ബിജോ സില്‍വേരി
‘കണ്ടാലിരക്കുന്ന മനുഷ്യരുണ്ടോ കാക്കാന്‍ മടിക്കുന്നു തരം വരുമ്പോള്‍’… എന്നാണ് ചൊല്ല്. ഉലകില് മോഷണങ്ങള്‍ പലതാണ്, പതിവാണ്. ചിലര്‍ക്കത് ഉപജീവനമാര്‍ഗമാണെങ്കില്‍ മറ്റു ചിലര്‍ക്കത് വിനോദമായിരിക്കും. തനിക്ക് ഒരാവശ്യവുമില്ലാത്ത സാധനങ്ങള്‍ അടിച്ചുമാറ്റുന്ന മനോരോഗികളുമുണ്ട്-ക്ലിപ്ടോമാനിയ എന്നാണിതിനെ വിളിക്കുന്നത്. ആര്‍മി ഓഫ് തീവ്സ് സാഹസികമായി മോഷണം നടത്താന്‍ ആഗ്രഹിക്കുന്നവരുടെ കഥയാണ് പറയുന്നത്. വിനോദമോഷണ വിഭാഗത്തില്‍ ഇതിനെ ഉള്‍പ്പെടുത്താമെങ്കിലും മോഷ്ടാക്കള്‍ അല്ലെങ്കില്‍ മോഷ്ടാവായ നായകന് വെല്ലുവിളി ആഗ്രഹിക്കുന്നയാളാണെന്നു പറയാം.
ജര്‍മ്മനിയിലെ പോട്സ്ഡാമിലാണ് കഥ നടക്കുന്നത്. ഒരു ബാങ്ക് ക്ലര്‍ക്കായ സെബാസ്റ്റ്യന്‍ ഷ്ലെഞ്ചിന് ഒരു അത്യുഗ്രന്‍ കഴിവുണ്ട്. സേഫുകള്‍ തുറക്കാനുള്ള കഴിവാണത്. പക്ഷേ, അയാളൊരു മോഷ്ടാവല്ല; നിഷ്കളങ്കനുമാണ്. പ്രായോഗികമായി ഇതുവരെ തന്റെ കഴിവ് പരീക്ഷിച്ചിട്ടുമില്ല. തന്റെ കഴിവുകള്‍ എങ്ങനെ വിനിയോഗിക്കപ്പെടണം എന്നയാള്‍ക്ക് അറിഞ്ഞുകൂട. സിനിമ ആരംഭിക്കുമ്പോള്‍ സെബാസ്റ്റ്യന്‍ തന്റെ കമ്പ്യൂട്ടറിനു മുന്നിലിരുന്ന് യൂ ട്യൂബില്‍ പോസ്റ്റിടുകയാണ്. ലോകത്തിലെ ഏറ്റവും മികച്ച സേഫ് നിര്‍മാതാക്കളിലൊരാളായ ഹാന്‍സ് വാഗ്നറെകുറിച്ചാണ് അയാള്‍ സംസാരിക്കുന്നത്. സെബാസ്റ്റ്യന്‍ ജനിക്കുന്നതിനും ഏറെ വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഹാന്‍സ് വാഗ്നര്‍ നാലു സേഫുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഓരോന്നും ഒന്നിനൊന്നു മെച്ചം. ഈ സേഫുകള്‍ ലോകത്തിന്റെ വിവിധ ഭാഗത്തായാണ് ഇരിക്കുന്നത്. ആദ്യത്തെ മൂന്നെണ്ണവും ബാങ്കുകളിലാണെങ്കില്‍ നാലാമത്തേതിന്റെ സ്ഥാനം പോലും നിശ്ചയമില്ല. ഹാന്‍സ് വാഗ്നര്‍ക്ക് സേഫുകള്‍ തുറക്കുന്നത് ഒരു പസില്‍ പൂര്‍ത്തിയാക്കുന്നതു പോലെയാകണം എന്നു നിര്‍ബന്ധമുണ്ടായിരുന്നു. സേഫ് തുറക്കുന്നതു തെറ്റിയാല്‍ ചിലപ്പോഴത് എന്നേന്നേക്കുമായി പൂട്ടിപ്പോകും. പിന്നെയത് ദൈവം വിചാരിച്ചാല്‍ പോലും തുറക്കാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഈ സേഫുകളൊന്നും ഇതുവരെ ആരും തുറന്നിട്ടില്ല.
