ഷാജി ജോര്‍ജ്
മനുഷ്യന്റെ നന്മയിലും അതിനെ പ്രചോദിപ്പിക്കുന്ന മാനവികതയും ആഗ്രഹിക്കുന്നവര്‍ക്ക് ദുഃഖം നല്കിയ വാര്‍ത്തയാണ് നവീന്‍ ചൗളയുടെ നിര്യാണം. ഇന്ത്യയുടെ മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു നവീന്‍ ചൗള. 2025 ഫെബ്രുവരി ഒന്നിന് ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2009 മുതല്‍ 2010 വരെ ഇന്ത്യയുടെ മുഖ്യതിരഞ്ഞെടുപ്പ് കമീഷണറായിരുന്നു. 2005 മുതല്‍ 2009 വരെ തിരഞ്ഞെടുപ്പ് കമീഷണറായും പ്രവര്‍ത്തിച്ചു. 1945 ജൂലൈ 30ന് ജനിച്ച നവീന്‍ ഹിമാചല്‍ പ്രദേശിലെ ലോറന്‍സ് സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 1969ലെ സിവില്‍ സര്‍വീസ് ബാച്ച് അംഗമായ നവീന്‍ ഗവണ്മെന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1975 നെ ഇന്ത്യ അടയാളപ്പെടുത്തുന്നത് രാജ്യത്തെ അടിയന്തരാവസ്ഥക്കാത്തെ തുടക്കംകൊണ്ടാണ്. എന്നാല്‍ ആ ഇന്ത്യയില്‍ 1975ല്‍ ആരംഭിച്ച് അഞ്ചുവര്‍ഷംകൊണ്ട് പൂര്‍ത്തീകരിച്ച ഒരു ജീവചരിത്രപുസ്തകമുണ്ട്. നവീന്‍ ചൗള എഴുതിയ മദര്‍ തെരേസ. പുസ്തകം വായിച്ച ലോകത്തിലെ വിവിധ രാജ്യങ്ങളിലെ മനുഷ്യര്‍ തങ്ങളുടെ ഹൃദയത്തില്‍ പാവങ്ങളുടെ അമ്മയായ മദര്‍ തെരേസയ്ക്ക് പുതിയ വിശേഷണം നല്കി; ജീവിക്കുന്ന വിശുദ്ധ.
മദര്‍ തെരേസയുടെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും സൂക്ഷ്മായി പിന്തുടര്ന്ന്, സമഗ്രമായി തയ്യാറാക്കിയ നവീന്‍ ചൗളയുടെ ‘മദര്‍ തെരേസ’ എന്ന ജീവചരിത്രഗ്രന്ഥം മദറിനെക്കുറിച്ചും മിഷണറീസ് ഓഫ് ചാരിറ്റിയെക്കുറിച്ചുമുള്ള ഏറ്റവും ആധികാരികമായ രചനയാണ്. ഈ ഗ്രന്ഥം 1992-ല്‍ യു.കെ.യില്‍ സിന്‍ക്ലെയര്‍ സ്റ്റീവെന്‍സണ്‍ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്. 14 ഇന്ത്യന്‍, വിദേശ ഭാഷകളിലായി അസംഖ്യം പതിപ്പുകള്‍ ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. ഇതില്‍ നിന്നുള്ള റോയല്‍റ്റി ന്യൂഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലെപ്രസി ട്രസ്റ്റിനാണ് ലഭിക്കുന്നത്. 1997 നവംബര്‍ 17-ന് അഭിവന്ദ്യ കര്‍ദ്ദിനാള്‍ മാര്‍ ആന്റണി പടിയറ ഈ പുസ്തകത്തിന്റെ മലയാളപതിപ്പ് പ്രകാശനം ചെയ്തു. തുടര്‍ന്ന് മലയാളത്തിലും നിരന്തരം വായിക്കപ്പെടുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ മദര്‍ തെരേസ ഇടംപിടിക്കുകയും ചെയ്തു.
