വില്‍സി സൈമണ്‍
തിരുനാളുകള്‍ വിശ്വാസത്തിന്റെ ആഘോഷമാണ്. വിശ്വാസത്തിനുവേണ്ടി സ്വന്തം ജീവിതം പൂര്‍ണ്ണമായി സമര്‍പ്പിച്ചവരുടെയും രക്തസാക്ഷിത്വം വരിച്ചവരുടെയുമെല്ലാം ഓര്‍മകള്‍ നാം സ്മരിക്കുമ്പോള്‍ പുണ്യപൂര്‍ണതയില്‍ വളരാനും ജീവിക്കുവാനുമുള്ള വലിയ ആഹ്വാനമാണ് അത് നമുക്ക് നല്‍കുന്നത്. വലിയ സഹനങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും കടന്നു പോയവരാണ് വിശുദ്ധാത്മാക്കള്‍. അതുകൊണ്ട് തന്നെ വിശുദ്ധരുടെയും മറ്റും തിരുനാളുകള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കപ്പെടണം എന്ന കാര്യത്തില്‍ സംശയമില്ല.
നമ്മുടെ പെരുന്നാളുകള്‍ തിരുനാളുകള്‍ ആയി മാറേണ്ടേ. പലപ്പോഴും തിരുനാള്‍ ആഘോഷങ്ങള്‍ അതിരുകള്‍ കടക്കുന്നില്ലേ. അമിതമായ ആഡംബരങ്ങളും പണക്കൊഴുപ്പും നമ്മുടെ തിരുനാള്‍ ആഘോഷങ്ങളിലെ ആത്മീയത നഷ്ടപ്പെടുത്തുന്നു.
വെടിക്കെട്ടും ആനയും വാദ്യഘോഷങ്ങളും ലൈറ്റ് ഷോയും ഫുഡ് ഫെസ്റ്റുമൊക്കെ തിരുനാള്‍ മഹോത്സവങ്ങളുടെ ഭാഗമായി മാറി. കര്‍ത്താവിനെക്കാളും വിശുദ്ധരെക്കാളും വലിയ ആകാശവിസ്മയങ്ങളും ബിരിയാണി ചലഞ്ചുമൊക്കെ ബിഗ് സ്ക്രീനില്‍ വരുന്നതു എന്ത് സന്ദേശമാണു വരും തലമുറയ്ക്ക് നല്‍കുന്നത്?
തിരുശേഷിപ്പുകള്‍ വഹിച്ചു കൊണ്ടുള്ള വിശ്വാസസാക്ഷിത്വവഴികളില് എന്തെല്ലാം കോമാളിത്തരങ്ങളാണ് നടക്കുന്നത്. കൂട്ടത്തല്ലുകളും ബാന്റ് വാദ്യങ്ങളും ഹിറ്റ് സോങുകളും ഡാന്‍സും കൂത്തുമൊക്കെയായി നാമെല്ലാവരും പെരുനാള് ഗംഭീരമായി ആഘോഷിക്കുന്നു.
തിരുനാള്‍ ദിനങ്ങളില്‍ ദിവ്യബലിയില്‍ സജീവമായി പങ്കെടുക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ദേവാലയത്തില്‍ ബലി അര്‍പ്പിക്കപ്പെടുമ്പോള്‍ ആ സമയത്ത് നേര്‍ച്ചകളും വഴിപാടുകളും കടകളില്‍ സാധനങ്ങള്‍ വാങ്ങാനുമായി തിക്കും തിരക്കുമാണ് എവിടെയും കാണാന്‍ കഴിയുന്നത്. മിക്ക സ്റ്റാളുകളും ദേവാലയത്തിന് സമീപത്താണ്. ഇതിനിടയില്‍ പലയിടങ്ങളിലും ഊട്ടുസദ്യകളില് ക്യൂ നില്‍ക്കാനുള്ള തിരക്ക് കാണാം. ക്രൈസ്തവജീവിതത്തിന്റെ കേന്ദ്രബിന്ദുവായ ദിവ്യബലിയില്‍ പങ്കെടുക്കാനും കാര്മികന് നല്കുന്ന വചനസന്ദേശം ശ്രവിക്കുവാനും ദിവ്യകാരുണ്യം സ്വീകരിക്കാനും ഭക്തജനങ്ങള്‍ തിരുനാള്‍ ദിനങ്ങളില്‍ പോലും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നത് വാസ്തവമാണ്. ഓരോ തിരുനാള്‍ ആഘോഷങ്ങളിലെയും പണപ്പിരിവും കണക്കുകളും പലപ്പോഴും കുടുംബങ്ങള്‍ തമ്മില്‍ തമ്മിലുളള പിണക്കങ്ങള്‍ക്കും വഴക്കിനുമൊക്കെ കാരണമായി തീരാറുണ്ട്.
