ബി എസ്
എഡ്വേര്‍ഡോ പോണ്ടി സംവിധാനം സംവിധാനം ചെയ്ത 2020 ലെ ഇറ്റാലിയന്‍ സിനിമയാണ് ദി ലൈഫ് എഹെഡ്. കൊറോണ പ്രഭാവത്തില്‍ പ്രേക്ഷകര്‍ക്ക് തീയറ്റര്‍ അനുഭവം വേണ്ടവിധത്തില്‍ ആസ്വദിക്കാന്‍ കഴിയാഞ്ഞ സിനിമയാണിത്. പരിമിതമായ തോതിലായിരുന്നു അന്ന് തീയറ്റര്‍ റിലീസ്. ദി ലൈഫ് എഹെഡ് ഇപ്പോള്‍ നെറ്റ്ഫ്ളിക്സില്‍ സ്ട്രീം ചെയ്യുന്നുണ്ട്.
സംവിധായകന് എഡ്വേര്‍ഡോ പോണ്ടി തന്റെ അമ്മയെ നായികയാക്കി ചെയ്ത സിനിമയാണിതെന്നതാണ് പ്രത്യേകത. കഥാനായിക ആരാണെന്നറിയേണ്ടേ! 1960കളിലെ ഹോളിവുഡ് സ്വപ്ന സുന്ദരിയായിരുന്ന സോഫിയ ലോറന്. 84-മത്തെ വയസിലാണ് സോഫിയ ലോറന് ഒരു തിരിച്ചുവരവ് നടത്തിയത്. 12 വര്‍ഷം മുമ്പ് മറ്റൊരിടവേളയ്ക്കു ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയ അവര്‍ ഓസ്കറുമായാണ് അന്ന് തിരിച്ചുപോയത്. ഇത്തവണ ഓസ്കര് ലഭിച്ചില്ലെങ്കിലും മറ്റ് നിരവധി രാജ്യാന്തര പുരസ്കാരങ്ങള്‍ സിനിമയേയും സോഫിയ ലോറനേയും തേടിയെത്തി. 9 വയസുകാരനായ ഇബ്രാഹിമ ഗുയേ ഇതിഹാസതാരം സോഫിയ ലോറനോട് മത്സരിച്ച് അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ പ്രതേകത.
കഴി റൊമെയ്ന്‍ ഗാരിയുടെ ദി ലൈഫ് ബിഫോര്‍ അസ് എന്ന നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ദി ലൈഫ് എഹെഡ്. മൂന്നാം തവണയാണ് ഈ കഥ സിനിമയാക്കപ്പെടുന്നത്. സോഫിയ ലോറനു പുറമേ ഇബ്രാഹിമ ഗുയേ, അബ്രില്‍ സമോറ എന്നിവര്‍ അഭിനയിക്കുന്നു.
സോഫിയ ലോറന് അവതരിപ്പിക്കുന്ന മാഡം റോസ മുന്‍ വേശ്യയും ഹിറ്റ്ലറുടെ കാലത്തെ ജൂത കൂട്ടക്കൊലയെ അതിജീവിച്ചവളുമാണ്. ഇപ്പോള്‍ വാര്‍ദ്ധക്യത്തിലെത്തിയ മാഡം റോസ ഇറ്റലിയിലെ അപുലിയയിലെ തുറമുഖ നഗരമായ ബാരിയിലെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സ്ത്രീകളുടെ കുട്ടികള്‍ക്ക് അവളുടെ അപ്പാര്‍ട്ട്മെന്റില്‍ അഭയം നല്കി, അതില്‍ നിന്നു ലഭിക്കുന്ന വരുമാനം കൊണ്ടു ജീവിക്കുകയാണ്. ചിലപ്പോള്‍ ദിവസങ്ങള്‍, മറ്റു ചിലപ്പോള്‍ മാസങ്ങളോളം അമ്മമാരുടെ വരവ് കാത്തിരിക്കുന്ന കുട്ടികള്‍ ആരെങ്കിലും എപ്പോഴും അവളുടെ വീട്ടിലുണ്ടാകും. പെട്ടെന്ന് ഇണങ്ങാത്ത സ്വഭാവക്കാരിയാണ് മാഡം റോസ. കഴിഞ്ഞകാല അനുഭവങ്ങള്‍ അവളുടെ ഹൃദയത്തെ കല്ലാക്കി മാറ്റിയിരിക്കാം.