മദറിനെ വിശുദ്ധയായി പ്രഖ്യാപിച്ചതിന്റെ വിശദാംശങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ ‘സെയിന്റ് ഹുഡ്’ എഡിഷന് ആണ് ഇപ്പോള്‍ (ഡി. സി. ബുക്സ്) വിപണിയിലുള്ളത്. ഇംഗ്ലീഷില്‍ സെയിന്റ് ഹുഡ് പെന്‍ഗ്വിനാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അതില്‍ പുണ്യാളത്വത്തിലേക്കുള്ള പാത, 26 ആഗസ്റ്റ് 2010, മദര്‍ തെരേസയുടെ സംഭാവന തുടങ്ങിയ അധ്യായങ്ങള്‍ പുതുതായി ചേര്‍ത്തിരിക്കുന്നു. കൂടാതെ രാജ്യത്തുനിന്നും വിദേശത്തുനിന്നുമുള്ള പല വ്യക്തികളുമായും ഗ്രന്ഥകാരന് നേരില്‍ സംസാരിച്ച് അവര്‍ക്ക് മദറുമായി ബന്ധപ്പെട്ടുണ്ടായ അനുഭവങ്ങള്‍ രേഖപ്പെടുത്തുന്ന ‘ഓര്‍മ്മക്കുറിപ്പുകള്‍’ എന്നൊരു ഖണ്ഡവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാര്‍, എഴുത്തുകാരന് എം.പി. സദാശിവന് എന്നിവരാണ് പുസ്തകത്തിന്റെ വിവര്‍ത്തനം നിർവഹിച്ചിട്ടുള്ളത്.
പുസ്തകരചനയിലെ അനുഭവങ്ങള്‍ നവീന്‍ ചൗള ആമുഖത്തില്‍ കുറിച്ചിട്ടുണ്ട്. ‘വെറുമൊരു പുസ്തകത്തിലെ താളുകള്‍ക്കുള്ളില്‍ ഒതുക്കി നിര്‍ത്താനാവുന്നതല്ല മദര്‍ തെരേസയുടെ വ്യക്തിത്വം. കാഴ്ചയില്‍ അസാധാരണത്വമൊന്നും തോന്നാത്ത ഈ സ്ത്രീയുമായി ഓരോ തവണ സന്ധിക്കുമ്പോഴും അവിസ്മരണീയമായ എന്തെങ്കിലും നമ്മുടെ മനസ്സില്‍ പതിയാതിരിക്കില്ല. രണ്ടു വലിയ പ്ലാസ്റ്റിക് സഞ്ചികള്‍ മുറുകെ പിടിച്ചുകൊണ്ട് ഒരന്തര്‍ദേശീയ വിമാനത്തില്നിന്നിറങ്ങിവരുന്ന മദറിനെ ഞാനിപ്പോഴും ഓര്‍ക്കുന്നു. ശിശുഭവനിലെ കുട്ടികള്‍ക്കുവേണ്ടി ക്യാപ്റ്റന്‍ സമ്മാനിച്ച ബിസ്കറ്റ്, സോപ്പ് തുടങ്ങി യാത്രികരുടെ മിച്ചം വന്ന സാധനങ്ങളായിരുന്നു സഞ്ചികളില്‍. കുഷ്ഠരോഗം പിടിപെട്ട് ഭയാനകമാംവിധം അംഗഭംഗം സംഭവിച്ച, സ്വന്തം പുത്രന്മാരാല് ഉപേക്ഷിക്കപ്പെട്ട, ഒരു സ്ത്രീയെ ആശ്വസിപ്പിക്കുന്ന മദര്‍ തെരേസയുടെ ചിത്രം ഇപ്പോഴും എന്റെ കണ്മുന്നിലുണ്ട്.
