ജീവനു ഭീഷണിയുള്ളതായി കരുതാനാവില്ല. ആശുപത്രി വിട്ട് പരിശുദ്ധ പിതാവ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലേക്കു തിരികെപോകുമെന്ന് ഉറപ്പാണ്, എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വിട്ടുമാറുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ 40 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്തായാലും ഒരാഴ്ച കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും.
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഒരാഴ്ച പിന്നിട്ട ഫ്രാന്‍സിസ് പാപ്പാ ചികിത്സയോടു പ്രതികരിക്കുന്നുണ്ടെങ്കിലും അപകടനില തീര്‍ത്തും തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെന്ന് പാപ്പായെ ശുശ്രൂഷിക്കുന്ന മെഡിക്കല്‍ ടീമിന്റെ മേധാവി ഡോ. സെര്‍ജോ ആല്‍ഫിയേരി, വത്തിക്കാന്‍ ഹെല്‍ത്ത് കെയര്‍ സര്‍വീസ് വൈസ്-ഡയറക്ടര്‍ ഡോ. ലൂയിജി കര്ബോണെ എന്നിവര്‍ ആശുപത്രിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജീവനു ഭീഷണിയുള്ളതായി കരുതാനാവില്ല. ആശുപത്രി വിട്ട് പരിശുദ്ധ പിതാവ് വത്തിക്കാനിലെ സാന്താ മാര്‍ത്താ ഭവനത്തിലേക്കു തിരികെപോകുമെന്ന് ഉറപ്പാണ്, എന്നാല്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വിട്ടുമാറുക പ്രയാസമാണെന്ന് ഡോക്ടര്‍മാര്‍ 40 മിനിറ്റ് നീണ്ട വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എന്തായാലും ഒരാഴ്ച കൂടി പാപ്പായ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടിവരും.
ശ്വസിക്കുന്നതില്‍ വലിയ ബുദ്ധിമുട്ടുണ്ട്. എങ്കിലും വെന്റിലേറ്ററുമായി പാപ്പായെ ബന്ധിപ്പിച്ചിട്ടില്ല. മൂക്കിലെ ട്യൂബിലൂടെ (നേസല്‍ കന്യൂല) ഓക്സിജന്‍ കൂട്ടി നല്‍കുന്നുണ്ട്. ശ്വാസംമുട്ടലുള്ളതിനാല് ശാരീരികചലനങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും പാപ്പാ കസേരയില്‍ നിവര്‍ന്നിരിക്കുകയും കുറച്ചൊക്കെ ജോലി ചെയ്യുകയും തമാശ പറയുകയും ചെയ്യുന്നുണ്ട്.
”ഹലോ, ഹോളി ഫാദര്‍” എന്ന് ഡോക്ടര്‍മാരില്‍ ഒരാള്‍ പാപ്പായെ അഭിവാദ്യം ചെയ്തപ്പോള്‍ പരിശുദ്ധ പിതാവ് തിരിച്ച് ”ഹലേ, ഹോളി സണ്‍’ (ഹലോ, പരിശുദ്ധ മകനേ) എന്ന് പ്രതിവദിച്ചതായി പാപ്പായുടെ സ്വതസിദ്ധമായ നര്മ്മബോധത്തിന് കുറവൊന്നുമില്ലെന്നതിന്റെ ദൃഷ്ടാന്തമായി ഡോ. ആല്‍ഫിയേരി പറഞ്ഞു.
ഡോക്ടര്‍മാരുടെ ഏറ്റവും വലിയ ആശങ്ക എന്താണെന്ന ചോദ്യത്തിനു നല്കിയ മറുപടി, പാപ്പായുടെ ശ്വസനനാളിയിലെ രോഗാണുക്കള്‍ രക്തചംക്രമണധാരയിലേക്കു കടന്നാല്‍ സെപ്സിസ് ഉണ്ടായേക്കും എന്നായിരുന്നു മറുപടി. ഏതെങ്കിലും അണുബാധയോടുള്ള പ്രതികരണമായി ശരീരം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്ന അപകടകരമായ അവസ്ഥയാണ് സെപ്സിസ്.