സെബാസ്റ്റ്യന്‍ ഒരു സാധാരണക്കാരനാണ്. ഒരു പഴയ കെട്ടിടത്തിന്റെ മുകളില്‍ ഒറ്റക്കാണയാള് താമസിക്കുന്നത്. രാവിലെ ഓഫീസില്‍ പോകുന്നതിനു മുമ്പായുളള അയാളുടെ പ്രഭാതഭക്ഷണം ഒരു കഷണം റൊട്ടിയും അല്പം പച്ചക്കറിയുമാണ്. ഓഫീസില്‍ പോകുന്ന വഴിയില്‍ ഒരു ചെറിയ പഴംകേക്കും ഒരു കാപ്പിയും വാങ്ങും. അയാളുടെ ഉച്ചഭക്ഷണം അതാണ്. ബാങ്കില്‍ അയാളുടെ പ്രധാന ജോലി ഇടപാടുകാരുടെ ചീത്തകേള്ക്കലാണ്. പാവത്താന്‍, പക്ഷേ ഒന്നും പ്രതികരിക്കാതെ എല്ലാം കേട്ടുകൊണ്ടിരിക്കും. സെബാസ്റ്റ്യന്റെ സോഷ്യല്‍ മീഡിയ ഇടപെടല്‍ ഒരു തികഞ്ഞ പരാജയമാണ്. ഒരാള്‍ പോലും അയാള്‍ക്കൊരു ലൈക്ക് പോലും കൊടുക്കുന്നില്ല. എന്നാല്‍ ഹാന്‍സ് വാഗ്നറെ കുറിച്ചുള്ള സെബാസ്റ്റ്യന്റെ വീഡിയോയ്ക്ക് അപ്രതീക്ഷിതമായി ഒരു ലൈക്ക് ലഭിച്ചു. അതയാളുടെ ജീവിതം മാറ്റി മറിച്ച ‘ലൈക്ക്’ ആയി മാറി.
നഗരത്തിലെ ഇരുളടഞ്ഞ ഒരുഭാഗത്ത് ഒരു അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിംഗ് എന്നു തോന്നിക്കുന്നിടത്ത് ഒരു മത്സരം നടക്കുകയാണ്. സങ്കീര്‍ണ്ണമായ പൂട്ടുകളുളള സേഫുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ തുറക്കുന്നതാണ് മത്സരം. സെബാസ്റ്റ്യന്‍ ഇവിടെ എത്തപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരും മത്സരാര്‍ഥികളാണ്. കാണികളും ഉണ്ട്. ഏര്‍പ്പാടുകള്‍ കാണുമ്പോള്‍ അതവിടെ സ്ഥിരം നടക്കുന്ന മത്സരമാണെന്നാണ് കരുതേണ്ടത്. മത്സരം ഉദ്വേഗം നിറഞ്ഞതാണ്. സെബാസ്റ്റിയന് മത്സരത്തില്‍ പങ്കെടുക്കുന്നത് മറ്റു മത്സരാര്‍ഥികള്‍ സേഫ് തുറക്കല്‍ ആരംഭിച്ചതിനു ശേഷമാണ്. എന്നാല്‍ ആദ്യ റൗണ്ടിലും സെമിഫൈനലിലും സെബാസ്റ്റ്യന്‍ വിജയിക്കുന്നു. യഥാര്‍ഥത്തില്‍ ആദ്യമായാണ് സെബാസ്റ്റ്യന്‍ പ്രായോഗികമായി തന്റെ ഇഷ്ടഇനത്തില്‍ പങ്കെടുക്കുന്നത്. നിലവിലെ ചാമ്പ്യനുമായാണ് ഫൈനല്‍ മത്സരം. എതിരാളി സേഫ് തുറക്കല്‍ ആരംഭിച്ചതിനു ശേഷവും സെബാസ്റ്റ്യന്‍ ചിന്തയില്‍ മുഴുകി നില്‍ക്കുകയാണ്. മത്സരം അവസാനിക്കാന്‍ 29 സെക്കന്റുകള്‍ ശേഷിക്കവേയാണ് സെബാസ്റ്റ്യന്‍ സേഫിനെ സ്പര്‍ശിക്കുന്നത്. പക്ഷേ ഏതാനും സെക്കന്റുകള്‍ക്കുള്ളില്‍ അവനത് തുറക്കുകയും പുതിയ ചാമ്പ്യനായി തീരുകയും ചെയ്തു.
