ബി എസ്
അരനൂറ്റാണ്ടുകാലം കേരളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്തെ തിരക്കേറിയ നടിയായിരുന്ന – നിരവധി സിനിമകളിലും അഭിനയിച്ച – മേരി മെറ്റില്‍ഡ കഴിഞ്ഞ ദിവസം ജീവിതനാടകത്തിന്റെ തിരശീലയ്ക്കു പിന്നില്‍ മറഞ്ഞു. മേരി മെറ്റില്‍ഡ ഒരു അഭിനേത്രി മാത്രമായിരുന്നില്ല, അവര്‍ ഒരു കാലഘട്ടത്തിന്റെ, മലയാള നാടക അരങ്ങിന്റെ അടയാളപ്പെടുത്തലും കൂടിയാണ്. കേരളം നെഞ്ചേറ്റിയ നാടകക്കാരുടെയെല്ലാം ജീവിതവും പൊള്ളുന്ന നാടകാഖ്യാനങ്ങള് തന്നെയാണ്. മലയാള നാടകത്തെ വേദിയിലെത്തിച്ച സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ മുതല്‍ മേരി മെറ്റില്‍ഡ വരെ അതിന് ഉത്തമസാക്ഷ്യങ്ങളാണ്. മറ്റുള്ളവര്‍ക്കു വേണ്ടി അരങ്ങിലും അണിയറയിലും നിറഞ്ഞാടുമ്പോള്‍ ജീവിക്കാന്‍ സ്വയം മറന്നുപോയവരാണ് ഏറെയും. സമൂഹത്തിന്റെ, സ്ത്രീകളുടെ നിരന്തര സംഘര്‍ഷങ്ങളെയും കലുഷിത ജീവിതങ്ങളെയും വേദികളില്‍ അഭിസംബോധന ചെയ്തപ്പോള്‍ സ്വന്തം ദുഃഖങ്ങളെ വിസ്മരിക്കാന്‍ വിധിക്കപ്പെട്ടവളായിരുന്നു മെറ്റില്‍ഡ. നാടകജീവിതവും ജീവിതനാടകവും മാറി മാറി അഭിനയിക്കാന്‍ വിധിക്കപ്പെട്ട നാടകവേഷക്കാരുടെ അനുഭവം കൂടിയാണ് മെറ്റില്‍ഡ വഴി സാക്ഷ്യപ്പെടുത്തുന്നത്.
മെറ്റില്‍ഡ കണ്ടെത്തിയ ഇന്ത്യ
കോഴിക്കോട് അത്താണിക്കലില്‍ ഒരു വാടകവീട്ടിലായിരുന്നു മെറ്റില്‍ഡയുടെ ജനനം. ആന്റണി സാന്റിയാഗോ ഡിക്രൂസിന്റെയും മേരി ഡിക്രൂസിന്റെയും പത്തു മക്കളില്‍ എട്ടാമത്തവള്‍. അപ്പന് മരിക്കുമ്പോള്‍ മെറ്റില്‍ഡയ്ക്ക് ആറു വയസ്. അമ്മയുടെ തോരാത്ത കണ്ണീരിന് തന്നെക്കൊണ്ട് അല്പമെങ്കിലും ശമനമുണ്ടാക്കണേ എന്നവള്‍ ദൈവത്തോട് ഹൃദയമുരുകി പ്രാര്‍ഥിച്ചു. പട്ടാളത്തില്‍ തയ്യല്‍ക്കാരനായിരുന്ന അപ്പന് ആന്റണി ഡിക്രൂസ് അസുഖം മൂലം പട്ടാളജീവിതം മതിയാക്കി നാട്ടിലെത്തിയതായിരുന്നു. കോഴിക്കോട് മിഠായിത്തെരുവില്‍ ഒരു തയ്യല്‍കടയിട്ട് കുടുംബജീവിതം ഒരു കരയ്ക്കടുപ്പിക്കാന്‍ ശ്രമിച്ചുവരികെ ഒരുനാള്‍ അദ്ദേഹം ജീവിതത്തോടു വിടവാങ്ങി. സന്ധ്യാവ് മേസ്തരി എന്നാണ് എല്ലാവരും ആന്റണി ഡിക്രൂസിനെ വിളിച്ചിരുന്നത്. കുടുംബനാഥന്റെ പെട്ടെന്നുള്ള മരണത്തെത്തുടര്‍ന്ന് അമ്മയും മൂത്തമകളും ഒരു ബനിയന് കമ്പനിയില്‍ തയ്യല്ജോലിക്കു പോയിത്തുടങ്ങി. അക്കാലത്ത് ഒരുപാട് കഷ്ടപ്പെട്ടു. പഠിക്കാനുള്ള സാഹചര്യമില്ലാത്തതുകൊണ്ട് മെറ്റില്‍ഡയുടെ സ്കൂള്‍ പഠനം ഫിഫ്ത് ഫോറത്തില്‍ ഒതുങ്ങി. ബന്ധുക്കളുടെ സഹായത്താലാണ് മൂത്ത സഹോദരിമാരുടെ വിവാഹങ്ങള്‍ നടന്നത്.