എണ്‍പത്തെട്ടുകാരനായ ഫ്രാന്‍സിസ് പാപ്പായുടെ ഇരുശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചിട്ടുണ്ടെന്നും ശ്വാസനാളികളില്‍ ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ ബഹുതലഅണുബാധയും വിട്ടുമാറാത്ത ആസ്ത്മയുടെ ഫലമായ ശ്വാസനാളവീക്കവും (ബ്രോങ്കൈറ്റിസ്) ചേര്‍ന്ന സങ്കീര്‍ണ അവസ്ഥ നിലനില്‍ക്കുകയാണെന്നും വത്തിക്കാന്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഈ സീസണില്‍ പതിവുള്ള രോഗബാധയാണ് പാപ്പായ്ക്കും ഉണ്ടായിട്ടുള്ളതെന്നും റോമിലെ ആശുപത്രിയില്‍ ഇപ്പോള്‍ ഇത്തരം രോഗികളുടെ പ്രവാഹമാണെന്നും ഡോ. ആല്‍ഫിയേരി വിശദീകരിച്ചു. ”ഒരൊറ്റ വ്യത്യാസമേയുള്ളു. സാധാരണ എണ്‍പത്തെട്ടു വയസുള്ള വൃദ്ധജനങ്ങള്‍ വീട്ടില്‍ ആട്ടുകസേരയിലിരുന്ന് ടിവി കാണും. ലോകത്തിലെ കത്തോലിക്കാ വിശ്വാസികളുടെയെല്ലാം ആധ്യാത്മിക പിതാവും ഒരു രാഷ് ട്രത്തിന്റെ ഭരണഭാരം വഹിക്കുന്നതുമായ മറ്റേതെങ്കിലും എണ്‍പത്തെട്ടുകാരനെ നിങ്ങള്‍ക്കു കാണിച്ചുതരാനാകുമോ? ഫ്രാന്‍സിസ് പാപ്പാ തന്റെ കാര്യം മാത്രം നോക്കാതെ, ഒരുവിട്ടുവീഴ്ചയും കൂടാതെ തന്നത്തന്നെ പൂര്‍ണമായി സമര്‍പ്പിച്ചുകൊണ്ടുള്ള ശുശ്രൂഷയില്‍ മുഴുകുന്നു. അത്രമാത്രം ഉദാരതയുള്ളതിനാല് അദ്ദേഹം ക്ഷീണിതനായി,” ഡോ. ആല്‍ഫിയേരി പറഞ്ഞു.
ഡോക്ടര്‍മാര്‍ പൂര്‍ണവിശ്രമം നിര്‍ദേശിച്ചിട്ടും പരിശുദ്ധ പിതാവ് ആശുപത്രിയില്‍ വത്തിക്കാനില്‍ നിന്ന് തന്റെ സെക്രട്ടറിമാര്‍ കൊണ്ടുവരുന്ന രേഖകള്‍ പരിശോധിക്കുകയും ചില ഡിക്രികളില്‍ ഒപ്പുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇതിനിടെ ഫ്രാന്‍സിലെ ഒരു മെത്രാനെയും പാപ്പാ നിയമിച്ചു.
പരിശുദ്ധപിതാവ് എത്രയും വേഗം സുഖം പ്രാപിക്കുന്നതിനുവേണ്ടി വിശ്വാസത്തില്‍ ഒരൊറ്റ കുടുംബമായി രാജ്യത്തെ ദൈവജനം പ്രാര്‍ഥിക്കണമെന്ന് ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ ദേശീയ സമിതിയുടെയും (സിസിബിഐ), ഏഷ്യയിലെ മെത്രാന് സമിതികളുടെ ഫെഡറേഷന് പ്രസിഡന്റുമായ ഗോവ-ദമന്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഫിലിപ് നേരി ഫെറാവോ ആഹ്വാനം ചെയ്തു. എല്ലാ രൂപതകളിലും ഇടവകകളിലും സന്ന്യാസ സമൂഹങ്ങളിലും ദൈവജനത്തിന്റെ മുഴുവന്‍ ഭവനങ്ങളിലും പാപ്പായുടെ രോഗശാന്തിക്കായി പ്രത്യേക പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും, ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും ജപമാലയും അര്‍പ്പിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പാപ്പായ്ക്ക് ക്ഷിപ്ര സുഖപ്രാപ്തി ആശംസിച്ചുകൊണ്ടും പ്രാര്ഥനാസമീപ്യം അറിയിച്ചുകൊണ്ടുമുള്ള സന്ദേശങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിക്കൊണ്ടിരിക്കയാണ്. വിവിധ കത്തോലിക്കാമെത്രാന്‍ സംഘങ്ങളും അകത്തോലിക്ക സമൂഹങ്ങളും പാപ്പായ്ക്കു വേണ്ടി പ്രാര്‍ഥിക്കുകയും സുഖപ്രാപ്തിയാശംസകള്‍ നേരുകയും ചെയ്യുന്നു. ഇസ്രായേലി പ്രസിഡന്റ് ഇസാക്ക് ഹെര്‍ത്സോഗ്, ഇറാന് പ്രസിഡന്റ് മസൗദ് പെസെഷ്കിയാന് തുടങ്ങിയവരുള്പ്പടെയുള്ള രാഷ്ട്രനേതാക്കളും പാപ്പായ്ക്ക് സുഖപ്രാപ്തിയാശംസകള്‍ നേരുകയും ദൈവസഹായത്തിനായി പ്രാര്‍ഥിക്കുകയും ചെയ്യുന്നു.