അവിടെ വച്ചാണ് അവന് അവളെ ആദ്യമായി കാണുന്നത്. സുന്ദരിയായ ഗ്വെന്‍ഡോലിന്‍ സ്റ്റാറിനെ. പിറ്റേദിവസം കഫേയില്‍ വച്ച് അവര്‍ വീണ്ടും കണ്ടുമുട്ടി. സെബാസ്റ്റ്യന്‍ അവളോടു ചോദിക്കുന്നു, ‘നീ ആരാണ്?’…അവള് മറുപടി പറഞ്ഞു, ‘ നിന്റെ ജീവിതം മാറ്റി മറിക്കാന്‍ വന്നവള്‍.’ രാജ്യാന്തര തലത്തില്‍ പൊലീസ് അന്വേഷിക്കുന്ന ജ്വല്ലറി മോഷ്ടാവാണ് താനെന്ന് അവള് പറയുന്നു. ഒരു പ്രത്യേക ജോലി ചെയ്യാന്‍ സെബാസ്റ്റിയന്റെ സഹായം അവള് തേടുന്നു. ചില സേഫുകള്‍ തുറക്കുകയാണ് ജോലി. പക്ഷേ താനൊരു കള്ളനല്ലെന്ന് സെബാസ്റ്റ്യന്‍ പറയുന്നു. അല്ലെന്ന് എനിക്കറിയാം, പക്ഷേ നിനക്കതൊരു വെല്ലുവിളിയാകും എന്ന് ഗ്വെന്ഡോലിന്റെ മറുപടി. ഹാന്‍സ് വാഗ്നറുടെ സേഫുകള്‍ തുറക്കുന്നതാണ് തന്റെ മുന്നിലുള്ള ജോലിയെന്ന് മനസിലാകുന്നതോടെ സെബാസ്റ്റിയന് ഉത്സാഹഭരിതനായി. 96 മണിക്കൂര്‍ മാത്രമാണ് സേഫുകള്‍ തുറക്കാന്‍ അവശേഷിച്ചിട്ടുള്ള സമയം. അതിനു ശേഷമത് ഡികമ്മീഷന്‍ ചെയ്യും. അവനതിന് സമ്മതിക്കുന്നു. അന്നു രാത്രി സോംബികള്‍(മന്ത്ര-തന്ത്രങ്ങളാല്‍ ജീവന് വയ്ക്കപ്പെട്ട മൃതദേഹമാണ് സോംബി) ചില സ്ഥലങ്ങളില്‍ മനുഷ്യരെ ആക്രമിക്കുന്ന സംഭവങ്ങള്‍ ടെലിവിഷനില്‍ സെബാസ്റ്റിയന് കാണുന്നു. കുറച്ചുസമയത്തിനു ശേഷം പുറത്ത് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേള്‍ക്കാം. മുറിയുടെ പുറത്ത് ഇടനാഴിയിലൂടെ ആരോ നടക്കുന്ന ശബ്ദം കേട്ട് സെബാസ്റ്റിയന് വാതില്‍ തുറക്കുമ്പോള്‍ ഒരു സോംബി അയാളെ ആക്രമിക്കുന്നു. താന്‍ സ്വപ്നം കണ്ടതാണെന്ന് സെബാസ്റ്റ്യന്‍ തിരിച്ചറിയുന്നു. (ഈ സോംബി കഥ സിനിമയില്‍ എന്തിനു കൊണ്ടുവന്നു എന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.)
