ബിജോ സില്‍വേരി
പോര്‍ച്ചുഗലിലെ ലിസ്ബണ്‍ ലൈബ്രറിയില്‍ മറച്ചുവച്ചിരിക്കുന്നതായി പ്രചരിക്കുന്ന ഐതിഹാസികമായ ‘പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ഭൂപടത്തെ’ ചുറ്റിപ്പറ്റി രസകരമായ ഒരു കഥയുണ്ട്. ചരിത്രപരമായ വിവരണങ്ങള്‍ അനുസരിച്ച്, 1663-ല്‍ പോര്‍ച്ചുഗീസുകാര്‍ കൊച്ചിയില്‍ നിന്ന് പലായനം ചെയ്തപ്പോള്‍, അവര്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ സമ്പത്ത്, വ്യാപാര വഴികള്‍, തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവ വിശദീകരിക്കുന്ന ഒരു ഭൂപടം ലൈബ്രറിയില്‍ സൂക്ഷിച്ചുവച്ചുവത്രേ. അക്കാലത്തെ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ഭാഗമോ കോളനികളോ ആയിരുന്ന ഇന്ത്യ, ആഫ്രിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലെ അവരുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിശാലമായ പ്രദേശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു കാര്‍ട്ടോഗ്രാഫിക് മാസ്റ്റര്‍പീസ് ആണ് ഈ മാപ്പ് എന്ന് പറയപ്പെടുന്നു.
ഭൂപടത്തിന്റെ അസ്തിത്വത്തിന് നിര്‍ണായകമായ തെളിവുകളൊന്നുമില്ലെങ്കിലും, ലിസ്ബണിലെ നാഷണല്‍ ലൈബ്രറി ഓഫ് പോര്‍ച്ചുഗലിന്റെ (ബിബ്ലിയോട്ടെക്ക നാഷനല്‍ ഡി പോര്‍ച്ചുഗല്‍) ആര്‍ക്കൈവുകളിലോ പോര്‍ച്ചുഗീസ് ആര്‍ക്കൈവുകളിലോ (ആര്ക്വിവോ നാഷണല്‍ ഡാ ടോറെ ഡോ ടോംബോ) ഇതുണ്ടെന്നു തന്നെയാണ് പല ചരിത്രകാരന്മാരും വിശ്വസിക്കുന്നത്.
അന്വേഷകരുടെ കണ്ണില്‍ പൊടിയിടാന്‍ മാപ്പ് ഒരു സാധാരണ നാവിഗേഷന്‍ ചാര്‍ട്ടായി കൃത്രിമം ചെയ്തിരിക്കാമെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
നിരവധി തിരയലുകളും കണ്ടെത്തലിന്റെ അവകാശവാദങ്ങളും പലകുറി ഉണ്ടായിരുന്നിട്ടും, ഈ വിവരസൂചിക, ഊഹങ്ങളുടെയും ഗൂഢാലോചനയുടെയും വിഷയമായി ഇന്നും തുടരുന്നു. പോര്‍ച്ചുഗീസ് അധികൃതരാകട്ടെ ഔദ്യോഗികമായി ഇതു നിഷേധിക്കുന്നുമില്ല. ഭൂപടത്തിന്റെ കാര്യത്തില്‍ അവര്‍ക്കു തന്നെയും വ്യക്തതയില്ലാത്തതുകൊണ്ടോ അതിന്റെ നിഗൂഢതകള്‍ അവരെ രസിപ്പിക്കുന്നതുകൊണ്ടോ ആയിരിക്കാം ഈ മൗനമെന്നു കരുതുന്നവരുമുണ്ട്. പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് പുതിയ വെളിച്ചം വീശുന്ന കണ്ടെത്തലായിരിക്കും അതിന്റെ അസ്തിത്വമെന്ന് ചരിത്രകാരന്മാര് സ്വപ്നം കാണുമ്പോള്‍ മറ്റൊരു കണ്ടെത്തലിലേക്ക് കേരളത്തെ നയിക്കുന്ന നിധികുംഭമായിരിക്കുമിതെന്ന് നമുക്കും ആഗ്രഹിക്കാം; പുഴുക്കളെ പോലെ മനുഷ്യരെ ചവിട്ടിത്തേച്ച, കറുത്ത രക്തത്തില്‍ ചാലിച്ച നിക്ഷേപം!
പോര്‍ച്ചുഗീസ് ഭൂപടമെന്നത് കൊച്ചിക്കാര്‍ക്ക് (കൊച്ചിയെന്നാല്‍ മട്ടാഞ്ചേരിയും ഫോര്‍ട്ടുകൊച്ചിയും ഉള്‍പ്പെടുന്ന പശ്ചിമമേഖല) അപരിചിതമായ കാര്യമല്ല, നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വികര്‍ ഉപേക്ഷിച്ചുപോയ നിധികളുടെ സ്ഥാനം അടയാളപ്പെടുത്തിയ ഭൂപടത്തിന്റെ പകര്‍പ്പുമായി പോര്‍ച്ചുഗലില്‍ നിന്നെത്തിയ നിരവധി പേരും നാട്ടുകാരും കൊച്ചിയില്‍ രഹസ്യമായി ഖനനം ചെയ്തിരുന്നുവെന്ന മുന്തലമുറകളുടെ വാമൊഴികള്‍ ഇന്നും പ്രചാരത്തിലുണ്ട്. വിശാലവും പഴകി ദ്രവിച്ചതുമായ ഈ പകര്‍പ്പുകളില്‍ ചെമപ്പില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് നിധികളുടെ സ്ഥാനമെന്നാണ് അവര്‍ കരുതിയിരുന്നത്. നിധിക്കു വേണ്ടിയുള്ള ഈ കുഴിച്ചുമറിക്കല് അന്ധകാരനഴിയും കൊല്ലം തീരവും വരെ നീണ്ടുവെന്നും പറയപ്പെടുന്നു. പോര്‍ച്ചുഗീസുകാരന്റെ നിധികളില്‍ ചിലത് നാട്ടുകാരില്‍ പലര്‍ക്കും കിട്ടിയെന്നും അവര്‍ പുതുപ്പണക്കാരായെന്നും കേള്‍വിയുണ്ട്. നിധിപേടകം കണ്ട് ഭ്രാന്തുപിടിച്ച ഒരു വല്ല്യമ്മച്ചിയുടെ കഥയ്ക്കും അധികം പഴക്കമില്ല.
