ബിജോ സില്‍വേരി
എഴുത്തിന്റെ ഭാഷക്ക് പുതിയജീവന്‍ നല്കി ഒരു തലമുറ മുഴവനിലേയും സ്പാനിഷ്-അമേരിക്കന്‍ എഴുത്തുകാര്‍ക്ക് വഴികാട്ടിയായ അന്ധനായ ലാറ്റിനമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് ലൂയിസ് ബോര്‍ഗെസ്, മെക്സിക്കന്‍ എഴുത്തുകാരനായ ജുവാന്‍ റൂള്‍ഫോയുടെ ‘പെഡ്രോ പരാമോ’ ഏത് ഭാഷയിലും എഴുതപ്പെട്ട ഏറ്റവും മഹത്തായ ഗ്രന്ഥങ്ങളില്‍ ഒന്നാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. പെഡ്രോ പരാമോയാണ് തന്റെ ‘ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍’ എന്ന മാസ്റ്റര്‍ പീസിലേക്കുള്ള വഴി തുറന്നതെന്ന് ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസും തുറന്നു പറഞ്ഞിരുന്നു. പെഡ്രോ പരാമോ എന്ന നോവല്‍ 150 പേജ് പോലുമില്ല. ഹുവാന്‍ റൂള്‍ഫോ പിന്നീട് മറ്റൊരു പുസ്തകവും പൂര്‍ത്തിയാക്കിയിട്ടുമില്ല. പക്ഷെ ലോക സാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരാളായി അദ്ദേഹത്തെ മാറ്റാന്‍ ഈ ഒരൊറ്റ നോവല്‍ മതിയായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ഫിക്ഷന്റെ നാഴികക്കല്ലായാണ് പെഡ്രോ പരാമോയെ കാണുന്നത്. ജുവാന്‍ റൂള്‍ഫോയുടെ നോവല്‍ 1955ലാണ് പ്രസിദ്ധീകരിക്കുന്നത്. അതിന്റെ ആയിരം കോപ്പികള്‍ വിറ്റുപോകാന്‍ വര്‍ഷങ്ങളെടുത്തു. എന്നാല്‍ പിന്നീട് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്ക്കപ്പെട്ട കൃതികളുടെ ഇടയിലേക്ക് ‘പെഡ്രോ പരാമോ’ യും പ്രവേശനം നേടി. മലയാളത്തിലടക്കം 35 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി. അമേരിക്കയില്‍ മാത്രം ഒരു ദശലക്ഷത്തിലധികം ഔദ്യോഗിക കോപ്പികള്‍ വിറ്റപുസ്തകം.
മെക്സിക്കോയിലെ കൊമാല എന്ന സാങ്കല്‍പ്പിക നഗരപശ്ചാത്തലത്തിലാണ് നോവല്‍ രചിക്കപ്പെട്ടത്. മാജിക്കല്‍ റിയലിസത്തിന്റെ ആദ്യ സൃഷ്ടിയെന്നോ മാജിക്കല്‍ റിയലിസത്തിന്റെ പില്ക്കാല സൃഷ്ടികളുടെ മുന്നോടിയെന്നോ നോവലിനെ വിശേഷിപ്പിക്കാം. അത്രയും കാലത്തെ രചനാചരിത്രത്തെ അട്ടിമറിച്ച്, പ്രത്യേകിച്ചൊരു ഘടനയും പാലിക്കാതെ സങ്കീര്‍ണമായ ശില്പത്തില് സാങ്കല്പിക നഗരത്തിലെ ഇല്ലാത്ത ജനങ്ങളുടെ കഥയാണ് ജുവാന്‍ റൂള്‍ഫോ രചിച്ചത്. മെക്സിക്കന്‍ സംസ്കാരത്തിന്റെ വേരുകളില്‍ ഊന്നിയായിരുന്നു അതിന്റെ സൃഷ്ടി.