അപ്പന്റെ പഴയ ഇരുമ്പുപെട്ടിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങള്‍ക്കിടയില്‍ നിന്നാണ് മെറ്റില്‍ഡ ആ നിധി കണ്ടെത്തിയത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എഴുതിയ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന പുസ്തകം. പത്തു വര്‍ഷം ആ പുസ്തകവുമായി അവള് മല്ലിട്ടു. അവള്‍ക്കത് വായിക്കാന്‍ കഴിഞ്ഞില്ല. കുടുംബത്തിന്റെ ദാരിദ്യത്തിന്റെ ആഴത്തില്‍ പഠിപ്പുമുടങ്ങിപ്പോയ അവളോട് അക്ഷരങ്ങള്‍ തെല്ലും കനിവു കാണിച്ചില്ല. മെറ്റില്ഡയ്ക്കു താഴെ രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ടായിരുന്നു. കുടുംബത്തിന്റെ കൊടുംപട്ടിണി മാറ്റാന്‍ തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്നവള്‍ സ്വയം നൊന്തു വിലപിച്ചു.
അന്വേഷണങ്ങള്‍ക്കൊടുവില്‍ അവളുടെ മുന്നില്‍ നാടകരൂപത്തില്‍ ജീവിതത്തിന്റെ വാതിലുകള്‍ തുറന്നു. പതിനാറാം വയസ്സില്‍ അവളാദ്യമായി ഒരു നൃത്തസംഗീത നാടകത്തില്‍ വേഷമിട്ടു. അവളെ അദ്ഭുതപരതന്ത്രയാക്കി ജീവിതം നാടകത്തിലേക്കു കടന്നുവന്നു: നെഹ്റുവിന്റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ ആയിരുന്നു നാടകത്തിന്റെ ഇതിവൃത്തം. അപ്പന്റെ പഴയ ഇരുമ്പുപെട്ടിക്കുള്ളില്‍ മറഞ്ഞിരുന്ന പുസ്തകത്തിന്റെ ഉള്ളടക്കം അവള്‍ക്കു മുന്നില്‍ അനാവൃതമായി. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിനടുത്തുള്ള ഒരു വാടകവീട്ടില്‍ ആറുമാസം നീണ്ട റിഹേഴ്സല്‍. പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ശരത്ചന്ദ്ര രഘുനാഥ് മറാഠെ സംഗീതം നല്കിയ ‘ഇന്ത്യയെ കണ്ടെത്തലി’ന് ഉജ്ജ്വലമായ വരവേല്‍പ്പാണ് ലഭിച്ചത്. അതോടെ കലാരംഗത്ത് മേരി മെറ്റില്‍ഡ ശ്രദ്ധേയയായി. കോഴിക്കോട് കുമാരി അന്നം ആന്‍ഡ് പാര്‍ട്ടിയുടെ ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്ന നൃത്തനാടകത്തില്‍ അഭിനയിച്ച് ആ പതിനാറുകാരി ഇന്ത്യ മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. കെ.ടി ഉമ്മറും കുതിരവട്ടം പപ്പുവും മച്ചാട് വാസന്തിയുമുണ്ടായിരുന്നു കൂടെ. പിന്നീട് ഉറക്കമില്ലാതെ ചായംതേച്ച മുഖവുമായി ഏതൊക്കെയോ കഥാപാത്രങ്ങളായി അവള് ജീവിച്ചു. അഞ്ചും പത്തും വര്‍ഷങ്ങളല്ല, നീണ്ട അമ്പത് വര്‍ഷങ്ങള്‍.