ഗാമയുടെ വരവ്
യൂറോപ്പില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും ആദ്യമായി കടല്‍യാത്ര ചെയ്ത (1497 1499) പോര്‍ച്ചുഗീസ് പര്യവേക്ഷകനും നാവികനുമാണ് വാസ്കോ ഡ ഗാമ. ഗാമയുടെ ചരിത്രം സങ്കീര്‍ണ്ണവും ബഹുമുഖവുമാണ്. യൂറോപ്പിന് പുതിയ വ്യാപാര വഴികളും അവസരങ്ങളും തുറന്നു നല്കിയ ധീരനും വിദഗ്ധനുമായ നാവികനായി അദ്ദേഹം ഓര്‍മിക്കപ്പെടുന്നു. ഗാമയുടെ യാത്ര ഏഷ്യയിലെ യൂറോപ്യന്‍ പര്യവേക്ഷണത്തിനും വ്യാപാരത്തിനും മാത്രമല്ല, യൂറോപ്യന്‍ കോളനിവല്‍ക്കരണത്തിന്റെയും ഇന്ത്യയുടെയും ഏഷ്യയുടെ മറ്റു ഭാഗങ്ങളുടെയും ചൂഷണത്തിന്റെയും തുടക്കം കുറിക്കുകയും ചെയ്തു. ഗാമ മരിച്ചതിന്റെ അഞ്ഞൂറാം വാര്‍ഷികമാണ് 2024 ഡിസംബര്‍ 24ന് കടന്നുപോയത് (വിശദവിവരങ്ങള്‍, ജെക്കോബി – ജീവനാദം വാരിക 2024 ഡിസംബര്‍ 19).
പോര്‍ച്ചുഗീസ് ഡച്ച് സംഘര്‍ഷങ്ങള്‍
ലിസ്ബണില്‍ നിന്നു ശുഭപ്രതീക്ഷാമുനമ്പു ചുറ്റി പോര്‍ച്ചുഗീസുകാര്‍, മലബാര്‍ തീരത്ത് അണയുമ്പോള്‍ തന്നെ ലന്തക്കാരും കേരളത്തില്‍ ഒരു കണ്ണുവച്ചിരുന്നു. 1503ല്‍ തന്നെ പോര്‍ച്ചുഗലും ഡച്ചുകാരും തമ്മില്‍ ആദ്യത്തെ ഏറ്റുമുട്ടലുണ്ടായി. കോളനികള്‍ക്കു വേണ്ടി വിവിധ പ്രദേശങ്ങളില്‍ ഇരുവിഭാഗവും നടത്തിയ യുദ്ധങ്ങളുടെ ഭാഗം തന്നെയായിരുന്നു കേരളത്തിലെ പോരാട്ടങ്ങളും. കൊച്ചി രാജാവിനെ മുന്‍നിര്‍ത്തി ഡച്ചുസേന നടത്തിയ പോരില്‍ അഫോണ്‍സോ ഡി അല്‍ബുക്കര്‍ക്കിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസുകാര്‍ക്കായിരുന്നു വിജയം. മൂന്നു വര്‍ഷത്തിനു ശേഷം സമാനമായ മറ്റൊരു യുദ്ധം കൂടി നടന്നു. ഇത്തവണ കണ്ണൂര്‍ രാജാവിനു പിന്തുണ നല്‍കിയായിരുന്നു ഡച്ചുകാരുടെ ഒളിപ്പോര്. ഫ്രാന്‍സിസ്കോ ഡി അല്‍മേഡയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസ് പടയ്ക്കായിരുന്നു ഇത്തവണയും വിജയം. 1524ല്‍ ഡച്ച് ആക്രമണത്തിനെതിരെ ഡുവാട്ടെ ഡി മെനെസെസിന്റെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസുകാര്‍ കൊച്ചിയെ വിജയകരമായി പ്രതിരോധിച്ചു. അന്റോണിയോ ഡ സില്‍വേരയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസുകാര്‍ ഡച്ച്, ഓട്ടോമന്‍, ഗുജറാത്തി സംയുക്ത കപ്പല്‍പ്പടയെ പരാജയപ്പെടുത്തിയത് ദിയു യുദ്ധത്തിലാണ്. 1661ല്‍ ഡച്ചുകാര്‍ കൊല്ലം പോര്‍ച്ചുഗീസുകാരില്‍ നിന്ന് പിടിച്ചെടുത്തതോടെ ലിസ്ബണ്‍ സമ്രാജ്യത്തിന്റെ ഇന്ത്യയിലെ അടിത്തറയിളകി. പിന്നീടുള്ള കാലം പോര്‍ച്ചുഗീസുകാര്‍ക്ക് കയ്പേറിയ അനുഭവമാണു പകര്‍ന്നത്. കോഴിക്കോടും കൊടുങ്ങല്ലൂരും പിടിച്ചെടുത്ത ഡച്ച് സൈന്യം കൊച്ചിയിലേക്ക് മുന്നേറി.
ഇത്തവണ പോര്‍ച്ചുഗീസുകാരെ നേരിടാന്‍ ബറ്റാവിയയില്‍ നിന്ന് കപ്പല്‍ കയറിയ ഡച്ചുസേനയെ നയിച്ചത് റിജ് ക്ലോഫ് വാന്‍ ഗോയന്‍സ് എന്ന അതിവിദഗ്ധനായ പടയാളിയായിരുന്നു. പരാജയം മണത്ത പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഇഗ്നേഷ്യോ സെര്മെന്റോ ഒരു ഉടമ്പടിക്കു ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു കൂട്ടക്കശാപ്പ് മുന്‍കൂട്ടി കണ്ട കൊച്ചി രാജാവിന്റെ പ്രധാനമന്ത്രി പാലിയത്ത് അച്ചനും ഒത്തുതീര്‍പ്പിനു ശ്രമിച്ചു, ഫലിച്ചില്ല. പോര്‍ച്ചുഗീസ് കൊച്ചിക്കെതിരെ ഡച്ചുകാര്‍ വലിയ ഉപരോധം സൃഷ്ടിച്ചു. രണ്ടാം ഉപരോധത്തില്‍ പങ്കെടുത്ത ഡച്ചുകാരില്‍ ഒരാള്‍ ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രചയിതാവും പിന്നീട് കൊച്ചിയിലെ ഡച്ച് ഗവര്‍ണറുമായ ഹെന്‍ട്രിക് ആഡ്രിയന് വാന്‍ റീഡ് ആയിരുന്നു.