2024ല്‍ റിലീസ് ചെയ്ത പെഡ്രോ പരാമോ എന്ന സിനിമയുടെ തുടക്കത്തില്‍ ഭൂമിയില്‍ പതിഞ്ഞുനില്‍ക്കുന്ന വേരുകളുടെ ഒരുകൂട്ടത്തിന്റെ ഷോട്ടാണ് കാണിക്കുന്നത്. ഓസ്കറിന് ശുപാര്‍ശ ചെയ്യപ്പെട്ട ഛായാഗ്രാഹകന്‍ കൂടിയായ റോഡ്രിഗോ പെരിറ്റോയാണ് പെഡ്രോ പരാമോ സംവിധാനം ചെയ്തിരിക്കുന്നത്. ബാര്‍ബി, ബ്രോക്ക്ബാക്ക് മൗണ്ടന്‍, ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്, അമോറസ് പെറോസ്, ബ്രോക്കണ്‍ എംബ്രേസസ് എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്തമായ സിനിമകള്‍ ചിത്രീകരിച്ചിട്ടുള്ള റോഡ്രിഗോ പ്രീറ്റോയുടെ ആദ്യ ഫീച്ചര്‍ സിനിമയാണിത്. ദി ലിങ്കണ് ലോയര്‍ എന്ന നെറ്റ്ഫ്ളിക്സ് സീരീസിലെ ടൈറ്റില്‍ റോള്‍ ചെയ്ത പ്രശസ്തനായ മെക്സിക്കന്‍ നടന് മാനുവല്‍ ഗാര്‍സിയ റൂള്ഫോയാണ് കേന്ദ്ര കഥാപാത്രമായ പരാമോ ആയി അഭിനയിക്കുന്നത്. സിനിമയില്‍ പടിഞ്ഞാറന്‍ മെക്സിക്കോയിലെ സംസാര ശൈലിയും സംവിധായകന് കൊണ്ടുവന്നിട്ടുണ്ട്.
പെഡ്രോ പരാമോ സിനിമയാക്കുമ്പോള്‍ ഏതൊരു സംവിധായകനും നേരിടുന്ന പ്രധാന വെല്ലുവിളി വിശ്വസനീയമായ ഒരു ലോകം നിര്‍മിക്കുക എന്നതിലാണ്. കാലഗണനയ്ക്ക് പിടികൊടുക്കാത്ത രചനാശൈലി പലപ്പോഴും സിനിമാക്കാരെ വഴിതെറ്റിക്കാനും കുഴപ്പിക്കാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ ഏറ്റവും പ്രശസ്തമായ കൃതിയായിരുന്നിട്ടും ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് പെഡ്രോ പരാമോ സിനിമാരൂപത്തിലായിട്ടുള്ളത്.
ജുവാന്‍ പ്രെസിയാഡോയുടെ കൊമാലോയിലേക്കുള്ള വരവോടെയാണ് കഥ ആരംഭിക്കുന്നത്. ”എന്റെ പിതാവ്, പെഡ്രോ പരമോ എന്ന മനുഷ്യന് അവിടെ താമസിക്കുന്നുണ്ടെന്ന് എന്നോട് പറഞ്ഞതിനാലാണ് ഞാന്‍ കോമലയില്‍ വന്നത്. ഞാന്‍ അദ്ദേഹത്തെ കാണാന്‍ പോകാമെന്ന് അമ്മയ്ക്ക് വാക്ക് കൊടുത്തിരുന്നു. എന്ന ജുവാന്റെ ആത്മഗതത്തോടെയാണ് സിനിമ തുടങ്ങുന്നത്. ഡോളോറസ് പ്രെസിയാഡോ എന്ന സ്ത്രീയാണ് ജുവാന്റെ അമ്മ. പെഡ്രോ പരാമോയില്‍ അവള്‍ക്കുണ്ടായ ജാരസന്തതിയാണ് ജുവാന്‍. അവളുടെ മരണക്കിടക്കയില്‍, അവള് തന്റെ മകന് ജവാനോട് കൊമാലയിലേക്ക് പോകാനും അവന്റെ പിതാവ് പെഡ്രോ പരമോയെ കണ്ടെത്താനും ആവശ്യപ്പെടുന്നു. മരിച്ച ആളുകള്‍ വസിക്കുന്ന ഒരു മരിച്ച നഗരമാണ് കൊമാല. പിറുപിറുപ്പുകളും ശൂന്യമായ സ്വരങ്ങളും മുഴക്കുന്ന പ്രേതങ്ങളുടെയും ആത്മാക്കളുടെയും ശുദ്ധീകരണസ്ഥലമാണ് കൊമാലയെന്നു പറയാം.
