ഷാജി ജോര്‍ജ്
ചിരകാലപരിചിതരും സദാ നമ്മുടെ കൂടെ നടക്കുന്നവരും ആയ ചിലരുടെ വലിപ്പം നമ്മള് വേണ്ടത്ര അറിയണമെന്നില്ല ഇതില്‍ അധ്യാപകരാണ് ഭാഗ്യവാന്മാര്; കാരണം അവരെക്കുറിച്ച് പറയാനും അവരുടെ മഹത്വം വര്‍ണിക്കാനും എന്നും ശിഷ്യര്‍ ഉണ്ടാകും. അങ്ങനെയുള്ള അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകരെ പരിശീലിപ്പിച്ച ആള് കൂടി ആണെങ്കില്‍ ആ വര്‍ണ്ണനയുടെ ആഴവും പരപ്പും എത്ര വലുതായിരിക്കും? ഇതൊക്കെ പറയാന്‍ കാരണം പ്രൊഫസര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസാണ്.
സപ്തതി ആഘോഷവേളയില്‍ അദ്ദേഹത്തിന്റെ പ്രിയ ശിഷ്യര്‍ ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിന് നല്കിയ ഉപഹാര ഗ്രന്ഥമാണ് ‘ദ റെയിന്‍ബോ’ ( The Rainbow). ഇംഗ്ലീഷിലും മലയാളത്തിലും ആണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരവും അധ്യാപകന്, ചരിത്ര അന്വേഷകന്, പത്രപ്രവര്ത്തകന്, സംഘാടകന്‍, കത്തോലിക്കാ സഭയിലെ അല്മായ നേതാവ്, ജീവനാദത്തിന്റെ പ്രഥമ ചീഫ്എഡിറ്റര് എന്നിങ്ങനെ വിശേഷിപ്പിക്കാവുന്ന ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസിന്റെ വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും അദ്ദേഹവുമായി ചേര്‍ന്നു നടന്ന സുഹൃത്തുക്കളും പ്രിയ ശിഷ്യരും എഴുതിയ കുറിപ്പുകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം.
ഇംഗ്ലീഷിലും മലയാളത്തിലും നൂറുക്കണക്കിന് ലേഖനങ്ങള്‍ എഴുതിയിട്ടുള്ള പ്രതിഭയാണ് ഇഗ്നേഷ്യസ ്ഗൊണ്സാല്വസ്. അതില്‍ നിന്ന് 18 ഇംഗ്ലീഷ് ലേഖനങ്ങളാണ് 384 പേജുള്ള റെയിന്ബോയില് സമാഹരിച്ചിട്ടുള്ളത്. 200 പേജുകളില്‍ അധികം വരും അത്. 40 പേജുകളില്‍ ഐ.ജി. എന്ന് പ്രിയപ്പെട്ടവര്‍ വിളിക്കുന്ന കഥാപുരുഷന്റെ ജീവിതം അടയാളപ്പെടുത്തുന്ന കളര്‍ ചിത്രങ്ങള്‍. ദി ടെലിഗ്രാഫ് പത്രത്തിന്റെ എഡിറ്റര്‍- അറ്റ് – ചാര്‍ജായ ആര് രാജഗോപാലിന്റേതാണ് അവതാരിക. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ അനുഗ്രഹസന്ദേശവുമുണ്ട്.
The Society of a Mustard Seed എന്ന പ്രശസ്ത കേരള സഭാചരിത്ര ഗ്രന്ഥത്തില്‍ നിന്നും എടുത്തിട്ടുള്ള Rendezvous Rome and Asceticism in India,The Advent of Carmelites to Malabar, Carmelites’ Tryst with Malabar, Navaratnas of Misty Mountain എന്നിവയാണ് സമാഹരിച്ച ലേഖനങ്ങളില്‍ പ്രധാനപ്പെട്ടത്.
ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ സ്ഥാനാരോഹണ സ്മരണികയില്‍ നിന്ന് എടുത്തിട്ടുള്ള Verapoly: A hallowed legacy and a common patrimony , തന്റെ ജന്മനാടായ പള്ളിപ്പുറത്തെ ബസിലിക്കയെ കുറിച്ചുള്ള Musings on Manjumatha Basilica, Quo Vadis Media, Rights of the Family and Indian Society, Church and Social Communications: New Challenges and Matching Strategies,
Synod of Diamper: A Case of Progressive Appreciation and Academic Openness എന്നിവയാണ് മറ്റുപ്രധാന ലേഖനങ്ങള്‍. ജീവനാദത്തില്‍ അദ്ദേഹം എഴുതിയ എഡിറ്റോറിയലുകള്‍ പത്രാധിപരുടെ ജാഗ്രതയും നീതിബോധവും തെളിയിക്കുന്നതാണ്. അതിനുദാഹരണമായി സുനാമി ഫണ്ട് വകമാറ്റി ചിലവഴിച്ചതിനെതിരെ 2007 സെപ്തംബര്‍ 23ന് എഴുതിയ We Demand Justice എന്ന ഇംഗ്ലീഷിലുള്ള മുഖപ്രസംഗവും (കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യം വച്ച് എഴുതിയത്) പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മലയാള മനോരമയുടെ എഡിറ്റോറിയല്‍ ഡയറക്ടര്‍ ആയിരുന്ന മുതിര്‍ന്ന പത്രപ്രവര്ത്തകന് തോമസ് ജേക്കബ് എഴുതിയിട്ടുള്ള ‘ഇരട്ട തായമ്പക’,വൈപ്പിന്‍ എറണാകുളം പാലങ്ങള്‍ക്കുവേണ്ടിയുള്ള ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ മജ്നു കോമത്ത്,മഞ്ഞുമ്മല്‍ കര്‍മലീത്ത സഭയുടെ പ്രൊവിന്‍ഷ്യാള്‍ ഡോ. അഗസ്റ്റിന് മുള്ളൂര്‍,സിപ്പി പള്ളിപ്പുറം, ഡോ പ്രിമൂസ് പെരിഞ്ചേരി, മാത്യു ടി. ജോര്‍ജ്, ആന്റണി ജോണ്‍, സുജിത് നായര്‍, സിസ്റ്റര്സൂസി കിണറ്റിങ്ങല്‍ CTC, ഡോ. മേരി മെറ്റല്‍ഡ അഭിലാഷ് രാഘവവര്‍മ്മ, പി പി മാത്യു, ജാവേദ് പര്‍വേശ് തുടങ്ങി നിരവധി പ്രമുഖരുടെ കുറിപ്പുകള്‍ ആസ്വാദ്യകരമാണ്.
പുസ്തകം രൂപകല്പന ചെയ്ത രഞ്ജിത്ത് ലീന്‍ , ജോബിന് ജോസ്, ബോബി തച്ചാറമറ്റം എന്നിവരുടെ പ്രയ്തനം അഭിനന്ദനീയമാണെന്ന് പ്രത്യേകം പറയട്ടെ. തോമസ് ജേക്കബ് സാറിന്റെ കുറിപ്പില്‍ നിന്ന് ഒരു ഭാഗം ഉദ്ധരിച്ചാല്‍ ഈ പുസ്തകത്തിന്റെ മഹത്വം വായനക്കാര്‍ക്ക് ഉള്‍ക്കൊള്ളാനാവും.
ഒരു ഇരട്ടതായമ്പകയാണ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ്. അതു പേരില്‍തന്നെ തുടങ്ങുന്നു എന്ന് ഞാന്‍ കരുതിയിരുന്ന ഒരു കാലമുണ്ട്. പൂര്‍ണ്ണതയുള്ള രണ്ട് മുഴുത്ത പേരുകളാണ് ഇഗ്നേഷ്യസും ഗൊണ്‍സാല്‍വസും. അത് രണ്ടും പേറിക്കൊണ്ടായിരുന്നു മനോരമയിലേക്ക് കക്ഷിയുടെ വരവ്.