പിറ്റേ ദിവസം തന്നെ സെബാസ്റ്റ്യന്‍ ഗ്വെന്‍ഡോലിന്‍ സ്റ്റാര്‍ പറഞ്ഞിരുന്ന സ്ഥലത്ത് എത്തുന്നു. അവിടെ വിദഗ്ദയായ ഹാക്കര്‍ കൊറിന ഡൊമിംഗ്വെസ് ഉണ്ട്. പത്താം വയസില്‍ പുത്തന്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് കഴിവുതെളിയിച്ച കൊറിനയാണ് സേഫുകള്‍ സൂക്ഷിച്ചിട്ടുള്ള സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കുന്നതും അതു ഹാക്ക് ചെയ്യുന്നതും. റോള്‍ഫ്, ബ്രാഡ് കേജ് എന്നിവര്‍ കൂടി അടങ്ങിയ കവര്‍ച്ച സംഘത്തിലേക്ക് സെബാസ്റ്റ്യന്‍ റിക്രൂട്ട് ചെയ്യപ്പെടുന്നു. റോള്‍ഫ് വിദഗ്ദനായ ഡ്രൈവര്‍ കൂടിയാണ്. സംഘത്തിന്റെ നേതാവാണെന്ന് സ്വയം ഭാവിക്കുന്ന അക്രമസ്വഭാവമുള്ളയാളാണ് ബ്രാഡ് കേജ്.
പാരീസിലെ ആദ്യത്തെ സേഫ് സെബാസ്റ്റ്യന്‍ തുറക്കുകയും സംഘം കവര്‍ച്ച നടത്തുകയും ചെയ്തു. സേഫിലുണ്ടായിരുന്ന പണത്തില്‍ ഒരു ഭാഗം മാത്രമാണ് അവര്‍ എടുക്കുന്നത്. ഏത് വലിയ സാമ്പത്തിക നേട്ടത്തേക്കാളും മികച്ചതാണ് വെല്ലുവിളിയും പ്രശസ്തിയും എന്ന് ഗ്വെന്‍ഡോലിന്‍ ഇതിനെ ന്യായീകരിക്കുന്നു. സെബാസ്റ്റ്യനും അതില്‍ സന്തുഷ്ടനാണ്. പാരീസ് കവര്‍ച്ചയ്ക്ക് ശേഷം സെബാസ്റ്റ്യന്‍ ഗ്വെന്ഡോലിനോടുള്ള പ്രണയം കൂടി. കൗമാരപ്രായം മുതല്‍ അവളുടെ കാമുകനും സംഘാംഗവുമായ ബ്രാഡിന് ഇതു വലിയ വൈരാഗ്യത്തിന് കാരണമായി.
താമസിയാതെ അവര്‍ രണ്ടാമത്തെ സേഫിരിക്കുന്ന പ്രാഗിലേക്ക് യാത്ര പുറപ്പെടുന്നു. ആദ്യ സേഫ് കവര്‍ച്ചയ്ക്കു ശേഷം ഇന്റര്‍പോള്‍ ഏജന്റായ ഡെലാക്രോയിക്സ് സംഘത്തെ വിടാതെ പിന്തുടരുന്നുണ്ട്. ബ്രാഡ് കേജിന്റെ സംഘം നേരത്തെ തന്നെ അയാളുടെ നോട്ടപ്പുള്ളിയാണ്. ഒരു കവര്‍ച്ചക്കിടയില്‍ ബ്രാഡ് കേജ് അയാളെ വെടിവച്ചിരുന്നു. അതിന്റെ അനന്തര ഫലമായി ഇപ്പോഴും മുടന്തിയാണ് ഡെലാക്രോയിക്സ് നടക്കുന്നതും ഓടുന്നതുമെല്ലാം.
