തിരുവനന്തപുരം: കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാജ്ഭവനില്‍ രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഇന്നലെ വൈകീട്ടാണ് രാജേന്ദ്ര ആര്‍ലേക്കര്‍ തിരുവനന്തപുരത്ത് എത്തിയത്. വിമാനത്താവളത്തില്‍ നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ആര്‍ലേക്കര്‍ക്കൊപ്പം ഭാര്യ അനഘ ആര്‍ലേക്കറും ഉണ്ടായിരുന്നു.
ഗോവ സ്വദേശിയാണ് 70 കാരനായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ആര്‍എസ്എസിലൂടെ വളര്‍ന്നു വന്ന നേതാവാണ്. ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് ആര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ തിളങ്ങിയിരുന്നു.