2025 പുതുവര്‍ഷ പ്രത്യാശയുടെ അലയൊലിയില്‍, കേരളതീരത്തെ ജനസാന്ദ്രതയേറിയ നെടുങ്കന്‍ ദ്വീപായ വൈപ്പിനില്‍ വേറിട്ടു മുഴങ്ങികേള്‍ക്കുന്നത് ഒരുമയുടെയും മാനവസാഹോദര്യത്തിന്റെയും ഹൃദയാര്‍ദ്രമായ സ്നേഹകാഹളമാണ്. ദ്വീപിന്റെ വടക്കേയറ്റത്തെ പള്ളിപ്പുറം ഗ്രാമപഞ്ചായത്തിലെ മുനമ്പം കടപ്പുറത്ത്, വഖഫിന്റെ പേരില്‍ തര്‍ക്കഭൂമിയായി മാറിയ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഗ്രാമത്തിലെ പാര്‍പ്പിടങ്ങളും സ്വത്തുവകകളും ജീവനോപാധികളും സാംസ്കാരിക പൈതൃകസമ്പത്തും സാമൂഹികജീവിതവ്യവസ്ഥയുമെല്ലാം അന്യാധീനപ്പെടുത്താനും അന്യവത്കരിക്കാനും അവതാളത്തിലാക്കാനും സാഹചര്യമൊരുക്കിയ അവ്യവസ്ഥിത ഭരണസംവിധാനങ്ങള്‍ക്കും അന്യായ നിയമവ്യവസ്ഥകള്‍ക്കും നെറികെട്ട രാഷ്ട്രീയ വഞ്ചനയ്ക്കുമെതിരെ മാസങ്ങളായി ഉപവാസ സത്യഗ്രഹ സമരം നടത്തിവരുന്ന 610 കുടുംബങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജനുവരി അഞ്ചിന് വരാപ്പുഴ അതിരൂപതയിലെയും കോട്ടപ്പുറം രൂപതയിലെയും അടിസ്ഥാന ക്രൈസ്തവ സമൂഹ ശുശ്രൂഷാ സമിതികളുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം ഭൂസമരപ്പന്തല്‍ വരെ സംഘടിപ്പിക്കുന്ന 27 കിലോമീറ്റര്‍ നീളുന്ന മനുഷ്യച്ചങ്ങല, പ്രത്യാശയുടെ ജൂബിലി തീര്‍ഥാടനത്തിന്റെ കൈകോര്‍ക്കലാണ്, നവവത്സരത്തിലെ ക്രൈസ്തവ ജനജാഗര മുന്നേറ്റത്തിന്റെ അത്യുജ്വല പ്രത്യക്ഷീകരണവും. വൈപ്പിനിലെ പുതിയൊരു രാഷ്ട്രീയ എപ്പിഫനിയുടെ വൈബ് ഈ സ്നേഹസേതുബന്ധത്തില് അന്തര്ലീനമാണെങ്കിലോ!
വൈപ്പിന്‍ ദ്വീപില്‍ വരാപ്പുഴ അതിരൂപതയുടെ പരിധിയിലുള്ള 20 ഇടവകസമൂഹങ്ങളും കോട്ടപ്പുറം രൂപതയുടെ കീഴിലുള്ള നാല് ഇടവക കൂട്ടായ്മയും കൊച്ചി രൂപതയിലെ ഫോര്‍ട്ട് വൈപ്പിന്‍ ഇടവകയും എറണാകുളം-അങ്കമാലി സീറോ മലബാര്‍ അതിരൂപതയിലെ മൂന്ന് ഇടവകകളും സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ രണ്ട് ഇടവകകളും മനുഷ്യച്ചങ്ങലയില്‍ പങ്കുചേരുന്നുണ്ട്. മുനമ്പത്തെ തര്‍ക്കഭൂമിയില്‍ താമസിക്കുന്ന ലത്തീന്‍ സമുദായക്കാര്‍ക്കൊപ്പം പ്രശ്നബാധിതരായ പതിനഞ്ചോളം ഈഴവ കുടുംബങ്ങള്‍ക്കു പിന്തുണയുമായി ചെറായി മേഖലയിലെ എസ്എന്‍ഡിപി യോഗവും ചങ്ങലയുടെ ഭാഗമാകും. ഫോര്‍ട്ട് വൈപ്പിനില്‍ വരാപ്പുഴ സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കലും മുനമ്പം സമരപ്പന്തലില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലും ഒരേസമയം മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്യും. വൈദികരും സന്ന്യസ്തരും ഓരോ ഇടവകയിലെയും കുടുംബ യൂണിറ്റുകളും അല്മായ സംഘടനകളും നേതൃത്വം നല്കുന്ന അല്മായരും ഉള്‍പ്പെടെ 28,000 പേര് ചങ്ങലയില്‍ കണ്ണിചേരും.
