ ആസ്ഥാനമായിരുന്ന തൃശൂരിലേയ്ക്ക് (തൃശിവപേരൂര്)അയച്ചു. അദ്ദേഹം പല സാഹിത്യകാരന്മാരോടും സുഹൃദ്ബന്ധം സ്ഥാപിച്ചു. എന്നാല്‍ സംസ്കൃതം പഠിക്കുക അത്ര എളുപ്പമല്ലായിരുന്നു. അന്ന് താഴ്ന്നജാതിക്കാരെ സംസ്കൃതം പഠിക്കാന്‍ സമ്മതിച്ചിരുന്നില്ല. കടല്‍ കടന്നുവന്ന ഒരു വിദേശിയെ സംസ്കൃതം അഭ്യസിപ്പിക്കാന്‍ അന്നത്തെ നമ്പൂരിമാര്‍ ഒട്ടും തയ്യാറായില്ല. എന്നാല്‍ നമ്പൂതിരിമാരില്‍ ഉല്‍പ്പതിഷ്ണുക്കളായ ചിലര്‍ പാതിരിയുടെ വ്യക്തിപ്രഭാവത്തിലും വിനയ, വിജ്ഞാനത്തിലും പ്രാഭാവിതരായി അദ്ദേഹവുമായി അടുത്തിരുന്നു. ഇപ്രകാരം പാതിരിയുടെ ചങ്ങാതിമാരായി മാറിയവരായിരുന്നു അങ്കമാലിക്കാരായ കുഞ്ഞന്‍, കൃഷ്ണന് എന്നീ രണ്ടു നമ്പൂതിരിമാര്‍. അവര്‍ അദ്ദേഹത്തിനെ സംസ്കൃതം അഭ്യസിപ്പിച്ചു. താളിയോലയിലെഴുതിയ സിദ്ധരൂപം അവര്‍ അദ്ദേഹത്തിന് നല്കി. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകൃതികള്‍ അദ്ദേഹം പഠിച്ചു. ഒട്ടുമിക്ക യൂറോപ്യന്മാര്ക്കും ബാലികേറാമലയായിരുന്ന സംസ്കൃതം അദ്ദേഹം ഗുരുമുഖത്തുനിന്നുതന്നെ പഠിച്ചെടുത്തു. അതു പോരാഞ്ഞ് യൂറോപ്യന്‍ ഭാഷയില്‍ സംസ്കൃതത്തിനു വ്യാകരണഗ്രന്ഥവും എഴുതി. ഇതിനു അദ്ദേഹത്തിന്റെ നമ്പൂതിരി ചങ്ങാതിമാര്‍ നല്ലവണ്ണം സഹായം ചെയ്തിരുന്നു. അന്നത്തെ കൊടുങ്ങല്ലൂര്‍ രൂപതാ മെത്രാന് ജോണ്‍ റിബെറോയുടെ കൂടെ നാലുവര്‍ഷത്തോളം സഹവസിച്ച് പഠനം നിര്‍വ്വഹിച്ചതായി രേഖകളുണ്ട്. പുത്തന്‍ചിറയില്‍ വെച്ച് ഉദരസംബന്ധിയായ അസുഖബാധിതനായ അര്‍ണോസ് പാതിരി ചികിത്സാര്‍ത്ഥം വേലൂര്‍ ഗ്രാമത്തിലേയ്ക്ക് മാറിത്താമസിച്ചതായി കരുതപ്പെടുന്നു. ചതുരംഗം, വാസ്തുവിദ്യ, ജ്യോതിഷം, ഭാഷാശാസ്ത്രം, കാവ്യരചന എന്നിവയെ കുറിച്ച് വിമര്‍ശനാത്മകമായ പഠനം നടത്തിയ ആദ്യകാല യൂറോപ്യന്മാരില് ഒരാളായിരുന്നു അര്‍ണോസ് പാതിരി.