നാടാകാചാര്യന്മാരായ കെ.ടി. മുഹമ്മദിന്റെയും തിക്കോടിയന്റെയും ചെറുകാടിന്റെയും സി.എല്‍. ജോസിന്റെയും വാസുപ്രദീപിന്റെയും ടി. ദാമോദരന്റെയുമെല്ലാം നാടകങ്ങളില്‍ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു മെറ്റില്‍ഡ. അഞ്ഞൂറിലധികം പ്രൊഫഷണല്‍ നാടകങ്ങളിലും എണ്ണം സൂക്ഷിച്ചിട്ടില്ലാത്ത അമച്വര്‍ നാടകങ്ങളിലും വേഷമിട്ടു. മെറ്റില്‍ഡയും നാടകസംഘങ്ങളും അരങ്ങില്‍ നിന്ന് അരങ്ങിലേക്ക് ഒഴുകിനീങ്ങി. ഒരു നാടകം ഒരേ ദിവസം തന്നെ രണ്ടും മൂന്നും തവണ വിവിധ വേദികളില്‍ അവതരിപ്പിച്ചിരുന്ന കാലം. മൈതാനം നിറഞ്ഞുകവിയുന്ന നാടകപ്രേമികളുടെ നിര്‍ത്താത്ത കയ്യടികളും ആരവങ്ങളും കരളിന് കുളിര്‍മ പകര്‍ന്നിരുന്ന സമയം. അനുഗൃഹീത നടിയെന്ന് പലരും വാഴ്ത്തി. മെറ്റില്ഡയെക്കുറിച്ച് ഒരിക്കല്‍ ബാലന് കെ. നായര്‍ പറഞ്ഞു: ”വലിയ കഴിവുള്ള നടിയായിരുന്നു മെറ്റില്‍ഡ. പക്ഷേ, അവളുടെ കഴിവുകള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ നമ്മുടെ നാടക-സിനിമാ വേദികള്ക്കായില്ല.” സിനിമാ കാലത്തിന്റെ കിളിവാതിലുകള്‍ തുറന്നുകൊടുത്തത് സാക്ഷാല്‍ എം.ടി. വാസുദേവന്‍ നായര്‍. പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു, നാടകത്തില്‍ നിന്നു വിടവാങ്ങാതെ തന്നെ. പെട്ടെന്നൊരു ദിവസം മെറ്റില്‍ഡ അരങ്ങില്‍ നിന്ന് അപ്രത്യക്ഷയായി. നാടക സംഘങ്ങള്‍ കേരളം മുഴുവന്‍ തിരഞ്ഞു. നാടകപ്രേമികളും അന്വേഷിച്ചു. ”അവളെവിടെയാണെന്ന് ഒരറിവുമില്ല” എന്ന് സാക്ഷാല്‍ കെ.ടി. മുഹമ്മദു പോലും വിലപിച്ചു.
എവിടെ പോയ് മറഞ്ഞു നീ ?
വില്യം ഡെയ്ല്‍ ക്രിസ്റ്റ് പറഞ്ഞതുപോലെ, ‘എല്ലാവരും ചില സമയങ്ങളില്‍ പ്രധാനപ്പെട്ടവരായിരിക്കും, എന്നാല്‍ ഒരു വ്യക്തിയും ഒഴിച്ചുകൂടാനാവാത്തവനല്ല’. ജീവിതത്തിലും നാടകത്തിലും ഇതു പ്രസക്തമാണ്. മേരി മെറ്റില്‍ഡയെ കുറച്ചുകാലം എല്ലാവരും അന്വേഷിച്ചു. പിന്നെ, സ്വാഭാവികമായി അവള് മറവിയുടെ തിരശീലയിലേക്കു മറഞ്ഞു. മേരി മെറ്റില്ഡയില്ലാതെ തന്നെ നാടകങ്ങള്‍ പതിവുപോലെ തുടര്‍ന്നു. പക്ഷേ ചെറുപ്പകാലം മുതല്‍ മെറ്റില്‍ഡയുടെ നാടകങ്ങള്‍ കാണുകയും അവരുടെ ആരാധകനായിരിക്കുകയും ചെയ്തൊരാള്‍ അവളെ മറന്നില്ല: സാമൂഹ്യപ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഭാനുപ്രകാശ്. അയാള്‍ തന്റെ യാത്രകളിലൂടനീളം മേരി മെറ്റില്‍ഡയെ തിരഞ്ഞുകൊണ്ടിരുന്നു.
