ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. ‘വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അദ്ഭുതം’ ഞായറാഴ്ച ആഞ്ജലുസ് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചിരുന്നു.
വത്തിക്കാന്‍ സിറ്റി: റോമിലെ അഗസ്തീനോ ജെമെല്ലി യൂണിവേഴ്സിറ്റി പോളിക്ലിനിക് ആശുപത്രിയില്‍ 25 ദിവസങ്ങള്‍ പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ, ന്യൂമോണിയയും ശ്വസന സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട അപകടനില തരണം ചെയ്തതായി മെഡിക്കല്‍ സംഘം സ്ഥിരീകരിച്ചു.
ഒരാഴ്ചയായി ശ്വസന പ്രതിസന്ധിയോ പനിയോ ഒന്നുമില്ലാതെ, രക്തത്തിലെ ഓക്സിജന്റെ തോത് വേണ്ടവണ്ണം നിലനിര്‍ത്തിയും ഔഷധങ്ങളോടും ചികിത്സാവിധികളോടും നന്നായി പ്രതികരിച്ചും പാപ്പായുടെ ആരോഗ്യസ്ഥിതി ‘സംയോജിതവും സുസ്ഥിരവുമായ രീതിയില്‍’ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. എങ്കിലും ആശുപത്രിയുടെ സുരക്ഷിത അന്തരീക്ഷത്തില്‍ കുറച്ചുനാള്‍ കൂടി ചികിത്സയില്‍ കഴിയേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
മാര്‍ച്ച് 13ന് വ്യാഴാഴ്ച, പരിശുദ്ധ സിംഹാസനത്തിലേക്ക് ഫ്രാന്‍സിസ് പാപ്പാ തിരഞ്ഞെടുക്കപ്പെട്ടതിന്റെ 12-ാം വാര്‍ഷികമാണ്. അന്നും പാപ്പാ ആശുപത്രിയില്‍ തുടരാനാണ് സാധ്യത.
”രക്തപരിശോധനാ ഫലങ്ങളും ക്ലിനിക്കല്‍ നിരീക്ഷണ സൂചകങ്ങളും ഫാര്മക്കോളജിക്കല് തെറപ്പിയുടെ ഫലങ്ങളും ആരോഗ്യനിലയില്‍ നല്ല പുരോഗതിയാണ് കാണിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍, രോഗവിമുക്തിയെക്കുറിച്ചുള്ള നിഗമനങ്ങള്‍ വെളിപ്പെടുത്താനാവില്ല എന്ന് ഇതേവരെ ഡോക്ടര്‍മാര്‍ കൈക്കൊണ്ട നിലപാടില്‍ ഇപ്പോള്‍ മാറ്റംവരുത്തിയിട്ടുണ്ട്,” തിങ്കളാഴ്ച വൈകീട്ട് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞു. ഗുരുതരനില പിന്നിട്ടുവെന്നും തത്കാലം ജീവനു ഭീഷണിയൊന്നുമില്ലെന്നുമാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.
പൊന്തിഫിക്കല്‍ ഭവനത്തിലെ ഔദ്യോഗിക പ്രഭാഷകന്‍ ഫ്രാന്‍സിസ്കന്‍ കപ്പൂച്ചിന്‍ സന്ന്യാസി റൊബെര്‍ത്തോ പസോളിനി ‘നിത്യജീവന്റെ പ്രത്യാശ’ എന്ന വിഷയത്തെ അധികരിച്ച് ഞായറാഴ്ച വത്തിക്കാനില്‍ ആരംഭിച്ച റോമന്‍ കൂരിയയുടെ നോമ്പുകാല ധ്യാനത്തില്‍ ഫ്രാന്‍സിസ് പാപ്പാ വീഡിയോ ലിങ്കിലൂടെ സംബന്ധിക്കുന്നുണ്ട്. ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലെ പേപ്പല്‍ സ്യൂറ്റില് ചാരുകസേരയിലിരുന്ന് ധ്യാനത്തില്‍ ആത്മീയമായി പങ്കുചേരുന്ന പാപ്പായ്ക്ക് ഫാ. പസോളിനിയെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാനും കഴിയും. എന്നാല്‍ പാപ്പായുടെ ദൃശ്യമോ ശബ്ദമോ വത്തിക്കാനിലെ പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ ആധ്യാത്മിക ധ്യാനത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കും കാണാനോ കേള്‍ക്കാനോ കഴിയില്ല.