മലയാള-സംസ്കൃത ഭാഷാ പഠനങ്ങളില്‍ ആഴപ്പെട്ട അദ്ദേഹം വേലൂരില്‍ വച്ചാണ് തന്റെ പ്രമുഖ കൃതികള്‍ രചിച്ചത്. പാതിരിയുടെ സാഹിത്യ പ്രതിഭയെ കുറിച്ച് മഹാകവി ഉള്ളൂര്‍ അടക്കം പുകഴ്ത്തിയിട്ടുണ്ട്. ഗദ്യ ഗ്രന്ഥങ്ങള്‍ ഒന്നും എഴുതിയിട്ടില്ലെങ്കിലും സംസ്കൃത വ്യാകരണ ഗ്രന്ഥവും പോര്‍ച്ചുഗീസ് മലയാള നിഘണ്ടുവും ആ വിടവ് നികത്തുന്നതാണ്. അദ്ദേഹം തയാറാക്കി കൊണ്ടിരുന്ന നിഘണ്ടു ‘ത’ എന്ന അക്ഷരം വരെയേ പൂര്‍ത്തീകരിക്കാന്‍ സാധിച്ചുള്ളൂ. അടുത്ത നൂറ്റാണ്ടില്‍ ജീവിച്ച ബിഷപ് പി. മെന്റല്‍ ആണ് ആ നിഘണ്ടു പൂര്‍ത്തികരിച്ചത്. നാനാ ജാതി മതസ്ഥരായ വിദ്യാര്‍ഥികള്‍ വളരെ കാലം പാതിരിയുടെ വ്യാകരണ ഗ്രന്ഥമാണ് ഉപയോഗിച്ചത് എന്ന് മഹാകവി ഉള്ളൂര്‍ പറയുന്നുണ്ട്. അന്ന് നിലവിലുണ്ടായിരുന്ന ഗദ്യങ്ങള്‍ സംസ്കൃതത്തിന്റെ അതിപ്രസരം മൂലം സാധാരണ ആളുകള്‍ക്ക് മനസിലാക്കാന്‍ പറ്റാത്തവയായിരുന്നു. ഇതിനു മാറ്റം വന്നത് പാതിരിയുടെ ഇടപെടല്‍ മൂലമാണ്.
ഭാഷാ-സാഹിത്യ സംഭാവനകള്‍
യൂറോപ്യന്മാര്ക്ക് സാഹസമെന്നു കരുതിയിരുന്ന സംസ്കൃതത്തില്‍ അഗാധമായ പാണ്ഡിത്യം നേടിയവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടു, മലയാളം-പോര്‍ച്ചുഗീസ് വ്യാകരണം, മലയാളം-സംസ്കൃത നിഘണ്ടു, ഗ്രന്ഥഭാഷയുടെ സംസ്കൃത വ്യാകരണം, പുത്തന്‍പാന, ചതുരന്ത്യം, ഉമ്മാപര്‍വം, ഉമ്മയുടെ ദുഃഖം, വ്യാകുല പ്രബന്ധം, ജനോവാപര്വം, ആവേ മരിയസ് സ്റ്റെല്ല എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന ഭാഷാ-സാഹിത്യ രചനകള്‍. ബൈബിളിന്റെ മലയാള പരിഭാഷയ്ക്ക് നൂറ്റാണ്ടുകള്‍ക്കുമുമ്പേ, സുവിശേഷങ്ങളും മറ്റും അടുത്തറിയാന്‍ തന്റെ രചനകളിലൂടെ അദ്ദേഹം അവസരമൊരുക്കി. മലയാള പദ്യസാഹിത്യത്തിന് മിഷണറിമാരുടെ കൂട്ടത്തില്‍ വലിയ സംഭാവന നല്‍കിയത് അദ്ദേഹം തന്നെയാണ്. സാഹിത്യരൂപത്തില്‍ സുവിശേഷ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വൈജ്ഞാനിക രചനകള്‍ക്കൊപ്പം മാതൃഭാഷയില്‍ മാത്രം സാധ്യമാകുന്ന സര്‍ഗ്ഗാത്മക സാഹിത്യത്തിലും അദ്ദേഹം മലയാള ഭാഷയില്‍ ഐതിഹാസികമായ രചനകള്‍ നടത്തി എന്നതാണ് അദ്ദേഹത്തിന്റെ കൃതികളെ ശ്രദ്ധേയമാക്കുന്നത്.