മരുഭൂമി പോലെ ശൂന്യമായ വിശാലസ്ഥലത്ത് ജുവാന്‍ തനിച്ചു നില്‍ക്കുന്നതാണ് അടുത്ത ഷോട്ട്. അതൊരു നാലും കൂടിയ കവലയാണ്. അകലെ തകര്‍ന്ന നഗരത്തിന്റെ അവശിഷ്ടങ്ങള്‍ കാണാം. കഴുതകളുടെ പുറത്ത് ഭാരവുമായി വരുന്ന ഒരാളുടെ കൂടെ അയാള്‍ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നു. സംസാരത്തിനിടയില്‍ അയാള്‍ പറയുന്നു, ഞാനും പെഡ്രോ പരമോയുടെ മകനാണ്. പെഡ്രോ പരമാമോ വളരെ നാളുകള്‍ക്കു മുമ്പ് മരിച്ചുപോയെന്നും തങ്ങള്‍ പോകുന്ന കൊമാലോയില് ആരും ജീവിച്ചിരുപ്പില്ലെന്നും അയാള്‍ പറയുന്നു.
അവരുടെ ചില സംഭാഷണങ്ങള്‍ ഇങ്ങനെ:
മരിച്ചവര്‍ വിലപിക്കുന്നത് കേട്ടിട്ടുണ്ടോ?
ഇല്ല
കേള്‍ക്കാതിരിക്കുന്നതാണ് ഭേദം
എന്തിനാണ് കൊമാലയില്‍ പോകുന്നത്.
എന്റെ പിതാവിനെ കാണണം, എനിക്കുള്ളത് ആവശ്യപ്പെടണം, അമ്മ പറഞ്ഞിട്ടുണ്ട്.
നിന്റെ പിതാവിന്റെ പേരെന്ത്?
പെഡ്രോ പരാമോ.
പെഡ്രോ പരാമോയെ അറിയുമോ? അറിയും, അയാള്‍ ദുഷ്ടതയുടെ ദൃഷ്ടാന്തമാണ്. അയാള്‍ തന്നെയാണ് എന്റേയും അച്ഛന്. ആ കാണുന്ന പന്നിയുടെ പിടുക്കുപോലത്തെ മലനിരകളുണ്ടാല്ലോ, അതിനപ്പുറത്തും ഇപ്പുറത്തും മെദീന ലൂന പ്രദേശമാണ്. അതെല്ലാം അയാളുടെ സ്വന്തമായിരുന്നു.
അബൂന്തിയോ എന്ന് പരിചയപ്പെടുത്തുന്ന അയാള്‍ പറയുമ്പോള്‍ ആദ്യമായി ആ പ്രദേശത്ത് പരിചയപ്പെടുന്നയാള്‍ തന്റെ അര്ദ്ധസഹോദരനാണെന്ന് ജുവാന്‍ തിരിച്ചറിയുന്നു. തന്റെ പിതാവിന്റെ ഏകദേശ പ്രകൃതം അപ്പോള്‍ തന്നെ അയാള്‍ക്ക് പിടികിട്ടിക്കഴിഞ്ഞു.