സെനഗലീസ് കുടിയേറ്റക്കാരനാണ് 12 കാരനായ മോമോ-മുഹമ്മദിന്റെ ചുരുക്കപ്പേര്- (ഇബ്രാഹിമ ഗുയേ) അവന് അനാഥനാണ്. തെരുവില്‍ വളരുന്ന അവന് മികച്ചൊരു പിടിച്ചുപറിക്കാരനാണ്. പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാര്‍. അനുസരണമില്ലായ്മ അവന്റെ മറ്റൊരു ഗുണമാണ്. ഒട്ടുംവച്ചു പൊറുപ്പിക്കാന്‍ കഴിയില്ലെന്ന് കരുതുന്ന ചില ബാല്യങ്ങളുണ്ടല്ലോ ആ വിഭാഗത്തില്‍ പെടുമവന്. മോമോ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തന്നോട് അടുക്കുന്ന ആരെയും അകറ്റുകയും ചെയ്യുന്ന വിചിത്രസ്വഭാവം.
ഒരിക്കല്‍ വഴിയോര വാണിഭക്കാരുടെ സമീപം വച്ച് മാഡം റോസയുടെ ബാഗുകള്‍ അവന് പിടിച്ചുപറിക്കുന്നു. മോഷണവസ്തുക്കള്‍ വില്‍ക്കാനായി തുറമുഖത്തുള്ള ഐസ് ഫാക്ടറിയിലേക്കാണ് അവന് ഓടി പോകുന്നത്. ഫാക്ടറിയുടെ വാതില്ക്കല് പുത്തന്‍ ബൈക്കുമായി നില്ക്കുന്ന അവന്റെ പരിചയക്കാരനായ യുവാവിനോട് റുസ്പ എന്നയാളെ കാണണമെന്ന് അവന് പറയുന്നു. എന്നാല്‍ യുവാവ് അവനെ തടയുകയും അസഭ്യം പറഞ്ഞ് ഓടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. തിരികെ പോകുന്ന പോക്കില്‍ മോമോ, പുത്തന്‍ ബൈക്ക് തള്ളിമറിച്ചിടുന്നു.
റോസയുടെ ലോകം തന്റെ കൂടെയുള്ള കുട്ടികളാണ്. രണ്ടോ മൂന്നോ വയസുപ്രായമുള്ള പെണ്കുട്ടിയോടാണ് അവര്‍ തന്റെ പ്രശ്നങ്ങള്‍ പറയുന്നത്. 10 വയസോളം പ്രായമുള്ള ലോസിഫ് എന്ന ആണ്‍കുട്ടിയും ഇപ്പോള്‍ അവരുടെ സംരക്ഷണയിലുണ്ട്.
മാഡം റോസയുടെ ഡോക്ടറാണ് വൃദ്ധനായ ഡോ. കോയന്. അയാള്‍ മോമോയുടെ താല്‍ക്കാലിക സംരക്ഷകനുമാണ്. മോമോയ്ക്ക് മൂന്നു വയസുപ്രായമുള്ളപ്പോള്‍ മുതല്‍ ഡോ. കോയനാണ് അവനെ സംരക്ഷിച്ചുവരുന്നത്. മോമോ കൊള്ളയടിച്ച സാധനങ്ങള്‍ കണ്ടെത്തുന്ന ഡോ. കോയന്, അത് മാഡം റോസയുടേതാണെന്ന് തിരിച്ചറിയുന്നു. അയാള്‍ മോമോയെയും കൂട്ടി മാഡം റോസയുടെ അപ്പാര്‍ട്ട്മെന്റിലെത്തി അത് തിരികെ കൊടുപ്പിക്കുന്നു. കുറ്റവാളിയെ കൊണ്ട് മാപ്പു പറയിപ്പിക്കുകയും ചെയ്യുന്നു.