മുഹമ്മദ് സിദ്ദിഖ് സേട്ട് വഖഫ് എന്ന പേരില്‍ 2019 സെപ്റ്റംബര്‍ 25ന് കേരള വഖഫ് ബോര്‍ഡ് ഏകപക്ഷീയമായി തങ്ങളുടെ ആസ്തിപ്പട്ടികയില്‍ ചേര്‍ത്ത മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമി 1989 – 93 കാലത്ത് കോഴിക്കോട് ഫാറൂഖ് കോളജില്‍ നിന്നു വിലകൊടുത്ത് നിയമാനുസൃതം സ്വന്തമാക്കി അനുഭവിച്ചുവരുന്ന ”യഥാര്‍ഥ താമസക്കാരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള” നിയമപരമായ മാര്‍ഗനിര്‍ദേശത്തിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള കേരള ഹൈക്കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ ചെയര്‍മാനായ കമ്മിഷന് മുനമ്പത്ത് ആദ്യമായി ശനിയാഴ്ച സിറ്റിങ് നടത്തുന്നുണ്ട്. സാധാരണഗതിയില്‍ ചുരുങ്ങിയത് ആറുമാസത്തെ കാലാവധിയാണ് ജുഡീഷ്യല്‍ കമ്മിഷനുകള്‍ക്ക് സര്‍ക്കാര്‍ അനുവദിക്കാറുള്ളത്. എന്നാല്‍ മുനമ്പത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഇക്കഴിഞ്ഞ നവംബര്‍ അവസാനം നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷനോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. ബന്ധപ്പെട്ടവരുടെയെല്ലാം സഹകരണമുണ്ടെങ്കില്‍ ഫെബ്രുവരിക്കു മുന്‍പുതന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് സമന്‍സ് അയക്കാനും സര്‍ക്കാരില്‍ നിന്നടക്കം രേഖകളും തെളിവുകളും ശേഖരിക്കാനും കക്ഷികളുടെയും സാക്ഷികളുടെയും മൊഴിയെടുക്കാനും സര്‍വേ നടത്തിക്കാനും മറ്റുമായി സിവില്‍ കോടതിയുടെ അധികാരാവകാശങ്ങളുള്ള കമ്മിഷന് സൂചിപ്പിക്കുന്നത്.
കേന്ദ്ര വഖഫ് കൗണ്‍സിലിന്റെയും സംസ്ഥാന വഖഫ് ബോര്‍ഡുകളുടെയും ഘടനയും അധികാരങ്ങളും പുനഃക്രമീകരിക്കാനും വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ സമഗ്രമാറ്റം കൊണ്ടുവരുന്നതിനും മോദി ഗവണ്മെന്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2024-ലെ വഖഫ് ഭേദഗതി ബില്ലിനെ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യകക്ഷികളും കേരളത്തിലെ ഭരണകക്ഷിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സാഹചര്യത്തില്‍, കേരളത്തിലെ ന്യൂനപക്ഷ ക്രൈസ്തവ മത്സ്യത്തൊഴിലാളികള്‍ തലമുറകളായി നിയമാനുസൃതം ജീവിക്കുന്ന ഭൂമിയില്‍ വഖഫ് ബോര്‍ഡ് പൊടുന്നനെ ഒരുനാള്‍ അവകാശം ഉന്നയിക്കുന്ന അത്യപൂര്‍വ ദൃഷ്ടാന്തം ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ബിജെപിക്ക് അവസരം ലഭിച്ചതിനൊപ്പം, കേരളത്തില്‍ മുസ് ലിംവിരുദ്ധ വിദ്വേഷ പ്രചാരണത്തിനും ക്രൈസ്തവര്‍ക്കിടയില്‍ രാഷ്ട്രീയ ധ്രുവീകരണത്തിനും ചിലര്‍ കുതന്ത്രങ്ങളൊരുക്കി. മുനമ്പത്തേത് മനുഷ്യാവകാശ ധ്വംസനവും കൊടിയ അനീതിയുമാണെന്നും, നീതിക്കും റവന്യൂ അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പാവപ്പെട്ട തീരദേശ ജനതയുടെ പോരാട്ടത്തില്‍ തങ്ങള്‍ അവര്‍ക്കൊപ്പമാണെന്നും അസന്ദിഗ്ധമായി പ്രഖ്യാപിച്ച കേരളത്തിലെ ലത്തീന്‍ കത്തോലിക്കാ മെത്രാന്മാരുടെ റീജനല്‍ കൗണ്‍സില്‍, മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ ഈ പ്രശ്നം പിടിവിട്ടുപോകാന്‍ അനുവദിക്കരുതെന്ന് സംസ്ഥാനത്തെ ഭരണമുന്നണിയെയും ബന്ധപ്പെട്ടവരെയും ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.