ഇനി ഭാനുപ്രകാശ് പറയട്ടെ: ”കേരളത്തിന്റെ ഗ്രാമീണ നാടകപ്രവര്‍ത്തകരുടെ സംഗമങ്ങള്‍ മുതല്‍ അന്താരാഷ്ട്ര നാടകോത്സവവേദികള് വരെ തിരഞ്ഞിട്ടും മെറ്റില്‍ഡയെ കണ്ടെത്താനായില്ല. തെക്കുണ്ട്, അല്ല വടക്കുണ്ട് എന്നതരത്തില്‍ അവ്യക്തമായിരുന്നു പലരുടെയും മറുപടികള്‍. മെറ്റില്‍ഡ താമസിച്ചതായി പറഞ്ഞ വാടകവീടുകളിലും അന്വേഷിച്ചു. അവിടെനിന്നും അവര്‍ പോയിട്ടു വര്‍ഷങ്ങളായെന്നാണ് അറിയാന്‍ കഴിഞ്ഞത്. മെറ്റില്‍ഡ ജീവിതനാടകത്തില്നിന്നും അരങ്ങൊഴിഞ്ഞുപോയി എന്നു പറഞ്ഞവരും കുറവല്ല. അതുകൊണ്ടൊന്നും അന്വേഷണം അവസാനിപ്പിക്കാന്‍ തോന്നിയില്ല. അവര്‍ എവിടെയോ കാത്തിരിക്കുന്നുണ്ടെന്ന് മനസ്സില്‍ ശക്തമായ ഒരു തോന്നല്‍. അങ്ങനെ തുടര്‍ന്ന ആ അന്വേഷണത്തിന് വിരാമമായത് ‘മെയാ ഹോമി’ലേക്ക് കടന്നുചെന്നപ്പോഴാണ്. കോഴിക്കോട് മലാപ്പറമ്പിലെത്തിയാല് ആരും പറഞ്ഞുതരും സെല്ലറ കോണ്‍വെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മെയാ ഹോം എന്ന വൃദ്ധസദനത്തിലേക്കുള്ള വഴി. എന്നാല്‍, മെറ്റില്‍ഡ എന്ന നടിയെ അവിടെ അന്വേഷിച്ചപ്പോള്‍ നടത്തിപ്പുകാരില്‍ പലരും അദ്ഭുതപ്പെട്ടു. ‘നാടകനടിയോ, അങ്ങനെയൊരാള്‍ ഇവിടെയോ?’ എന്ന് അവര്‍ വല്ലാത്ത ആശ്ചര്യത്തോടെ ചോദിച്ചു. ഭര്‍ത്താവിനെയും മക്കളെയും നഷ്ടപ്പെട്ടവര്‍, ഉറ്റവരെന്നു പറയാന്‍ ആരുമില്ലാത്തവര്‍, ജീവിതത്തില്‍ താങ്ങും തണലുമാകുമെന്നു കരുതിയിരുന്ന സ്വന്തം മക്കള്‍ നടതള്ളിയവര്‍, അങ്ങനെ പലവിധ വേദനകളില്‍ കഴിയേണ്ടിവരുന്ന ഇരുപത്തിയൊന്ന് അമ്മമാര്‍ക്കൊപ്പം അവിടെയുണ്ടായിരുന്നു, അന്‍പതു വര്‍ഷം കേരളത്തിന്റെ നാടക അരങ്ങുകളെ ഇളക്കിമറിച്ച ആ പഴയ മെറ്റില്‍ഡ.” മെറ്റില്‍ഡയെ അന്വേഷിച്ച് ഭാനുപ്രകാശ് നടത്തിയ യാത്രകള്‍ക്ക് അങ്ങനെ വിരാമമായി.