അതോടൊപ്പം ഡോ. കോയന് മാഡം റോസയോട് ഒരു അഭ്യര്‍ത്ഥന നടത്തുന്നു: തനിക്ക് പ്രായമായെന്നും ശരീരം അവശമായെന്നും അയാള്‍ പറയുന്നു. ‘ഞാനെന്താ കൗമാരക്കാരിയാണോ, എനിക്ക് ഹൃദയത്തിന് അസുഖമുള്ള കാര്യം അറിയില്ലേ, നിങ്ങളല്ലേ എന്റെ ഡോക്ടര്‍!’ എന്ന് റോസ തിരിച്ചടിക്കുന്നു. മോമോയെ കുറച്ചു കാലത്തേക്ക് അവരുടെ വീട്ടില്‍ സംരക്ഷിക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞുവരുന്നതിന്റെ സാരം. റോസ ആദ്യം അതു സമ്മതിക്കുന്നില്ല. തന്റെ ബാഗ് പിടച്ചുപറിച്ചവനെ കൂടെതാമസിപ്പിക്കാന്‍ പറയുന്നത് ആര്‍ക്കും പെട്ടെന്ന് ദഹിക്കില്ലല്ലോ. മോമോയ്ക്കും റോസയുടെ കൂടെ താമസിക്കുന്നത് ഇഷ്ടമല്ല. പിന്നീട് ഡോ. കോയന് പണം വാഗ്ദാനം ചെയ്യുകയും നിര്‍ബന്ധിക്കുകയും ചെയ്യുന്നതോടെ മനസ്സില്ലാമനസ്സോടെ റോസ വഴങ്ങുന്നു.
മോമോ താമസിയാതെ തന്നെ മാഡം റോസയ്ക്ക് തലവേദനയായി. റോസയുടെ വീട്ടിലുള്ള കുട്ടികളുമായും അവന് ഇണങ്ങുന്നില്ല. പ്രത്യേകിച്ച് ലോസിഫ് എന്ന മുതിര്‍ന്ന കുട്ടിയുമായി. വീട്ടില്‍ കലഹം പതിവായി. മോമോയെ മറ്റു കുട്ടികളില്‍ നിന്നു മാറ്റി ഒരു കുടുസുമുറിയിലാക്കുന്നു. രാത്രിയില്‍ തന്റെ അമ്മയെ ഓര്‍ത്ത് മോമോ വിഷമിക്കുന്നു. അവന് മുറിയില്‍ നിന്ന് ഒളിച്ചു പുറത്തു കടന്ന് തന്റെ അഭ്യുദയകാംക്ഷിയായ തുറമുഖത്തുള്ള റുസ്പയെ കാണുന്നു. തനിക്കൊരു ജോലി തരണമെന്നാണ് അവന്റെ ആവശ്യം. അയാള്‍ അവന് മയക്കുമരുന്ന് വില്ക്കാന് നല്കുന്നു. അവന് തിരികെ വരുമ്പോള്‍ മാഡം റോസ എഴുന്നേറ്റ് അപ്പാര്‍ട്ടുമെന്റിന്റെ താഴെയുള്ള ഒരു ചെറിയ മുറിയിലേക്കു പോകുന്നതു കാണുന്നു. അവന് അവരെ പിന്തുടര്ന്നു. അതൊരു പഴയകാല ഒളിത്താവളം പോലെ തോന്നിച്ചു.