നമ്മുടെ തിരുനാള്‍ ആഘോഷങ്ങളിലെ ധൂര്‍ത്തും ആഡംബരങ്ങളും പണക്കൊഴുപ്പും മാറ്റപ്പെടണം. വിശുദ്ധരുടെ വഴികള്‍ അതല്ലായിരുന്നുവെന്ന ഉള്‍ക്കാഴ്ചയാണ് നമുക്ക് ആദ്യം വേണ്ടത്.
ലാളിത്യവും ക്രിസ്തീയമൂല്യങ്ങളും വിശ്വാസവുമെല്ലാം പ്രഘോഷിക്കപ്പെടേണ്ട ഇത്തരം ആഘോഷങ്ങള്‍ ഒരു എതിര് സാക്ഷ്യമായി മാറുന്നുവെങ്കില്‍ നമ്മുടെ തിരുനാള്‍ ആഘോഷങ്ങളെക്കുറിച്ചും നടത്തിപ്പിനെക്കുറിച്ചും പുനര്‍വിചിന്തനം നടത്തേണ്ടതു അത്യന്താപേക്ഷിതമാണ്.
ഒഴിവാക്കേണ്ടതു ഒഴിവാക്കിയും കൂട്ടിച്ചേര്ക്കേണ്ടതു കൂട്ടിച്ചേര്‍ത്തും നമ്മുടെ തിരുനാള്‍ ആഘോഷങ്ങളുടെ നഷ്ടപ്പെട്ടുപോയ ആത്മീയ ചൈതന്യം വീണ്ടെടുക്കാന്‍ വിശ്വാസസമൂഹം മുന്നോട്ട് വരണം. ഓരോ തിരുനാളിന്റെയും കൊടിയിറങ്ങി കഴിയുമ്പോള്‍ ഒരു സ്വയം അവലോകനം നടത്തുന്നത് ഉത്തമമാണ്.
ഈ തിരുനാള്‍ ദിനങ്ങളില്‍ ഞാന്‍ എത്ര മാത്രം ആത്മീയമായി വളര്‍ന്നു? എന്റെ വിശ്വാസജീവിതം എത്രത്തോളം ശക്തമായി? പാവപ്പെട്ടവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എന്തെങ്കിലും നന്മകള് എനിക്ക് ചെയ്യാനായോ? എന്റെവിശ്വാസ സാക്ഷിത്വജീവിതം എങ്ങനെ? ഓരോ തിരുന്നാള്‍ ആഘോഷങ്ങളും അര്‍ത്ഥവത്താകുന്നത് ഇത്തരം ചോദ്യങ്ങള്‍ക്ക് സത്യസന്ധതയോടെ ഉത്തരം നല്‍കുമ്പോഴാണ്. തിരുന്നാള്‍ ആഘോഷങ്ങളില്‍ ക്രൈസ്തവസംസ്ക്കാരത്തിനു ചേരാത്ത ധാരാളം പ്രവണതകള്‍ ഉടലെടുത്തു വരുന്നതായി കാണാം. കാലത്തിന്റെ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടു ചില മാറ്റങ്ങള്‍ സ്വീകാര്യമാണ്. പക്ഷേ ന്യൂജെന്‍ ട്രെന്‍ഡുകള്‍ അനുസരിച്ചു എല്ലാം ക്രമീകരിക്കപ്പെടുമ്പോള്‍ ആത്മീയത കൈമോശം വരുന്നു. തിരുനാളുകളും ആഘോഷങ്ങളും വിപണനവേദികളാകരുത്. തിരുനാള്‍ ആഘോഷിക്കപ്പെടേണ്ടത് തന്നെ ആണ്. പക്ഷേ അതിലെ ദൈവീക ചൈതന്യം ഒരിക്കലും നഷ്ടപ്പെട്ടു പോകരുത്. പൂര്‍വ്വികര്‍ നമുക്ക് പകര്‍ന്നുതന്ന വിശ്വാസവെളിച്ചം അണയാതെ കാത്തു സൂക്ഷിക്കാനും അത് ചോര്‍ന്നു പോകാതെ വരും തലമുറയ്ക്ക് പകര്‍ന്നു നല്‍കാനും ഓരോ വിശ്വാസിയ്ക്കും കടമയുണ്ട്. പുണ്യത്തില്‍ അഭിവൃദ്ധിപ്പെടാനും സ്വയം വിശുദ്ധി പ്രാപിക്കാനുമുള്ള അവസരങ്ങള്‍ ആയി ഓരോ തിരുനാള്‍ ആഘോഷങ്ങളും രൂപാന്തരപ്പെടേണ്ടതുണ്ട്.