ആദ്യകാലത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരാസ്ഥാനമന്വേഷിച്ച്, ഒരു മുറി തേടി, ദിവസംതോറും എത്രയോ മൈല്‍ നടക്കേണ്ടി വന്നതിനെക്കുറിച്ചു ഞാന്‍ സൂചിപ്പിച്ചപ്പോള്‍ മദര്‍ പറഞ്ഞതെന്താണന്നോ? അതും ഒരു ത്യാഗമാണെന്ന്. ഈശ്വരസേവയില്‍ ആഹ്ലാദമല്ലാതെ മറ്റൊന്നുമില്ലെന്ന്.
ദിവ്യബലിയര്‍പ്പിക്കുമ്പോഴും രോഗികളെ പരിചരിക്കുമ്പോഴും എന്നു വേണ്ട, ഉണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും ക്രിസ്തുവിനോടൊപ്പമാണ് മദര്‍ തെരേസയെന്നു മനസ്സിലാക്കാന്‍, ഹിന്ദുവായി ജനിച്ച, സര്‍വ മതങ്ങളുടെയും സാരം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന, എനിക്ക് മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ സമയം വേണ്ടിവന്നു. അവരെ സംബന്ധിച്ചിടത്തോളം ക്രൂശിതനായ ക്രിസ്തുവിനും കാളിഘട്ടിലെ അത്യാസന്ന നിലയിലുള്ള രോഗിക്കും തമ്മില്‍ വ്യത്യാസമില്ല.
അഞ്ചടിയ്ക്ക് മീതെ രണ്ടോമൂന്നോ ഇഞ്ച് മാത്രം ഉയരമുണ്ടായിരുന്ന മദര്‍ തെരേസ അല്പം കൂനുമായി നടന്നുനീങ്ങിയ വഴികള്‍ ചരിത്രമാണ്. 1947ല്‍ ഇന്ത്യന്‍ പൗരത്വം നേടിയ സിസ്റ്റര്‍ ആഗ്നസ്, ലൊറോറ്റ കോണ്‍വെന്റില്‍ നിന്ന് പാപ്പായുടെ അനുമതിയോടെ അഞ്ചു രൂപയുമായി വിഭജനത്തിന്റെ മുറിവുകള്‍ സംഹാരതാണ്ഡവമാടിയ കല്‍ക്കത്തയുടെ തെരുവീഥികളിലേക്ക് ഇറങ്ങിയ കഥകള്‍ ആര്‍ക്കാണ് അറിയാത്തത്? സംതിങ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ് എനിക്ക് ദാഹിക്കുന്നു, കുറഞ്ഞ വരികളില്‍ മദര്‍ പഠിപ്പിച്ച പ്രാര്‍ഥന തുടങ്ങിയവ ആരാണ് ഇന്നും ഓര്‍ക്കാത്തത്?
കാളീഘട്ട്, നിര്‍മ്മല്‍ ഭവന്, മദര്‍ ഹൗസ് ഇവിടങ്ങളില്‍ തുടങ്ങി നോബല്‍ സമ്മാനം ഏറ്റുവാങ്ങിയ മദര്‍ തെരേസ പ്രവാചകധീരതയോടെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനും പ്രസിഡന്റ് സദ്ദാം ഹുസൈനും യുദ്ധം അവസാനിപ്പിക്കാന്‍ എഴുതിയ കത്തുവരെ പുസ്തകത്തിലുണ്ട്. പരുത്തി തുണിയുടെ അരികില്‍ മൂന്ന് നീലവരകള്‍ ഉള്ള സാരി വിളിച്ചു പറയുന്നത് മരണമില്ലാത്ത മദര്‍ തെരേസയെ കുറിച്ചാണ്.
പ്രിയ നവീന്‍ ചൗള ലോകാവസാനം വരെ ‘മദര്‍തെരേസയുടെ ജീവചരിത്രകാരന്‍’ എന്ന വിശേഷണത്തില്‍ അങ്ങ് സ്മരിക്കപ്പെടും. അങ്ങേയ്ക്ക് അന്ത്യാഭിവാദ്യം !