തന്റെ കൂടെയുള്ള കുട്ടികളെ നിര്‍ബന്ധിച്ച് ഹീബ്രു പഠിപ്പിക്കുന്നത് മാഡം റോസയുടെ ശീലമാണ്. മാഡം റോസയുടെ സംരക്ഷണയിലുള്ള ചെറിയ പെണ്‍കുട്ടിയുടെ അമ്മയായ ലോല ഇടക്കിടെ അവിടെ സന്ദര്‍ശനം നടത്തുന്നുണ്ട്. റോസയ്ക്ക് ലോലയെ ഇഷ്ടമാണ്, ലോലയ്ക്ക് തിരിച്ചും. ലോല വരുമ്പള് റോസയ്ക്ക് ലിപ്സ്റ്റിക്, പെര്‍ഫ്യൂം പോലുള്ള സമ്മാനങ്ങളും കൊണ്ടുവരാറുണ്ട്.
അതേസമയം മോമോ മയക്കുമരുന്നു വില്‍പ്പന തകൃതിയായി നടത്തുന്നുണ്ട്. ലോസിഫ് അതുകണ്ടു പിടിക്കുന്നു. റോസയോടു പറഞ്ഞുകൊടുത്താല്‍ അവനെ കൊല്ലുമെന്ന് മോമോ ഭീഷണിപ്പെടുത്തുന്നു. മോമോയെ തന്റെ ഒരു പരിചയക്കാരന്റെ കടയില്‍ മോമോ ജോലിക്കു നിര്‍ത്തുന്നു. നല്ല മഴയുള്ള ഒരു ദിവസം റോസ ടെറസിന്റെ മുകളില്‍ ഒറ്റക്കിരുന്ന് മഴ നനയുന്നത് മോമോയും ലോസിഫും കണ്ടെത്തുന്നു. അവളുടെ പെരമാറ്റം വിചിത്രമായി അവര്‍ക്കു തോന്നി. ലോസിഫിന്റെ സംശയം അവരൊരു രഹസ്യപ്പോലീസുകാരിയാണെന്നാണ്. അവളുടെ കൈത്തണ്ടയിലെ തടവുകാരിയുടെ നമ്പര്‍ അവളുടെ രഹസ്യ ഏജന്റ് കോഡാണെന്ന് ലോസിഫ് പറയുന്നു.
മോമോ റോസയെ രഹസ്യമായി നിരീക്ഷിക്കുന്നു. അവള് കെട്ടിടത്തിന്റെ താഴെയുള്ള ബേസ്മെന്റിലെ രഹസ്യമുറിയിലേക്കു പോകുമ്പോള്‍ അവന് പിന്തുടരുന്നു. അവിടെ അവള് അവളുടെ ബാല്യകാല ഓര്‍മ്മകളുടെ നിറവിലാണ്.
മോമോയെ കുറിച്ച് റോസ ഡോക്ടറോട് പരാതിപ്പെടുന്നു. ഒരു ദിവസം അവന് തന്റെ കഴുത്തറക്കുമെന്നാണ് അവരുടെ ഭയം. പക്ഷേ പ്രത്യേക കാരണമൊന്നുമില്ലാതെ തന്നെ അവര്‍ മനസുമാറ്റുന്നു. മോമോയോട് എത്രകാലം വേണമെങ്കിലും അവിടെ താമസിക്കാമെന്നും ലോസിഫിന്റെ കൂടെ ഉറങ്ങാമെന്നും പറയുന്നു. മയക്കുമരുന്ന് വിറ്റ് മോമോയ്ക്ക് ധാരാളം പണം ലഭിക്കുന്നു. അവന് ഒരു സൈക്കിള്‍ വാങ്ങുന്നു. ഇപ്പോള്‍ പാട്ടുംകേട്ട് സൈക്കിളില്‍ ചുറ്റിത്തിരിയുകയാണ് അവന്റെ പ്രധാന വിനോദം. മറ്റു രണ്ടു കുട്ടികളുമായി കളിക്കാനും ലോലയുടെ സൗഹൃദം പങ്കിടാനും അവനിപ്പോള്‍ കഴിയുന്നുണ്ട്. റോസയുടേയും മോമയുടേയും നിലപാടുകളില്‍ വരുന്ന മാറ്റമാണ് ഇവിടെ ചിത്രീകരിക്കപ്പെടുന്നത്.