കൊച്ചി രാജാവിനെ സംരക്ഷിക്കാന്‍ ആയിരക്കണക്കിന് നായര്‍ പടയാളികള്‍ ചാവേറുകളായി. (ബാര്ഡയൂസിന്റെ വിവരണങ്ങളില്‍, ഇവര്‍ കറുപ്പ് ഉപയോഗിച്ച ലഹരിയിലാണ് യുദ്ധം ചെയ്തത്.)
കൊച്ചിയുടെ വന്‍ വീഴ്ച
1663 ജനുവരി 6-ന് അഡ്മിറല്‍ റിജ്ക്ലോഫ് വാന്‍ ഗോയന്സിന്റെ നേതൃത്വത്തില്‍ 12 ഡച്ച് കപ്പലുകളുടെ വ്യൂഹം കൊച്ചിതീരത്ത് എത്തി. ഗവര്‍ണര്‍ ലൂയിസ് ഡി മെലോ ഡി സാമ്പായോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗീസുകാര്‍ക്ക് ഏകദേശം 1,000 സൈനികരും 10 കപ്പലുകളും ഉണ്ടായിരുന്നു. ഡച്ചുകാര്‍ പോര്‍ച്ചുഗീസ് കപ്പലുകള്‍ക്ക് നേരെ കടുത്ത ആക്രമണം നടത്തി, നിരവധി പോര്‍ച്ചുഗീസ് കപ്പലുകള്‍ മുങ്ങുകയും ശേഷിച്ചവ പിടിച്ചെടുക്കുകയും ചെയ്തു. പോര്‍ച്ചുഗീസ് പട്ടാളം കൊച്ചികോട്ടയിലേക്ക് പിന്‍വാങ്ങി.
ഡച്ചുകാര്‍ നഗരം ഉപരോധിച്ചു, പീരങ്കികള്‍ ഉപയോഗിച്ച് കോട്ടയുടെ മതിലുകള്‍ തകര്‍ത്തു. 1663 ജനുവരി 8-ന് പോര്‍ച്ചുഗീസുകാര്‍ കീഴടങ്ങുകയും ഡച്ചുകാര്‍ കൊച്ചിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. കൊച്ചി യുദ്ധം (1663) കേരളത്തിലെ പോര്‍ച്ചുഗീസ് ഭരണത്തിന് അന്ത്യം കുറിച്ചു. സുഗന്ധവ്യഞ്ജനവ്യാപാരത്തിലുള്ള, പ്രത്യേകിച്ച് കുരുമുളകിന്റെ, പോര്‍ച്ചുഗീസ് സ്വാധീനം നഷ്ടപ്പെട്ടു. കറുത്തപൊന്നില്‍ കൈതൊട്ടവര്ക്കെല്ലാം അതൊരു പ്രധാന വരുമാന സ്രോതസ്സായിരുന്നുവല്ലോ.
കണക്കുകള്‍ സൂചിപ്പിക്കുന്നത് 900 പോര്‍ച്ചുഗീസ് സൈനികര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നുമാണ്. കൊച്ചിയിലെ പരാജയം ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഒരു പ്രബല നാവികശക്തിയെന്ന പോര്‍ച്ചുഗീസ് സല്‍പ്പേരിന് കോട്ടം വരുത്തി. മറുവശത്ത്, ഡച്ചുകാര്‍ കേരളത്തില്‍ തന്ത്രപരമായ ചുവടുറപ്പിച്ചു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഈ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ അവര്‍ അത് നിലനിര്‍ത്തി.
മൃഗങ്ങളെക്കാള്‍ ശോചനീയ ജീവിതം
അടിമസമ്പ്രദായം മനുഷ്യകുലത്തിന്റെ ആരംഭകാലം മുതല്‍ തന്നെ ഉണ്ടായിട്ടുള്ളതാണ്. പിന്നീടത് കച്ചവടമായി രൂപം പ്രാപിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ അടിമവ്യാപാരം ബിസിഇ 2500 മുതലുള്ളതാണ്. പുരാതന അസീറിയക്കാരും ബാബിലോണിയക്കാരും ഈജിപ്തുകാരും ഗ്രീക്കുകാരും പേര്‍ഷ്യക്കാരും (അറബികള്‍) ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെയും ചെങ്കടലിലൂടെയും അടിമകളെ കച്ചവടം ചെയ്തു. അറബികളാണ് ഈ കച്ചവടത്തിന്റെ അനന്തസാധ്യതകള്‍ പ്രൊഫഷണലായി ആദ്യം മനസിലാക്കിയവര്‍. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പോര്‍ച്ചുഗല്‍ എസ്റ്റാഡോ ഡാ ഇന്ത്യ (വാസ്കോഡ ഗാമ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കടല്പാത കണ്ടുപിടിച്ച് ആറുവര്‍ഷത്തിനുശേഷം സ്ഥാപിതമായ പോര്‍ച്ചുഗീസ് സാമ്രാജ്യത്തിന്റെ ഒരു പ്രവിശ്യ) സ്ഥാപിച്ചതോടെയാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ യൂറോപ്യന്‍ അടിമക്കച്ചവടം ആരംഭിച്ചത്. മൊസാംബിക്കില്‍ നിന്ന് പ്രതിവര്‍ഷം ആയിരക്കണക്കിന് അടിമകളെ 19-ാം നൂറ്റാണ്ടുവരെ അവര്‍ കയറ്റുമതി ചെയ്തു. ഡച്ചുകാരും അടിമക്കച്ചവടത്തില്‍ മോശക്കാരായിരുന്നില്ല. പതിനേഴാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സ്ഥാപനം പ്രദേശത്തെ അടിമക്കച്ചവടത്തിന്റെ അളവില്‍ പെട്ടെന്നുള്ള വര്‍ദ്ധനവിന് കാരണമായി; 17, 18 നൂറ്റാണ്ടുകളില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലെ വിവിധ ഡച്ച് കോളനികളില്‍ 500,000 വരെ അടിമകള്‍ ഉണ്ടായിരുന്നു. ഡച്ച് സിലോണില്‍ (ഇന്നത്തെ ശ്രീലങ്ക) കൊളംബോ കോട്ട പണിയാന്‍ ഏകദേശം 4,000 ആഫ്രിക്കന്‍ അടിമകളെ ഉപയോഗിച്ചു.