മനസു തുറന്ന് മെറ്റില്‍ഡ
ഭാനുപ്രകാശ് അരങ്ങില്‍ കണ്ട, മനസില്‍ സൂക്ഷിച്ച രൂപമായിരുന്നില്ല മെയാ ഹോമില്‍ കണ്ടത്. സിസ്റ്റര്‍ ഷീലാ ജോര്‍ജാണ് മെറ്റില്‍ഡയുടെ അടുത്തേക്ക് ഭാനുപ്രകാശിനെ കൂട്ടിക്കൊണ്ടുപോയത്. പാതിചാരിയ വാതില്‍ തുറന്ന് സിസ്റ്റര്‍ പറഞ്ഞു: ”ഇതാണ് നിങ്ങള്‍ അന്വേഷിക്കുന്ന മെറ്റില്‍ഡ.” അടുത്ത പരിചയക്കാര്‍ക്കുപോലും തിരിച്ചറിയാനാവാത്തവിധം മെറ്റില്‍ഡ അത്രയേറെ മാറിപ്പോയിരുന്നു. മെലിഞ്ഞ ശരീരം, ഉറങ്ങിയിട്ട് വര്‍ഷങ്ങളായെന്ന് തോന്നിക്കുന്ന നീരുവറ്റിയ കണ്ണുകള്‍. ജീവിതം എത്രമാത്രം കഠിനമായിരുന്നു എന്നു പറയാതെപറയുന്ന മുഖം.
ഉറക്കം കുറവായിരുന്നല്ലോ മെറ്റില്‍ഡ ഉള്‍പ്പെടെയുള്ള നാടകപ്രവര്‍ത്തകര്‍ക്ക്. ഒരു ദിവസം തന്നെ രണ്ടും മൂന്നും അരങ്ങുകളില്‍ വേഷമാടണമായിരുന്നു. മെയാ ഹോമിലെത്തിയപ്പോള്‍ താന്‍ അരങ്ങില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയും ജീവനോടെ അവിടെ കണ്ടു. രാത്രികളില്‍ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരും ഓര്‍മകളിലൂടെ പ്രദക്ഷിണം നടത്തും. ഉറക്കം വരാത്ത രാത്രികള്‍ അവിടെയും അവരെ പിന്തുടര്ന്നു.
‘ഇന്ത്യയെ കണ്ടെത്തലി’ല്‍ ഒപ്പമുണ്ടായിരുന്ന കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, മച്ചാട്ട് വാസന്തി തുടങ്ങിയ പ്രമുഖരെ മെറ്റില്‍ഡ അപ്പോഴും ഓര്‍ത്തിരുന്നു. തന്റെ ജീവിതവും കഥാപാത്രങ്ങളുടെ ജീവിതവും ദേശപോഷിണി കലാസമിതി നാടകരംഗത്തെ അദ്ഭുതമായി മാറിയ കാലംകൂടിയായിരുന്നു അത്. കുഞ്ഞാണ്ടി, നെല്ലിക്കോട് ഭാസ്കരന്, കുതിരവട്ടം പപ്പു, ശാന്താദേവി തുടങ്ങിയവരുടെയെല്ലാം അഭിനയക്കളരിയായിരുന്നു ദേശപോഷിണി.
”ദേശപോഷിണിക്കുവേണ്ടിയാണ് ആദ്യമായി ഒരു അമച്വര്‍ നാടകത്തില്‍ വേഷമിട്ടത്. തിക്കോടിയന്മാഷ് രചിച്ച് സംവിധാനംചെയ്ത ‘അറ്റുപോയ കണ്ണി’യില്‍ അഭിനയിക്കാനെത്തുമ്പോഴാണ് കുഞ്ഞാണ്ടിയേട്ടനെയൊക്കെ നേരില്‍ക്കാണുന്നത്. ഓസിയെന്ന ചുരുക്കപ്പേരിലറിയപ്പെട്ട ഒ. ചോയിക്കുട്ടിയേട്ടനാണ് അറ്റുപോയ കണ്ണിയിലഭിനയിക്കാനായി വിളിക്കുന്നത്. ആ നാടകം വലിയ വിജയമായി മാറിയതോടെ ഉറൂബിന്റെ ‘തീകൊണ്ട് കളിക്കരുത്’, തിക്കോടിയന്റെ ‘ജീവിതം’ തുടങ്ങി പല നാടകങ്ങളിലും അഭിനയിക്കാനവസരമുണ്ടായി. പത്തും പതിനഞ്ചും രൂപയൊക്കെ ഒരു സ്റ്റേജിന് കിട്ടിത്തുടങ്ങി. വളരെ ചെറുപ്പമായിരുന്നെങ്കിലും എന്റെ ശരീരഘടന കാരണമായിരിക്കാം ലഭിച്ചതില്‍ ഏറെയും അമ്മവേഷങ്ങളായിരുന്നു.
