തലശ്ശേരി : വികസനത്തിൻ്റെ പേരിൽ കരിമണൽ ഖനനത്തിലൂടെ തീരദേശത്ത് താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തി തീരം കോർപ്പറേറ്റുകൾക്ക് തീരെഴുതി കൊടുക്കുവാനുള്ള കേന്ദ്ര – സംസ്ഥാന സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതല . തലശ്ശേരി ചാലിൽ സെൻ്റ് പീറ്റേർഴ്സ് ഹാളിൽ വെച്ച് നടന്ന കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ) കണ്ണൂർ രൂപത ജനറൽ കൗൺസിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരൻമാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ അവരുടെ ജീവനോപാധി ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നു പിൻമാറണമെന്ന് ബിഷപ്പ് കൂട്ടി ചേർത്തു. കൂടാതെ ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക. ലത്തീൻ കത്തോലിക്ക സമുദായ സർട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള തടസ്സങ്ങൾ നിക്കുക തുടങ്ങിയ വിഷയങ്ങൾ ജനറൽ കൗൺസിൽ സർക്കാറിനോട് ആവശ്യപ്പെട്ടു. കൂടാതെ വലിയ സമൂഹ്യ വിപത്തായി മാറിക്കൊണ്ടിരിക്കുന്ന ലഹരിക്കെതിരെ കണ്ണൂർ രൂപതയിലെ എല്ലാ യൂണിറ്റുകളും പോരാടുവാൻ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.
രൂപത പ്രസിഡണ്ട് ഗോഡ്സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടർ ഫാ. മാർട്ടിൻ രായപ്പൻ അനുഗ്രഹഭാഷണം നടത്തി. സംഘടനാതല വിശകലനം സംസ്ഥാന ട്രഷറർ രതീഷ് ആൻ്റണി അവതരിപ്പിച്ചു. യൂണിറ്റ് ശക്തീകരണത്തെ ക്കുറിച്ച് മുൻ സംസ്ഥാന പ്രസിഡണ്ട് ആൻ്റണി നൊറോണ വിഷയാവതരണം നടത്തി. 2024-25 വർഷത്തെ വാർഷിക റിപ്പോർട്ട് രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ് അവതരിപ്പിച്ചു.
ഫാ. തോംസൺ കൊറ്റിയത്ത്, ഫാ. മാത്യു തൈക്കൽ , സംസ്ഥാന സെക്രട്ടറി ജോൺ ബാബു ,റോജസ് ഫെർണാണ്ടസ്, കെ.എച്ച് ജോൺ ,പ്രീത സ്റ്റാൻലി, എലിസബത്ത് കുന്നോത്ത്, ബോബി ഫെർണാണ്ടസ്, ഡിക്സൺ ബാബു, ഫ്രാൻസിസ് അലക്സ്, റിക്സൺ ജോസഫ്, വിൽഫ്രഡ് സാജൻ , ബാബു ഡിക്രൂസ് എന്നിവർ സംസാരിച്ചു.