ഒരിക്കല്‍ റോസയെ കാണാതെ മോമയും ലോലയും അന്വേഷിച്ചു നടക്കുന്നു. അവരെ ഒറ്റപ്പെട്ട ഒരു സ്ഥലത്തു നിന്നു കണ്ടുകിട്ടുന്നു. റോസയ്ക്ക് എന്തോ സംഭവിക്കുന്നതായി മോമയ്ക്ക് തോന്നുന്നു. റോസയും മോമോയും തമ്മില്‍ ആഴത്തിലുള്ള ഒരു ബന്ധം വളര്‍ന്നുവരുന്നു. മോമോ മയക്കുമരുന്ന് വില്‍പ്പനയില്‍ നിന്നു പിന്മാറുന്നു. തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചാല്‍ അവിടെ നിന്ന് രക്ഷപ്പെടുത്തണമെന്ന് റോസ മോമയോട് അഭ്യര്‍ത്ഥിക്കുന്നു. കുട്ടിയായിരിക്കുമ്പോള്‍ നാസികളുടെ ഏറ്റവും ഭീകര തടങ്കല്‍ പാളയമായ ഓഷ്വിറ്റ്സില് വൈദ്യശാസ്ത്രപരമായി അവളില്‍ പരീക്ഷണം നടത്തിയിരുന്നു. അതിന്റെ ഭീതി ഇപ്പോഴും അവരെ വിട്ടുമാറിയിട്ടില്ല. മോമോ സമ്മതിക്കുകയും ഉറപ്പുനല്‍കുകയും ചെയ്യുന്നു. തീരെ അവശശായ റോസയെ ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മോമോ അവളെ രാത്രിയില്‍ ആശുപത്രിയില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷിച്ച് അവളുടെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലെ ഒരു ബേസ്മെന്റ് സ്റ്റോറേജ് റൂമില്‍ ഒളിപ്പിക്കുന്നു. അവിടെ അവര്‍ക്ക് സുരക്ഷിതത്വം തോന്നുന്നു. മോമോ റോസയോടൊപ്പം അവിടെത്തന്നെ കഴിയുന്നു, അവള് മരിക്കുന്നതുവരെ അവളെ പരിചരിച്ചു. പിന്നീട്, ലോല ഒടുവില്‍ അവരുടെ രഹസ്യം കണ്ടെത്തുന്നു. റോസയുടെ ശവസംസ്കാര ചടങ്ങുകളോടെയാണ് ചിത്രം അവസാനിക്കുന്നത്. മോമോയുടെ കാഴ്ചയിലൂടെയാണ് പ്രേക്ഷകന് യാത്രചെയ്യുന്നത്.