മെക്സിക്കന്‍ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പെഡ്രോ പരാമോ കടന്നുപോകുന്നത്. പെഡ്രോ എങ്ങിനെ സമ്പന്നനായി എന്നും ഏകാധിപതികളുടെ പൊതുസ്വഭാവം എന്തെന്നും വിശദമാക്കുന്നുണ്ട്. എന്നാല്‍ തന്റെ ക്രൂരതകള്‍ക്കും സ്വാര്‍ത്ഥതയ്ക്കും സമാന്തരമായി തന്നെ ബാല്യകാലസഖിയായിരുന്ന സുസാനയുമായുള്ള പ്രണയത്തിന്റെ ഓര്‍മകള്‍ പെഡ്രോ ഹൃദയത്തില്‍ സൂക്ഷിക്കുന്നുണ്ട്. അതുപലപ്പോഴും അയാളെ മനുഷ്യനാക്കുന്നു. അവളുടെ മരണം അയാളെ വല്ലാതെ വോദനിപ്പിക്കുന്നു.
പെഡ്രോ പരാമോയിലെ ഒരു പ്രധാന വിഷയം ആളുകളുടെ പ്രതീക്ഷകളും സ്വപ്നങ്ങളും അവര്‍ക്ക് വിജയിക്കാന്‍ ആവശ്യമായ പ്രചോദനത്തിന്റെ ഉറവിടങ്ങളാണെന്നതാണ്. പ്രതീക്ഷയാണ് ഓരോ കഥാപാത്രത്തിന്റെയും പ്രവര്‍ത്തനത്തിനുള്ള കേന്ദ്ര പ്രേരണ. കൊമലയിലേക്ക് മടങ്ങാന്‍ ഡോളോറസ് തന്റെ മകന് ജുവാനോടു പറയുന്നതുപോലെ, വര്‍ഷങ്ങള്‍ക്ക് ശേഷം അവന് തന്റെ പിതാവിനെ കണ്ടെത്തുമെന്നും തനിക്ക് അര്‍ഹമായത് മകന് ലഭിക്കുമെന്നും അവള് പ്രതീക്ഷിക്കുന്നു. നിരാശയാണ് നോവലിലെ മറ്റൊരു പ്രധാന വിഷയം. ഓരോ കഥാപാത്രത്തിന്റെയും പ്രതീക്ഷകള്‍ നിരാശയിലേക്ക് നയിക്കുന്നു, കാരണം അവരുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള ശ്രമങ്ങളൊന്നും വിജയിക്കുന്നില്ല. ജുവാന്‍ കൊമാലയിലേക്ക് പോകുന്നത് തന്റെ പിതാവിനെ കാണാമെന്നും തനിക്ക് പലതും നേടാമെന്നുമുള്ള പ്രതീക്ഷയിലാണ്. എന്നാല്‍ അയാളതില്‍ പൂര്‍ണമായി പരാജയപ്പെടുകയും എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട് ഭയന്ന് മരിക്കുകയും ചെയ്യുന്നു.
നോവലിലെ വിചിത്രവും ഭയാനകവുമായ സംഭവങ്ങളെ വസ്തുതാപരമായ രീതിയിലാണ് റോഡ്രിഗോ പെരിറ്റോ പറഞ്ഞുവെക്കുന്നത്. അതിനെ സെന്‍സേഷണലൈസ് ചെയ്യുകയോ സസ്പെന്‍സ് അമിതമാക്കുകയോ ചെയ്യുന്നില്ല. റുല്‍ഫോയുടെ കൃതിയില്‍, കഥ പറയുന്ന രീതി അതില്‍ അടങ്ങിയിരിക്കുന്ന സംഭവങ്ങളേക്കാള്‍ പ്രധാനപ്പെട്ടതാണ്. അപാരമായ, സ്വപ്നതുല്യമായ ഗദ്യഭാഷയാണ് നോവലിനുള്ളത്. അത് ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷേ രണ്ടിലും റോഡ്രിഗോ പെരിറ്റോ വിജയിച്ചുവെന്നു പറയാം. തന്റെ നോവല്‍ ആദ്യമായി സിനിമാ രൂപത്തില്‍ വന്നപ്പോള്‍ നിരാശ പ്രകടിപ്പിച്ച റുല്‍ഫോ, ജീവിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ റോഡ്രിഗോ പെരിറ്റോയെ അഭിനന്ദിക്കുമായിരുന്നു. വിദഗ്ദനായ ഛായാഗ്രാഹകന്‍ എന്ന പരിചയസമ്പത്ത് റോഡ്രിഗോ പെരിറ്റോയെ നന്നായി സഹായിച്ചിട്ടുണ്ട്.