പൗരസ്ത്യ-പാശ്ചാത്യ സാംസ്കാരിക സമന്വയത്തിനായി പരിശ്രമിച്ച അദ്ദേഹം വഴിയാണ് നമ്മുടെ സംസ്കാരത്തേയും ഭാഷകളേയും കുറിച്ചും മറ്റും യൂറോപ്പില്‍ ആദ്യമായ ആഴമായ അറിവ് ലഭിക്കുന്നത്. ശൂരനാട് കുഞ്ഞന്‍പിള്ള ഇപ്രകാരം എഴുതി: ‘കേരളസാഹിത്യം എന്നും കൃതജ്ഞതയോടെ ഓര്‍മിക്കേണ്ട സേവനങ്ങള്‍കൊണ്ട് അനശ്വരകീര്‍ത്തി നേടിയിട്ടുള്ള ഒരു ധന്യനാണ് അര്‍ണ്ണോസ് പാതിരി. പല പാശ്ചാത്യ പണ്ഡിതന്മാരും നമ്മുടെ ഭാഷയ്ക്കുവേണ്ടി വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അര്‍ണ്ണോസ് പാതിരിയേക്കാള് നമ്മുടെ ഭാഷയെ സ്നേഹിച്ച ഒരു വിദേശിയനെ പറ്റി ഓര്‍മിക്കാന്‍ പ്രയാസമാണ്’.
പഴുവില്‍ പള്ളിയില്‍വച്ച് 1732 മാര്‍ച്ച് 20-നാണ് അദ്ദേഹം ദിവംഗതനായത്. പഴുവിലെ പള്ളിയില്‍ തന്നെയാണ് അദ്ദേഹത്തെ സംസ്കരിച്ചത്. 1732 ജൂലൈ 27ന് ജര്‍മ്മന്‍കാരനായ ഫാ. ബെര്‍ണാര്‍ഡ് ബിഷോപ്പിങ്ക്, അര്‍ണോസ് പാതിരിയുടെ മരണക്കുറിപ്പ് റോമിലേയ്ക്ക് അയച്ചതിന് രേഖകളുണ്ട്. ആര്‍ച്ച്ബിഷപ് പി. മെന്റല്‍ പൊട്ടിക്കരഞ്ഞുവെന്നും കൊച്ചി രാജാവ് വരെ അനുശോചനം അറിയിച്ചുവെന്നും ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നു.
ഭാഷാ-സാഹിത്യസേവനരംഗത്ത് അര്‍പ്പിച്ച നിസ്തുല പരിശ്രമങ്ങളുടെ ഫലമായാണ് പൊതുസമൂഹത്തില്‍ അദ്ദേഹം ഇന്നും ഏറെ സ്മരിക്കപ്പെടുന്നത്. അല്ലെങ്കില്‍ സുവിശേഷ പ്രചരണത്തിനായി ഇവിടെയെത്തിയ അനേകം മിഷണറിമാരുടെ ഗണത്തില്‍ ഒരാളായി മാത്രം അദ്ദേഹം വിസ്മരിക്കപ്പെട്ടുപോകുമായിരുന്നു. മിഷണറിമാര്‍ സാധാരണ നാട്ടുഭാഷകളില്‍ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുക. അതിനു അപ്പുറത്തേക്ക് അവരുടെ ശ്രദ്ധ പോകുന്നത് വളരെ അപൂര്‍വ്വം ആയിരുന്നു. മാത്രമല്ല വിദേശികളെ (അവര്‍ണ്ണരേയും) സംസ്കൃതം പഠിപ്പിക്കുന്നത് അന്നത്തെ സവര്‍ണര്‍ പ്രത്സാഹിപ്പിച്ചിരുന്നുമില്ല. പക്ഷെ അര്‍ണ്ണോസ് പാതിരി ഇക്കാര്യത്തില്‍ വ്യത്യസ്തന് ആയിരുന്നു. ഇന്ത്യയിലെത്തി കുറച്ചു നാളുകള്‍ക്കകം തന്നെ അദ്ദേഹം മലയാളം, തമിഴ് ഭാഷകള്‍ പഠിച്ചു. പിന്നിട് അദ്ദേഹത്തിന്റെ ശ്രദ്ധ സംസ്കൃതത്തിലേക്ക് തിരിഞ്ഞു. വിദേശികളെ സംസ്കൃതം പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല എങ്കിലും തന്റെ വ്യക്തിത്വവും സ്വഭാവശ്രേഷ്ഠതയും പഠിക്കാന്‍ ഉള്ള ത്വരയും ഒക്കെ കൂടി സ്വദേശികളായ സംസ്കൃത അധ്യാപകരെ നേടിയെടുക്കാന്‍ അര്‍ണ്ണോസിനെ പ്രാപ്തനാക്കി.
