ന്യൂ ഡൽഹി: ഇന്ത്യൻ കൂടിയേറ്റക്കാരെ നാടുകടത്തുന്നത് തുടര്‍ന്ന് അമേരിക്ക. 112 കുടിയേറ്റക്കാരുമായി മൂന്നാം അമേരിക്കന്‍ സൈനിക വിമാനം പഞ്ചാബില്‍ ഇറങ്ങി. ഇന്ന് രാത്രി 10.15ഓടെയാണ് വിമാനം എത്തിയത്. കൈയിൽ വിലങ്ങ് അണിയിച്ചാണ് കുടിയേറ്റക്കാരെ വിമാനത്തില്‍ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ട്.
ഹരിയാനയില്‍ നിന്ന് 43 പേരും പഞ്ചാബില്‍ നിന്ന് 33 പേരും ഗുജറാത്തില്‍ നിന്ന് 31 പേരും ഉണ്ട്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും വിമാനത്തില്‍ ഉണ്ടായിരുന്നു. മൂന്ന് ഘട്ടങ്ങളിലായി 335 ഇന്ത്യൻ കുടിയേറ്റക്കാരെയാണ് അമേരിക്ക ഇതുവരെ നാടുകടത്തിയത്.
ആദ്യഘട്ടത്തില്‍ 104 ഇന്ത്യൻ കുടിയേറ്റക്കാരെ കയ്യാമം ചെയ്തു നാടുകടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. കുടിയേറ്റക്കാരെന്ന് സ്ഥിരീകരിച്ച 487 പേരെ നാടുകടത്തും എന്നാണ് നേരത്തെ അമേരിക്കന്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മറ്റു കുടിയേറ്റക്കാരുമായുള്ള വിമാനം വരും ദിവസങ്ങളില്‍ ഇന്ത്യയില്‍ എത്തും.