പെഡ്രോ പരാമോയുടെ ഛായാഗ്രഹണത്തിനായി ‘കില്ലേഴ്സ് ഓഫ് ദി ഫ്ളവര്‍ മൂണി’ല്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന നിക്കോ അഗ്വിലറിനെയേും അദ്ദേഹം കൂടെക്കൂട്ടി. പുലര്‍കാലം, വെയില്, രാത്രി എന്നിവയെല്ലാം അതിമനോഹരമായി എന്നാല്‍ കഥയ്ക്കു കോട്ടം തരാത്ത വിധത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. സൂസാനയും പെഡ്രോയും നദിയില്‍ കുളിക്കുമ്പോള്‍ വെള്ളത്തിനടിയില്‍ ചെമപ്പ് രാശി കലര്‍ന്ന അവളുടെ മുടിയിഴകള്‍ പാറിപ്പറക്കുന്ന രംഗം അപൂര്‍വമായ കാഴ്ച തന്നെ.
നോവലില്‍, ഭൂതകാലവും വര്‍ത്തമാനവും കൂടിക്കലര്‍ന്നാണ് കടന്നുപോകുന്നത്. ഭൂതവും വര്‍ത്തമാനവും വേര്‍തിരിക്കാന്‍ വളരെ നേരിയ അതിര്ത്തിവരമ്പുകളേയുള്ളൂ. സിനിമ ചില ഷോട്ടുകളിലൂടെ ഈ വേര്‍തിരിവ് പകര്‍ത്തുമ്പോള്‍, മിക്ക ഭാഗങ്ങളിലും ഫ്ളാഷ്ബാക്ക് സീക്വന്‍സുകള്‍ വളരെ വ്യക്തമായി നിര്‍വചിച്ചിരിക്കുന്നു. നിഴലുകളും നിറങ്ങളും ഉപയോഗിച്ച് പഴയ കാലത്തെ പുതിയ കാലത്തില്‍ നിന്നും വേര്‍തിരിക്കുന്നു.
ഛായാഗ്രഹണത്തോട് ഏറെ യോജിച്ചുനില്‍ക്കുന്നു പെഡ്രോ പരാമോയുടെ ശബ്ദ രൂപകല്‍പ്പന. നിശബ്ദമായ സന്ദര്‍ഭങ്ങളും അതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.
പെഡ്രോ പരാമോയെന്ന അച്ഛനെ തേടി പ്രേതനഗരത്തിലേക്ക് യാത്ര ചെയ്യുന്ന മകനായി-ജുവാന്‍ പ്രെസിയാഡോ- ടെനോച്ച് ഹ്യൂര്ട്ടയാണ് വേഷമിട്ടിരിക്കുന്നത്. ഇല്‍സെ സലാസ്, മെയ്റ ബറ്റല്ല, ഹെക്ടര്‍ കോട്സിഫാകിസ്, റോബര്‍ട്ടോ സോസ, ഡൊലോറസ് ഹെറെഡിയ, ജിയോവന്ന സക്കറിയസ്, നോ ഹെര്‍ണാണ്ടസ്, യോഷിറ എസ്കാറെഗ എന്നിങ്ങനെ നിരവധി പ്രതിഭകളേയും സമര്‍ത്ഥമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കാലഘട്ടങ്ങളെ കൃത്യമായി വേര്‍തിരിച്ച് പ്രേക്ഷകന്റെ ആശയക്കുഴപ്പം പരിഹരിക്കുന്നതില്‍, വസ്ത്രാലങ്കാരം നിര്‍വഹിച്ച അന്ന ടെറാസാസും, ഗുസ്താവോ സാന്റോലല്ലയും വലിയ സംഭാവനകള്‍ നല്കി.