പാപ്പായുടേത് ‘ഫോക്കല്‍ ന്യൂമോണിയ’ ആണെന്നാണ് നിര്‍ണയിച്ചിട്ടുള്ളതെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി വ്യാഴാഴ്ച പറഞ്ഞു. ശ്വാസകോശത്തിന്റെ പാളികളില്‍ മുഴുവനിലുമായല്ല, അണുബാധയും നീര്‍വീക്കവും കോശജ്വലനവും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണുള്ളതെന്നാണ് ഇതിന് അര്‍ഥം. പാപ്പാ സ്വയം ശ്വാസമെടുക്കുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ സുസ്ഥിരമായി തുടരുന്നുവെന്നും ബ്രൂണി സൂചിപ്പിച്ചു.
വത്തിക്കാന്‍ സിറ്റി: ഒരാഴ്ചയായി റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായുടെ ആരോഗ്യനില ലേശം മെച്ചപ്പെട്ട നിലയില്‍ തുടരുന്നതായി വത്തിക്കാന്‍ വ്യാഴാഴ്ച ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. ”ശാന്തമായി ഉറങ്ങിയ പാപ്പാ രാവിലെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചാരുകസേരയിലിരുന്ന് പ്രഭാതഭക്ഷണം കഴിച്ചു” എന്നാണ് വത്തിക്കാന്‍ പ്രസ് ഓഫിസ് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ അറിയിച്ചത്.
ഇരുശ്വാസകോശങ്ങളിലെയും ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ശ്വസനത്തെ തടസപ്പെടുത്തുന്ന പോളിമൈക്രൊബിയല് അണുബാധ എന്നിവയ്ക്കായി വിദഗ്ധ ചികിത്സ തുടരുകയാണ്. ക്ലിനിക്കല്‍ അവസ്ഥയില്‍ പുരോഗതി കാണുന്നുണ്ട്. രക്തപരിശോധനകളിലെ സൂചകങ്ങള്‍ മാറ്റമില്ലാതെയാണിരിക്കുന്നത്. വ്യാഴാഴ്ച രാവിലെ ദിവ്യകാരുണ്യം സ്വീകരിച്ച പാപ്പാ കുറച്ചുനേരം ചില ഔദ്യോഗിക ജോലികളില്‍ മുഴുകുകയും ചെയ്തു.
പാപ്പായുടേത് ‘ഫോക്കല്‍ ന്യൂമോണിയ’ ആണെന്നാണ് നിര്‍ണയിച്ചിട്ടുള്ളതെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസ് ഡയറക്ടര്‍ മത്തെയോ ബ്രൂണി വ്യാഴാഴ്ച മാധ്യമപ്രവര്ത്തരുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു. ശ്വാസകോശത്തിന്റെ പാളികളില്‍ മുഴുവനിലുമായല്ല, അണുബാധയും നീര്‍വീക്കവും കോശജ്വലനവും ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രമാണുള്ളതെന്നാണ് ഇതിന് അര്‍ഥം. പാപ്പാ സ്വയം ശ്വാസമെടുക്കുന്നുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ സുസ്ഥിരമായി തുടരുന്നുവെന്നും ബ്രൂണി സൂചിപ്പിച്ചു.
ഫെബ്രുവരി 14ന് വെള്ളിയാഴ്ചയാണ് പാപ്പായെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജാ മെലോണി ആശുപത്രിയിലെത്തി 20 മിനിറ്റ് അദ്ദേഹത്തോടൊപ്പം ചെലവഴിക്കുകയുണ്ടായി. മെഡിക്കല്‍ സ്റ്റാഫിനും വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കും പുറമെ, പുറത്തുനിന്ന് പാപ്പായെ ആശുപത്രിയില്‍ കാണുന്ന ആദ്യവ്യക്തി പ്രധാനമന്ത്രി മെലോണിയാണ്. ‘പ്രസരിപ്പോടെ പാപ്പാ പഴയമട്ടില്‍ നര്‍മ്മബോധത്തോടെ സംസാരിച്ചു” എന്നാണ് പ്രധാനമന്ത്രി പിന്നീട് പറഞ്ഞത്.
ഉണ്ണിയേശുവിനെ കാണാനെത്തിയ മൂന്നു പൂജരാജാക്കന്മാര്‍ക്ക് യേശുവിലുണ്ടായിരുന്ന വിശ്വാസവും പ്രത്യാശയും മാതൃകയാക്കാനും അവരെപ്പോലെ യേശുവിലുള്ള ആനന്ദം സ്വന്തമാക്കാനും ആഹ്വാനം ചെയ്യുന്ന തന്റെ സന്ദേശം ഏവര്‍ക്കുമായി പ്രസിദ്ധീകരിക്കാന്‍ പാപ്പാ വത്തിക്കാന്‍ പ്രസ് ഓഫിസിനോട് ഇക്കഴിഞ്ഞ ദിവസം നിര്‍ദേശിച്ചു. വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുദര്‍ശനത്തിലെ പ്രഭാഷണത്തിന്റെ ഭാഗമായി ഫെബ്രുവരി 19നുവേണ്ടി തയാറാക്കിയിരുന്ന സന്ദേശം, പാപ്പാ ആശുപത്രിയില്‍ തുടരുന്ന സാഹചര്യത്തില്‍ പുറത്തുവിടുകയായിരുന്നു.