തിരുനാളുകള്‍ കുടുംബ കൂട്ടായ്മയുടെ ആഘോഷമാക്കി മാറ്റണം. കുടുംബങ്ങളില്‍ മാനസികമായ ഐക്യവും സന്തോഷവും സമാധാനവും, പ്രാര്‍ത്ഥനാചൈതന്യവും നിലനിര്‍ത്താന്‍ ലഭിക്കുന്ന അവസരങ്ങളാണിവ. ഈ ദിവസങ്ങള്‍ വീടുകളില്‍ കൊച്ചുമക്കളും പ്രായമായവരും ബന്ധുക്കളുമെല്ലാം ഒന്നു ചേരുന്ന ദിനങ്ങളാക്കി മാറ്റണം. വിശ്വാസസാക്ഷിത്വ ജീവിതത്തിന്റെ പ്രഘോഷണം കൂടിയാണ് ഓരോ തിരുനാളും ആഘോഷങ്ങളും.
ധാര്‍മികത തമസ്കരിച്ചു കൊണ്ടിരിക്കുന്ന നിരവധി വാര്‍ത്തകള്‍ നാം സമീപകാലത്ത് കേട്ടുകൊണ്ടിരിക്കുകയാണ്. മദ്യവും മയക്കുമരുന്നും ധൂര്‍ത്തും ആഡംബരങ്ങളും ആര്‍ഭാടങ്ങളും നമ്മുടെ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ടിരിക്കുകയാണ്. പണത്തിനു വേണ്ടി സ്വന്തം മാതാപിതാക്കളെ വരെ കഴുത്തറുത്ത് കൊല്ലാന്‍ മടിക്കാത്ത മക്കള്‍ നമ്മുടെ ഇടയില്‍ ഉണ്ട്. സ്വന്തം അമ്മ പെങ്ങന്മാരെ തിരിച്ചറിയാന്‍ കഴിയാത്തവരും നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. ഒരേ കാമ്പസില്‍ ഒപ്പം നടക്കുന്ന കൂട്ടുകാരന്റെ ദേഹത്ത് കോമ്പസുകൊണ്ട് കീറി മുറിച്ച് ആ മുറിവുകളില്‍ ലോഷന്‍ പുരട്ടി രസിക്കുന്ന മനഃസാക്ഷി മരവിച്ച ചെറുപ്പക്കാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്.
കുട്ടികളുടെ തെറ്റുകള്‍ തിരുത്താനുള്ള സാധ്യതകള്‍ കുറഞ്ഞുവരുന്നു. ട്യൂഷന് ക്ലാസുകള്‍ക്കായി വേദപാഠപഠനം പോലും മാറ്റി വയ്ക്കുന്ന സാഹചര്യങ്ങള്‍ നമ്മുടെ വിശ്വാസപഠനത്തിന്റെ മൂല്യത്തിന് മങ്ങല്‍ ഏല്പ്പിക്കുന്നില്ലേ.. വിശ്വാസത്തിന്റെ പാഠങ്ങള്‍ മക്കള്‍ എവിടെ നിന്നാണ് ആദ്യം പഠിക്കേണ്ടത്..
ചുറ്റും ധാര്‍മിക സദാചാരബോധ്യങ്ങള്ക്ക് മൂല്യച്യുതി സംഭവിച്ചു കൊണ്ടിരിക്കുന്നു. മുഖംമൂടി ധരിച്ചു ജീവിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മാതൃകാപരമായ ഒരു ജീവിതസാക്ഷ്യമേകേണ്ടത് ഒരു ക്രൈസ്തവന്റെ കടമയാണ്. ഒരു ക്രിസ്ത്യാനിക്ക് ഇത് ഒരു വെല്ലുവിളിയാണ്, ഒപ്പം ‘റിസ്കും’ ആണ്.