നാട്ടിലെ മിക്ക കലാസമിതികളുടെയും വാര്‍ഷികത്തിന് ഒരു നാടകം പതിവായിരുന്നു. മിക്കവാറും എനിക്കും ഒരു വേഷമുണ്ടാകും. ചില നാടകങ്ങളില്‍ ദുഷ്ടകഥാപാത്രങ്ങളെയും ലഭിച്ചു. അത് വലിയൊരു അംഗീകാരമായിരുന്നു. ഏതുതരം കഥാപാത്രങ്ങളെയും എന്നെ വിശ്വസിച്ചേല്പ്പിക്കാമെന്ന് എല്ലാവര്ക്കും തോന്നിത്തുടങ്ങി. ‘മലബാറിലെ അമച്വര്‍ നാടകവേദികളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്ത്തന്നെയാണ് പ്രൊഫഷണല്‍ നടിയെന്നനിലയിലും മെറ്റില്‍ഡ പ്രശസ്തയാവുന്നത്. കഷ്ടപ്പാടുകളാണ് മെറ്റില്‍ഡയെ നാടകനടിയാക്കിയതെങ്കിലും പിന്നീട് നാടകവേദിക്ക് അവര്‍ തന്നെത്തന്നെ സമര്‍പ്പിക്കുകയായിരുന്നു.
ഏതൊരു പെണ്‍കുട്ടിയെയുംപോലെ വിവാഹത്തെക്കുറിച്ച് ചെറിയ ചില സ്വപ്നങ്ങളെല്ലാം മെറ്റില്‍ഡയും കണ്ടിരുന്നു. പക്ഷേ, നാടകനടിമാരെ സംബന്ധിച്ച് വിവാഹം എന്നത് ഒരു സ്വപ്നമായിത്തന്നെ അവശേഷിക്കുകയായിരുന്നു പതിവ്. അരങ്ങുകളില്‍ അവരുടെ നടനം കണ്ട് ആരാധിച്ചിരുന്നവര്‍ പോലും നടിമാരുടെ സ്വഭാവശുദ്ധിയില്‍ സംശയിച്ചിരുന്ന കാലം. നാടകനാളുകളില് തങ്ങള്‍ അനുഭവിച്ചിരുന്ന അവജ്ഞകളെയും അപവാദങ്ങളെയും കുറിച്ച് എത്രയോ നടിമാര്‍ തുറന്നു പറഞ്ഞിരിക്കുന്നു.
”രാത്രി രണ്ടുമണിക്കും മൂന്നുമണിക്കുമൊക്കെ നാടകം കഴിഞ്ഞ് വീട്ടിലെത്തി മുഖത്തെ ചായക്കൂട്ടുകള്‍ കഴുകിക്കളയുമ്പോള്‍ അമ്മ വേദനയോടെ നോക്കിനില്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്റെ ജീവിതത്തെക്കുറിച്ച് അമ്മയ്ക്ക് വലിയ ആശങ്കകളുണ്ടായിരുന്നു. അമ്മയുടെ മരണശേഷം എനിക്കാരുണ്ടാകും എന്ന ചിന്ത എപ്പോഴും അമ്മയെ അലട്ടിയിരുന്നു,” ഭാനുപ്രകാശിനോട് മെറ്റില്‍ഡ പറഞ്ഞു. പ്രൊഫഷണല്‍ നാടകത്തില്‍ ഓരോ വര്‍ഷവും സമിതികളുമായി ഉണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകാരണം തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും എറണാകുളത്തുമൊക്കെയായി മെറ്റില്‍ഡയ്ക്ക് ജീവിതം പറിച്ചുനടേണ്ട അവസ്ഥവരെയുണ്ടായി.
