തൃശൂര്‍: ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. ഭർത്താവ് പരേതനായ കൊച്ചുണ്ണി. എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.
ഇടുക്കി പുള്ളിക്കാനത്ത് തേയിലത്തോട്ടത്തിലായിരുന്നു അമ്മയ്ക്ക് ജോലി .ഭർത്താവിനൊപ്പം 38 വർഷം അവിടെ ജോലി ചെയ്തു. ഭർത്താവിന്റെ നാടായിരുന്നു ചേലക്കര. അദ്ദേഹം മരിച്ചപ്പോൾ ചേലക്കരയിൽ താമസമാക്കി . മുഴുസമയ രാഷ്ട്രീയക്കാരനായ മകൻ രാധാകൃഷ്ണനെക്കുറിച്ച് വലിയ അഭിമാനിയായിരുന്നു അമ്മ .
‘ഞാനിവിടെ നിന്ന് ഒന്നു കൈ കാണിച്ചാൽ മതി. നാട്ടുകാരെല്ലാം കൂടെയുണ്ടാകും. ആർക്കും എന്നോട് ഒരു വിരോധവുമില്ല. ഓണവും വിശേഷദിവസവുമൊക്കെ വന്നാൽ എനിക്ക് ആരെങ്കിലുമൊക്കെ മുണ്ടു തരും. മകൻ തന്നില്ലെങ്കിലും. അത് മകൻവഴിയുള്ള സ്നേഹമാ. അതൊക്കെ അവൻ തരുന്ന സമ്മാനമല്ലേ’- ഒരിക്കൽ അമ്മ പറഞ്ഞു .
സഹനങ്ങളുടെ സങ്കടക്കടൽ താണ്ടി എട്ടുമക്കളെ പോറ്റിവളത്തിയ അമ്മ ,കേരളത്തിലെ തേയിലത്തോട്ടങ്ങളിൽ ചോര നീരാക്കി പണിയെടുത്ത് ജീവിച്ച അനേകമനേകം അമ്മമാരുടെ പ്രതിനിധിയാണ് .