കുടിയേറ്റക്കാരെ പൊലീസ് വരിവരിയായി നിര്‍ത്തുന്നതും അവരെ അവരുടെ വീടുകളില്‍ നിന്ന് തെരുവിലേക്ക് വലിച്ചിഴക്കുന്നതും കാണുന്നത് അഭയാര്‍ത്ഥി പ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. മോമോയെ ഈ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കുന്നത്. അവന്റെ കണ്ണുകളില്‍ വേദനയും ദേഷ്യവുമുണ്ട്, പക്ഷേ അവന് പ്രതിരോധമില്ലാത്ത ഒരു നിസാഹായനല്ല. തന്റെ ഭാവി ഇരുളടഞ്ഞതാണെന്ന തോന്നലുണ്ടെങ്കിലും കഴിയുന്നതും അതിജീവിക്കാന്‍ തന്നെയാണ് അവന് ശ്രമിക്കുന്നത്. സോഫിയ ലോറന് അഭിനയിച്ചതുകൊണ്ടാണോ മാഡം റോസയ്ക്ക് മോമോയെക്കാള് പ്രധാന്യം ലഭിച്ചതെന്നും സംശയിക്കാം. മോമോ ആയി ഇബ്രാഹിമ ഗുയെ ഗംഭീര പ്രകടനാണ് കാഴ്ചവച്ചിരിക്കുന്നത്. ഇബ്രാഹിമ ഗുയെ ഒരു വെളിപാടാണ്. സോഫിയ ലോറനെപ്പോലുള്ള ഒരു ഇതിഹാസത്തിന്റെ കൂടെ അഭിനയിക്കുക എളുപ്പമല്ല.
ഡി സിക്കയുടെ ദി ഗോള്‍ഡ് ഓഫ് നേപ്പിള്‍സ് മുതല്‍ ഒരുപക്ഷേ ലോറനുമായി പ്രണയത്തിലാണ് ക്യാമറയെന്നു പറയാം. ഒന്നും പറയാതെ അവള് ഒരുപാട് പറയുന്നു. പറയാത്ത ചിന്തകള്‍ നിറഞ്ഞ പ്രകടനം. വെറുമൊരു ആംഗ്യത്തിലൂടെ, നോട്ടങ്ങളിലൂടെ അവള് വികാരങ്ങളുടെയും ഓര്‍മ്മകളുടെയും ഒരു പ്രപഞ്ചത്തിലേക്ക് കാണികളെ ആനയിക്കുന്നു.
പോണ്ടിയുടെയും ഉഗോ ചിറ്റിയുടെയും മനോഹരമായ തിരക്കഥയില്‍ നിന്നാണ് ചിത്രം ഉയിരിക്കെടുന്നത്. സംഭാഷണങ്ങള്‍ ഹൃസ്വവും ആവശ്യത്തിനുമാത്രമുള്ളതുമാണ്. ക്ലോസ്-അപ്പ് ഷോട്ടില്‍ വെള്ളയും കറുപ്പും ചേര്‍ന്ന് വരുന്ന രണ്ട് കൈകളുടെ ഷോട്ട് മനോഹരമാണ്. ഒരു കറുത്ത മുസ് ലിം സെനഗലീസ് ബാലനോട്, വെളുത്തവളും ജൂതയുമായ വൃദ്ധയ്ക്കു തോന്നുന്ന വത്സല്യവും സ്നേഹവുമെല്ലാം ആ ഷോട്ടില്‍ പ്രകടമാണ്. തീരദേശ നഗരമായ ബാരിയുടെ ദൃശ്യങ്ങളും മോമോയുടെ ഹെഡ്ഫോണുകളില് നിന്ന് പൊട്ടിത്തെറിക്കുന്ന സംഗീതവും അവന്റെ ആനന്ദവുമെല്ലാം ക്യാമറ ഒപ്പിയെടുക്കുന്നു. എല്ലാവരേയും ഉള്‍ക്കൊള്ളുന്നതിനും കാരുണ്യത്തോടെ പെരുമാറുന്നതിനുമുള്ള ഒരു സന്ദേശം സിനിമയുടെ അടിത്തറ ശക്തമാക്കുന്നുണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്തരായ രണ്ടുപേര്‍ തമ്മിലുള്ള ബന്ധം വളരുന്നതിനു മതിയായ സമയം സംവിധായകന് അനുവദിച്ചില്ലെന്ന തോന്നല്‍ സ്വാഭാവികമായുണ്ടാകും. ചിത്രം അവസാനിപ്പിക്കുന്നതിന് തിരക്കുപിടിച്ചപോലെ!