ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് റോമിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം ഫ്രാന്‍സിസ് പാപ്പായ്ക്ക് പൊതുദര്‍ശനം നല്കാന് കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം മൂന്നാഴ്ച നീണ്ട നിശബ്ദതയ്ക്കൊടുവില്‍ ലോകം, ഇക്കഴിഞ്ഞ രാത്രി ആദ്യമായി ഫ്രാന്‍സിസ് പാപ്പായുടെ ശബ്ദം കേട്ടു. ആശുപത്രിയില്‍ വച്ച് റെക്കോര്‍ഡ് ചെയ്ത പരിശുദ്ധ പിതാവിന്റെ മാതൃഭാഷയായ സ്പാനിഷിലുള്ള രണ്ടുവരി സന്ദേശം, കഴിഞ്ഞ പത്തു രാത്രികളിലായി അദ്ദേഹത്തിന്റെ രോഗശാന്തിക്കും സൗഖ്യത്തിനുമായി ജപമാല പ്രാര്‍ഥന തുടര്‍ന്നുവരുന്ന വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ വ്യാഴാഴ്ച ഒന്‍പതുമണിക്കാണ് ദൈവജനം ശ്രവിച്ചത്.
”എന്റെ ആരോഗ്യത്തിനായി ഈ ചത്വരത്തില്‍ നിങ്ങള്‍ അര്‍പ്പിക്കുന്ന പ്രാര്‍ഥനകള്‍ക്ക് ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്കു നന്ദിപറയുന്നു. ഇവിടെ ഞാന്‍ നിങ്ങളെ അനുഗമിക്കുന്നുണ്ട്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ, കന്യക നിങ്ങളെ കാത്തുപരിപാലിക്കട്ടെ. നിങ്ങള്‍ക്കു നന്ദി” നിര്‍ത്തിനിര്‍ത്തി, ലേശം വീര്‍പ്പുമുട്ടലോടെ പാപ്പാ ഓഡിയോ സന്ദേശത്തില്‍ പറഞ്ഞു.
ശ്വാസകോശ അണുബാധയും ബ്രോങ്കൈറ്റിസും ബാധിച്ച് ഫെബ്രുവരി 14ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനുശേഷം പാപ്പായ്ക്ക് പൊതുദര്‍ശനം നല്കാന് കഴിഞ്ഞിട്ടില്ല. ആശുപത്രിയില്‍ നിന്നുള്ള പാപ്പായുടെ ദൃശ്യങ്ങളൊന്നും പുറത്തുവന്നിട്ടില്ല. കഴിഞ്ഞ 12 വര്‍ഷത്തെ പേപ്പല്‍ശുശ്രൂഷയില്‍ പൊതുവേദിയില്‍ നിന്ന് ഇത്രയും ദിനങ്ങള്‍ ഫ്രാന്‍സിസ് പാപ്പാ മാറിനില്‍ക്കുന്നത് ആദ്യമായാണ്.
ഇരുശ്വാസകോശങ്ങളിലും (ബൈലാറ്ററല്‍) ന്യൂമോണിയ പിടിപെട്ട് സങ്കീര്‍ണാവസ്ഥയില്‍ കഴിഞ്ഞുവന്ന പാപ്പായുടെ ‘ക്ലിനിക്കല്‍’ നില കഴിഞ്ഞ മൂന്നു ദിവസമായി സാമാന്യം മെച്ചപ്പെട്ട നിലയില്‍ തുടരുകയാണെന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴേകാലിന് വത്തിക്കാന്‍ വാര്‍ത്താകാര്യാലയത്തില്‍ നിന്ന് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച രണ്ടുവട്ടം ഗുരുതരമായ ശ്വസനസ്തംഭനം നേരിട്ടതിനുശേഷം പിന്നീട് അത്തരം അടിയന്തര സാഹചര്യം ഉണ്ടായിട്ടില്ല. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും രക്തചംക്രമണവുമായി ബന്ധപ്പെട്ട ‘ഹിമോഡൈനാമിക്’ സുസ്ഥിരതയും രക്തപരിശോധനാ സൂചകങ്ങളും നല്ല നിലയില്‍ തുടരുന്നുണ്ട്. പാപ്പായ്ക്ക് പനിയില്ല.
ദിവസവും രാവിലെയും വൈകീട്ടും ഇറക്കുന്ന മെഡിക്കല്‍ ബുള്ളറ്റിന് ഇനി ശനിയാഴ്ച ഉച്ചയ്ക്കുശേഷം പ്രതീക്ഷിച്ചാല്‍ മതിയെന്ന് ഇന്നലെ വൈകുന്നേരം വത്തിക്കാനില്‍ നിന്ന് അറിയിച്ചത്, പാപ്പായുടെ ആരോഗ്യനില മെച്ചപ്പെടുന്നുവെന്നതിന്റെ സൂചനയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. എങ്കിലും സങ്കീര്‍ണാവസ്ഥ പിന്നിട്ടതായി ജെമെല്ലി ആശുപത്രിയില്‍ പാപ്പായെ പരിചരിക്കുന്ന മെഡിക്കല്‍ സംഘം ഇനിയും സ്ഥിരീകരിച്ചിട്ടില്ല. എന്ന് ആശുപത്രി വിടാന്‍ കഴിയുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല.