പ്രാഗില്‍ സെബാസ്റ്റ്യനും ഗ്വെന്ഡോലിനും കൊറിനയുടെ ഹാക്കിംഗിന്റെ സഹായത്തോടെ ബാങ്കില്‍ പ്രവേശിച്ചു, എന്നാല്‍ സെക്യൂരിറ്റിക്കാര്‍ അവരെ തിരിച്ചറിഞ്ഞു. ഗ്വെന്‍ഡോലിന്‍ സംഘട്ടനത്തിലൂടെ സെക്യൂരിറ്റിക്കാരെ കീഴടക്കി. അവരുടെ ശ്രദ്ധ തിരിക്കാനായി ബ്രാഡ് ഒരു കവര്‍ച്ചാശ്രമം അവിടെ നടത്തുന്നു. ഡെലാക്രോയിക്സും സംഘവും അവരെ തടയാന്‍ ബാങ്കിലേക്ക് എത്തുന്നു. പക്ഷേ സെബാസ്റ്റ്യനും സംഘവും കയറിയ ബാങ്കിലല്ല അവര്‍ എത്തുന്നത്. ലോക്കര്‍ മുറിയില്‍ കയറിയ സെബാസ്റ്റിയന് സ്വയം സംസാരിക്കുകയും സേഫിന്റെ ചരിത്രം പറയുകയും ചെയ്യുമ്പോള്‍ ഗ്വെന്ഡോലിനെപ്പോലെ കാഴ്ചക്കാരനും ശ്വാസം അടക്കിപ്പിടിക്കും. പ്രത്യേകിച്ച് തെറ്റു മനസിലാക്കി ഡെലാക്രോയിക്സ് സേഫ് സൂക്ഷിച്ചിട്ടുള്ള ബാങ്കിലേക്ക് പുറപ്പെട്ടപ്പോള്‍. ബ്രാഡ് തോക്കിന്മുനയില് ജീവനക്കാരെ നിര്‍ത്തുമ്പോള്‍ അലറാം മുഴങ്ങുന്നു. എന്നാല്‍ പൊലീസ് സംഘം ബാങ്കിലെത്തുന്നതിനു മുമ്പായി സെബാസ്റ്റ്യന്‍ രണ്ടാമത്തെ സേഫും തകര്‍ക്കുന്നു. രക്ഷപ്പെടുന്നതിനിടയില്‍ ബ്രാഡിന് കയ്യില്‍ വെടിയേല്‍ക്കുന്നു. സംഘം ബാങ്കില്‍ നിന്ന് രക്ഷപ്പെടുമ്പോള്‍, ബ്രാഡ് മനഃപൂര്‍വ്വം സെബാസ്റ്റ്യനെ വാഹനത്തില്‍ കയറ്റാതെ ഉപേക്ഷിക്കുന്നു. സെബാസ്റ്റ്യന്‍ കഷ്ടിച്ചാണ് പൊലീസില്‍ നിന്നു രക്ഷപ്പെടുന്നത്. തനിക്ക് സേഫ് തുറക്കാന്‍ സാധിച്ചതില്‍ സെബാസ്റ്റ്യന്‍ സന്തോഷമുണ്ടെങ്കിലും സംഘം തന്നോട് ചെയ്ത ചതിയില്‍ അയാള്‍ ദുഃഖിതനാണ്. ബ്രാഡിന്റെ പ്രവൃത്തിയില്‍ കോപാകുലരായ ഗ്വെന്ഡോലിനും കൊറിനയും സംഘം വിട്ടു. അവര്‍ പോട്സ്ഡാമിലേക്ക് മടങ്ങുകയും സെബാസ്റ്റ്യനുമായി വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.
ശേഷിക്കുന്ന വാഗ്നര്‍ സേഫു കൂടി തുറക്കാന്‍ അവര്‍ അവനെ പ്രേരിപ്പിക്കുന്നു. മൂവരും യൂറോപ്പിലെ സെന്റ് മോറിറ്റ്സിലേക്ക് പോകുന്നു. അവരുടെ പിന്നാലെ ഇന്റര്‍പോളും ഉണ്ട്. ഇത്തവണ അവര്‍ സേഫ് ഹൈജാക്ക് ചെയ്യുകയാണ്. അതിനിടയില്‍ ഇന്റര്‍പോളിന്റെ പിടിയിലാകുന്ന കൊറിന, തന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്ക് പകരമായി സംഘാംഗങ്ങളെ ഒറ്റുന്നു. ഒരു ലോറിയിലാണ് സേഫ് ഇരിക്കുന്നത്. ഇന്റര്‍പോളിനു പുറമേ ബ്രാഡും റോള്ഫും സെബാസ്റ്റ്യനേയും ഗ്വെന്ഡോലിയേയും പിന്തുടരുന്നു. ഒരു ഒഴിഞ്ഞ മലമ്പ്രദേശത്തേക്ക് ഗ്വെന്‍ഡോലിന്‍ ട്രക്ക് ഓടിച്ചുകൊണ്ടുപോകുന്നു. അവിടെ വച്ച് സെബാസ്റ്റ്യന്‍ ലോറിയിലെ സേഫ് തുറക്കുന്നു. അവരുടെ പിന്നാലെയെത്തിയ ബ്രാഡിനേയും റോള്ഫിനേയും ഗ്വെന്ഡോലിന ട്രക്കില്‍ തന്ത്രപൂര്‍വം ബന്ധിക്കുന്നു.