ഗ്രാമറ്റിക്ക ഗ്രാന്ഡോണിക്ക
അര്‍ണ്ണോസ് പാതിരിയുടെ ഗ്രാമറ്റിക്ക ഗ്രാന്ഡോണിക്ക എന്ന പുസ്തകം റോമിലെ ഒരു പുരാതന മഠത്തില്‍ നിന്ന് 2010ല്‍ കണ്ടെടുത്തിരുന്നു. അന്ന് വിദേശ വാര്‍ത്താമാധ്യമങ്ങള്‍ ഇതിന് വളരെയേറെ പ്രാധാന്യം നല്കി.’ 18-ാം നൂറ്റാണ്ടില്‍ ജര്‍മ്മന്‍ ജെസ്യൂട്ട് അര്‍ണോസ് പാതിരി (ജോഹാന്‍ ഏണസ്റ്റ് വോണ്‍ ഹാന്ക്സ്ലെഡന്) എഴുതിയ സംസ്കൃത വ്യാകരണമാണ് ഗ്രാമറ്റിക്ക ഗ്രാന്ഡോണിക്ക. കേരളത്തിലെ ഒരു മിഷനറി എന്ന നിലയില്‍ ഹാന്ക്സ്ലെഡന് രണ്ട് ബ്രാഹ്മണരില്‍ നിന്ന് സംസ്കൃതം പഠിച്ചിരുന്നു. സാധാരണയായി പുറത്തുനിന്നുള്ളവര്‍ക്ക് അക്കാലത്ത് ആ ഭാഷ പഠിപ്പിച്ചിരുന്നില്ല. പാശ്ചാത്യലോകത്തെ സംസ്കൃതത്തെക്കുറിച്ചുള്ള ആദ്യകാല ഭാഷാപരമായ കൃതികളില്‍ ഒന്നാണ് അദ്ദേഹത്തിന്റെ വ്യാകരണം. മോണ്ടെ കോംപാട്രിയിലെ കാര്‍മെലൈറ്റ് ആശ്രമത്തില്‍ ആന്റ്വെര്‍പ്പ് ഭാഷാ പണ്ഡിതനായ ടൂണ്‍ വാന്‍ ഹാല് 2010-ല്‍ കണ്ടെത്തുന്നതുവരെ ഈ കൈയെഴുത്തുപ്രതി പതിറ്റാണ്ടുകളായി കാണാതായിരുന്നു. ഈ കൃതി എഴുതിയ കാലഘട്ടം 1730-32 ആണെന്ന് കരുതുന്നു.’ എന്നായിരുന്നു മാധ്യമങ്ങളിലെ വാര്‍ത്തകളിലെ കാതല്‍.
മലയാളത്തെ സംബന്ധിച്ചിടത്തോളം ഗ്രാമറ്റിക്ക ഗ്രാന്ഡോണിക്കയുടെ പ്രാധാന്യം മലയാളലിപിയാണ് സംസ്കൃതം എഴുതാന്‍ ഉപയോഗിച്ചിരിക്കുന്നത് എന്നതാണ്. പക്ഷെ കേരളത്തെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രത്യേകതകള്‍ ഉണ്ട്. അതില്‍ പ്രധാനം അര്‍ണ്ണോസ് പാതിരി കേരളത്തില്‍ വെച്ചാണ് ഈ കൃതി എഴുതിയത് എന്നതു തന്നെ. പിന്നീട് 1732-ല്‍ അര്‍ണ്ണോസ് പാതിരി മരിച്ചതിനു ശേഷം 50 വര്‍ഷത്തോളം ഈ കൃതി കേരളത്തില്‍ തന്നെ ഉണ്ടായിരുന്നു. ഏതാണ്ട് 1790നോട് അടുത്ത് ഈ കൈയ്യെഴുത്ത് പ്രതി പൗളിനോസ് പാതിരി റോമിലേക്ക് കൊണ്ടു പോയി അവിടെ ഒരു മൊണാണ്സ്റ്ററിയില് സൂക്ഷിക്കുകയായിരുന്നു. അവിടെ നിന്നാണ് ഇപ്പോഴത് കണ്ടെടുത്തത്.