പക്ഷേ ക്രിസ്തീയജീവിതശൈലികള്ക്കും മൂല്യങ്ങള്‍ക്കും ഇന്ന് ഏറെ പ്രസക്തി ഉണ്ട്. സ്വാഭാവത്താല്‍ തന്നെ സഭ പ്രേഷിതയാണ്, വിശുദ്ധയാണ്, പരിശുദ്ധയാണ്. നമുക്ക് മുമ്പില്‍ വിശുദ്ധജീവിതം നയിച്ച നിരവധി പുണ്യാത്മാക്കളുണ്ട്. പുണ്യം പൂക്കുന്ന വഴികളുണ്ട്. ആ വഴികളില്‍ ക്രൂശിതന്റെ നിണമണിഞ്ഞ കാല്‍പ്പാടുകള്‍ ഉണ്ട്. ഇനിയും വിശുദ്ധി നിറഞ്ഞ ജീവിതമാണ് നമുക്ക് വേണ്ടത്. നമ്മുടെ മക്കള്‍ അടിയുറച്ച വിശ്വാസത്തില്‍ ജീവിക്കണം.
സഭ അതിനായി നിരവധി വാതായനങ്ങള്‍ വിശ്വാസികള്‍ക്കു മുമ്പില്‍ തുറന്നുതരുന്നുണ്ട്. അവയെല്ലാം വളരെ സൂക്ഷ്മതയോടെയും ആഹ്ളാദത്തോടെയും നിരുപാധികം സ്വീകരിക്കാന്‍ എല്ലാവര്ക്കും സാധിക്കണം. ക്രിസ്തുസ്നേഹത്തിന്റെയും പ്രാര്‍ഥനകളുടെയും മൂല്യങ്ങളുടെയുമെല്ലാം വലിയ സാക്ഷിത്വമായി നമ്മുടെ തിരുന്നാളുകള്‍ മാറണം. കാലത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസവും പ്രവര്‍ത്തനവും തമ്മിലുണ്ടായിട്ടുള്ള വിടവ് നികത്താന്‍ ശ്രദ്ധിക്കണം.
അനാവശ്യമായ ആഘോഷങ്ങള്‍ക്കും ആഡംബരങ്ങള്‍ക്കും നീക്കി വയ്ക്കുന്ന തുകകള്‍ ധാരാളം നന്മപ്രവര്ത്തനങ്ങള്ക്കായി ഉപയോഗപ്പെടുത്താം. അവ ചേര്‍ത്തു വച്ചു പാവപ്പെട്ടവരെയും അനാഥരെയും സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും രോഗികളെയും നമുക്ക് സഹായിക്കാനാകും. അങ്ങനെ സഭയുടെ ദൈവരാജ്യപ്രഘോഷണദൗത്യത്തില് നമുക്കും പങ്കുചേരാം. തിരുന്നാള്‍ ആഘോഷങ്ങള്‍ ഏതുമാകട്ടെ വിവാഹമോ മാമ്മോദീസായോ ആദ്യകുര്‍ബാന സ്വീകരണമോ മറ്റെന്തുമായാലും അത്തരം വേദികളിലെല്ലാം എളിമയും ലാളിത്യവും ഉള്‍ക്കൊള്ളുന്ന ക്രിസ്തീയ ജീവിതശൈലി പ്രകടമാകണം. ഒപ്പം വിശ്വാസജീവിതത്തെ പൂര്‍ണതയില്‍ ആഘോഷിക്കാനുള്ള പരിവര്‍ത്തനങ്ങളും, മാര്ഗദര്ശനങ്ങളും, ജീവിത മാതൃകകളും രൂപം പ്രാപിക്കുകയും വേണം. പണം പോട്ടെ, പവര്‍ വരട്ടെ എന്ന് ആരെങ്കിലും ചിന്തിക്കുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും നമുക്കും വരും തലമുറയ്ക്കു ഉതപ്പ് ഉണ്ടാക്കുമെന്നതില്‍ സംശയം വേണ്ട.