കേരളത്തിലെ ലത്തീന്‍ കത്തോലിക്കരുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) 44-ാം ജനറല്‍ അസംബ്ളി ജനുവരി 11, 12 തിയ്യതികളില്‍ നെയ്യാറ്റിന്‍കര ലോഗോസ് പാസ്റ്ററല്‍ സെന്ററില്‍ സമ്മേളിക്കും. അസംബ്ലിക്കു മുന്നോടിയായി ജനുവരി 10ന് കേരള ലത്തീന്‍ സഭയിലെ ബിഷപ്പുമാരുടെ സമ്പൂര്‍ണ സമ്മേളനവും നടക്കും. ആസന്നമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സമുദായത്തിന്റെ നയരൂപീകരണത്തിനും മുന്നൊരുക്കങ്ങള്‍ക്കും അസംബ്ളി രൂപം നല്‍കും.
ജനുവരി 11, ശനിയാഴ്ച രാവിലെ 10:00 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ അദ്ധ്യക്ഷത വഹിക്കും. തിരുവനന്തപൂരം പാര്‍ലമെന്റ് അംഗം ഡോ. ശശി തരൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവലിയര്‍ സിറിള്‍ ജോണ്‍ മുഖ്യ പ്രഭാഷണം നടത്തും.
നെയ്യാറ്റിന്‍കര രൂപത മെത്രാന് ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍, വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി ഫാ. ഡോ. ജിജു ജോര്‍ജ് അറക്കത്തറ, സെക്രട്ടറി മെറ്റില്‍ഡ മൈക്കിള്‍ എന്നിവര്‍ പ്രസംഗിക്കും. കണ്ണൂര്‍ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായ ബിഷപ്പ് ഡോ. ഡെന്നിസ് കുറുപ്പശ്ശേരി, പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ്പ് ഡോ. വിന്‍സന്റ് സാമുവല്‍, മോ. ജി. ക്രിസ്തുദാസ്, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. തോമസ് തറയില്‍ എന്നിവരെ ആദരിക്കും.
തുടര്‍ന്നുള്ള സെഷനുകളില്‍ സമുദായത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാരിന്റെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും നിലപാടുകളെ വിലയിരുത്തി വിവിധ കമ്മിഷനുകള്‍, സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
ഞായറാഴ്ച രാവിലെ കെആര്‍എല്‍സിസിയുടെ അര്‍ദ്ധ വാര്‍ഷികപ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി ഫാ. ജിജു ജോര്‍ജ് അറക്കത്തറ അവതരിപ്പിക്കും. പൊതു ചര്‍ച്ച പി.ആര്. കുഞ്ഞച്ചന് നിയന്ത്രിക്കും. കെഎല്‍സിഎ പ്രസിഡന്റ് അഡ്വ.ഷെറി ജെ.തോമസ് രാഷ്ട്രീയകാര്യസമിതിയുടെ റിപ്പോര്‍ട്ടും, സെക്രട്ടറി പ്രബലദാസ് അസംബ്ളി റിപ്പോര്‍ട്ടും, സമുദായ വക്താവും വൈസ്പ്രസിഡന്റുമായ ജോസഫ് ജൂഡ്, ട്രഷറര്‍ ബിജു ജോസി എന്നിവര്‍ അസംബ്ളിയുടെ പ്രസ്താവനയും അവതരിപ്പിക്കും.
പ്രസിഡന്റ് ബിഷപ്പ് ഡോ. വര്‍ഗ്ഗീസ് ചക്കാലക്കല്‍ സമാപനസന്ദേശം നല്‍കും. സെക്രട്ടറി പാട്രിക് മൈക്കിള്‍ നന്ദി രേഖപ്പെടുത്തും