ന്യൂ ഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ജീവിതം എന്‍ സി ഇ ആര് ടിയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സംഘപരിവാര്‍ അനുകൂല സംഘടനയായ അമിത് ഷാ യൂത്ത് ബ്രിഗേഡിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു. വിദ്യാഭ്യാസ മേഖലയിലെ കാവിവല്‍ക്കരണം ലക്ഷ്യമിട്ടുള്ള ബി ജെ പി നീക്കമാണ് നടപടിക്ക് പിന്നിലെന്ന വിമര്‍ശനം ഇതോടെ ശക്തമായി.
ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂര്‍ കേന്ദ്രീകരിച്ചുള്ള അമിത് ഷാ യൂത്ത് ബ്രിഗേഡ് എന്ന സംഘപരിവാര്‍ സംഘടനയാണ് പാഠപുസ്തകങ്ങളില്‍ ഷായുടെ ജീവിതം പഠിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നത്. സംഘടനയുടെ അധ്യക്ഷന്‍ എസ് കെ ശുക്ല ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യം എന്‍ സി ഇ ആര് ടിയുടെ പരിഗണനക്ക് കേന്ദ്രത്തിന് വിട്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
അമിത് ഷാ രാജ്യത്തിന് നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് ഗവേഷണത്തിന് ഗുണകരമാകുമെന്നുമാണ് സംഘടനയുടെ പൊള്ളവാദം. ആവശ്യം ഉന്നയിച്ച് കത്ത് നല്കിയ എസ് കെ ശുക്ല നേരത്തേ അമിത് ഷായെ മഹത്വവത്കരിച്ച് പുസ്തകം എഴുതിയിട്ടുണ്ട്.