ഷാജി ജോര്‍ജ്
ഡല്‍ഹി തിരഞ്ഞെടുപ്പിന്റെ ആരവം കഴിഞ്ഞു. പക്ഷേ, അതിന്റെ ഓളങ്ങള്‍ അടുത്ത് എങ്ങും തീരുമെന്ന് തോന്നുന്നില്ല. ബിജെപി യുടെ വിജയത്തേക്കാള്‍ ഉപരി എഎപിയുടെ പരാജയം ചിത്രത്തില്‍ നിറഞ്ഞുനില്ക്കുന്നു. കൂട്ടത്തില്‍ കോണ്‍ഗ്രസിന്റെ ദയനീയ പരാജയവും. ഇനി വരുന്നത് കേരളത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.
തിരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ അടുത്തിടെ ഏറെ സജീവമാണ്. ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ്’ എന്ന എന്‍ഡിഎ മുന്നണിയുടെ മുദ്രാവാക്യം തന്നെയാണ് അതിന് കാരണമായത്. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ‘ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് ‘ ബില്ലിന്മേലുള്ള ചര്‍ച്ച പുരോഗമിക്കുന്നു. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ക്ക് മാറ്റമുണ്ടാകുമോ? ഈ പശ്ചാത്തലത്തിലാണ് പത്രപ്രവര്‍ത്തകനായ സതീശ് സൂര്യന്റെ ‘തിരഞ്ഞെടുപ്പ് ജനാധിപത്യം: ചരിത്രവും വര്‍ത്തമാനവും’ എന്ന പുസ്തകം ശ്രദ്ധേയമാകുന്നത്.
രസകരമായ വസ്തുതയുണ്ട്. പൗരന്മാരായി തീരുന്നതിനുമുന്പേ വോട്ടര്‍മാരായി തീര്‍ന്ന ജനതയാണ് ഇന്ത്യക്കാര്‍. ലോകത്തെ പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ നമുക്ക് ഇത് വ്യക്തമാകും.
1951 ഒക്ടോബര്‍ 25-നും 1952 ഫെബ്രുവരി 21-നും ഇടയിലാണ് രാജ്യത്ത് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍, സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം ഉറപ്പുവരുത്തുന്നത് ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പിനുള്ള ശക്തിമത്തായതും സങ്കീര്‍ണ്ണവുമായ തയ്യാറെടുപ്പ് ജോലികള്‍ നേരത്തേത്തന്നെ തുടങ്ങിയിരുന്നു. ആദ്യ കരട് വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനു തുടക്കമാകുന്നതു 1947 സെപ്റ്റംബറിലായിരുന്നു. അങ്ങനെ സാര്‍വ്വത്രികമായ പ്രായപൂര്‍ത്തിവോട്ടവകാശം അടിസ്ഥാനമാക്കിയുള്ള ആദ്യ കരട് വോട്ടര്‍പട്ടിക ഭരണഘടന നിലവില്‍ വരുന്നതിനു തൊട്ടുമുന്‍പ് തയ്യാറായി. ചുരുക്കത്തില്‍ ഇന്ത്യക്കാര്‍ പൗരന്മാരാകുന്നതിനു മുന്‍പേത്തന്നെ വോട്ടര്‍മാരായി എന്നര്‍ത്ഥം.
പതിനെട്ട് അധ്യായങ്ങളിലൂടെ വികസിക്കുന്ന പുസ്തകത്തില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ നിരവധി സംഭവങ്ങള്‍ വിവരിക്കുന്നു. ഒരു ഉദാഹരണം പറയാം. ഇന്ത്യയിലെ ആദ്യ ഇലക്ഷനില്‍ (1951 – 52) തിരഞ്ഞെടുപ്പ് കമ്മിഷന് നേരിട്ട നിരവധി വെല്ലുവിളികളിലൊന്ന് മഹത്തായ തിരഞ്ഞെടുപ്പു പ്രക്രിയയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതെങ്ങനെ എന്നതായിരുന്നു. വലിയൊരു വിഭാഗം വനിതാ വോട്ടര്‍മാര്‍ അവരുടെ പേരുകളിലല്ല, മറിച്ച് അവരുടെ ഭര്‍ത്താവോ പിതാവോ പുത്രനോ സഹോദരനോ പോലെയുള്ള പുരുഷന്മാരുമായ കുടുംബാംഗങ്ങളുടെ പേരാണ് വോട്ടര്‍ പട്ടികയില്‍ നല്‍കിയിരുന്നത്. പല ഉത്തരേന്ത്യന്‍ – മധ്യേന്ത്യന്‍ സംസ്ഥാനങ്ങളിലും നിലനിന്നിരുന്ന പ്രാദേശികമായ വിലക്കുകളായിരുന്നു ഇതിനു കാരണം. അന്യപുരുഷന്മാരോട് പേരു വെളിപ്പെടുത്തുന്നത് കുലസ്ത്രീകള്‍ക്കു ചേര്‍ന്ന പ്രവൃത്തിയല്ലെന്നായിരുന്നു അവിടങ്ങളിലെ ധാരണ.