പേപ്പല്‍ ധ്യാനഗുരു എന്ന നിലയില്‍ ഫാ. പസോളിനി നയിക്കുന്ന ആദ്യത്തെ നോമ്പുകാല ധ്യാനപ്രഭാഷണം ഇന്നലെ രാവിലെ വീഡിയോ ലിങ്കിലൂടെ ശ്രവിച്ച പരിശുദ്ധ പിതാവ്, തുടര്‍ന്ന് പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ആശുപത്രിയിലെ പേപ്പല്‍ അപ്പാര്‍ട്ടുമെന്റിലെ ചാപ്പലില്‍ കുറച്ചുനേരം പ്രാര്‍ഥിക്കുകയും ചെയ്തു. ഉച്ചയ്ക്കുശേഷവും പാപ്പാ ധ്യാനപ്രഭാഷണം കേട്ടു. തുടര്‍ന്ന് പ്രാര്‍ഥനയിലും വിശ്രമത്തിലുമായി പകല്‍ ചെലവഴിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആശുപതിയില്‍ തന്നെ ശുശ്രൂഷിക്കുന്നവര്‍ക്കൊപ്പം പാപ്പാ ഞായറാഴ്ച രാവിലെ പേപ്പല്‍ ചേംബറിനോടു ചേര്‍ന്നുള്ള ചാപ്പലില്‍ വിശുദ്ധബലിയില്‍ സംബന്ധിച്ചു. തുടര്‍ന്ന് ശ്വസനവും ചലനവും മെച്ചപ്പെടുത്തുന്നതിനുള്ള റെസ്പിറേറ്ററി, മോട്ടോര്‍ തെറപ്പികള്ക്കും പാപ്പാ വിധേയനായി. പകല്‍ സമയത്ത്, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന പ്രവാഹമുള്ള സപ്ലിമെന്റല്‍ ഓക്സിജന്‍ തെറപ്പിയും, രാത്രി ശ്വാസകോശ വികാസത്തിനും മറ്റും സഹായകമായ നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷനും പാപ്പായ്ക്ക് നല്‍കിവരുന്നുണ്ട്.
”സഹോദരീ സഹോദരന്മാരേ, എന്റെ നീണ്ട ആശുപത്രിവാസത്തിനിടയില്‍, സേവനൗത്സുക്യവും പരിചരണത്തിലുള്ള ആര്‍ദ്രതയും ഞാന്‍ അനുഭവിച്ചറിയുന്നു, പ്രത്യേകിച്ച് ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന്. അവര്‍ക്ക് എന്റെ ഹൃദയങ്ഗമമായ നന്ദി. ഇവിടെ ആയിരിക്കുന്ന ഈ വേളയില്‍ ഞാന്‍, വ്യത്യസ്ത രീതികളില്‍ രോഗികളുടെ ചാരത്തായിരിക്കുന്നവരെക്കുറിച്ച് ചിന്തിക്കുന്നു. ഈ രോഗികള്‍ക്ക് അവര്‍ കര്‍ത്താവിന്റെ സാന്നിധ്യത്തിന്റെ അടയാളമാണ്. നമുക്കു വേണ്ടത് ഇതാണ്, പരീക്ഷണങ്ങളില്‍ ആയിരിക്കുന്നവര്‍ക്ക്, വേദനയുടെ അന്ധകാരത്തില്‍ അല്പം വെളിച്ചം കൊണ്ടുവരുന്ന ആര്‍ദ്രതയുടെ അത്ഭുതം,” ഞായറാഴ്ച മധ്യാഹ്നപ്രാര്ഥനാ സന്ദേശത്തില്‍ പാപ്പാ പറഞ്ഞു. ആശുപത്രിവാസത്തിനിടെ നാലാമത്തെ ഞായറാഴ്ചയാണ് ഉച്ചയ്ക്കുള്ള ‘ആഞ്ജലുസ്’ പൊതുദര്‍ശനവും സന്ദേശവും ആശീര്‍വാദവും വിശ്വാസികള്‍ക്കും തീര്‍ഥാടകര്‍ക്കും നേരിട്ടു നല്കാനാവാതെ തന്റെ സന്ദേശം വത്തിക്കാന്‍ വാര്ത്താകാര്യാലയത്തിലൂടെ പാപ്പാ പുറത്തുവിടുന്നത്. സകലരെയും കന്യകമറിയത്തിന്റെ മാതൃസന്നിഭ മാധ്യസ്ഥ്യത്തിന് ഭരമേല്‍പ്പിക്കുകയും, പീഡിത യുക്രെയ്നിലും പലസ്തീനിലും ഇസ്രയേലിലും ലെബനനിലും സിറിയയിലും മ്യാന്മറിലും സുഡാനിലും കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും സമാധാനദാനം ലഭിക്കുന്നതിനായി പ്രാര്‍ഥിക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തുകൊണ്ടാണ് ത്രികാലജപ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.
പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനായി ദിവസവും രാതി ഒന്‍പതിന് വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ നടത്തിവരുന്ന ജപമാല പ്രാര്‍ഥന, റോമന്‍ കൂരിയായില്‍ പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍മാരും ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും വൈദികരും സന്ന്യസ്തരും അല്മായരും ഉള്‍പ്പെടെയുള്ളവര്‍ക്കായി നടത്തുന്ന നോമ്പുകാല ധ്യാനത്തിന്റെ ഭാഗമായി വൈകീട്ട് ആറിന് ബസിലിക്കയ്ക്ക് തൊട്ടടുത്തുള്ള പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളില്‍ മാര്‍ച്ച് 14 വരെ നടത്തുമെന്ന് വത്തിക്കാന്‍ അറിയിച്ചിട്ടുണ്ട്. വത്തിക്കാന്‍ ചത്വരത്തില്‍ എത്തുന്ന തീര്‍ഥാടകരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ക്ക് മാക്സി-സ്ക്രീനില്‍ വീഡിയോ ലിങ്കിലൂടെ ഈ ജപമാലയര്‍പ്പണത്തില്‍ പങ്കുചേരാനാകും. വത്തിക്കാന്‍ ന്യൂസ് ചാനലുകളിലൂടെ ലോകമെമ്പാടുമുള്ളവര്‍ക്കായി ഇത് സംപ്രേഷണം ചെയ്യുന്നുണ്ട്. മാര്‍ച്ച് 14ന് സമൂഹപ്രാര്‍ഥന ”വിശ്വാസത്തിന്റെയും സഭയുടെ കൂട്ടായ്മയുടെയും അടയാളമായി’ കൂടുതല്‍ ഊര്‍ജിതമായ രൂപത്തില്‍ പുനരാരംഭിക്കുമെന്നും വത്തിക്കാന്‍ വാര്‍ത്താകാര്യാലയം അറിയിച്ചു.
വലിയ നോമ്പുകാലത്തെ ആദ്യ ഞായറാഴ്ച രാത്രി ഫ്രാന്‍സിസ് പാപ്പായ്ക്കുവേണ്ടി വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റും റോമാ രൂപതയും ചേര്‍ന്നു നടത്തിയ ജപമാല പ്രാര്‍ഥനയില്‍ വത്തിക്കാനിലെ സാംസ്കാരിക ഡികാസ്റ്ററിയുടെ പ്രീഫെക്ട് പോര്‍ച്ചുഗീസ് കര്‍ദിനാള്‍ ഹോസെ തോളേന്തീനോ മേന്തോത്സ നേതൃത്വം നല്കി. ‘സഭയുടെ മാതാവായ മറിയത്തിന്റെ’ തിരുസ്വരൂപത്തിനു മുന്പില് പ്രത്യേക പ്രാര്‍ഥന നടത്തി, മറിയത്തോടുള്ള ഗാനവും ആലപിച്ചു. പരിശുദ്ധ പിതാവിനെ പ്രത്യേകം സമര്‍പ്പിച്ചുകൊണ്ടുള്ള പ്രാര്‍ഥനയില്‍, യേശുവിന്റെ കുരിശിന്റെ ചുവട്ടില്‍ വിശ്വസ്തതയോടെ നിന്ന പ്രത്യാശയുടെ കാവല്ക്കാരിയും മാതൃകയുമായ പരിശുദ്ധ അമ്മ, കുരിശിന്റെ ഭാരം സാഹോദര്യത്തോടെ പങ്കിടുന്നതിനു നമ്മെ സഹായിക്കട്ടെയെന്നും കര്‍ദിനാള്‍ മേന്തോത്സ ആശംസിച്ചു.
