കൊച്ചി: മുനമ്പം വിഷയത്തില്‍ ജുഡീഷൽ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന് തോമസിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
കേരള വഖഫ് സംരക്ഷണ വേദിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ പ്രാരംഭ വാദം കേട്ട ഹൈക്കോടതി കമ്മീഷനെ നിയോഗിച്ചത് സംബന്ധിച്ച് സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.
എന്ത് അധികാരപരിധി ഉപയോഗിച്ചാണ് കമ്മീഷന്റെ നിയമനമെന്നും കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെട്ട വഖഫ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് കമ്മീഷനെ വയ്ക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു. എന്നാല്‍ ഭൂമി സംബന്ധിച്ച വിഷയം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കാമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതോടെയാണ് വിശദമായ മറുപടി നല്കാന് കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കിയത്.
മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മീഷന് ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കമ്മീഷന് അധികാരമില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.
കമ്മീഷന് ഒരു വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ പ്രശ്നങ്ങളിലോ തര്‍ക്കങ്ങളിലോ വിധി പറയാന്‍ അധികാരമില്ല. സര്‍ക്കാരിന് നടപടിയെടുക്കാന്‍ ആവശ്യമായ വസ്തുതകള്‍ നല്‍കുക എന്നതുമാത്രമാണ് കമ്മീഷന് നല്കുന്ന റിപ്പോര്‍ട്ടുകൊണ്ട് ഉദ്ദേശിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് എറണാകുളത്തെ കേരള വഖഫ് സംരക്ഷണ വേദി സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം സമര്‍പ്പിച്ചത്.
സിവില്‍ കോടതിയും ഹൈക്കോടതിയും കണ്ടെത്തിയ വസ്തുതകള്‍ക്ക് വിരുദ്ധമായി, വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. ഭൂമി വഖഫ് സ്വത്താണെന്ന് കോടതികള്‍ കണ്ടെത്തിയതാണെന്നും ഹര്‍ജിക്കാരായ വഖഫ് സംരക്ഷണ വേദി ചൂണ്ടിക്കാട്ടുന്നു.