സ്ത്രീകളുടെ പേര് മറച്ചുവെച്ചു. പകരം പുരുഷന്മാരായ കുടുംബാംഗങ്ങളുടെ ഭാര്യയെന്നോ സഹോദരിയെന്നോ ഒക്കെ പേരിന്റെ സ്ഥാനത്തു നല്കി. ഇതു കണ്ടെത്തിയതിനെ തുടര്‍ന്നു വോട്ടര്‍ പട്ടികയില്‍ വോട്ടറുടെ ശരിയായ പേര് തിരഞ്ഞെടുപ്പു കമ്മിഷന് നിര്‍ബ്ബന്ധമാക്കി. ശരിയായ പേര് നല്കാന് വിസമ്മതിക്കുന്ന ഒരാളും പട്ടികയിലുണ്ടാകരുതെന്നും സ്ത്രീകള്‍ അവരുടെ പേരില്ലാതെ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ആ എന്‍ട്രി ഇല്ലാതാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. അനിവാര്യമായിരുന്നു ഈ നടപടി. പക്ഷേ, രാജ്യത്തെ മൊത്തം 80 ദശലക്ഷം സ്ത്രീ വോട്ടര്‍മാരില്‍ ഏകദേശം 2.8 ദശലക്ഷത്തോളം പേര് അവരുടെ ശരിയായ പേര് വെളിപ്പെടുത്തിയില്ല. അവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തു. ദൗര്‍ഭാഗ്യകരമായ ഫലം. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലെ സ്ത്രീകള്‍ക്കാണ് ഇങ്ങനെ ഏറ്റവും കൂടുതല്‍ വോട്ടവകാശം നഷ്ടമായത്. എങ്കിലും 173 ദശലക്ഷത്തിലധികം വോട്ടര്‍മാരെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ പങ്കാളികളാക്കികൊണ്ട് ഒരു ജനാധിപത്യ മാതൃക സൃഷ്ടിക്കാന്‍ നമുക്കായി.
പുസ്തകത്തിന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ അവതാരിക വായനക്കാര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നു.
സ്വതന്ത്രവും നീതിപൂര്‍വകവുമായ തെരഞ്ഞെടുപ്പ് യഥാസമയം നടക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ‘ ഇലക്ട്രല്‍ ഡെമോക്രസി’ വിലയിരുത്തപ്പെടുന്നത്. ‘അപ്പംകൊണ്ടു മാത്രമല്ല മനുഷ്യന് ജീവിക്കുന്നത് ‘ എന്ന ദൈവവചനംപോലെ തിരഞ്ഞെടുപ്പുകൊണ്ടു മാത്രമല്ല, ജനാധിപത്യം നിലനില്‍ക്കുന്നത്. ജീവന് നിലനിര്‍ത്താന്‍ അപ്പം അനിവാര്യമാകുന്നതുപോലെ ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നില നില്പ്പിന് ക്രമപ്രകാരമുള്ള തെരഞ്ഞെടുപ്പുകള്‍ യഥാസമയം നടക്കേണ്ടത് അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുപ്പ് നടത്തുന്നതിന് ഭരണഘടനാപരമായി ചുമതലപ്പെട്ട സംവിധാനത്തില്‍ ജനങ്ങള്‍ക്ക് വിശ്വാസമില്ലാതായാല്‍ തിരഞ്ഞെടുപ്പില്‍ അധിഷ്ഠിതമായ ജനാധിപത്യത്തിന്റെ അസ്തിവാരം തകരും. മാതൃകകള്‍ ഇല്ലാതിരുന്ന ശൂന്യതയില്‍നിന്ന് ഒരു സംവിധാനത്തെ രൂപപ്പെടുത്തിയ സുകുമാര്‍ സെന്‍ മുതല്‍ തിരഞ്ഞെടൂപ്പ് കമ്മീഷന് പല്ലും നഖവും ഉണ്ടെന്ന് കണ്ടെത്തിയ ടി.എന്‍ ശേഷന് വരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത വര്‍ദ്ധിപ്പിച്ച കമ്മീഷണര്‍മാര്‍ പലരുണ്ട്. രാജീവ് കുമാറിലേക്കെത്തിയപ്പോള് എക്സിക്യൂട്ടീവിന് വഴങ്ങുന്നുവെന്ന ധാരണ സൃഷ്ടിക്കാന്‍ പ്രേരകമായ സാഹചര്യമുണ്ടായെങ്കിലും തിരഞ്ഞെടുപ്പ് ഫലം അതിനെ ദൂരീകരിക്കാന്‍ പര്യാപ്തമായി. (അവതാരികയില്‍ നിന്ന്)
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളുടെ ഗതിയും വിഗതിയും ചരിത്ര ഗാലറിയിലെ ചിത്രക്കാഴ്ചപോലെ മനോഹരമായും കാലികപ്രസക്തിയോടെയും അവതരിപ്പിക്കുന്ന പ്രയോജനകരമായ പുസ്തകമാണ് സതീശ് സൂര്യന്റെ തിരഞ്ഞെടുപ്പ് ജനാധിപത്യം – ചരിത്രവും വര്‍ത്തമാനവും.