കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധന പൂർത്തിയായ ശേഷമാണ് നടപടി.പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി.
റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ ബോബി ചെമ്മണ്ണൂർ തലകറങ്ങി വീണിരുന്നു. ഉത്തരവിൽ നാളെ അപ്പീൽ നൽകുമെന്ന് ബോബിയുടെ അഭിഭാഷകൻ അറിയിച്ചു. ഇന്നലെ രാവിലെയാണ് വയനാട് നിന്നും കൊച്ചി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്.