യേശുവിനെത്തേടിയുള്ള യാത്രയില്‍ നക്ഷത്രം രാജാക്കന്മാര്ക്ക് വഴികാട്ടിയായതിനെ പരാമര്‍ശിച്ച പാപ്പാ, പ്രപഞ്ചവും പ്രവാചകവചനങ്ങളും മനുഷ്യരോട് സംസാരിക്കാനും, തന്നെ കണ്ടെത്താനുള്ള മനുഷ്യരുടെ ശ്രമങ്ങള്‍ക്കായും ദൈവം ഉപയോഗിക്കുന്ന മാര്‍ഗങ്ങളാണെന്ന് ഉദ്ബോധിപ്പിച്ചു. നക്ഷത്രത്തിന്റെ കാഴ്ച പൂജരാജാക്കന്മാരില് ആനന്ദം നിറച്ചു. ദൈവത്തെ ആത്മാര്‍ത്ഥമായി തേടുന്ന മനുഷ്യരില്‍ നിറയുന്ന പരിശുദ്ധാത്മാവ് അവരുടെ ഹൃദയങ്ങളില്‍ ആനന്ദം നിറയ്ക്കുന്നു. ശിശുവായ യേശുവില്‍ ദൈവത്തെ ആരാധിക്കാന്‍ പൂജരാജാക്കന്മാര്‍ക്ക് സാധിച്ചു. അങ്ങനെ അവര്‍ വിജാതീയര്ക്കിടയില്നിന്നുള്ള പ്രഥമ വിശ്വാസികളായി മാറി. എല്ലാ ദേശങ്ങളില്‍നിന്നും ഭാഷകളില്‍നിന്നും ഒരുമിച്ച് കൂട്ടപ്പെടുന്ന സഭയുടെ പ്രതീകമായി അവര്‍ മാറുകയായിരുന്നു. ജൂബിലി വര്‍ഷത്തിന്റെ ആപ്തവാക്യത്തിലെ വാക്കുകള്‍ അവര്‍ത്തിച്ച പാപ്പാ, ‘പ്രത്യാശയുടെ തീര്‍ത്ഥാടകരായ’ ഈ പൂജരാജാക്കന്മാരെ പിന്തുടരാന് നമുക്കും പരിശ്രമിക്കാമെന്ന് ആഹ്വാനം ചെയ്തു. തങ്ങളുടെ വിശ്വാസവും സ്നേഹവും ക്രിസ്തുവിനു മുന്നില്‍ പ്രകടിപ്പിക്കാനും പാപ്പാ ഏവരെയും ക്ഷണിച്ചു.
പാപ്പാ വേഗത്തിലും പൂര്‍ണമായും സൗഖ്യം നേടട്ടേയെന്നും, ദൈവാനുഗ്രത്താല് തന്റെ പവിത്രവും ഉത്തരവാദിത്വമേറിയതുമായ കടമകളിലേക്ക് അദ്ദേഹത്തിന് വേഗം മടങ്ങാനാകട്ടെയെന്നും കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ പ്രഥമന്‍ ആശംസിച്ചു. പാപ്പായ്ക്ക് സൗഖ്യം നേര്‍ന്നുകൊണ്ട് സ്വന്തം കൈപ്പടയില്‍ പാത്രിയാര്‍ക്കീസ് എഴുതിയ കത്ത് തുര്‍ക്കിയിലെ ഫറാനില് വച്ച് മതാന്തരസംവാദത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയുടെ പ്രീഫെക്റ്റും പാപ്പായുടെ അപ്പസ്തോലികയാത്രകള്‍ ക്രമീകരിക്കുന്ന വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് വിഭാഗത്തിന്റെ ചുമതലക്കാരനുമായ കര്‍ദിനാള്‍ ജോര്‍ജ് കൂവക്കാടിന്റെ കയ്യില്‍ അദ്ദേഹം നേരിട്ടു നല്‍കുകയായിരുന്നു. നിഖ്യ എക്യുമെനിക്കല്‍ സൂനഹദോസിന്റെ 1700-ാം വാര്‍ഷികത്തില്‍ തുര്‍ക്കി സന്ദര്‍ശിക്കാനുള്ള പാപ്പായുടെ പദ്ധതിയുടെ ഒരുക്കത്തിനായി വലിയൊരു പ്രതിനിധിസംഘത്തോടൊപ്പം ഫാനാറിലെത്തിയതാണ് കര്‍ദിനാള്‍ കൂവക്കാട്.
എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ് ബര്‍ത്തലോമിയോ, ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പായ്ക്ക് ഹൃദ്യമായ സാഹോദര്യത്തിന്റെയും സഹാനുഭൂതിയുടെയും പിന്തുണയുടേതുമായ ഒരു കത്തയച്ചുവെന്ന് പാത്രിയാര്‍ക്കേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പില്‍ പറഞ്ഞു.
റോമാ രൂപതയിലെ ഇടവകകളിലും സന്ന്യാസഭവനങ്ങളിലും പാപ്പായുടെ രോഗസൗഖ്യത്തിനായി നിശബ്ദപ്രാര്ഥനായാമങ്ങള് നിശ്ചയിച്ച് അഖണ്ഡ പ്രാര്‍ഥന തുടരുകയാണെന്ന് റോമാ രൂപതയുടെ വികാരി ജനറല്‍ കര്‍ദിനാള്‍ ബാള്ദസാരെ റേയ്നാ അറിയിച്ചു.
ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ ‘മൂന്നാം വത്തിക്കാന്‍’ എന്നു വിളിച്ചിരുന്ന ജെമെല്ലി ആശുപത്രിയില്‍ നാലാം തവണയാണ് ഫ്രാന്‍സിസ് പാപ്പാ പ്രവേശിക്കപ്പെട്ടിരിക്കുന്നത്. ജോണ്‍ പോള്‍ പാപ്പാ 1978 മുതല്‍ 2005 വരെയുള്ള തന്റെ പൊന്തിഫിക്കല്‍ ശുശ്രൂഷാകാലയളവില്‍ ഒന്‍പതു തവണയായി 153 ദിവസങ്ങള്‍ ഈ ആശുപത്രിയില്‍ കഴിഞ്ഞു. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തെ അദ്ദേഹം ഒന്നാം വത്തിക്കാന്‍ എന്നും പാപ്പാമാരുടെ വേനല്‍ക്കാലവസതിയായ കാസ്തല്‍ ഗണ്ടോള്ഫോയെ രണ്ടാം വത്തിക്കാനെന്നും ജെമെല്ലിയെ മൂന്നാം വത്തിക്കാന്‍ എന്നുമാണ് അദ്ദേഹം വിശേഷിപ്പിച്ചിരുന്നത്.
ആശുപത്രിയുടെ പത്താം നിലയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റിലാണ് പാപ്പായെ ചികിത്സിക്കുന്നത്. പാപ്പായുടെ മുറിയോടു ചേര്‍ന്ന് ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ സ്റ്റാഫിനും സമ്മേളിക്കാനുള്ള ഒരു മുറിയും ചാപ്പലുമുണ്ട്. 1981 മേയില്‍ ജോണ്‍ പോള്‍ പാപ്പായ്ക്കു വെടിയേറ്റതിനെ തുടര്‍ന്നുള്ള ചികിത്സയ്ക്കായാണ് ആദ്യം ജെമെല്ലിയില്‍ ഈ പേപ്പല്‍ ചേംബര്‍ ഒരുക്കിയത്. ഫ്രാന്‍സിസ് പാപ്പായുടെ മുന്‍ഗാമിയായ ബെനഡിക്റ്റ് പതിനാറാമന്‍ പാപ്പാ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞതായി രേഖകളില്ല.
ഫൊന്താത്സിയോനെ പോളിക്ലിനിക്കോ ഊനിവേര്സിതാരോ അഗൊസ്തീനോ ജെമേല്ലി എന്ന ഈ ആശുപത്രി റോമിലെ ഏറ്റവും വലിയ ആശുപത്രിയാണ്. 1959-ല്‍ അന്തരിച്ച ഫ്രാന്‍സിസ്കന്‍ സന്ന്യാസിയും മനഃശാസ്ത്രജ്ഞനുമായ അഗൊസ്തീനോ ജെമെല്ലിയുടെ പേരാണ് ആശുപത്രിക്കു നല്‍കിയിട്ടുള്ളത്. 1921-ല്‍ മിലാനിലെ തിരുഹൃദയ കത്തോലിക്കാ യൂണിവേഴ്സിറ്റി സ്ഥാപിച്ചത് ജെമെല്ലിയാണ്. യൂറോപ്പിലെ ഏറ്റവും വലിയ കത്തോലിക്കാ യൂണിവേഴ്സിറ്റിയാണത്. 1964-ല്‍ സ്ഥാപിച്ച ജെമെല്ലി ആശുപത്രി ആ യൂണിവേഴ്സിറ്റിയുടെ ഭാഗമാണ്.