ഡോ. ഗാസ്പര്‍ സന്യാസി
തിരുവനന്തപുരത്ത്, പാങ്ങോട് സൈനികകേന്ദ്രത്തിലേക്ക് തിരിയുന്ന വഴുതക്കാട് റോഡിനിരുവശവും, ഇപ്പോള്‍ മണിമാളികകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കുന്ന പ്രദേശത്ത്, റോഡിനോരം ചേര്‍ന്ന്, കടല്മത്സ്യവിഭവങ്ങളുമായി അവരിരിക്കുന്നത് എന്നും കാണാം. ചെമ്മീനും, ചാളയും, അയലയും, വാളയും ഒക്കെയായി, യാത്രക്കാരെ വിളച്ചുകൂവിയും, കൈയില്‍, മീന്‍ വൃത്തിയാക്കുന്നതിന്റെ ഉളുമ്പും ചെതുമ്പലും പൊതിഞ്ഞും, മങ്ങിയതെങ്കിലും പ്രത്യാശയുള്ള മുഖവുമായിരിക്കുന്ന ഈ അമ്മമാര്‍ക്കിനി മത്സ്യം കൊണ്ടുവരാന്‍ സാധ്യത മങ്ങിത്തുടങ്ങുകയാണ്. ഈ വര്‍ഷം ഏപ്രില്‍ നാലിന് കേന്ദ്രസര്‍ക്കാരിന്റെ കടല്‍മണല്‍ ഖനന ടെന്‍ഡര്‍ പൊട്ടിക്കുമ്പോള്‍, സ്വകാര്യസംരംഭക കോര്‍പ്പറേറ്റുകള്‍, കേന്ദ്ര സര്‍ക്കാരിനുവേണ്ടി കടലിന്റെ അടിത്തട്ട് ഇളക്കിമറിച്ച് ടണ്‍കണക്കിന് മണലൂറ്റി, സമ്പത്ത് വര്‍ധിപ്പിക്കുമ്പോള്‍, സര്, തീരദേശ ജനതയായ ഞങ്ങളെ നിങ്ങള്‍ വീണ്ടും തോല്‍പ്പിക്കുകയാണ്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് വഹിക്കുന്ന ഞങ്ങള്‍ക്ക്, പ്രതീക്ഷയുടെ ഈ തീരമെങ്കിലും നിങ്ങള്‍ ബാക്കിവയ്ക്കണേ! ”എല്ലാവരും ചേര്‍ന്ന് തകര്‍ത്ത ഭൂമിയിലിരുന്ന് ഞാനെന്റെ ഓഹരി വിഷം കുടിക്കാം” എന്ന് സച്ചിദാനന്ദന് മാഷ് നേരത്തേ എഴുതിയിട്ടുണ്ട്. പക്ഷേ, അതിലെ നിരാശാബോധത്തില്‍ വീണ്, സമരമുഖത്തുനിന്ന് ഞങ്ങള്‍ക്ക് പിന്മാറാനാകില്ലല്ലോ! എല്ലാ വികസന സ്വപ്നങ്ങളും ആദ്യം തുടച്ചുനീക്കുന്നത് ഞങ്ങളെയാണ്. അപ്പോള്‍, അപ്പോള്‍ മാത്രം സംസാരിക്കപ്പെടുന്ന ദേശസ്നേഹത്തിന്റെ വ്യാഖ്യാനങ്ങളില്‍ ഞങ്ങള്‍ പോരാളികളും, നാടിന്റെ സ്വന്തം സൈന്യവുമാകും.
തീരദേശ ഗ്രാമങ്ങളിലെ ജീവിതങ്ങള്‍ ചര്‍ച്ചയാകുന്നത്, ദുരന്തങ്ങള്‍ ഞങ്ങളെ തേടിയെത്തുമ്പോള്‍ മാത്രമാണല്ലോ. ഓരോ തവണയും ഞങ്ങള്‍ തോല്‍പ്പിക്കപ്പെടുമ്പോള്‍, നിശ്ശബ്ദരാക്കപ്പെടുമ്പോള്‍, പിന്മാറുമ്പോള്, ഞങ്ങള്‍ തോറ്റ ജനതയാകുന്നു. അതിനര്‍ത്ഥം, ഞങ്ങള്‍ ഇല്ലാതായി എന്നല്ലല്ലോ.
ഇപ്പോള്‍ ഞങ്ങളെ തേടിയെത്തുന്ന കടല്‍മണല്‍ ഖനനഭീഷണിയുടെ മുന്നിലും ഞങ്ങള്‍ തോറ്റേക്കാം. പക്ഷേ പതറില്ല. എന്താണ് ഈ ഭീഷണിയുടെ അടിസ്ഥാനമെന്ന് ഞങ്ങള്‍ക്കറിയാം. ബ്ലൂ ഇക്കോണമി നയത്തിന്റെ പുത്തന്‍ ഖനനസാധ്യതയിലേക്ക് കേരളത്തിന്റെ തീരത്തെയും തീരക്കടലിനെയും തുറന്നിടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പ്രയോജനപ്പെടുത്താനുണ്ടായിരുന്ന അവകാശങ്ങള്‍ക്ക് കൂച്ചുവിലങ്ങിട്ടാണ് കേന്ദ്രത്തിന്റെ പുറപ്പാട്. 2023-ല്‍ മാറ്റങ്ങള്‍ വരുത്തിയ OMDAR ACT (Offshore Areas Mineral Development And Regulation ) Amendment Act 2023, വഴിയാണ് ഈ കേന്ദ്രനീക്കം.
ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ 1985 മുതല്‍ കേരളതീരത്തിന്റെ ഖനനസാധ്യതയെ പഠിക്കുകയും, ഈ തീരത്തുള്ള ധാതുസമ്പത്തും കടല്‍മണല്‍ നിക്ഷേപവും ചേര്‍ത്ത് ഇന്ത്യയ്ക്കു കിട്ടാന്‍ സാധ്യതയുള്ള വന്‍ സമ്പത്ത് എത്രയെന്ന് കണക്കുകൂട്ടിയും തുടങ്ങിയിരുന്നു. കടല്‍മണലിന്റെ കാര്യം മാത്രമെടുത്താല്‍, 750 മില്ല്യണ്‍ ടണ്‍ നിക്ഷേപമെന്നാണ് കണക്ക്. കേരളത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ മണല്‍ അടുത്ത ഇരുപത്തഞ്ചുവര്ഷത്തേയ്ക്കുള്ളത്, പ്രതിവര്‍ഷം മുപ്പത് മില്ല്യണ്‍ മെട്രിക്ക് ടണ്‍ എന്ന കണക്കില്‍ നമ്മുടെ തീരക്കടലിലുണ്ട്. ഇന്ത്യയുടെ കടല്‍ അതിര്‍ത്തിയായ 12 നോട്ടിക്കല്‍ മൈലിനുള്ളില്‍, 22 മുതല്‍ 45 മീറ്റര്‍ വരെ ആഴത്തില്‍, പൊന്നാനി, ചാവക്കാട്, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നീ തീരദേശങ്ങളില്‍ ഖനനം നടത്താനായിരുന്നു ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തെ പിന്‍പറ്റിയും, സ്വകാര്യ മൈനിങ് കമ്പനികളെക്കൂടി ഉള്‍പ്പെടുത്തിയും, സംസ്ഥാന സര്‍ക്കാരിന്റെ ഫെഡറല്‍ അവകാശങ്ങള്‍ കവര്‍ന്നെടുത്തും കേന്ദ്രം നടത്തുന്ന ഈ നീക്കവും ടെന്‍ഡര്‍ നടപടികളും ഉടന്‍ നിര്‍ത്തിവയ്ക്കുകതന്നെ വേണം എന്ന് ആവശ്യപ്പെടുകയാണ്. കാരണം, ഇത് കടലിന്റെ മടിത്തട്ട് ഉഴുതുമറിക്കാനായി, കേന്ദ്രസര്‍ക്കാരും സ്വകാര്യ സംരംഭക താല്‍പ്പര്യക്കാരും ചേര്‍ന്ന് നടത്താന്‍ പോകുന്ന വിനാശകരമായ ശ്രമമാണ്.
കടല്‍മണലിന്റെ ഉറവിടമായ നദികളില്‍ നിന്നുള്ള ഒഴുക്കും, കടല്‍ മത്സ്യ-മത്സ്യ-ഇതര ജൈവസമ്പത്തും, കടലിന്റെ ആവാസവ്യവസ്ഥയും ഇളകി മറിയാന്‍ പോകുന്ന ഈ ഖനനത്തില്‍ നിന്ന് ഉയരുന്നത് അമൃത് മാത്രമല്ല, കാളകൂടം കൂടിയായിരിക്കും. അത് ഇരുന്നൂറിലധികമുള്ള തീരദേശ ഗ്രാമങ്ങളെ മുച്ചൂടും മുടിക്കും. അതുകൊണ്ട് ഈ സമരരംഗത്ത് നിന്നുകൊണ്ട് ഞങ്ങള്‍ പറ യാനാഗ്രഹിക്കുന്നു: ഈ കടലും കടല്‍ത്തീരവും ഇതിലെ ജൈവവ്യവസ്ഥയും ഞങ്ങള്‍ക്ക് വിട്ടുതന്നേക്ക്. നിങ്ങളുടെ അനിയന്ത്രിതമായ വികസന സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്ന ജീവിതങ്ങളെയും ജീവനോപാധികളെയും ഈ ജനാധിപത്യസംവിധാനത്തില്‍ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു. ഇതാണല്ലോ തോല്‍പ്പിക്കപ്പെടുമ്പോഴും തോല്‍ക്കാത്ത ആത്മവീര്യമെന്നത്.
പിന്കുറിപ്പ്:
കഴിഞ്ഞയാഴ്ച അടൂരില്‍ ആര്.ഡി.ഒയ്ക്ക് മുന്‍പിന്‍ ഒരു പരാതി വന്നു. പരാതിക്കാരന്റെ വീടിനടുത്തുള്ള കോഴിക്കൂടിന്റെ സ്ഥാനമാണ് പ്രശ്നം. വെളുപ്പിന് മൂന്നുമണിക്കുണരുന്ന കോഴിയുടെ കൂവല്‍ തന്റെ ഉറക്കത്തിന്റെ സൈ്വര്യം കെടുത്തുന്നുവെന്ന് പരാതിക്കാരന്. സ്ഥലം സന്ദര്‍ശിച്ച് സമയ സന്ദര്‍ഭം സത്യാവസ്ഥ അറിഞ്ഞ ആര്‍ഡിഒ ഉത്തരവിട്ടു: പതിനാല് ദിവസങ്ങള്‍ക്കുള്ളില്‍ കോഴിക്കൂട് പൊളിക്കണം. ഇത്രയും വേഗത്തില്‍ ഈ നാട്ടില്‍ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ട്! ഉറക്കം ഞെട്ടുന്ന/ഞെട്ടിക്കുന്ന പല പല ഒച്ചപ്പാടുകള്‍ക്കിടയില്‍ ജീവിക്കുന്ന പൗരസമൂഹമാണേ സത്യം!