ജെക്കോബി
വംശീയ വിഭജനത്തിന്റെ ബഫര്‍സോണ്‍ അതിരുകള്‍ ചോരകൊണ്ട് അടയാളപ്പെടുത്തി, മണിപ്പുരിലെ ഇംഫാല്‍ സമതലപ്രദേശത്തെ മെയ്തെയ് ഹിന്ദു-സനമാഹി ഭൂരിപക്ഷ ജനസമൂഹത്തെയും ചുറ്റുമുള്ള മലമ്പ്രദേശത്തെ കുക്കി-സോ-അമര്‍ ക്രൈസ്തവ ഗോത്രവര്‍ഗ ന്യൂനപക്ഷത്തെയും രണ്ടു ശത്രുരാജ്യക്കാരെപോലെ പരസ്പരം കൊന്നൊടുക്കാന്‍ പകയുള്ളവരാക്കി പരുവപ്പെടുത്തിയ മഹാദുരന്തവാഴ്ചയുടെ കാരണഭൂതന്, സംസ്ഥാനത്തെ പ്രഥമ ബിജെപി മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്, ഒടുവില്‍ സ്വന്തക്കാരാല്‍ പരിത്യക്തനായി നാണംകെട്ട് ഭരണഭാരമൊഴിയുന്നത് അവിടെ കഴിഞ്ഞ 21 മാസമായി അറുതിയില്ലാത്ത കലാപക്കെടുതികളുടെ കൊടുംയാതനകള്‍ അനുഭവിക്കുന്ന നിസ്സഹായരായ മനുഷ്യര്‍ക്ക് കുറച്ചെങ്കിലും സാന്ത്വനത്തിന് വകയാകും, നാടിന് സമാധാന പ്രത്യാശയ്ക്കുള്ള രാഷ് ട്രീയ വഴിത്തിരിവിനും.
നിയമവാഴ്ചയും ഭരണഘടനാ സംവിധാനവും പാടേ തകര്‍ന്നുവെന്ന് രാജ്യത്തെ പരമോന്നത കോടതിതന്നെ കുറ്റപ്പെടുത്തിയിട്ടും മണിപ്പുരില്‍ ഭരണനേതൃത്വത്തില്‍ നിന്ന് ബിരേന്‍ സിങ്ങിനെ മാറ്റാന്‍ ഇത്രയും കാലം (2023 മേയ് മൂന്നിന് കലാപം തുടങ്ങി, 648 ദിവസം കഴിഞ്ഞാണ് വീണ്ടുവിചാരം) വിസമ്മതിച്ച കേന്ദ്രനേതൃത്വം – പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും – വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ ഈ ചെറിയ സംസ്ഥാനത്തെ ജനങ്ങളോട് കാണിച്ച അനീതിക്ക് എന്തു പ്രായശ്ചിത്തമാണ് ചെയ്യുക?
സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും സിവില്‍ സമൂഹത്തില്‍ കൂട്ടക്കുരുതിയുടെ ഇത്രയേറെ അതിക്രമങ്ങള്‍ ഇത്ര ദീര്‍ഘകാലം നിര്‍ബാധം തുടര്‍ന്ന ചരിത്രമില്ല. നാഗാലാന്‍ഡിലും മിസോറമിലും വിഘടനവാദി ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്; ജമ്മു കശ്മീരില്‍ ഭീകരവാദി ഏറ്റുമുട്ടലും. കേവലം 32 ലക്ഷം ജനങ്ങളുള്ള മണിപ്പുരിലാകട്ടെ സംസ്ഥാന പൊലീസ് സേനയ്ക്കും ആര്‍മി ഡിവിഷനുകള്‍ക്കും റെജിമെന്റുകള്‍ക്കും അസം റൈഫിള്‍സിനും ഇന്ത്യ റിസര്‍വ് ബറ്റാലിയനുകള്‍ക്കും പുറമെ കേന്ദ്ര സായുധ പൊലീസ് സേനയുടെ (സിഎപിഎഫ്) 288 കമ്പനികളുടേതടക്കം 80,000 അധിക സുരക്ഷാസേനാംഗങ്ങളുടെ സാന്നിധ്യമുണ്ടായിട്ടും, മിലിറ്ററി ഗ്രേഡ് ആയുധങ്ങളുമായി കൂട്ടക്കൊല നടത്തുന്ന അക്രമികളും സ്വയംപ്രതിരോധം തീര്‍ക്കുന്ന ഗ്രാമീണ സന്നദ്ധസേനകളുമൊക്കെയായി പരക്കെ സൈനികവത്കരിക്കപ്പെട്ട ഒരു പൗരസമൂഹമായി മണിപ്പുരി ജനതയെ മാറ്റിയെടുക്കാനുള്ള സാഹചര്യം സൃഷ്ടിച്ചത് ആരാണ്?
ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ അമിത് ഷായെ കാണാന്‍ അവസരം കിട്ടാതെ നേരെ പ്രയാഗ് രാജിലേക്കു പറന്ന് മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി ‘മണിപ്പുരിലെ ജനങ്ങള്‍ക്കു ശാന്തിയും സമാധാനവും സമ്പല്‍സമൃദ്ധിയും’ ഉണ്ടാകാനായി പ്രാര്‍ഥിക്കുന്നതായി ‘എക്സ്’ പോസ്റ്റില്‍ വിളംബരം ചെയ്ത് തിരിച്ച് ഡല്‍ഹിയിലെത്തിയപ്പോഴാണ് ബിരേന്‍ സിങ്ങിന് രാജിവയ്ക്കാനുള്ള ഉത്തരവ് ലഭിക്കുന്നത്. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെ തൊട്ടുതലേന്നായിരുന്നു രാജിപ്രഖ്യാപനം. അറുപത് അംഗങ്ങളുള്ള നിയമസഭയില്‍ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്നിരിക്കെ – എന്‍ഡിഎ സഖ്യത്തില്‍ 46 അംഗങ്ങളുണ്ട് – അഞ്ച് എംഎല്‍എമാര്‍ മാത്രമുള്ള കോണ്‍ഗ്രസ് പാര്‍ട്ടി ബിരേന്‍ സിങ്ങിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നു. കലാപം നിയന്ത്രിക്കുന്നതില്‍ വീഴ്ചവരുത്തി എന്നതിന് കഴിഞ്ഞ നവംബറില്‍ ബിരേന്‍ സിങ്ങിനുള്ള പിന്തുണ പിന്‍വലിച്ച മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാരും കുക്കി പീപ്പിള്‍സ് അലയന്‍സിലെ രണ്ട് അംഗങ്ങളും കലാപത്തിന്റെ ഇരകളായി ഇംഫാലില്‍ കടക്കാനാവാത്ത രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെ ഭരണകക്ഷിയിലെ ഏഴ് കുക്കി എംഎല്‍എമാരും മാത്രമല്ല, ഇംഫാല്‍-ജിറിബാം മേഖലയിലെ 40 മെയ്തെയ് മണ്ഡലങ്ങളിലെ കുറെ ബിജെപി അംഗങ്ങളും അവിശ്വാസപ്രമേയത്തെ അനുകൂലിക്കുമെന്ന് സ്പീക്കറും മറ്റു ചില നേതാക്കളും അമിത് ഷായെ ബോധിപ്പിച്ചിരുന്നു. അവിശ്വാസപ്രമേയത്തെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ ബിരേന്‍ സിങ് വിളിച്ചുകൂട്ടിയ എന്‍ഡിഎ യോഗത്തില്‍ 20 എംഎല്‍എമാര്‍ മാത്രമാണ് ഹാജരായത്.