മുനമ്പത്തെ സാധാരണക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും പ്രശ്നം നിയമപരമായും വസ്തുനിഷ്ഠമായും പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനുണ്ടെന്നും മുസ് ലിം ലീഗ് നിലപാടെടുത്തു. പത്തു മുസ് ലിം സമുദായ സംഘടനകളെ ഇക്കാര്യത്തില്‍ ഒരു സമന്വയത്തിനു പ്രേരിപ്പിച്ച ലീഗ് നേതാവ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും വരാപ്പുഴ അതിമെത്രാസനമന്ദിരത്തില്‍ മെത്രാന്മാരുമായി ചര്‍ച്ച നടത്താനെത്തി. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ ഒന്‍പത് കേസുകളും വഖഫ് ട്രൈബ്യൂണലില്‍ രണ്ട് അപ്പീലുകളും നിലനില്‍ക്കുന്നുണ്ട്. ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് മുസ് ലിം ലീഗും കോണ്‍ഗ്രസും നിര്‍ദേശിച്ചത്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരിക്കെ 2008-ല്‍ നിയമിച്ച നിസാര്‍ കമ്മിറ്റിയാണ് മുനമ്പത്ത് ഫാറൂഖ് കോളജ് മത്സ്യത്തൊഴിലാളി കുടിയാന്മാര്ക്കും മറ്റും തീറു ചെയ്തു വിറ്റ ഭൂമി സര്‍വേ നടത്തി അളന്നുതിരിക്കുകയോ ബന്ധപ്പെട്ടവരില്‍ നിന്നു തെളിവെടുക്കുകയോ ഒന്നും ചെയ്യാതെ വഖഫ് വസ്തുവാണെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 1950 നവംബറില്‍ സിദ്ദിഖ് സേട്ട് മുനമ്പം ഭൂമി ഫാറൂഖ് കോളജിന് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ദാനം ചെയ്യുന്നതിനു മുന്‍പുതന്നെ കടപ്പുറത്ത് പരമ്പരാഗതമായി താമസിച്ചുവന്ന മത്സ്യത്തൊഴിലാളികളുടെ കുടികളുണ്ടായിരുന്നു. 1954-ല്‍ വഖഫ് നിയമം നിലവില്‍ വരുന്നതിനു മുന്‍പേ അവിടെ സ്ഥിരതാമസക്കാരായിരുന്നവരുടെ അനന്തരാവകാശികളെയാണ് വഖഫ് ഭൂമിയിലെ കൈയേറ്റക്കാരായി ഇടതുമുന്നണി സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡ് പതിറ്റാണ്ടുകള്‍ക്കുശേഷം തെറ്റായി ചിത്രീകരിച്ചത്.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും തങ്ങള്‍ക്ക് ഇഷ്ടദാനമായി കിട്ടിയ ഭൂമിയായതിനാല്‍ അതു വില്ക്കാന് തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫാറൂഖ് കോളജ്, വഖഫ് ബോര്‍ഡിന്റെ അവകാശവാദത്തിനെതിരെ കോഴിക്കോട് ജില്ലാ ജഡ്ജി രാജന് തട്ടില്‍ ചെയര്‍മാനായ വഖഫ് ട്രൈബ്യൂണലില്‍ സമര്‍പ്പിച്ച അപ്പീലില്‍ ബോധിപ്പിച്ചിട്ടുണ്ട്. