കൊച്ചി: വരാപ്പുഴ അതിരൂപത അംഗം ഡോ. ജിൻസൺ ജോസഫിന് കുസാറ്റിൽ മത്സ്യ ഉല്പന്ന സംരംഭകർക്കുവേണ്ടിയുള്ള പുതിയ ഫെസിലിറ്റി സെൻററിൻറെ ഡയറക്ടറായി നിയമനം.
കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയിൽ മത്സ്യ ഉൽപ്പന്ന സംരംഭകർക്കുവേണ്ടി പുതിയ ഫെസിലിറ്റി സെൻററിന് തുടക്കം കുറിച്ചു. സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബസ് എന്നറിയപ്പെടുന്ന പുതിയ സെന്ററിന്റെ ചുരുക്കപേര് കടൽ മത്സ്യത്തെ സൂചിപ്പിക്കും വിധം CE-FISH (സീ ഫിഷ്) എന്നാണ്. കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം പ്രവർത്തിക്കുന്ന എറണാകുളം ലേക്ക് സൈഡ് ക്യാമ്പസിൽതന്നെയാണ് സീ ഫിഷ് സ്ഥാപിക്കുന്നത്.
സെന്റർ പ്രവർത്തനസജ്ജമാക്കുന്നതിനുവേണ്ടി കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല പുതിയ സ്ഥലവും 2.7 ലക്ഷം രൂപയും നല്കും. സ്കൂൾ ഓഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് വിഭാഗം അധ്യാപകനായ ഡോക്ടർ ജിൻസൺ ജോസഫിനെ സീ ഫിഷിന്റെ പ്രഥമ ഡയറക്ടറായി നിയമിച്ചു. മൂല്യ വർദ്ധ്യത മത്സ്യഉല്പന്ന സംരംഭകർക്കു വേണ്ടി ഫെസിലിറ്റി സെൻറർ സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നബാർഡ് നല്കും.
മത്സ്യത്തൊഴിലാളികൾ, മത്സ്യ കർഷകർ, വനിതാ കൂട്ടായ്മകൾ, അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർ,പിന്നോക്ക വിഭാഗക്കാർ, വിദ്യാർത്ഥി സമൂഹം എന്നിവർക്ക് സ്വയം സംരംഭകത്വം കണ്ടെത്തുന്നതിന് വേണ്ടിയുള്ള നൈപുണ്യ വികസന പരിപാടികൾ സംഘടിപ്പിക്കുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം. മത്സ്യ സംസ്കരണ മേഖലയിലെയും, ഭക്ഷ്യസുരക്ഷയിലെയും നൂതനമായ വിദ്യകളുടെ പരിശീലനങ്ങൾ വഴി മത്സ്യ കയറ്റുമതി മേഖലയെ ശാക്തീകരിക്കാനും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സെൻറർ ഓഫ് എക്സലൻസ് ഫോർ ഫുഡ് ഇന്നോവേഷൻസ് ആൻഡ് സ്റ്റാർട്ടപ്പ് ഹബസ് വഴി സാധിക്കും.
വരാപ്പുഴ അതിരൂപതയിലെ കത്രിക്കടവ്, സെൻറ് ഫ്രാൻസിസ് സേവ്യർ ഇടവകാംഗമായ ഡോക്ടർ ജിൻസൺ ജോസഫ് പടപുരക്കൽ കുടുംബാംഗമാണ്. നിലവിൽ കുണ്ടന്നൂരിലെ വികാസ് നഗറിൽ താമസിക്കുന്ന ഡോക്ടർ ജിൻസൻറെ ഭാര്യ ഡോക്ടർ രമ്യകുമാരി വിശാഖപട്ടണത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ട്രെയിനിങ് (NIFPHATT) എന്ന കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ പ്രോസസിംഗ് ടെക്നോളജിസ്റ്റാണ്. മകൾ, അരിൻ ജിയാന ജിൻസൺ (5- വയസ്)