സി.ഇ 14-ാം ശതകത്തില്‍ സ്പെയിന്‍കാരും പോര്‍ച്ചുഗീസുകാരും വടക്കുപടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് നീഗ്രോത്തൊഴിലാളികളെ കൊണ്ടുപോയി വീട്ടുവേലയ്ക്കും മറ്റു പണികള്‍ക്കുമായി ഉപയോഗപ്പെടുത്തിയിരുന്നു. ഇസ് ലാമിക, ക്രൈസ്തവ സാമ്രാജ്യങ്ങളും അടിമവേലയെ പ്രോത്സാഹിപ്പിച്ചിരുന്നവരായിരുന്നു. പല അടിമച്ചന്തകളും നിയന്ത്രിച്ചിരുന്നത് പുരോഹിതരുമായിരുന്നു. വിവിധ കൂലിപ്പണികളെടുപ്പിക്കാനും കപ്പലുകളും ജലവാഹനങ്ങളും തുഴയാനും വ്യക്തിഗത സംരക്ഷകരായും (ബോഡിഗാര്‍ഡ്സ് ) പട്ടാളത്തിലും ഇവരെ ഉപയോഗിച്ചിരുന്നു. കപ്പല്യാത്രക്കിടയില് കപ്പലിന് എന്തെങ്കിലും അപകടസാധ്യതയുണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ നരബലി നടത്തിയാല്‍ മതിയെന്ന വിശ്വാസം അക്കാലത്തുണ്ടായിരുന്നു. അതിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിരുന്നത് ആഫ്രിക്കന്‍ അടിമകളെയാണ്.
തുണി, ലോഹങ്ങള്‍, വെടിമരുന്ന്, മദ്യം മുതലായ ചരക്കുകളോടുകൂടി യൂറോപ്യന്‍ കപ്പലുകള്‍ ആഫ്രിക്കയിലെത്തുമ്പോള്‍ ഇടനിലക്കാരായ കച്ചവടക്കാര്‍ കപ്പലില്‍ കൊണ്ടുവരുന്ന ചരക്കുകള്‍ ആഫ്രിക്കയിലെ ഗോത്രപ്രമുഖര്ക്കു വില്‍ക്കുമായിരുന്നു. ഗോത്രനേതാക്കള്‍ തങ്ങള്‍ പിടിച്ചുവച്ചിട്ടുള്ള അടിമകളെ പകരം നല്‍കും. കപ്പല്‍ നിറയെ അടിമകളെ സംഭരിക്കുന്നതിന് ചിലപ്പോള്‍ മൂന്നോ നാലോ തുറമുഖങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും. അടിമജീവിതം നരകതുല്യമായിരുന്നു. രണ്ടടിമകളെ വീതം കയ്യിലും കണങ്കാലിലും ചങ്ങലകൊണ്ടു കൂട്ടിക്കെട്ടും. ലക്ഷ്യസ്ഥാനത്ത് എത്തുംമുന്പുതന്നെ അടിമകളില്‍ കുറെപ്പേര് പട്ടിണികൊണ്ടും ജോലിയുടെ കാഠിന്യവും പ്രതികൂല സാഹചര്യം മൂലവും മരിച്ചുപോകുമായിരുന്നു. തക്കം കിട്ടിയാല്‍ അവര്‍ കടലില്‍ ചാടി ആത്മഹത്യ ചെയ്തിരുന്നുവെന്നുമാണ് യൂറോപ്യര്‍ തന്നെ രേഖപ്പെടുത്തിയിട്ടുള്ളത്. തുറമുഖങ്ങളില്‍ അടിമക്കപ്പലുകളെ സ്വീകരിക്കുവാന്‍ ദല്ലാളന്മാര് സദാ സന്നദ്ധരായിരുന്നു.
പലായനത്തിനു മുമ്പ്
ഡച്ചുകാരില്‍ നിന്നുണ്ടായ പരാജയം പോര്‍ച്ചുഗീസുകാരെ സംബന്ധിച്ചിടത്തോളം വലിയ തകര്‍ച്ചയും ഏറെക്കുറേ അപ്രതീക്ഷിതവുമായിരുന്നു. രായ്ക്കുരാമാനം അവര്‍ ഗോവയിലേക്കും മാതൃരാജ്യത്തേക്കും പലായനം ചെയ്തത് അതിന്റെ തെളിവാണ്. സുഗന്ധവ്യഞ്ജനങ്ങള്‍ വിറ്റുകിട്ടിയ വകയിലും പ്രാദേശികമായ കച്ചവടങ്ങള്‍ നടത്തിയും അളവറ്റ സമ്പത്ത് പോര്‍ച്ചുഗീസ് സൈനിക-ഉദ്യോഗസ്ഥ മേധാവികള്‍ സമ്പാദിച്ചിരുന്നു. ജീവന് രക്ഷിക്കാനുളള തത്രപ്പാടിനിടയ്ക്ക് ഈ സമ്പത്ത് അവര്‍ക്ക് കൂടെക്കൊണ്ടുപോകാന്‍ കഴിയുമായിരുന്നില്ല. കൊച്ചിയില്‍ പലയിടത്തായി ഇതു സൂക്ഷിച്ച ശേഷം ഡച്ചുകാരുടെ ശല്യം അവസാനിക്കുമ്പോള്‍ തിരികെ വന്ന് കൊണ്ടുപോകാമെന്ന് അവര്‍ പദ്ധതിയിട്ടു. ഒരുപക്ഷേ തിരിച്ചുവരാന്‍ കഴിഞ്ഞില്ലെങ്കിലോ? വിശ്വസ്തരായ ആരെയെങ്കിലും കാവലേല്‍പ്പിച്ച് പോകാം. അവരുമായി ഒരു ഉടമ്പടിയുണ്ടാക്കാം. തങ്ങളുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ തിരികെ വന്നാല്‍ അവര്‍ക്കത് കൈമാറണം എന്നായിരിക്കണം ഉടമ്പടി. തങ്ങളുടെതന്നെ രക്തത്തില്‍ പിറന്ന ലൂസോ-ഇന്ത്യക്കാര്‍ക്ക് ഒരു ഔദാര്യവും ചെയ്യാന്‍ പോര്‍ച്ചുഗീസുകാര്‍ തയ്യാറായില്ല. പകരം വിചിത്രവും ക്രൂരവും അന്ധവിശ്വാസജടിലവുമായ പ്രവൃത്തിയാണ് പലായനത്തിന് ഏതാനും ദിവസം മുമ്പ് അവര്‍ ചെയ്തത്.
