വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് വത്തിക്കാൻ. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ആശുപത്രിയിൽ തുടരുന്ന മാർപാപ്പയെ സന്ദർശിച്ചു. 20 മിനിറ്റോളം സന്ദർശനം നീണ്ടതായും വത്തിക്കാൻ അറിയിച്ചു.
ഫ്രാൻസിസ് പാപ്പാ കഴിഞ്ഞ രാത്രിയിൽ ഉറങ്ങി വിശ്രമിച്ചുവെന്നും, രാവിലെ ഉറക്കമുണർന്ന അദ്ദേഹം പ്രഭാതഭക്ഷണം കഴിച്ചുവെന്നും ഫെബ്രുവരി 19 ബുധനാഴ്ച രാവിലെ നൽകിയ ഒരു ടെലെഗ്രാം സന്ദേശത്തിലൂടെ വത്തിക്കാൻ പ്രെസ് ഓഫീസ് മാധ്യമപ്രവർത്തകരെ അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനകളിൽ പാപ്പായ്ക്ക് ന്യുമോണിയ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.
ആരോഗ്യാവസ്ഥ തൃപ്തികരമല്ലെങ്കിലും അദ്ദേഹം സന്തോഷവാനാണെന്നും വത്തിക്കാന്‍ അറിയിച്ചു. വി. കുര്‍ബാന സ്വീകരിച്ച പാപ്പ പ്രാര്‍ഥനയിലും വായനയിലുമായാണ് സമയം ചെലവഴിക്കുന്നത്.
അതിനിടെ, ഫ്രാൻസിസ് പാപ്പായ്ക്കായി, ജെമെല്ലി പോളിക്ലിനിക്കിലെ ക്യാൻസർ വിഭാഗത്തിലെ കുട്ടികൾ കത്തുകളും അവർ വരച്ച ചിത്രങ്ങളും അയച്ചുകൊടുത്തിരുന്നു. പാപ്പായുടെ സൗഖ്യത്തിനായുള്ള പ്രാർത്ഥനകളും കുട്ടികൾ വാഗ്ദാനം ചെയ്തിരുന്നു.