സംസ്ഥാന സെക്രട്ടേറിയറ്റിലെ ഉന്നത പദവികളിലെല്ലാം കുക്കികള്‍ പിടിമുറുക്കിയിരിക്കെ, മെയ്തെയ്കളുടെ പൈതൃക മഹിമ വീണ്ടെടുക്കാനായി ”ഞാന്‍ ഒരുത്തനാണ് ഈ ഓപ്പറേഷന് തുടക്കം കുറിച്ചത്. മലമുകളിലേക്ക് യഥാര്‍ഥ യുദ്ധത്തിന് കമാന്‍ഡോകളെ നിയോഗിച്ചതു ഞാനാണ്. താഴ് വാരത്തെ മെയ്തെയ് സായുധ കലാപകാരികളെ പൊലീസ് സേനയുമായി കൂട്ടിയിണക്കിയതും ഞാനാണ്” എന്നു തുടങ്ങി ഞെട്ടിക്കുന്ന കുറെ അവകാശവാദങ്ങള്‍ ഹിന്ദിയും മെയ്തെയ്ലോണും ഇടകലര്‍ന്ന ഭാഷയില്‍ നിരത്തുന്ന 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഓഡിയോ റെക്കോര്‍ഡ്, മുഖ്യമന്ത്രിയുടെ ഒരു രഹസ്യയോഗത്തില്‍ നിന്നു ചോര്‍ത്തിയ ബിരേന്‍ സിങ്ങിന്റെ ശബ്ദരേഖ എന്ന പേരില്‍, മണിപ്പുര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ഗുവാഹട്ടി ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് അജയ് ലാംബായുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിഷന് മുന്‍പാകെ സമര്‍പ്പിക്കപ്പെട്ടതായി കഴിഞ്ഞ ഓഗസ്റ്റില്‍ 10 കുക്കി-സോ എംഎല്‍എമാര്‍ വെളിപ്പെടുത്തിയിരുന്നു. ‘മണിപ്പുര്‍ ടേപ്സ്’ എന്ന പേരിലുള്ള ഈ ഓഡിയോ ക്ലിപ്പുകള്‍ വ്യാജനിര്‍മിതിയാണെന്നും അതു പ്രചരിപ്പിച്ചാല്‍ രാജ്യദ്രോഹത്തിന് കേസെടുക്കുമെന്നും മണിപ്പുര്‍ ഇന്‍ഫര്‍മേഷന്‍ വകുപ്പ് വാര്‍ത്താകുറിപ്പ് ഇറക്കി. ശബ്ദരേഖ ബിരേന്‍ സിങ്ങിന്റേതാണോ എന്ന് ഹൈദരാബാദിലെ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധിച്ച് മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുടെ ബെഞ്ച് സൊളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് നിര്‍ദേശിച്ചതിന്റെ അഞ്ചാം പക്കമാണ് മുഖ്യമന്ത്രി രാജി സമര്‍പ്പിച്ചത്.
ബിരേന്‍ സിങ്ങിന്റെ വാര്‍ത്താസമ്മേളനത്തിന്റെ റെക്കോര്‍ഡും യുട്യൂബ് ചാനലിലെ പ്രസംഗങ്ങളുടെ ശബ്ദസാമ്പിളുകളും വച്ചു നോക്കുമ്പോള്‍ വിവാദ ഓഡിയോ ക്ലിപ്പിലെ ശബ്ദവുമായി ’93 ശതമാനം’ സാമ്യമുണ്ടെന്നാണ് ഹൈദരാബാദിലെ ട്രൂത്ത് ലാബ്സ് എന്ന സ്വകാര്യ ലബോറട്ടറി നടത്തിയ പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരിച്ചതെന്ന് ഹര്‍ജിക്കാരായ കുക്കി ഓര്ഗനൈസേഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിനു വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് ഭൂഷണ് കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