മിത്തുകളും കേരളവും
മഹാബലി, വാമനന്, കള്ളിയങ്കാട്ടുനീലിയടക്കമുള്ള അനേകം യക്ഷികള്, വയനാടന്‍ തമ്പാന്, ചാത്തന്മാര് എന്നിവരെല്ലാം വിവിധ മിത്തുകളോടനുബന്ധിച്ചുള്ള കേരളീയ കഥാപാത്രങ്ങളാണ്. യഹൂദ പാരമ്പര്യത്തില്‍ നിന്നുയിര്‍ക്കൊണ്ട കൊച്ചിയിലെ പപ്പാഞ്ഞിയും ഇന്നൊരു മിത്തായി വളര്‍ന്ന് കോടതി പോലും കയറിയിരിക്കുന്നു. അതിനിടയിലാണ് ചരിത്രവും ഐതിഹ്യവും സങ്കല്‍പ്പവുമെല്ലാം കൂട്ടിക്കലര്‍ത്തി ആഫ്രിക്കന്‍ അച്ചില്‍ വാര്‍ത്തെടുത്ത കാപ്പിരി മുത്തപ്പനും ചേര്‍ന്നിരിക്കുന്നത്.
ബഹുമുഖമായ സംസ്കാരങ്ങളുടെയും ആചാരങ്ങളുടെയും സങ്കലനവേദിയായ കൊച്ചിയുടെ ചരിത്ര ഏടുകളില്‍ അത്രകണ്ട് പരാമര്‍ശിക്കപ്പെടാത്ത ഒരു ഇതിഹാസമാണ് കാപ്പിരി മുത്തപ്പന്. കൊച്ചിയുടെ കാപ്പിരി മിത്തിന് രണ്ട് പ്രധാന വശങ്ങളുണ്ട്. അതൊരു ആത്മാവാണെങ്കിലും മനുഷ്യരെ ഭയപ്പെടുത്തുന്നവരല്ല, കാപ്പിരിയുടെ ആത്മാവ് തന്റെ യജമാനന് പണ്ട് കുഴിച്ചിട്ട നിധികള്‍ സംരക്ഷിക്കുക എന്ന കടമ നിറവേറ്റുകയാണ് ചെയ്യുന്നത്. ശേഷം സമയം സ്യൂട്ട് ധരിച്ച് തലയില്‍ തൊപ്പിവച്ച്, ചുരുട്ടുവലിച്ചും പുഴുങ്ങിയ മുട്ടയോ ഇറച്ചിയോ പുട്ടോ കഴിച്ച് തന്നെ കാവലേല്പ്പിച്ച മതിലിന്റെ മുകളില്‍ ആരോടും പരിഭവമില്ലാതെ, ശല്യപ്പെടുത്താതെ ഇരിക്കുന്നു. രണ്ടാമത്തേത് കൊളോണിയല്‍ കാലഘട്ടവുമായുള്ള അതിന്റെ ചരിത്രപരമായ ബന്ധമാണ്. നേരത്തെ സൂചിപ്പിച്ച അടിമയുടെ മൃഗതുല്യമായ ജീവിതം. യജമാനന്റെ സ്വത്തിന്റെ കാവല്ക്കാരനാക്കി മാറ്റി തന്നെ ബഹുമാന്യനാക്കിയെന്ന് അവന് തോന്നുന്നുണ്ടാകാം. കാപ്പിരി മുത്തപ്പന്റെ ഐതിഹ്യ അടരുകളാണ് പോര്‍ച്ചുഗീസുകാരുടെയും ആഫ്രിക്കക്കാരുടെയും വംശീയ അധീശ്വത്തത്തിന്റെയും അടിമത്തത്തിന്റെയും നാളുകളിലൂടെ കടന്നുപോയ കൊച്ചിയിലെ കനല്കാലത്തെ സജീവമാക്കുന്നത്. വടക്കന്‍ പോരാളികളുടെ ചോരമണക്കുന്ന ഇതിഹാസങ്ങള്‍ പാടിനടന്ന പാണരോട് സാമ്യപ്പെടുത്താം, അതിനായി കാലം നിയോഗിച്ച കൊച്ചിയിലെ യുറേഷ്യന്‍ ജനവിഭാഗത്തെ.