മൂന്നു നാളായി രാത്രി നോണ്‍ ഇന്‍വേസീവ് മെക്കാനിക്കല്‍ വെന്റിലേഷന് വഴി ഫെയ്സ്മാസ്ക്കിലൂടെ, ഉറക്കത്തില്‍ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കി ശ്വാസകോശത്തിന്റെ വികാസത്തിന് സഹായകമായ തെറപ്പി തുടരുകയും, പകല്‍ മൂക്കിലേക്ക് ഒരു ട്യൂബിലൂടെ കൂടുതല്‍ ഉയര്‍ന്ന അളവിലുള്ള സപ്ലിമെന്റല്‍ ഓക്സിജന്‍ പ്രവാഹം നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്.
ശ്വസനം മെച്ചപ്പെടുത്തുന്നതിനുള്ള റെസ്പിറേറ്ററി തെറപ്പി തുടര്ന്നുവരുമ്പോഴും ബുധനാഴ്ച തൊട്ട് പാപ്പാ ആക്ടീവ് മോട്ടോര്‍ ഫിസിയോതെറപ്പിക്കും വിധേയനാകുന്നുണ്ട്. കാല്‍മുട്ടിലെ പ്രശ്നങ്ങളും നടുവേദനയും മൂലം മൂന്നുവര്‍ഷമായി വീല്‍ചെയര്‍ ഉപയോഗിച്ചുവരുന്ന പാപ്പായ്ക്ക് ശാരീരിക ചലനശേഷി മെച്ചപ്പെടുത്താനുള്ള വ്യായാമമുറയാണിത്. ന്യൂമോണിയ നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കെ, ആശുപത്രിയില്‍ നിന്നിറങ്ങുമ്പോഴേക്കും നല്ല ചലനശേഷി വീണ്ടെടുക്കാന്‍ ഇതു സഹായകമാകുമെന്നാണ് കരുതുന്നത്.
വലിയനോമ്പാചരണത്തിന് തുടക്കം കുറിച്ച് ബുധനാഴ്ച ആശുപത്രിയില്‍ പ്രത്യേക വിഭൂതിശുശ്രൂഷയില് പാപ്പാ പങ്കുകൊള്ളുകയും ശിരസില്‍ ചാരം പൂശുകയും ചെയ്തു. ക്ഷാരബുധനാഴ്ച റോമിലെ അവന്റൈന്‍ കുന്നിലെ ചരിത്രപ്രസിദ്ധമായ ഡോമിനിക്കന്‍ ബസിലിക്കയായ സാന്താ സബീനയില്‍ പതിവായി പരിശുദ്ധ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ അനുതാപ പ്രദക്ഷിണത്തോടെ അര്‍പ്പിക്കാറുള്ള തിരുകര്‍മങ്ങളില്‍ ഇത്തവണ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പാപ്പായുടെ അതിമനോഹരമായ സുവിശേഷസന്ദേശം റോമാ രൂപതയില്‍ പാപ്പായുടെ മുന്‍ വികാരി ജനറലും സഭയുടെ പരമോന്നത കോടതിയിലെ മേജര്‍ പെനിറ്റെന്ഷ്യറിയുമായ കര്‍ദിനാള്‍ ആഞ്ജലൊ ദെ ദൊനാത്തിസ് പരിശുദ്ധ പിതാവിനുവേണ്ടി വായിച്ചു.
വ്യാഴാഴ്ച ഉച്ചയോടെ പാപ്പാ പരിശുദ്ധ കുര്‍ബാന കൈക്കൊള്ളുകയും വിവിധ ചികിത്സാവിധികള്ക്കിടയില് അത്യാവശ്യം ചില ഔദ്യോഗിക കൃത്യങ്ങളില്‍ വ്യാപൃതനാവുകയും പ്രാര്‍ഥനയിലും വിശ്രമത്തിലും കഴിയുകയും ചെയ്തതായി പത്രക്കുറിപ്പില്‍ പറഞ്ഞു. സ്പെയിനിലെ ആല്ബസെറ്റയില് പുതിയ മെത്രാനെയും, വെനെസ്വേലയിലെ കുമാഞ്ഞയിലെ പുതിയ ആര്‍ച്ച്ബിഷപ്പിനെയും നിയമിച്ചുകൊണ്ടുള്ള പാപ്പായുടെ കല്പനകള് വ്യാഴാഴ്ച പുറത്തുവന്നു.
വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ റോമിലുള്ള കര്‍ദിനാള്‍മാരുടെയും ആര്‍ച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും വൈദികരുടെയും സന്ന്യസ്തരുടെയും തീര്‍ഥാടകരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ നടത്തിവരുന്ന ജപമാല പ്രാര്‍ഥന വ്യാഴാഴ്ച രാത്രി നയിച്ചത് സമര്‍പ്പിത ജീവിതത്തിനായുള്ള ഇന്സ്റ്റിറ്റ്യൂട്ടുകള്ക്കും (സന്ന്യാസസമൂഹങ്ങള്‍) അപ്പസ്തോലിക ജീവിതത്തിനായുള്ള സൊസൈറ്റികള്‍ക്കും വേണ്ടിയുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രോ-പ്രീഫെക്ട് സ്പെയിന്‍കാരനായ സലേഷ്യന്‍ കര്‍ദിനാള്‍ ആംഗേല്‍ ഫെര്‍ണാണ്ടസ് അര്ത്തീമെയാണ്.
പ്രത്യാശയുടെ ജൂബിലിയുടെ ഭാഗമായി, ആഗോള സന്നദ്ധപ്രവര്‍ത്തകരുടെ പ്രത്യേക ജൂബിയാഘോഷത്തോടനുബന്ധിച്ച് വത്തിക്കാനില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പരിശുദ്ധ പിതാവിനുവേണ്ടി, സംയോജിത മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്ട് കാനഡയില്‍ നിന്നുള്ള കര്‍ദിനാള്‍ മൈക്കള്‍ ചേര്‍ണി മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.