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷനു മുന്‍പാകെയും കോളജ് ഇതേ വാദമാണ് ഉന്നയിക്കുന്നത്. വഖഫ് ആധാരം എന്ന ശീര്‍ഷകത്തിലാണ് സിദ്ദിഖ് സേട്ട് ഗിഫ്റ്റ് ഡീഡ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ അത് ക്രയവിക്രയം ചെയ്യാനുള്ള അവകാശം കോളജിനുണ്ടെന്നും, എന്തെങ്കിലും കാരണവശാല്‍ കോളജിന്റെ പ്രവര്‍ത്തനം നിലച്ചുപോയാല്‍ ഭൂമി തനിക്കോ തന്റെ അനന്തരാവകാശികള്‍ക്കോ തിരിച്ചുനല്‍കണമെന്നും ആ പ്രമാണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതുകൊണ്ടുതന്നെ അള്ളാഹുവിനുള്ള ശാശ്വതമായ സമര്‍പ്പണമെന്ന വഖഫിന്റെ നിര്‍വചനത്തില്‍ അത് പെടുന്നില്ല. മുനമ്പം വഖഫ് ഭൂമിയല്ലെന്നു പ്രഖ്യാപിക്കണമെന്നാണ് ഫാറൂഖ് കോളജിന്റെ അപ്പീല്‍.
തിരുവിതാംകൂറിലും കൊച്ചിയിലും ബ്രിട്ടീഷ് മലബാറിലുമായി ആയിരകണക്കിന് ഏക്കര്‍ ഭൂമി കൈവശമുണ്ടായിരുന്ന മട്ടാഞ്ചേരിയിലെ അബ്ദുല്‍ സത്താര്‍ സേട്ടിന് തിരുവിതാംകൂറിലെ മൂലം തിരുനാള്‍ രാമവര്‍മ്മ രാജാവിന്റെ കാലത്ത് 1902-ല്‍ പാട്ടത്തിനു കിട്ടിയതാണ് മുനമ്പം കടപ്പുറത്തെ ഭൂമിയെന്ന ആഖ്യാനത്തിന് ആധാരമായി എന്തെങ്കിലും രേഖയുണ്ടോ എന്ന് വഖഫ് ട്രൈബ്യൂണല്‍ സിദ്ദിഖ് സേട്ടിന്റെ അനന്തരാവകാശികളെന്ന പേരില്‍ കേസില്‍ കക്ഷിചേരാന്‍ ശ്രമിക്കുന്നവരോട് ചോദിക്കുന്നുണ്ട്. സത്താര്‍ സേട്ടിന് പാട്ടത്തിനു കിട്ടിയ ഭൂമി 1950-ല്‍ ഫാറൂഖ് കോളജിന് ‘ഒരുലക്ഷം രൂപ വില നിര്‍ണയിച്ച്’ ഇഷ്ടദാനമായി നല്കിയ സിദ്ദിഖ് സേട്ടിന് സത്താര്‍ സേട്ടുവുമായി ഒരു ബന്ധവുമില്ലെന്ന ഒരു വെളിപ്പെടുത്തല്‍ അടുത്തകാലത്തുണ്ടായത് കഥയില്‍ പുതിയൊരു ട്വിസ്റ്റാണ്.
സത്താര്‍ സേട്ടിന്റെ മകന്റെ മകന് മൂസാ സേട്ട് 1945 മേടമാസം ആറിന് മരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ ആറുവയസുള്ള മകള്‍ ആമിനയുടെ കെയര്‍ടേക്കറും മൂസാ സേട്ടിന്റെ സ്വത്തുക്കളുടെ റിസീവറുമായി കോടതി നിശ്ചയിച്ച ആളാണ് സിദ്ദിഖ് സേട്ട്. ആമിനയ്ക്കും മൂസാ സേട്ടിന്റെ നാലു സഹോദരിമാര്‍ക്കുമായി വസ്തുവകകള്‍ ഭാഗം വച്ചതിന്റെ 1946-ലെ ഭാഗപത്രം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആ ഭാഗാധാരത്തില്‍ ഏതെല്ലാം വസ്തുവകകളാണ് ആമിനയ്ക്കു ഭാഗിച്ചുകൊടുത്തത് എന്നു വ്യക്തമായി പറയുന്നില്ല. മൂസാ സേട്ടിന്റെ സഹോദരിമാരില്‍ ഒരാളായ ജിംബു ബായി 1948-ല്‍ ഒരു തീറാധാരം എഴുതി സിദ്ദിഖ് സേട്ടിന് 5,000 രൂപയ്ക്ക് കൈമാറിയതാണ് മുനമ്പം ഭൂമി എന്നും കാണുന്നു. ആമിനയ്ക്ക് പതിനാറാം വയസില്‍ പിതൃസ്വത്ത് നേരിട്ട് കൈകാര്യം ചെയ്യാന്‍ അവകാശം ലഭിക്കുമെന്നിരിക്കെ അതിനു മുന്‍പ് സിദ്ദിഖ് സേട്ട് ഒരു ലക്ഷം രൂപ വില നിര്‍ണയിച്ച് മുനമ്പത്തെ ഭൂമി ഫാറൂഖ് കോളജിന് കൈമാറി എന്നാണ് അനുമാനിക്കേണ്ടത്.
തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന വടക്കേക്കര വില്ലേജില്‍ പഴയ സര്‍വേ നമ്പര്‍ 18/1ലെ മുനമ്പം ഭൂമി സംബന്ധിച്ച് 1967-ലെ പറവൂര്‍ സബ് കോടതി ഉത്തരവിലും 1975-ലെ ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ ഉത്തരവിലും ഫാറൂഖ് കോളജിന്റെ വക എന്നല്ലാതെ അത് വഖഫ് വസ്തുവാണെന്ന് ഒരു പരാമര്‍ശവുമില്ല. ഏറ്റവുമൊടുവില്‍, മുനമ്പത്തെ ഭൂമിതര്‍ക്കം സിവില്‍ കോടതിയില്‍ തീര്‍പ്പാക്കണമെന്നും, മുനമ്പത്തെ ഭൂവുടമകള്‍ക്ക് വഖഫ് ബോര്‍ഡ് നല്‍കിയിട്ടുള്ള ഡിസ്പൊസഷന് നോട്ടീസ് സ്റ്റേ ചെയ്യാവുന്നതാണെന്നും ഹൈക്കോടതിയില്‍ ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് കെ.വി. ജയചന്ദ്രന് എന്നിവരുടെ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചത് ശ്രദ്ധേയമാണ്.
ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷനെ പ്രഖ്യാപിച്ചിട്ടും മുനമ്പത്ത് റിലേ നിരാഹാരസമരം തുടരുന്നത് എന്തിനാണെന്നാണ് ജനകീയ മുന്നേറ്റത്തെ ആക്ഷേപിച്ചുകൊണ്ട് മുഖ്യ ഭരണകക്ഷി മുനമ്പം കടപ്പുറത്ത് സംഘടിപ്പിച്ച ബഹുജന കൂട്ടായ്മയില്‍ ചില നേതാക്കള്‍ ചോദിച്ചത്. മുന്നാക്കവിഭാഗങ്ങള്‍ക്ക് ഉദാരമായി പരമാവധി ഇഡബ്ല്യുഎസ് സംവരണാനുകൂല്യം പ്രഖ്യാപിച്ച പിണറായി സര്‍ക്കാര്‍ പ്രീണന രാഷ്ട്രീയമൊന്നു ബാലന്‍സ് ചെയ്യാനായി ക്രൈസ്തവരിലെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ജെ.ബി കോശി കമ്മിഷന് 2023 മേയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഇന്നേവരെ പ്രസിദ്ധീകരിക്കാന്‍ പോലും തയാറായിട്ടില്ലല്ലോ എന്നതാണ് അതിനുള്ള മറുപടി. രാമചന്ദ്രന് നായര്‍ കമ്മിഷന് നിശ്ചിത കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും, പഞ്ചായത്തു തിരഞ്ഞെടുപ്പിനു മുന്പെങ്ങാനും അത് നിയമസഭയില്‍ മേശപ്പുറത്തു വയ്ക്കാനിടയുണ്ടോ? പുതുവര്‍ഷത്തില്‍ തീരദേശ ജനത കൈക്കൊള്ളുന്ന പ്രഥമവും പ്രധാനവുമായ ദൃഢനിശ്ചയമാണിത്: മുനമ്പത്ത് ശാശ്വത പരിഹാരമല്ലാതെ ഒരു ഒത്തുതീര്‍പ്പുമില്ല.