ന്യൂഡൽഹി: ചൈനയിലെ എച്ച്എംപിവി വൈറസ് വ്യാപനത്തിൽ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിലെ നിരീക്ഷക സംഘം യോഗം ചേർന്നു. ചൈനയിൽ പടരുന്ന വൈറസ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മുൻപ് തന്നെ ഉള്ളതാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
ശ്വാസകോശങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന അണുബാധയാണ് എച്ച്എംപിവി അഥവാ ഹ്യൂമൺ മെറ്റാന്യൂമോവൈറസ്. ന്യുമോണിയ വിഭാഗത്തിൽപ്പെട്ട രോഗമായാണ് ഇതിനെ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടികൾ, പ്രായമായവർ തുടങ്ങി എല്ലാ പ്രായത്തിലുള്ളവരെയും ഈ രോഗം ബാധിക്കാമെന്നാണ് ഡിസിസി (യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ) വ്യക്തമാക്കുന്നത്. 2001ലാണ് ആദ്യമായി എച്ച്എംപിവി സ്ഥിരീകരിക്കപ്പെട്ടത്.