തിങ്കളാഴ്ച വൈകീട്ട് ആറിന് ജപമാല പ്രാര്‍ഥന നയിച്ചത് അല്മായര്ക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ടും അപ്പസ്തോലിക ചേംബറിന്റെ കമര്ലെംഗോയും വത്തിക്കാന്‍ നിക്ഷേപങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിറ്റി പ്രസിഡന്റും രഹസ്യസ്വഭാവമുള്ള കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കമ്മിഷന് പ്രസിഡന്റുമായ ഐറിഷ് വംശജനായ അമേരിക്കന്‍ കര്‍ദിനാള്‍ കെവിന് ജോസഫ് ഫാരെല്‍ ആണ്.
വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് പ്രധാനമന്ത്രിയെന്നു വിശേഷിപ്പിക്കപ്പെടാറുള്ള വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി ഇറ്റാലിയന്‍ കര്‍ദിനാള്‍ പിയെത്രോ പരോളിന്, സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ രണ്ടാം സ്ഥാനക്കാരനായ പൊതുകാര്യങ്ങള്‍ക്കായുള്ള സബ്സ്റ്റിറ്റിയൂട്ട് വെനസ്വേലക്കാരനായ ആര്‍ച്ച്ബിഷപ് എഡ്ഗാര്‍ പേഞ്ഞ പാറ എന്നിവരുമായി പാപ്പാ ഞായറാഴ്ച ആശുപതിയില്‍ വച്ച് മൂന്നാംവട്ടം കൂടിക്കാഴ്ച്ച നടത്തി. സഭയിലെ ഏറ്റവും പ്രധാനപ്പെട്ട ആനുകാലിക വിഷയങ്ങള്‍ സംബന്ധിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രധാന സംഭവവികാസങ്ങളെക്കുറിച്ചും ഇരുവരും പാപ്പായെ ധരിപ്പിച്ചുവെന്നാണ് സൂചന.
തന്റെ മാതൃരാജ്യമായ അര്‍ജന്റീനയിലെ ബാഹിയ ബ്ലാങ്കാ തുറമുഖ നഗരത്തില്‍ മിന്നല്‍പ്രളയത്തിലുണ്ടായ ജീവഹാനിയെയും നാശനഷ്ടങ്ങളെയും കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പാപ്പാ ദുരിതബാധിതരെ തന്റെ ആത്മീയ സാമീപ്യം അറിയിച്ചുകൊണ്ട് അവര്‍ക്കായി പ്രാര്‍ഥിക്കുന്നതായി പ്രത്യേക സന്ദേശം അയച്ചു.
ആശുപതിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായോടുള്ള തങ്ങളുടെ സ്നേഹവും കരുതലും എടുത്തുപറഞ്ഞുകൊണ്ട് പലസ്തീനിലെ ബെത്ലഹേം സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ കത്തയച്ചു. വിദ്യാര്‍ഥികളുടെ പ്രതിനിധിസംഘ നേതാവിന്റെ കൈയൊപ്പോടുകൂടിയ കത്ത്, സര്‍വകലാശായിലെ എല്ലാ വിദ്യാര്‍ഥികളും ക്രൈസ്തവ യുവജനസംഘവും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. നീതിക്കും മാനവാന്തസ്സിനും സമാധാനത്തിനും വേണ്ടി അചഞ്ചലമായി നിലകൊണ്ട പാപ്പായുടെ ധീരതയെ അതില്‍ പ്രത്യേകം അനുസ്മരിക്കുന്നുണ്ട്. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. ഹെര്‍ണാന്‍ സാന്തോസ് ഗോണ്‍സാലെസ് പങ്കുവച്ച കത്തില്‍, ആഗമനകാലത്ത് ഫ്രാന്‍സിസ് പാപ്പാ ഈ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അയച്ച കത്തിലെ ഒരു ഭാഗം ഉദ്ധരിക്കുന്നു: ‘ഒരിക്കലും ഒറ്റയ്ക്കു പോകാന്‍ ശ്രമിക്കരുത്’ എന്ന പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ എടുത്തുപറഞ്ഞുകൊണ്ട്, ഈ അവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പാ ഒറ്റയ്ക്കല്ല, തങ്ങളെല്ലാവരും കൂടെയുണ്ടെന്ന് അവര്‍ ഉറപ്പുനല്‍കുന്നുണ്ട്.