മലയിലെ കുക്കി ഗ്രാമങ്ങളിലെ സിവിലിയന്സിനു നേരെ പൊലീസ് കമാന്‍ഡോകള്‍ അത്യുഗ്ര സ്ഫോടകശക്തിയുള്ള 51 എംഎം മോര്‍ട്ടാറുകളും മീഡിയം മെഷീന് ഗണ്ണും ഉപയോഗിക്കുന്നുവെന്ന് അറിഞ്ഞ് അമിത് ഷാ ഇംഫാലിലെ യോഗത്തില്‍, ‘അരേ, തും ബം മാര്‍ത്താ ഹേ?’ (നിങ്ങള്‍ ബോംബിടുന്നുണ്ടോ?) എന്നു ചോദിച്ചതും, ‘ബം മത് യൂസ് കര്‍നാ’ (ബോംബ് ഉപയോഗിക്കരുത്) എന്ന് ഉപദേശിച്ചതും, ആഭ്യന്തരമന്ത്രി പോയപ്പോള്‍ ഡിജിപിയോട്, ‘ഹോയ്, ചുപ്കേ സേ കര്‍നാ’ (രഹസ്യമായി ബോംബിട്ടാല്‍ മതി) എന്നു ‘താന്‍’ നിര്‍ദേശിച്ചതും ആ ശബ്ദരേഖയില്‍ വിവരിക്കുന്നുണ്ട്. സംസ്ഥാന പൊലീസിന്റെ ആയുധപ്പുരകളില്‍ നിന്ന് മെയ്തെയ് കലാപകാരികള്‍ 4,000-5,000 ഓട്ടോമാറ്റിക് റൈഫിളുകളും അഞ്ചു ലക്ഷത്തോളം പടക്കോപ്പുകളും കൈക്കലാക്കിയത് ‘തന്റെ’ സഹായത്താലാണെന്നും അതില്‍ പറയുന്നുണ്ട്. കാങ്പോക്പിയില്‍ കലാപത്തിന്റെ രണ്ടാം ദിവസം രണ്ടു കുക്കി വനിതകളെ നഗ്നരാക്കി ജനക്കൂട്ടം തെരുവിലൂടെ പരേഡ് ചെയ്യിച്ച് പരസ്യമായി ബലാത്കാരം ചെയ്ത വീഡിയോ പുറത്തുവന്നതിനെക്കുറിച്ചു പരാമര്‍ശിച്ചുകൊണ്ട് അതിനു തെളിവെന്തെന്നു ചോദിക്കുന്നുണ്ട്.
കുക്കി-സോ ഗോത്രവര്‍ഗക്കാര്‍ ബര്‍മ്മയില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരാണെന്നും മലകളില്‍ കുക്കികളുടെ ജനസംഖ്യയും വനമേഖലയില്‍ അവരുടെ ഗ്രാമങ്ങളും പെരുകുന്നതിനു കാരണം മ്യാന്മറില് നിന്നുള്ള ലഹരിമരുന്ന് കള്ളക്കടത്തുകാരായ ഭീകരപ്രവര്‍ത്തകരും (‘നാര്‍കോ ടെററിസ്റ്റ്സ്’) പോപ്പി കൃഷിക്കാരുമാണെന്നും ആക്ഷേപിച്ച് വനസംരക്ഷണത്തിന്റെ പേരില്‍ ചില മേഖലകളില്‍ നിന്ന് കുക്കികളെ കൂട്ടത്തോടെ കുടിയിറക്കാനുള്ള പദ്ധതികള്‍ രണ്ടാംവട്ടം മുഖ്യമന്ത്രിയായി ഏതാനും മാസത്തിനകം ബിരേന്‍ സിങ് ആസൂത്രണം ചെയ്തിരുന്നു. കുക്കികളും മെയ്തെയ്കളുമായുള്ള വംശീയ സംഘര്‍ഷത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്കിടയില്‍, ഇംഫാല്‍ ഈസ്റ്റില്‍ മെയ്തെയ് വംശജരായ ക്രിസ്ത്യാനികളുടെ മൂന്നു ദേവാലയങ്ങള്‍ – പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഒരു കത്തോലിക്കാ പള്ളിയും, ഒരു ഇവാഞ്ചലിക്കല്‍ ബാപ്റ്റിസ്റ്റ് കണ്വെന്ഷന് ചര്‍ച്ചും ഒരു ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ചും – സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന കാരണം പറഞ്ഞ് ബിരേന്‍ സിങ് കലാപത്തിനു മുന്നോടിയായി ഇടിച്ചുനിരത്തിയത് പലരും മറന്നുപോകുന്നു.