പത്തുരൂപയില്‍ തുടങ്ങിയ പ്രതിഫലം നാനൂറ് രൂപയ്ക്കപ്പുറം വാങ്ങിയ ഒരു ചരിത്രവും മെറ്റില്ഡയ്ക്കില്ല. ”കൈയില്‍ കിട്ടുന്നത് ഞാനന്നുതന്നെ ചെലവഴിച്ചു. എന്റെ സഹോദരങ്ങള്‍ക്ക്, പ്രിയപ്പെട്ടവര്‍ക്ക് എന്നാലാവുന്നത് ഞാന്‍ ചെയ്തു. നാളേക്ക് എന്തെങ്കിലും കരുതിവെക്കണമെന്നൊരു ചിന്ത എനിക്കില്ലാതെപോയത്, ജീവിതം ഇത്രയൊക്കെയേയുള്ളൂ എന്ന് ഞാന്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാണ്. അമ്പതുവര്‍ഷംകൊണ്ട് അയ്യായിരത്തിലേറെ വേദികളില്‍ അഭിനയിച്ചു. അതും പ്രഗത്ഭരായ നടീനടന്മാര്ക്കൊപ്പം മികച്ച വേഷങ്ങളില്‍. നാടകാഭിനയത്തിനു ലഭിച്ച സ്നേഹോപഹാരങ്ങളില്‍ ഒന്നുംപോലും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടില്ല. നാടകത്തില്‍ അഭിനയിക്കുന്നതിന്റെ ഒരു നല്ല ഫോട്ടോപോലും എന്റെ കൈയിലില്ല.”
സിനിമയിലേക്ക്
‘ഷര്ഹദ്’ എന്ന ഹിന്ദി സിനിമയില്‍ നായികയുടെ ഡ്യൂപ്പായിട്ടാണ് മെറ്റില്‍ഡയുടെ സിനിമാപ്രവേശം. അതേസിനിമയില്‍ നായകന്റെ ഡ്യൂപ്പായി അഭിനയിച്ചത് ബാലന് കെ. നായരും. എം.ടി. വാസുദേവന്‍ നായരുടെ നിര്മാല്യത്തില് ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് മെറ്റില്‍ഡ തന്റെ മുഖം വെള്ളിത്തിരയില്‍ കാണിച്ചത്. തുടര്‍ന്ന് ‘നിഴലാട്ടം’, ‘ആഭിജാത്യം’, ‘അങ്ങാടി’, ‘തീര്‍ഥയാത്ര’, ‘വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍’, ‘പൊന്നും പൂവും’ തുടങ്ങി പതിനഞ്ചിലേറെ സിനിമകള്‍. അഞ്ഞൂറിലധികം നാടകങ്ങളില്‍ വേഷമിട്ടിട്ടും നാടകത്തിന്റെ പേരോ, സമിതിയുടെ പേരോ ഓര്‍ത്തുവെക്കാത്ത മെറ്റില്‍ഡയ്ക്ക് അഭിനയിച്ച സിനിമകളുടെ പേരിന്റെ കാര്യത്തിലും ഇതുതന്നെയാണവസ്ഥ.
വഴിമാറുന്ന അരങ്ങ്
ഓച്ചിറ അമൃത എന്ന ട്രൂപ്പില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് മെറ്റില്‍ഡയ്ക്ക് ഒരു വിവാഹാലോചന വരുന്നത്. കൂടെ അഭിനിയിച്ചിരുന്ന ഒരു നടന് തന്നെയാണ് അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആലോചന കൊണ്ടുവന്നത്. കഥാനായകന്റെ പേര് എല്‍.ജി. കൃഷ്ണന്. കെഎസ്ഇബിയില്‍ ജീവനക്കാരനായിരുന്നു കൃഷ്ണന്. നല്ലൊരു കലാകാരനും. ആദ്യഭാര്യയുമായുള്ള വിവാഹബന്ധം കൃഷ്ണന് വേര്‍പെടുത്തിയിരുന്നു. ആ ബന്ധത്തില്‍ അഞ്ചു മക്കള്‍ കൃഷ്ണനുണ്ടായിരുന്നു. മെറ്റില്‍ഡ നന്നായി ആലോചിച്ചു. ജീവിതത്തിന്റെ മറ്റൊരു രംഗം തുടങ്ങുകയാണ്. സമൂഹത്തിനും കുടുംബത്തിനും മുന്നില്‍ പല പ്രതിബന്ധങ്ങളുമുണ്ടാകും. പക്ഷേ തന്നിലെ നാടക നടിയുടെ ജീവിതം മനസിലാക്കാന്‍ എല്ലാവരെക്കാളും കൃഷ്ണനു കഴിയുമെന്ന് തോന്നിയപ്പോള്‍ ഒടുവില്‍ മെറ്റില്‍ഡ ആ വിവാഹത്തിന് സമ്മതം മൂളി. കൃഷ്ണനെ കുറിച്ചുള്ള വിശ്വാസം മെറ്റില്‍ഡയ്ക്ക് ഒരിക്കലും നഷ്ടപ്പെട്ടില്ല. സന്തോഷഭരിതമായിരുന്നു 30 വര്‍ഷം നീണ്ട ദാമ്പത്യം.