എന്നാല്‍ പേരിന്റെ കാര്യത്തില്‍ അദ്ദേഹം ഒരു മുക്കൂട്ടാണെന്ന് ഞാന്‍ അറിയുന്നത് വൈകിയാണ്. അറിയാത്തവരുടെ പ്രയോജനത്തിനായി പറയട്ടെ, ഇഗ്നേഷ്യസ് വിന്‍സണ്‍ ഗോണ്‍സാല്‍വസ് എന്നാണ് പൂര്‍ണ്ണമായ പേര്. അതിലെ വിന്‍സണ്‍ ഔദ്യോഗികരേഖകളില്‍ ഇല്ലാതായപ്പോള്‍ അതിനുപകരമായി വില്ലി എന്ന വിളിപ്പേരിട്ടു, വീട്ടുകാര്‍. അത് അറിയാഞ്ഞതുകൊണ്ട് ഞങ്ങളദ്ദേഹത്തെ ഇഗ്നു എന്ന് വിളിച്ചുപോരുന്നു. കേള്‍ക്കുമ്പോള്‍ ഒരു ഗോളാന്തരയാത്രക്കാരനാണെന്ന് തോന്നിക്കോട്ടെ.
രണ്ട് വ്യക്തിത്വങ്ങള്‍ നിറഞ്ഞ ഇരട്ട തായമ്പകയാണ് ഇഗ്നു എന്ന് പറയുന്നത് ആ പ്രയോഗത്തിന്റെ എല്ലാ നല്ല അര്‍ത്ഥത്തിലുമാണ്. ഒരേ സമയം ഒരു ലത്തീന്‍ കത്തോലിക്കനും ഒരു ആംഗ്ലോ ഇന്ത്യനുമാണ് അദ്ദേഹം. കുടുംബത്തിലെ ഒരു മുതുമുത്തശ്ശന്റെയും മുത്തശ്ശിയുടെയും കഥ പറയാറുണ്ട് ഇഗ്നു. ആ മുതുമുത്തശ്ശന് ഡച്ച് പൈതൃകമുള്ള ആംഗ്ലോ ഇന്ത്യനും മുത്തശ്ശി ലത്തീന്‍ കത്തോലിക്കയും. മുത്തശ്ശന് മലയാളം അറിയില്ല. മുത്തശ്ശിക്ക് ഇംഗ്ലീഷും. എങ്കിലും അവര്‍ തമ്മില്‍ ആശയ വിനിമയത്തിന് ഒരു പ്രശ്നവുമില്ലായിരുന്നുവെന്ന് പറഞ്ഞ് തന്റെ ആ ട്രേഡ് മാര്‍ക്ക് ചിരി പാസ്സാക്കും ഇഗ്നു. നമ്മുടെ കഥാപുരുഷനാകട്ടെ രണ്ട് ഭാഷകളിലും അവഗാഹം നേടി. കേരളം ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും വലിയ ബൈബിള്‍ പണ്ഡിതനായ ഡോ. കെ. ലൂക്കിന്റെ കൂടെ പരിശീലനത്തിന് പോയിരുന്നു ഇഗ്നു. ഹീരോ ഗ്ലിഫിക്സ് ഉള്‍പ്പെടെ നാല്പത് ഭാഷകള്‍ അറിയാമായിരുന്നു ഡോ.ലൂക്കിന്. പിതാവ് മരിച്ച വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഏല്ക്കാന് തിരിച്ചു പോരേണ്ടിവന്നില്ലാ യിരുന്നുവെങ്കില്‍ ഇഗ്നു വലിയൊരു ഭാഷാപണ്ഡിതന്‍ കൂടിയായേനെ. ഒരുപക്ഷേ, കത്തോലിക്കാ സഭയിലെ ഒരു സന്ന്യാസവൈദികനും.