ബഹുമുഖ സാഹിത്യപ്രതിഭയും ഭാഷാ പണ്ഡിതനും മിഷണറി ശ്രേഷ്ഠനുമായ അര്‍ണ്ണോസ് പാതിരിയെ അനുസ്മരിച്ച് അഴീക്കോട് മാഷ് ഇപ്രകാരമാണ് പ്രസ്താവിച്ചത്: ‘പാതിരിയുടെ പ്രവര്‍ത്തനങ്ങളെ ആകമാനം പരിശോധിക്കുമ്പോള്‍ അത് നിറവേറ്റാന്‍ ഒരു ആറേഴ് ദശാബ്ദം വേണ്ടിവരും എന്ന് ഊഹിക്കത്തക്കവിധത്തില്‍ ആ പ്രയത്നങ്ങള്‍ അതിവിപുലങ്ങളും അത്യഗാധങ്ങളുമാണ്. പക്ഷെ എല്ലാം ഒരു പത്തമ്പത് വയസ്സിനുള്ളിലൊതുക്കിയിട്ട് അദ്ദേഹം പോവുകയായിരുന്നു. ചെറിയ കാലം കൊണ്ട് കര്‍മം ചെയ്യുക എന്നത് കര്‍മത്തിന്റെ സാന്ദ്രതയെ വര്‍ധിപ്പിക്കുന്നു’.
അര്‍ണോസ് പാതിരിയുടെ പ്രധാനകൃതികള്‍
ചതുരന്ത്യം മലയാള ക്രിസ്തീയകാവ്യം
പുത്തന്‍ പാന മലയാള ക്രിസ്തീയകാവ്യം
ഉമ്മാപര്‍വ്വം മലയാള ക്രിസ്തീയകാവ്യം
ഉമ്മാടെ ദുഃഖം
വ്യാകുലപ്രബന്ധം മലയാള കാവ്യം
ആത്മാനുതാപം മലയാള കാവ്യം
വ്യാകുലപ്രയോഗം മലയാള കാവ്യം
ജനോവ പര്‍വ്വം മലയാള കാവ്യം
മലയാള-സംസ്കൃത നിഘണ്ടു
മലയാളം-പോര്‍ട്ടുഗീസു നിഘണ്ടു
മലയാളം-പോര്‍ട്ടുഗീസ് വ്യാകരണം
സംസ്കൃത-പോര്‍ട്ടുഗീസ് നിഘണ്ടു
അവേ മാരീസ് സ്റ്റെല്ലാ ( സമുദ്രതാരമേ വാഴ്ക) ഇതു കണ്ടു കിട്ടിയിട്ടില്ല.
സംസ്കൃതഭാഷയെ അധികരിച്ച്
ലത്തീന്‍ ഭാഷയില്‍ എഴുതിയ പ്രബന്ധങ്ങള്‍
വാസിഷ്ഠസാരം
വേദാന്തസാരം
അഷ്ടാവക്രഗീത
യുധിഷ്ടിര വിജയം
മറ്റൊരു സംഭാവന ഭാഷാ പഠനത്തിലാണ്. നേരിട്ടല്ലെങ്കില്‍ കൂടിയും പാതിരിയുടെ സംസ്കൃത നിഘണ്ടുവും രചനകളും കാണാനിടയായ സര് വില്യം ജോണ്‍സ് ലത്തീന്‍ ഭാഷയിലും സംസ്കൃതത്തിലുമുള്ള സാമ്യങ്ങള്‍ ശ്രദ്ധിക്കുകയും അതു വഴി ഭാഷയുടെ വികാസത്തെപറ്റി പഠിക്കുകയും ചെയ്തു. ഇത് ഭാഷാ പഠനത്തിലെ ഒരു വഴിത്തിരിവാണ്.
അതുല്യ ഭാഷാ-സാഹിത്യ പ്രതിഭയായ അര്‍ണ്ണോസ് പാതിരിയുടെ ധന്യസ്മരണകള്ക്ക് പ്രണാമം.