ചേർത്തല : കേരള ലാറ്റിൻ കാത്തലിക്ക് അസോസിയേഷൻ ( കെഎൽസിഎ ) യുടെ ആഭിമുഖ്യത്തിൽ ഷെവലിയാർ പ്രൊഫ. ഏബ്രഹാം അറക്കൽ അനുസ്മരണം നടത്തി.
ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് , പാലക്കാട് വിക്ടോറിയ കോളേജ് , എറണാകുളം മഹാരാജസ് കോളേജ് എന്നീ കോളേജുകളിൽ പ്രിൻസിപലും കാത്തലിക്ക് കോൺഫറൻസ് ഓഫ് ഇന്ത്യ ( സിസിഐ ) മുൻ നാഷണൽ വൈസ് പ്രസിഡന്റും കെഎൽസിഎ യുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്നു അദ്ദേഹം .
ചേർത്തല സെന്റ് മൈക്കിൾസ് കോളേജിൽ വച്ചു നടന്ന അനുസ്മരണ സമ്മേളനം കേരള കാത്തലിക്ക് ബിഷപ്സ് കോൺഫറൻസ് ( കെസിബിസി ) ഡെപ്യൂട്ടി സെക്രട്ടറി ഫാ. തോമസ് തറയിൽ ഉത്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയുടെ സാംസ്കാരിക മേഖലയിൽ ഒരു വലിയ വ്യക്തിത്വത്തിന് ഉടമയും , കത്തോലിക്ക സഭയുടെ ഒരു പണ്ഡിത ശ്രേഷ്ഠനും ചരിത്രകാരനുമായിരുന്നു പ്രൊഫ ഏബ്രഹാം അറക്കൽ എന്ന് ഫാ തോമസ് തറയിൽ പറഞ്ഞു.
അനുസ്മരണ സമ്മേളനത്തിൽ കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു . KRLCC വൈസ് പ്രസിഡന്റും ലത്തീൻ സഭ വ്യക്താവുമായ ജോസഫ് ജൂഡ് അനുസ്മരണ പ്രഭാഷണം നടത്തി . KLCA സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി കരുമാഞ്ചേരി , സെന്റ് മൈക്കിൾസ് കോളേജ് മാനേജർ ഡോ സെലസ്റ്റിൻ പുത്തൻപുരക്കൽ , സെന്റ് മൈക്കിൾസ് കോളേജ് പ്രിൻസിപ്പൽ ഡോ സിന്ധു എസ് നായർ , മുൻ എംപി ഡോ കെ എസ് മനോജ് , ആലപ്പുഴ രൂപത വിദ്യാഭ്യാസ ബോർഡ് ( BEAD ) സെക്രട്ടറി പി ആർ കുഞ്ഞച്ചൻ , ആലപ്പുഴ രൂപത പാസ്റ്റർ കൗൺസിൽ സെക്രട്ടറി അനിൽ ആന്റണി , KLCA ആലപ്പുഴ രൂപത പ്രസിഡന്റ് പി ജി ജോൺ ബ്രിട്ടോ , ജനറൽ സെക്രട്ടറി സന്തോഷ് കൊടിയനാട് , കെപിസിസി സെക്രട്ടറി എസ് ശരത്ത് , പ്രൊഫ ഏബ്രഹാം അറക്കലിന്റെ സഹോദരൻ ലാലച്ചൻ അറക്കൽ എന്നിവർ സംസാരിച്ചു.