”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.” ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പാ ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയില്‍ അനുക്രമമായ നേരിയ പുരോഗതി കാണുന്നുണ്ടെന്നും ശനിയാഴ്ച വൈകീട്ട് ഏഴിന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയം പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
”കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ പരിശുദ്ധ പിതാവിന്റെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ മെച്ചപ്പെട്ട നിലയില്‍ വ്യതിയാനങ്ങളില്ലാതെ തുടരുകയാണ്. ചികിത്സാവിധികളോട് നന്നായി പ്രതികരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.”
ശ്വാസനാളവീക്കത്തിനും ന്യൂമോണിയയ്ക്കും 23 ദിവസമായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പാപ്പാ ശനിയാഴ്ച രാവിലെ ആശുപത്രിയിലെ തന്റെ മുറിയോടു ചേര്‍ന്നുള്ള ചാപ്പലില്‍ പരിശുദ്ധ കുര്‍ബാന സ്വീകരിച്ച് കുറച്ചുനേരം പ്രാര്‍ഥിക്കുകയും, പകല്‍ ശ്വസനവും ചലനശേഷിയും മെച്ചപ്പെടുത്തുന്നതിനുള്ള ഫിസിയോതെറപ്പിക്കും മറ്റു പരിചരണങ്ങള്‍ക്കുമിടയില്‍ ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും ചെയ്തതായി 48 മണിക്കൂര്‍ ഇടവേളയ്ക്കുശേഷം ഇറക്കിയ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്കുവേണ്ടി പ്രാര്‍ഥിക്കുന്നവര്‍ക്കെല്ലാം നന്ദിയര്‍പ്പിച്ചുകൊണ്ടും ഏവരെയും പരിശുദ്ധ മാതാവിന്റെ മാധ്യസ്ഥ്യത്തിനു സമര്‍പ്പിച്ചുകൊണ്ടും ആശുപത്രിയില്‍ നിന്ന് പരിശുദ്ധ പിതാവ് അയച്ച ശബ്ദസന്ദേശം കഴിഞ്ഞ വ്യാഴാഴ്ച രാത്രി വത്തിക്കാനില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ പാപ്പായുടെ രോഗശാന്തിക്കായി ജപമാലയര്പ്പിക്കുന്നതിനു മുമ്പായി സംപ്രേഷണം ചെയ്യുകയുണ്ടായി. തന്റെ മാതൃഭാഷയായ സ്പാനിഷില്‍, ലേശം ക്ലേശിച്ചും വീര്പ്പുമുട്ടലോടെയും സംസാരിച്ച പാപ്പായുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ദൈവജനം ശ്രവിച്ചത്. എന്നാല്‍, ആരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു പരിശുദ്ധ പിതാവിന്റെ രോഗാവസ്ഥ പ്രതിഫലിപ്പിക്കുന്ന ആ വിങ്ങല്‍.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ പ്രാര്‍ഥനയിലും സ്നേഹവാത്സല്യത്തിലും സംവഹിക്കപ്പെടുന്ന അനുഭവത്തെക്കുറിച്ച് നേരത്തെ സൂചിപ്പിച്ച പാപ്പാ, തന്റെ ആ സന്ദേശം സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ തന്നെ ആത്മീയമായി അനുഗമിക്കുന്നവര്ക്കൊപ്പം ലോകത്തെ വിശ്വാസിസമൂഹങ്ങളെയും കേള്‍പ്പിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി വത്തിക്കാന്‍ വാര്ത്താകാര്യാലയ ഡയറക്ടര്‍ മത്തെയോ ബ്രൂണി വെള്ളിയാഴ്ച വെളിപ്പെടുത്തിയിരുന്നു.
ആരോഗ്യനില ക്രമേണ മെച്ചപ്പെടുമ്പോഴും ഏതാനും ദിവസം കൂടി നിരീക്ഷിച്ചതിനുശേഷമേ പാപ്പായുടെ സങ്കീര്ണാവസ്ഥയെക്കുറിച്ചുള്ള മെഡിക്കല്‍ നിഗമനങ്ങള്‍ സ്ഥിരീകരിക്കാനാകൂ എന്നാണ് ജെമെല്ലി ആശുപത്രിയില്‍ പാപ്പായെ പരിചരിക്കുന്ന മെഡിക്കല്‍ സംഘം പറയുന്നത്.
ഈ ഞായറാഴ്ചയും പാപ്പായ്ക്ക് മധ്യാഹ്നപ്രാര്ഥനയ്ക്കായി പൊതുദര്‍ശനം നല്‍കാനാവില്ല. വിശ്വാസികളെയും തീര്‍ഥാടകരെയും അഭിമുഖീകരിച്ച് ആഞ്ജലുസ് സന്ദേശം നല്കാന് കഴിയാതെ പോകുന്നത് നാലാമത്തെ ഞായറാഴ്ചയാണ്. എന്നാല്‍ പാപ്പായുടെ സന്ദേശം വത്തിക്കാനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നതാണ്.
പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ബ്രിട്ടന്റെയും അയര്‍ലന്‍ഡിന്റെയും എംബസികള്‍ വെള്ളിയാഴ്ച പാപ്പായ്ക്കുവേണ്ടി എക്യുമെനിക്കല്‍ പ്രാര്‍ഥനാശുശ്രൂഷ സംഘടിപ്പിച്ചു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റില്‍ വിദേശരാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ ചുമതല വഹിക്കുന്ന സെക്രട്ടറി ബ്രിട്ടീഷ് ആര്‍ച്ച്ബിഷപ് പോള്‍ ഗാലഗര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. റോമിലെ നയതന്ത്രജ്ഞര്‍ ഈ പ്രാര്‍ഥനാശുശ്രൂഷയില്‍ സംബന്ധിച്ചു.
പാപ്പായ്ക്കും മറ്റു രോഗികള്‍ക്കുമായി വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ രാത്രി ഒന്‍പതുമണിക്ക് അര്‍പ്പിച്ചുവരുന്ന ജപമാല പ്രാര്‍ഥന വെള്ളിയാഴ്ച നയിച്ചത് വൈദികര്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് ദക്ഷിണ കൊറിയന്‍ കര്‍ദിനാള്‍ ലാസറോ യു ഹെവുങ് സിക് ആണ്. പാപ്പായ്ക്കു വേണ്ടി രോഗികളുടെ ആരോഗ്യമായ നാഥയോടു പ്രാര്‍ഥിക്കാന്‍ എല്ലാവരെയും ക്ഷണിച്ച അദ്ദേഹം സഭയുടെ മാതൃത്വത്തിന്റെ പരിപൂര്ണ്ണതയാര്ന്ന രൂപവും ക്രിസ്തുവിന്റെ കുരിശിന്റെ രഹസ്യത്തില്‍ അദ്വീതീയമാം വിധം പങ്കുചേര്‍ന്ന കരുതലുള്ള അമ്മയുമായ അവളോടു പ്രത്യുത്തരിക്കാന്‍ മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിക്കുമുള്ള കടമ ചൂണ്ടിക്കാട്ടുകയും ചെയ്തു.
പ്രത്യാശയുടെ ജൂബിലയുടെ ഭാഗമായി ആഗോള സന്നദ്ധപ്രവര്‍ത്തകര്‍ക്കായി വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ജൂബിലിയാഘോഷത്തില്‍ ഇന്ന് രാവിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലെ വിശുദ്ധവാതില്‍ കടന്നെത്തുന്ന സന്നദ്ധസേവകരുടെ വിശാല സമൂഹത്തിനായി അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പാപ്പായ്ക്കുവേണ്ടി സമഗ്ര മാനവവികസനത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് കാനഡക്കാരനായ ജസ്യുറ്റ് കര്‍ദിനാള്‍ മൈക്കള്‍ ചേര്‍ണി മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ 25,000 വോളന്റിയര്‍മാരാണ് റോമില്‍ രണ്ടു ദിവസത്തെ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നത്. ഇറ്റലിയില്‍ നിന്നുതന്നെ 15,000 പേരുണ്ട്.
ഇറ്റലിയിലെ ഫ്ളോറന്‍സില്‍ 1975-ല്‍ ജീവന്റെ സേവനത്തിനായുള്ള കേന്ദ്രമായി ജന്മംകൊണ്ട് ഇപ്പോള്‍ ഇറ്റലിയിലാകമാനം വ്യാപിച്ചിരിക്കുന്ന ജീവനുവേണ്ടിയുള്ള പ്രസ്ഥാനത്തിന്റെ അന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ ശനിയാഴ്ച അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ പാപ്പായുടെ സന്ദേശം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രൊ പരോളിന് വായിച്ചു. അഹിത ഗര്‍ഭസ്ഥ ശിശുക്കളെയും സ്വയംപര്യാപ്തരല്ലാത്ത വൃദ്ധരെയും സുഖപ്പെടുത്താനാവാത്ത രോഗികളെയും ഇല്ലായ്മ ചെയ്തുകൊണ്ട് നീതിയുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാകില്ലെന്ന് പാപ്പാ സന്ദേശത്തില്‍ ഓര്‍മപ്പെടുത്തി.
ആശുപത്രിയില്‍ കഴിയുമ്പോഴും ഫ്രാന്‍സിസ് പാപ്പാ ലോകത്തിലെ പല ഭാഗങ്ങളിലും മെത്രാന്മാരെ നിയമിച്ചുകൊണ്ടുള്ള കല്പനകള് ഇറക്കുകയും ഡിക്രികള്‍ പുറപ്പെടുവിക്കുകയും ചെയ്യുന്നുണ്ട്. ആന്ധ്രപ്രദേശിലെ കടപ്പാ രൂപതയുടെ മെത്രാനായി ഹൈദെരാബാദ് സെന്റ് ജോണ്‍സ് സെമിനാരി പ്രൊഫസര്‍ പോള്‍ പ്രകാശ് സജിനലയെ നിയമിച്ചുകൊണ്ടുള്ള കല്പന ശനിയാഴ്ച പുറത്തുവന്നു.