ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇന്നലെ പുറത്ത് വന്ന എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായി നാലാം തവണയും ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും മുന്‍കാലങ്ങളിലെ എക്സിറ്റ് പോളുകളും പാര്‍ട്ടിയുടെ പ്രകടനത്തെ കുറച്ചുകാണിച്ചിരുന്നു എന്നും എഎപിയുടെ ദേശീയ വക്താവ് റീന ഗുപ്ത പറഞ്ഞു.
2015 ലെയും 2020 ലെയും തിരഞ്ഞെടുപ്പുകളില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി. എന്നാല്‍ അങ്ങനെയായിരുന്നില്ല അന്നത്തെ എക്സിറ്റ് പോളുകള്‍ പറഞ്ഞിരുന്നത് എന്ന് റീന ഗുപ്ത ചൂണ്ടിക്കാട്ടി. 2013, 2015, 2020 എന്നിങ്ങനെ ഏത് എക്സിറ്റ് പോള്‍ പരിശോധിച്ചാലും ആം ആദ്മി പാര്‍ട്ടിക്ക് സീറ്റുകള്‍ കുറവാണെന്നാണ് കാണിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിച്ചു എന്നും റീന ഗുപ്ത പിടിഐയോട് പറഞ്ഞു.
രാജ്യതലസ്ഥാനത്ത് ബി ജെ പി തരംഗം ആഞ്ഞടുകുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തന്നെ പ്രവചിക്കുന്നത്. പല സർവ്വേകളും 40 ന് മുകളിൽ സീറ്റുകളാണ് ബി ജെ പിക്ക് പ്രവചിക്കുന്നത്.മാട്രിസ്-എ ബി പി സർവ്വെ 35-40 സീറ്റുകൾ വരെ ബിജെപിക്ക് ലഭിച്ചേക്കുമെന്നാണ് പ്രവചിക്കുന്നത്. ആം ആദ്മിക്ക് 32 മുതൽ 37 വരെ സീറ്റുകൾ ലഭിച്ചേക്കും. കോൺഗ്രസ് ഇത്തവണയും കനത്ത തിരിച്ചടിയായിരിക്കും രാജ്യതലസ്ഥാനത്ത് നേടുകയെന്നും സർവ്വെ പറയുന്നു. 0-1 സീറ്റ് വരെയാണ് കോൺഗ്രസിന് സാധ്യത കൽപ്പിക്കുന്നത്.