ഡെലാക്രോയിക്സും പൊലീസ് സംഘവും എത്തി ബ്രാഡിനേയും റോള്ഫിനേയുമാണ് പിടികൂടുന്നത്. ഓസ്ട്രിയയിലെ ഹാള്‍സ്റ്റാറ്റ് പട്ടണത്തില്‍ നിന്ന് ബോട്ടില്‍ രക്ഷപ്പെടുന്നതിന് മുമ്പ് സെബാസ്റ്റ്യനും ഗ്വെന്ഡോലിനും തങ്ങളുടെ പരസ്പര വികാരങ്ങള്‍ ഏറ്റുപറയുന്നു. സെബാസ്റ്റ്യനോടുള്ള സ്നേഹം നിമിത്തം, ഇന്റര്‍പോളിന് അവള് പിടികൊടുക്കുകയും സെബാസ്റ്റ്യനെ രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്യുന്നു. ഒരു ദിവസം താന്‍ ഗ്വെന്ഡോലിനുമായി വീണ്ടും ഒന്നിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് സെബാസ്റ്റ്യന്‍ രക്ഷപ്പെടുന്നു.
ഏറെകാലത്തിനു ശേഷം കാലിഫോര്‍ണിയയിലെ സെബാസ്റ്റ്യന്റെ (ഇപ്പോള്‍ ലുഡ്വിഗ് ഡയറ്റര്‍ എന്നാണ് പേര്) ലോക്കുകള്‍ വില്‍ക്കുകയും റിപ്പയര്‍ ചെയ്യുകയും ചെയ്യുന്ന ചെറിയ കടയാണ് കാണിക്കുന്നത്. രണ്ടു പേര് അവനെ അന്വേഷിച്ച് അവിടെ എത്തുന്നു. വാഗ്നറുടെ ഐതിഹാസികമായ ‘മിസ്സിംഗ്’ സേഫ് തകര്‍ക്കാനുള്ള ഓഫറുമായാണ് അവര്‍ വരുന്നത്. സെബാസ്റ്റിയന് തുറക്കാന്‍ അവസരം കിട്ടാതെ പോയ നാലാമത്തെ സേഫ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കാനുള്ള സൂചന നല്കി സിനിമ അവസാനിക്കുന്നു.
ഒരു ത്രില്ലര്‍ സിനിമയാണ് ആര്‍മി ഓഫ് തീവ്സ്. മേമ്പൊടിയായി അല്‍പ്പം റൊമാന്സും, കോമഡിയുമുണ്ട്. കാഴ്ചക്കാരെ ഒട്ടും മുഷിപ്പിക്കാതെയാണ് ചിത്രത്തിന്റെ സഞ്ചാരം. ഇമോഷണല്‍ രംഗങ്ങള്‍, സംഘട്ടനങ്ങള്‍, ചേസിംഗ് തുടങ്ങിയ ചേരുവകളുമായി എല്ലാത്തരം പ്രേക്ഷകരേയും സംവിധായകന് ഉന്നം വെച്ചിട്ടുണ്ട്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു. പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകന് കൂടിയായ മത്തിയാസ് സ്കൈ്വഗോഫര് പ്രേക്ഷകരെ കയ്യിലെടുത്തു. സേഫിന്റെ ഓരോ പൂട്ടുകളും തുറക്കുന്ന രംഗങ്ങളിലെ നടന്റെ ഭാവങ്ങളും പ്രതികരണങ്ങളും ആ രംഗങ്ങളുടെ വിശ്വസനീയത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അതുവരെ ഒരു കുറ്റകൃത്യത്തിലും ഏര്‍പ്പെടാത്ത കഥാപാത്രം ആദ്യമായി അത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ എങ്ങനെയായിരിക്കുമെന്നതും അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു.