2023 മേയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍, ആദ്യത്തെ 36 മണിക്കൂറിനകം ഇംഫാലിലെ മെയ്തെയ് വിഭാഗക്കാരായ ക്രൈസ്തവരുടെ 249 ദേവാലയങ്ങള്‍ കൊള്ളിവയ്ക്കപ്പെട്ടതായി ഇംഫാല്‍ ആര്‍ച്ച്ബിഷപ്പായിരുന്ന ഡോമിനിക് ലുമോണ്‍ 2023 ജൂണിലെ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയുണ്ടായി. മെയ്തെയ് ഹൃദയഭൂമിയില്‍ നിന്ന് കുക്കികളെ ഒന്നടങ്കം ഉന്മൂലനം ചെയ്തതിനൊപ്പം മെയ്തെയ് പള്ളികളും മെയ്തെയ് ക്രിസ്ത്യാനികളുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കാനുമുള്ള പദ്ധതിയും മുന്‍കൂട്ടി ആസൂത്രണം ചെയ്തിരുന്നു.
പ്രാചീന മെയ്തെയ് സനാമഹി സംസ്കൃതിയുടെ സംരക്ഷകനായ ‘പാഖങ്ബ’ പിതൃബിംബമായി സ്വയംപ്രതിഷ്ഠിച്ച് ബിരേന്‍ സിങ് മെയ്തെയ് തീവ്രദേശീയതയിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കുന്നതിന് അരംബായ് തെങ്ഗോല്‍, മെയ്തെയ് ലീപുണ്‍ തുടങ്ങിയ സംഘങ്ങള്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്നു. കലാപത്തിന്റെ ആദ്യദിനങ്ങളില്‍ എസ്എല്‍ആറും എകെ 47 റൈഫിളും മോര്‍ട്ടാറും ഷെല്ലുകളും മറ്റും സ്റ്റേറ്റ് ആര്‍മറിയില്‍ നിന്ന് എടുത്തുകൊണ്ടുപോയ മെയ്തെയ് സായുധ സംഘങ്ങള്‍ പൊലീസ് കമാന്‍ഡോകളുടെ അകമ്പടിയോടെയാണ് മലയോരത്തെ കുക്കി ഗ്രാമങ്ങള്‍ കൊള്ളയടിച്ചത്. ഇംഫാലിലെ കംഗല കോട്ടയില്‍ 2024 ജനുവരിയില്‍ 38 എംഎല്‍എമാരെ – അഞ്ച് മെയ്തെയ് പംഗല്‍ (മുസ് ലിം) അംഗങ്ങളും അഞ്ച് നാഗാ ഗോത്രവര്‍ഗക്കാരും കൂട്ടത്തിലുണ്ടായിരുന്നു – വിളിച്ചുവരുത്തി അരംബായ് തെങ്ഗോല്‍ തീവ്രവാദികള്‍ തങ്ങളുടെ ആറിന രാഷ് ട്രീയ നയത്തില്‍ ഒപ്പുകുത്തി സത്യപ്രതിജ്ഞ ചെയ്യാന്‍ നിര്‍ബന്ധിച്ചത് മുഖ്യമന്ത്രിയുടെ ആശീര്‍വാദത്തോടെയാണ്.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് 2023 ജൂലൈ മുതല്‍ മണിപ്പുരിന്റെ കാര്യത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. സ്ത്രീകളെ നഗ്നരാക്കി പട്ടാപ്പകല്‍ തെരുവിലൂടെ വലിച്ചിഴച്ച് ബലാത്സംഗം ചെയ്തതിന് സുവോ മോട്ടോ കേസെടുത്ത് സിബിഐയുടെ പ്രത്യേക സംഘത്തെ അന്വേഷണം ഏല്പിച്ചു. കലാപത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുന്നതിന് ഗുവാഹട്ടിയില്‍ മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു. സംസ്ഥാനത്തെ 350 ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന 60,000 പേരുടെ ദുരിതാവസ്ഥ അടക്കം മാനവസേവനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ജസ്റ്റിസ് ഗീതാ മിത്തല്‍ കമ്മിറ്റിയെ നിയോഗിച്ചു. കലാപകാരികള്‍ കൊള്ളയടിച്ച് തീവച്ചുനശിപ്പിച്ച ആരാധനാലയങ്ങളുടെയും മറ്റു കെട്ടിടങ്ങളുടെയും കൈയേറിയ വസ്തുവകകളുടെയും കണക്ക് ഹാജരാക്കണമെന്ന് പുതിയ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ജുഡീഷ്യറി ഇത്ര സൂക്ഷ്മമായി നിരീക്ഷിച്ചിട്ടും മണിപ്പുരില്‍ അതിക്രമങ്ങള്‍ക്ക് ഇരകളായവര്‍ക്ക് നീതി കിട്ടാന്‍ വൈകുന്നു എന്നത് ദുഃഖകരമായ യാഥാര്‍ഥ്യമാണ്. മണിപ്പുരില്‍ മനുഷ്യവര്‍ഗത്തിനെതിരെ നടന്ന കൊടുംകുറ്റങ്ങള്‍ക്ക് ആരെയൊക്കെ വിചാരണ ചെയ്യണമെന്നു നിശ്ചയിക്കാന്‍ സത്യത്തിനും നീതിക്കും അനുരഞ്ജനത്തിനുമായുള്ള ഒരു കമ്മിഷന് ആരാണ് രൂപം നല്‍കുക?
മോദിയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിലെ സുപ്രധാന കണ്ണിയായ മണിപ്പുരില്‍ കലാപാഗ്നി ആളിപ്പടര്ന്നിട്ട് ആ ജനതയെ ആശ്വസിപ്പിക്കാനോ സമാധാനത്തിന് ആഹ്വാനം നല്‍കാനോ പ്രധാനമന്ത്രി ഒരു പ്രസ്താവന പോലും ഇറക്കിയില്ല. കലാപഗ്രസിതമായ മണിപ്പുരിലേക്ക് മോദി തിരിഞ്ഞുനോക്കിയില്ല. മണിപ്പുരില്‍ ബിരേന്‍ സിങ്ങിന്റെ രാജിയുമായി ബന്ധപ്പെട്ട് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് വേവലാതിപ്പെടാന്‍ നേരമില്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രി പാരിസില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക് ഷന് സമ്മിറ്റില്‍ ഫ്രഞ്ച് പ്രസിഡന്റ് മക്രോണിനെ നിഷ്പ്രഭനാക്കി വാഷിങ്ടണില്‍ യുഎസ് പ്രസിഡന്റ് ട്രംപിനെ ആശ്ലേഷിക്കാന്‍ വെമ്പല്‍കൊണ്ട് ചെല്ലുമ്പോള്‍ എന്തെല്ലാം പരിഭവങ്ങള്‍ കേള്‍ക്കേണ്ടിവരും! ടെക്സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് കൊടുംഭീകരരെ പോലെ കൈയാമവും കാലില്‍ ചങ്ങലകളുമായി ‘അനധികൃത കുടിയേറ്റക്കാരായ’ ഇന്ത്യക്കാരെ യുഎസ് മിലിറ്ററിയുടെ സി-17 ഗ്ലോബ്മാസ്റ്റര് വിമാനത്തില്‍ കയറ്റിവിട്ടതിനെക്കുറിച്ച് സൂചിപ്പിച്ചാല്‍, മണിപ്പുരില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കി മ്യാന്മറില് നിന്നുള്ള കുക്കി-ചിന് ഗോത്രവര്‍ഗക്കാരെ കെട്ടുകെട്ടിക്കാനുള്ള തന്ത്രം ട്രംപിന്റെ വായില്‍ നിന്നു വീഴുമോ എന്നാവും മോദിയുടെ മനോഗതം.