അടുത്ത രംഗത്തില്‍ വീണ്ടും ട്വിസ്റ്റുണ്ടായി. കൃഷ്ണന് മാരകമായ അസുഖം ബാധിച്ചു. അതോടൊപ്പം ആദ്യബന്ധത്തിലെ രണ്ടു പെണ്മക്കളുടെ വിവാഹം നടത്തിയതിന്റെ ബാധ്യതയും വന്നുകൂടി. കുടുംബത്തിന്റെ സാമ്പത്തിക ഭദ്രത അതോടെ തകര്‍ന്നു. കടം കയറി വന്നു. തിരുവനന്തപുരത്ത് സ്വന്തമായുണ്ടായിരുന്ന ചെറിയ വീട് വില്‍ക്കേണ്ടിവന്നു. കോഴിക്കോട് വന്ന് വാടകവീടെടുത്ത് താമസം തുടങ്ങി. കൃഷ്ണന്റെ അസുഖം പലപ്പോഴും കൂടി. നാടകത്തില്‍നിന്നും മെറ്റില്ഡയ്ക്കു കിട്ടുന്ന പ്രതിഫലവും കൃഷ്ണന്റെ പെന്‍ഷനും മരുന്നിനുപോലും തികയാത്ത അവസ്ഥയായി. കോഴിക്കോട് ലിഖിതയുടെ ‘ആയിരം പൂര്‍ണചന്ദ്ര’നില് ആയിരുന്നു മെറ്റില്‍ഡ അപ്പോള്‍ അഭിനയിച്ചുകൊണ്ടിരുന്നത്. അസുഖം മൂര്‍ച്ഛിച്ചതോടെ മുഴുവന്‍ സമയവും കൃഷ്ണനെ പരിചരിക്കേണ്ട അവസ്ഥയായി. അതോടെ മെറ്റില്‍ഡയ്ക്ക് നാടകാഭിനയം നിര്‍ത്തേണ്ടിവന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്നുപോയ നാളുകള്‍. പ്രയത്നങ്ങളും ശുശ്രൂഷകളും വിഫലമാക്കി കൃഷ്ണന് ഒരു ദിവസം ജീവിതത്തില്‍ നിന്നു കടന്നുപോയി. കൃഷ്ണന്റെ പെന്ഷന് മെറ്റില്‍ഡയ്ക്ക് നിയമപ്രകാരം ലഭിക്കേണ്ടതായിരുന്നു. കുറേ ശ്രമിച്ചെങ്കിലും ശരിയായില്ല. വീണ്ടും തട്ടില്‍ കയറാനുള്ള ആരോഗ്യവുമുണ്ടായിരുന്നില്ല. സ്വന്തം വീട്ടില്‍ സഹോദരങ്ങള്‍ പലരും മരിച്ചുപോയി. ശേഷിക്കുന്നവര്‍ക്ക് മെറ്റില്‍ഡയെ ഏറ്റെടുക്കാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നില്ല. പിന്നെ അഭയം മെയ ഹോമായിരുന്നു.
സ്വയം ജീവിക്കാന്‍ മറന്നുപോയപ്പോഴും പ്രകാശപൂര്‍ണ്ണമായ ഒരു നാടകവേദിയെ കിനാവു കണ്ട ഓരോ നാടകക്കാരെയും പോലെ മേരി മെറ്റില്‍ഡയും കടന്നുപോയി; ഭൂമിയില്‍ തങ്ങളുടെ അടയാളങ്ങളൊന്നും അവശേഷിപ്പിക്കാത്ത മാതിരി!