ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ (ഹൈഫ്ളോ ഓക്സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നുണ്ടെന്ന് ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.
വത്തിക്കാന്‍ സിറ്റി: ശ്വാസകോശങ്ങളില്‍ കഫം കെട്ടിയതു മൂലം തിങ്കളാഴ്ച രണ്ടു പ്രാവശ്യം കടുത്ത ശ്വാസതടസമുണ്ടായതിനുശേഷം ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ശ്വസന പ്രതിസന്ധിയൊന്നും കൂടാതെ പൊതുവെ മാറ്റമില്ലാതെ തുടര്‍ന്നുവെന്ന് ചൊവ്വാഴ്ച വൈകീട്ട് വത്തിക്കാന്‍ അറിയിച്ചു. ഹൃദയം, വൃക്ക, രക്തപരിശോധനാ സൂചകങ്ങള്‍ എന്നിവ ഉള്‍പ്പെടെ ക്ലിനിക്കല്‍ അവസ്ഥ പൊതുവെ ഭേദപ്പെട്ട നിലയിലാണ്.
ശ്വാസകോശത്തിലേക്കുള്ള ബ്രോങ്കി ട്യൂബുകളുടെ പേശികള്‍ വലിഞ്ഞുമുറുകി ചുരുങ്ങിയും ശ്വാസകോശത്തില്‍ വലിയ തോതില്‍ കഫവും സ്രവവും അടിഞ്ഞുകൂടിയും ശ്വാസതടസം പൊടുന്നനെ അതീവ രൂക്ഷമാകുന്ന ‘അക്യൂട്ട് റെസ്പിറേറ്ററി ഇന്‍സഫിഷ്യന്‍സി’ തിങ്കളാഴ്ച രണ്ടുവട്ടം നേരിടേണ്ടിവന്നപ്പോള്‍ ക്യാമറയും ലൈറ്റുമുള്ള നേര്‍ത്ത ട്യൂബ് ശ്വാസകോശത്തിലേക്കിറക്കി വായുമാര്‍ഗങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കുന്ന ബ്രോങ്കോസ്കോപ്പി നടത്തി, സ്രവങ്ങളെല്ലാം വലിച്ചെടുത്തശേഷം, കൂടുതല്‍ സമ്മര്‍ദത്തോടെ പ്രാണവായു എത്തിക്കുന്നതിന് ഫെയ്സ് മാസ്ക് വച്ചുകൊണ്ടുള്ള നോണ്‍ ഇന്‍വേസീവ് വെന്റിലേഷന് (എന്‍ഐവി) ആരംഭിക്കുകയായിരുന്നു.
”പാപ്പായെ ബാധിച്ചിട്ടുള്ള ന്യൂമോണിയയുടെ പശ്ചാത്തലത്തില്‍ തീവ്രമായ ശ്വാസതടസത്തിന് ഇടയാക്കുന്ന ബ്രോങ്കോസ്പാസം ഇടവിട്ടുണ്ടാകുന്നത് അപ്രതീക്ഷിതമാണെന്ന് പറയാനാവില്ല. ഇതൊക്കെയാണെങ്കിലും പാപ്പാ ഇപ്പോഴും സങ്കീര്‍ണാവസ്ഥയില്‍ തന്നെയാണ്,” വത്തിക്കാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ശ്വസനയന്ത്രത്തിന്റെ സഹായമില്ലാതെ, മൂക്കിലെ ട്യൂബിലൂടെ ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ (ഹൈഫ്ളോ ഓക്സിജന്‍ തെറാപ്പി) നല്‍കുകയും ചില ശ്വസനവ്യായാമങ്ങള്‍ (റെസ്പിറേറ്ററി ഫിസിയോതെറാപ്പി) നടത്തുകയും ചെയ്തു. ചികിത്സാവിധികളോട് പാപ്പാ ഉണര്‍വോടെ, കാര്യങ്ങളെല്ലാം ഗ്രഹിച്ച്, നന്നായി സഹകരിക്കുന്നതായി പരിശുദ്ധ പിതാവിനെ പരിചരിക്കുന്ന ജെമെല്ലി ആശുപത്രിയിലെ മെഡിക്കല്‍ സംഘം അറിയിച്ചു. പാപ്പായ്ക്ക് പനിയില്ല.
രാവിലെ പാപ്പാ ദിവ്യകാരുണ്യം സ്വീകരിക്കുകയും, പകല്‍ പ്രാര്‍ഥനയിലും വിശ്രമത്തിലുമായി കഴിയുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രി എന്‍ഐവി ശ്വസനയന്ത്രവുമായി ബന്ധിച്ചിട്ടുള്ള ഫെയ്സ് മാസ്ക് പാപ്പായ്ക്ക് കൂടുതല്‍ സുഗമമായ ശ്വസനത്തിനായി ഉപയോഗിക്കുമെന്ന് മുന്‍കൂട്ടി അറിയിച്ചിരുന്നു. രാവിലെ വരെ എന്‍ഐവി തെറാപ്പി തുടരാനായിരുന്നു നിര്‍ദേശം.
വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കാ അങ്കണത്തില്‍ ചൊവ്വാഴ്ച രാത്രി പാപ്പായ്ക്കുവേണ്ടിയുള്ള ജപമാല പ്രാര്‍ഥന, ആരാധനക്രമങ്ങള്‍ക്കായുള്ള വത്തിക്കാന്‍ ഡികാസ്റ്ററി പ്രീഫെക്ട് ബ്രിട്ടീഷ് കര്‍ദിനാള്‍ ആര്‍തര്‍ റോച്ച് നയിച്ചു.
നോമ്പുകാലത്തിനു തുടക്കം കുറിച്ചുകൊണ്ട് വിഭൂതി ബുധന്‍ തിരുകര്‍മങ്ങള്‍ക്ക് റോമില്‍ പതിവുള്ള പ്രദക്ഷിണത്തിലും ദിവ്യബലിയിലും പരിശുദ്ധ പിതാവിനു പകരം വത്തിക്കാന്‍ അപ്പസ്തോലിക് പെനിറ്റെന്ഷ്യറിയിലെ മേജര്‍ പെനിറ്റെന്‍ഷ്യറി ഇറ്റാലിയന്‍ കര്‍ദിനാള്‍ ആഞ്ജലോ ദെ ദൊനാത്തിസ് മുഖ്യകാര്‍മികത്വം വഹിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
റോമന്‍ കൂരിയായുടെ നേതൃത്വത്തില്‍ ‘നിത്യജീവിതത്തിന്റെ പ്രത്യാശ’ എന്ന മുഖ്യവിചിന്തന വിഷയത്തില്‍ മാര്‍ച്ച് ഒന്‍പതു മുതല്‍ 14 വരെ നടത്താന്‍ നേരത്തെതന്നെ നിശ്ചയിച്ചിരുന്ന പരിശുദ്ധ പിതാവിന്റെ നോമ്പുകാല ധ്യാനപരിപാടിയില്‍, ആശുപത്രിയില്‍ കഴിയുന്ന പരിശുദ്ധ പിതാവിനോട് ആത്മീയ ഐക്യം പ്രകടിപ്പിച്ചുകൊണ്ട് എല്ലാ കര്‍ദിനാള്‍മാരും മെത്രാന്മാരും വൈദികരും സന്ന്യസ്തരും കൂരിയായിലെയും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിലെയും എല്ലാ അല്മായ ജീവനക്കാരും പങ്കുചേരണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. പേപ്പല്‍ ധ്യാനഗുരുവായ കപ്പുച്ചിന്‍ സന്ന്യാസി റൊബെര്‍ത്തോ പാസൊലീനി ഈ വിഷയത്തില്‍ പത്തു ധ്യാനപ്രസംഗങ്ങള്‍ നടത്തും. 2020നു ശേഷം റോമന്‍ കൂരിയായിലെ കര്‍ദിനാള്‍മാരോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ഈ നോമ്പുകാല ധ്യാനത്തില്‍ പങ്കെടുത്തിട്ടില്ല. പരിശുദ്ധ പിതാവ് തനിച്ച് ധ്യാനത്തില്‍ മുഴുകിക്കഴിയുന്ന ഈ ദിനങ്ങളില്‍ ഔദ്യോഗിക കൂടിക്കാഴ്ച ഉള്‍പ്പെടെയുള്ള പരിപാടികള്‍ റദ്ദാക്കാറാണ് പതിവ്.
ചൈനാ വന്‍കരയിലെ പുരാതന മരിയന്‍ തീര്‍ഥാടനകേന്ദ്രമായ ഷാങ്ഹായിലെ ഷെഷാന്‍ മാതാവിന്റെ ബസിലിക്കയില്‍, ഷാങ്ഹായ് ബിഷപ് ജോസഫ് ഷെന്‍ ബിനിനോടൊപ്പം ഹോങ്കോംഗിലെ ജസ്യുറ്റ് ബിഷപ് കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗവ് പരിശുദ്ധ പിതാവിന്റെ രോഗശാന്തിക്കായി പ്രത്യേക പ്രാര്‍ഥന നയിച്ചുകൊണ്ട് ദിവ്യബലിയര്‍പ്പിച്ചു. ചൈന സന്ദര്‍ശിക്കാനുള്ള ഫ്രാന്‍സിസ് പാപ്പായുടെ ആഗ്രഹം അനുസ്മരിച്ചുകൊണ്ട് ഷെഷാന്‍ മാതാവിനോട് പ്രാര്‍ഥിക്കുമ്പോള്‍ താന്‍ അറിയാതെ കരഞ്ഞുപോയെന്ന് കര്‍ദിനാള്‍ ചൗവ് ഹോങ്കോംഗ് രൂപതയുടെ മുഖപത്രമായ സണ്‍ഡേ എക്സാമിനറിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.