ഗ്വെന്‍ഡോലിന്‍ സ്റ്റാര്‍ ആയി നതാലി ഇമ്മാനുവലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മത്തിയാസ് സ്കൈ്വഗോഫറും, നതാലി ഇമ്മാനുവലും തമ്മിലുള്ള കെമിസ്ട്രി ഇവരുടെ കോംബിനേഷന്‍ രംഗങ്ങളെ കൂടുതല്‍ മികച്ചതാക്കി. റൂബി ഒ. ഫീ, സ്റ്റുവര്‍ട്ട് മാര്ട്ടിന്, ജോനാഥന് കൊഹന്, പീറ്റര്‍ സിമോണിഷെക്ക് തുടങ്ങിയവരും അവരുടെ ഭാഗം ഭംഗിയായിത്തന്നെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ആവേശത്തോടെ കണ്ടിരിക്കാന്‍ കഴിയുന്നുണ്ടെങ്കിലും ചിത്രത്തില്‍ ചില പാകപ്പിഴകളും ശ്രദ്ധയില്‍പ്പെടും. അതില്‍ പ്രധാനമാണ് കൊള്ളയടിക്കാന്‍ പോകുന്നവരുടെ ലക്ഷ്യം എന്നത്. പൂട്ടുകള്‍ തുറക്കുന്നത് സെബാസ്റ്റ്യന്‍ ഹോബിയാണ്, പണമല്ല അയാളുടെ ലക്ഷ്യം. നതാലിയുടെ കഥാപാത്രത്തിന് ഓരോ കൊള്ളയും തൃപ്തി നല്‍കുന്നുണ്ട്. പക്ഷേ സംഘത്തിലെ മറ്റുള്ളവരുടെ കാര്യം അങ്ങനെയല്ല. അവര്‍ പണം തന്നെയാണ് ഉന്നം വെയ്ക്കുന്നത്, എന്നാല്‍ ലോക്കര്‍ നിറയെ പണമുണ്ടായിട്ടും അതില്‍ നിന്നും ചെറിയ ഒന്നു-രണ്ട് ബാഗുകളില്‍ മാത്രമാണ് അവര്‍ പണമെടുക്കുന്നത്. ആദ്യ സംഭവത്തില്‍ അത് അസ്വാഭാവികമായി തോന്നില്ലെങ്കിലും പിന്നീടും അത് ആവര്‍ത്തിക്കുന്നുണ്ട്. അതിന് മതിയായ വിശദീകരണങ്ങളുമില്ല. അതുപോലെ ഓരോ ലോക്കറുകളുടെ സമീപത്തേക്ക് എത്തുന്നതിന് മുന്‍പായി കാര്യമായ പ്രതിസന്ധികളൊന്നും സംഘത്തിന് നേരിടേണ്ടി വരുന്നില്ല എന്നതും കുറവുതന്നെ. അത്തരം ലോജിക്കുകളിലേക്ക് കൂടുതല്‍ ശ്രദ്ധിക്കാതിരുന്നാല്‍ ചിത്രം നന്നായി ആസ്വദിക്കാനാകും. ബര്‍ണാഡ് ജാസ്പറിന്റെ ഛായാഗ്രഹണം കണ്ണിന് കുളിര്‍മ്മയേകുന്ന ഗംഭീര ദൃശ്യവിസ്മയമാണ് സൃഷ്ടിച്ചത്. ഹാന്‍സ് സിമ്മര്‍, സ്റ്റീവ് മസാരോ എന്നിവരുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മുതല്‍ക്കൂട്ടാണ്. കൊള്ള നടക്കുമ്പോള്‍ പശ്ചാത്തലത്തില്‍ മുഴങ്ങിയ സംഗീതം കാണികളേയും സമാന സാഹചര്യത്തിലേക്ക് കൂട്ടിക്കൊണ്ട് പോകും. സെബാസ്റ്റ്യന്‍ പൂട്ടുകള്‍ തുറക്കുമ്പോള്‍ ലോക്കറിനുളളില്‍ നടക്കുന്ന മെക്കാനിസം മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ വിഷ്വല്‍ എഫക്ട്സ്, സൗണ്ട് ഡിസൈന്‍ -എന്നീ വിഭാഗങ്ങളുടെ സംയോജനം സഹായിച്ചു.
നേരത്തെ സൂചിപ്പിച്ച സോംബികളെ കുറിച്ച് ചികയുമ്പോഴാണ് ആര്‍മി ഓഫ് തീവ്സിനു മുമ്പായി ഇതേ സംഘത്തിന്റെ ആര്‍മി ഓഫ് ദ ഡെഡ് എന്നൊരു സിനിമയുള്ളതായി അറിയുന്നത്. ഇനി ആര്‍മി ഓഫ് ഡെഡ് കണ്ടാലേ സോംബികളുടെ ദുരൂഹത ചുരുളഴിയുകയുള്ളൂ. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിക്കല്ലേ എന്നത് സിനിമയിലെ ‘പാവംകള്ളന്റെ’ കരച്ചിലാണ്.