തലപ്പുട്ട് കാപ്പിരിക്ക്
പോര്‍ച്ചുഗീസ്-ഇന്ത്യന്‍ പാരമ്പര്യമുള്ള മുന്‍തലമുറയിലെ വീട്ടമ്മമാര്‍ അരിപ്പൊടികൊണ്ടുള്ള പുട്ടു തയ്യാറാക്കുമ്പോള്‍ അതു പൊട്ടിപ്പോകാതിരിക്കാനും പുട്ടിന് രുചിയുണ്ടാകാനും ആദ്യത്തെ പുട്ടിന്റെ ഒരു കഷണം കാപ്പിരി മുത്തപ്പന് നേദിച്ചിരുന്നു. പുട്ടു കൊതിയനായ കാപ്പിരി മുത്തപ്പന് പുട്ടുകുറ്റിയുടെ മുകളില്‍ കയറിയിരുന്നാല്‍ പ്രശ്നമാകും. പുട്ടു തന്നേക്കാമെന്ന് വാഗ്ദാനം ചെയ്താല്‍ കാപ്പിരി കുറ്റിയില്‍ നിന്നിറങ്ങി വീണ്ടും മതിലിലോ മരക്കൊമ്പിലോ പോയിരുന്ന് ചുരുട്ടുവലിക്കുന്ന പ്രക്രിയ തുടരും. ‘തലപ്പുട്ട് കാപ്പിരിക്ക്’ എന്നായിരുന്നു നേര്‍ച്ചയുടെ വായ്ത്താരി. കാപ്പിരികള്‍ സ്വപ്നങ്ങളില്‍ വന്ന് നിധികളുടെ സൂചനകള്‍ സമര്‍പ്പിച്ചതിന്റെ കഥകളും പഴയ തലമുറ പറഞ്ഞിരുന്നു. തൃശൂര്‍ ജില്ലയിലെ ചാത്തന് ആരാധനയോടു സമാനമാണ് കാപ്പിരിയെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങള്‍; ചാത്തനെ പോലെ ഉപദ്രവകാരിയല്ല കൊച്ചിയിലെ കാപ്പിരിയെന്നു മാത്രം. നിധി തന്റെ അനുവാദമില്ലാതെ കവരാന്‍ ശ്രമിച്ചാല്‍, സുബോധത്തിന്റെ നട്ടും ബോള്‍ട്ടും ഇളക്കിക്കളയുമെന്നു മാത്രം. കോഴിക്കോട് വിവിധ സ്ഥലങ്ങളിലും തൃശൂരിലെ ഏനമ്മാവിലും കാപ്പിരി ക്ഷേത്രങ്ങളുണ്ട്. അവര്‍ ചതുര്ഭുജരും ആയുധധാരികളുമാണ്. ഇസ് ലാം മതവിശ്വാസികളും കാഫിര്‍ ദൈവമെന്ന പേരില്‍ ഈ കാപ്പിരി ദൈവങ്ങളെ ആരാധിക്കുന്നുണ്ട്. ഭാരതീയ സംസ്കാരത്തോടു ചേര്‍ന്ന് മുത്തപ്പന് തുള്ളലും ഈ ക്ഷേത്രങ്ങളിലുണ്ട്. കൊച്ചിയിലെ കാപ്പിരി മുത്തപ്പനാകട്ടെ തന്റെ പോര്‍ച്ചുഗീസ്-ആഫ്രിക്കന്‍ പാരമ്പര്യം തെല്ലും കൈവിടുന്നുമില്ല.
മൊസാംബിക്കുകാര്‍ കാപ്പിരികളായത്
അറബികളാണ് പ്രൊഫഷണലായി അടിമക്കച്ചവടം ആരംഭിച്ചതെന്ന് സൂചിപ്പിച്ചുവല്ലോ. സുഗന്ധവ്യഞ്ജനങ്ങളും തുണികളും സ്വര്‍ണവും രത്നവുമെല്ലാം കച്ചവടം ചെയ്യുന്നതുപോലെ മനുഷ്യരെയും കച്ചവടച്ചരക്കാക്കി മാറ്റിയപ്പോള്‍, തങ്ങളുടെ പാപക്കറ കഴിക്കളയാനാകണം ആഫ്രിക്കന്‍ മനുഷ്യരെ അവര്‍ കാഫിറുകളെന്ന് വിളിച്ചത്. കാഫിറുകളെന്നാല് ദൈവവിശ്വാസമില്ലാത്തവരെന്ന് അര്‍ത്ഥം. ദൈവവിശ്വാസമില്ലാത്തവരെ മനുഷ്യരായി തന്നെ കാണേണ്ടതില്ലെന്ന് മതപണ്ഡിതന്മാര് പറഞ്ഞിട്ടുമുണ്ടാകും. കാഫിറുകള്‍ കടല്‍കടന്ന് കൊച്ചി തീരത്തെത്തിയപ്പോള്‍ യജമാനന്മാരായ പോര്ച്ചുഗീസുകാരവരെ കാപ്പിരികളാക്കി.
കാപ്പിരികള്‍ കാവലാളായി
കൊച്ചിയിലെ ഓരോ തെരുവിലും പോര്‍ച്ചുഗീസ്-ഡച്ച്-ബ്രിട്ടീഷ് സ്മരണകള്‍ ഇന്നും മായാതെ, മറയാതെ നില്‍പ്പുണ്ട്. ഒരുപാട് യുദ്ധങ്ങള്‍ കണ്ട കൊച്ചിയിലെ പഴംതലമുറയ്ക്ക് 1663-ലെ പോര്‍ച്ചുഗീസ്-ഡച്ച് യുദ്ധം സമ്മാനിച്ച വിലപ്പെട്ട സ്മൃതിയാണ് കാപ്പിരി. യുദ്ധാവസാനം ജീവനോടെ രക്ഷപ്പെടാന്‍ ലന്തക്കാര്‍, പോര്‍ച്ചുഗീസുകാര്‍ക്ക് അനുമതി നല്കി. പക്ഷേ, വിലപ്പെട്ടതൊന്നും കൂടെ കൊണ്ടുപോകരുതെന്ന് പട്ടാളക്കാര്‍ ചെണ്ട കൊട്ടി അറിയിച്ചു. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഒരുപോലെ വിലമതിക്കുന്ന സമ്പാദ്യങ്ങളിലൊന്നായിരുന്നു ആഫ്രിക്കന്‍ അടിമകള്‍. ആ സ്വത്ത് ഡച്ചുകാര്‍ കൈവശപ്പെടുത്തുന്നത് ഒഴിവാക്കാന്‍ പോര്‍ച്ചുഗീസുകാര്‍ ഒന്നോ രണ്ടോ ദിവസങ്ങളിലായി നടത്തിയ കൂട്ടക്കുരുതിയെ കുറിച്ചും ധാരാളം വാമൊഴിക്കഥകളുണ്ട്. കാപ്പിരികളുടെ ആത്മാക്കള്‍ പോര്‍ച്ചുഗീസ് സ്വത്തുക്കള്‍ക്ക് കാവലാള്മാരായത് ഇതിനോടുചേര്ത്തുവായിക്കണം. മതിലുകള്‍ക്കുള്ളിലും കൂറ്റന്‍ ആല്‍മരങ്ങളുടെയും മാവുകളുടെയും താഴെയുമായാണ് പോര്‍ച്ചുഗീസുകാര്‍ തങ്ങളുടെ സ്വത്തുക്കള്‍ ഒളിപ്പിച്ചുവച്ചത്. ഓരോ നിധികുംഭത്തോടൊപ്പവും ഏറ്റവും വിശ്വസ്തനായ ആഫ്രിക്കന്‍ പരിചാരകനെയും ജീവനോടെ കുഴിച്ചിടുകയോ ശിരച്ഛേദം ചെയ്ത് ജഡം നിധിക്കു മുകളില്‍ ഇടുകയോ ചെയ്തുവത്രേ.
പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും ഇംഗ്ലീഷുകാരുടെയുമെല്ലാം വരവിനെയും മതംമാറ്റങ്ങളെയും കൊള്ളകളെയും കൊലകളെയും രേഖപ്പെടുത്തുന്ന ചരിത്രപുസ്തകങ്ങളില്‍ സ്ഥാനം കിട്ടാതിരുന്ന കേരളത്തിലെ ആഫ്രിക്കന്‍ സാന്നിധ്യത്തിന്റെ കഥ, കാപ്പിരി മുത്തപ്പന്റെ മിത്തിലൂടെ നാട്ടുകാര്‍ സജീവമാക്കുന്നു. കാലം മുന്നേറുമ്പോള്‍ കറുത്തവന്റെ ചോര കൊച്ചിയെ ചെമപ്പണിയിച്ച ക്രൂരതയെക്കാള്‍ ഉടമകളുടെയും അടിമകളുടെയും പരസ്പര വിശ്വാസത്തിന്റെ ചിത്രീകരണമായി അതു മാറുന്നുമുണ്ട്.
മുത്തപ്പന് മാടങ്ങള്‍
കൊച്ചിയില്‍ പല സ്ഥലത്തും മുത്തപ്പന് മാടങ്ങളുണ്ടായിരുന്നു. വിഗ്രഹങ്ങളോ ചിഹ്നങ്ങളോ ഒന്നുമില്ലാത്ത മാടങ്ങളാണിത്. മട്ടാഞ്ചേരിക്കടുത്ത് മങ്ങാട്ടുമുക്കിലെ മുത്തപ്പന് മാടം ഇപ്പോഴുമുണ്ട്. അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി വിവിധ മതക്കാര്‍ കാപ്പിരിയെ കാണുന്നു. നേരത്തെ നിധി വേട്ടക്കാരായിരുന്നു മുത്തപ്പന് നിവേദ്യമര്പ്പിച്ചിരുന്നതെങ്കില് പിന്നീട് കാണാതെ പോയ വസ്തുക്കള്‍ തിരിച്ചുകിട്ടാനും പരീക്ഷയ്ക്ക് ജയിക്കാനും രോഗശമനത്തിനും വീട്ടില്സൗഭാഗ്യമുണ്ടാകാനും വരെ കാപ്പിരി മുത്തപ്പനെ ആരാധിക്കാന്‍ തുടങ്ങി. ചുരുട്ട് (ഇല്ലെങ്കില്‍ സിഗററ്റ്), വറുത്ത മത്സ്യം, കരിക്ക്, മദ്യം (ആദ്യകാലങ്ങളില്‍ വാറ്റുചാരായം), പുട്ട്, പുഴുങ്ങിയ മുട്ട, ലൂസോ-ഇന്ത്യക്കാരുടെ സവിശേഷ പാചകത്തിലുള്ള ഇറച്ചിക്കറി, കോഴിക്കറി ഇതൊക്കെയാണ് പൊതുവേ കാപ്പിരിക്ക് പ്രിയം. തറകളില്‍ മെഴുകുതിരി കത്തിച്ച് ആരാധിക്കുന്ന പതിനഞ്ചോളം കുടുംബങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. കാപ്പിരിയെ കണ്ടുവെന്ന് അവകാശപ്പെടുന്നവര്‍ ഇപ്പോഴും കൊച്ചിയിലുണ്ട്. സ്യൂട്ടും തൊപ്പിയും ധരിച്ച് മതിലിനു മുകളില്‍ കയറിയിരുന്ന് പാട്ടുംപാടി ചുരുട്ടുവലിക്കുന്ന രൂപം, അല്ലെങ്കില്‍ കള്ളുമോന്തുന്ന രൂപം…അങ്ങനെയാണ് കരുണ കാട്ടാതെ പോയ യജമാനന്റെ നിധി കാത്തിരിക്കുന്നവരുടെ പ്രത്യക്ഷങ്ങള്‍.
കാപ്പിരി അടയാളപ്പെടുത്തലുകള്‍
പോര്‍ച്ചുഗീസുകാര്‍ കേരളത്തിലേക്ക് കൊണ്ടുവന്ന ആഫ്രിക്കന്‍ അടിമകളുടെ പ്രാദേശിക ഭാഷയാണ് ‘കാപ്പിരി’യെന്ന് ചരിത്രകാരന് എം.ജി.എസ് നാരായണന് പറയുന്നു. ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന കെ.എല്‍. ബെര്‍ണാഡ് (ബെര്‍ണാഡ് മാഷ് ) തന്റെ ‘ഹിസ്റ്ററി ഓഫ് ഫോര്‍ട്ട് കൊച്ചിന്’ എന്ന പുസ്തകത്തില്‍ കാപ്പിരി മഠത്തില്‍ (കാപ്പിരി മതിലുകള്‍) എന്നറിയപ്പെടുന്നതിനെയും കാപ്പിരി മുത്തപ്പനെയും കുറിച്ച് എഴുതിയതാണ് കൊച്ചിയിലെ കാപ്പിരികളുടെ എഴുതപ്പെട്ട ആദ്യ ഐതിഹ്യമെന്നു പറയാം. ബെര്‍ണാഡ് മാഷ് എഴുതുന്നു: ”1663-ല്‍ പോര്‍ച്ചുഗീസുകാര്‍, ചുവരുകളില്‍ കാപ്പിരികളെ ചങ്ങലകളാല്‍ ബന്ധിച്ച്, അവരുടെ കീഴില്‍ തങ്ങളുടെ നിധികള്‍ നിക്ഷേപിച്ചു. അവരുടെ പിന്‍ഗാമികള്‍ അവകാശവാദം ഉന്നയിക്കുന്നതുവരെ നിധികള്‍ സുരക്ഷിതമായി സൂക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്യിക്കുകയും ചെയ്തു. പിന്നീട് മതിലിന്റെ ദ്വാരം അടച്ചു). കാലക്രമേണ അടിമകളെ ചങ്ങലയില്‍ ജീവനോടേയും അല്ലാതേയും ബന്ധിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന മതിലുകളുടെ ഇടങ്ങളില്‍ മാടങ്ങള്‍ നിര്‍മിക്കുകയും കാപ്പിരിയെ ആരാധിക്കുകയും ചെയ്തു. പോര്‍ച്ചുഗീസ് യുഗം അവസാനിച്ച് ഏകദേശം 450 വര്‍ഷങ്ങള്‍ക്കു ശേഷം ഫോര്ട്ട്കൊച്ചിക്കടുത്തുള്ള റോസ് സ്ട്രീറ്റിലെ രണ്ട് ചുവരുകളില്‍ – കാപ്പിരി മഠങ്ങളില്‍ – ചങ്ങലക്കിട്ട നിലയില്‍ അസ്ഥികൂടങ്ങള്‍ കണ്ടെത്തിയതായും അദ്ദേഹം രേഖപ്പെടുത്തുന്നു. ‘ഓരാ പ്രോ നോബിസ്’ എന്ന പ്രശസ്ത നോവലില്‍ പോഞ്ഞിക്കര റാഫി കാപ്പിരിക്കഥ രേഖപ്പെടുത്തുന്നുണ്ട്. എസ്.കെ. പൊറ്റക്കാട്ട് എഴുതിയ കാപ്പിരികളുടെ നാട്ടില്‍ എന്ന യാത്രാവിവരണവും ഓര്‍ക്കാം. ഡോ. എഡ്വേര്‍ഡ് എടേഴത്ത് എഴുതിയ ‘Kappiri Myth: A Living Remnant of Luos-Dutch encounter in Cochin’ (Academia.edu) എന്ന പഠനത്തില്‍ കാപ്പിരിസങ്കല്പ്പത്തിലെ നിധികാവല്ക്കാരനെ ക്രൈസ്തവ വിശ്വാസത്തിലെ കാവല്‍മാലാഖമാരുമായി താരതമ്യം ചെയ്യുന്നു.
കാപ്പിരി മുത്തപ്പന്റെ മിത്ത്, അടിച്ചമര്‍ത്തുന്ന ജാതി ശ്രേണിയുടെ ബഹുമുഖ വ്യവസ്ഥിതിയെ ധിക്കരിക്കാനും ജീവിക്കാനുമുള്ള പ്രതിരോധശേഷിയുള്ള ജനതയുടെ പ്രതിരോധ സംവിധാനമാണെന്നും ജാതിക്രമത്തിലെ അപകീര്‍ത്തികരമായ പദവിയും അടിച്ചമര്‍ത്തല്‍ വ്യവസ്ഥയില്‍ നിന്ന് ഉപജീവനം കണ്ടെത്താനുള്ള അവരുടെ പോരാട്ടവും സാംസ്കാരികമായി മുറിവേല്‍പ്പിക്കുന്ന കീഴാള-സമുദായത്തിലെ ചില വിഭാഗങ്ങള്‍ വികസിപ്പിച്ചെടുത്ത ഒരു എതിര്വ്യവഹാരമായാണ് മിത്ത് പഠിക്കുന്നതെന്നും കാപ്പിരി മുത്തപ്പന് പ്രസാദം (വിശുദ്ധ വഴിപാട്) അര്‍പ്പിക്കുന്ന മട്ടാഞ്ചേരിയിലെ പതിവ് ആചാരം യൂറോപ്പിലെ പ്രബലമായ മതപരമായ ആചാരങ്ങളുടെ അട്ടിമറിയും കൈവശപ്പെടുത്തലുമാണെന്ന് സൈക്കോളജി ആന്‍ഡ് എഡ്യുക്കേഷന്‍ ജേര്‍ണലില്‍ സോണിയ ലൂസി സിഎ എഴുതുന്നു. എന്‍.എസ്. മാധവന് എഴുതിയ ‘ലന്തന്‍ ബത്തേരിയിലെ ലുത്തിനിയകള്‍,’ പി.എഫ് മാത്യൂസിന്റെ ‘അടിയാളപ്രേതം,’ ജിജോ ജോണ്‍ പുത്തേഴത്തിന്റെ മലയാള മനോരമയിലെ ലേഖനം (മാര്‍ച്ച് 20, 2016) എന്നിവയിലെല്ലാം കാപ്പിരിയുടെ കഥകള്‍ പല തരത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ജോണി മിരാന്‍ഡയും ബോണി തോമസും (കാപ്പിരിത്തറ, വോക്ക് വിത്ത് ബോണി – ഇന്‍സ്റ്റഗ്രം) കാപ്പിരിക്കഥകള് അടയാളപ്പെടുത്തിയവരാണ്.
ജോര്‍ജ് തുണ്ടിപ്പറമ്പിലിന്റെ ഇംഗ്ലീഷ് നോവലായ ‘മായ’യില്‍ ആഫ്രിക്കന്‍ വംശജനായ ഒരു കാപ്പിരി അഥവാ അടിമയാണ് സമകാലിക കേരളത്തിലെ ഫോര്‍ട്ട്കൊച്ചിയില്‍ വച്ച് കണ്ടുമുട്ടിയ ഒരു പെണ്‍കുട്ടിയോട് 500 വര്‍ഷത്തെ ചരിത്രം പറയുന്ന നായകന്. ഈ നോവലാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്ത ‘ബാറോസ്’ എന്ന സിനിമയുടെ മൂലകഥയെന്ന് ആരോപണമുണ്ട്.
ആംഗ്ലോ-ഇന്ത്യന്‍ എഴുത്തുകാരി സാന്ദ്ര ഫെര്‍ണാണ്ടസ് തലമുറകളായി കൈമാറിവരുന്ന സംരക്ഷക ആത്മാക്കളുടെ കഥകളെക്കുറിച്ച് എഴുതിയിട്ടുണ്ടെന്ന് എഡ്വേര്‍ഡ് എടേഴത്ത് പറയുന്നു. ”കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍, മുന്‍ തലമുറയിലെ ആംഗ്ലോ-ഇന്ത്യക്കാര്‍ കാപ്പിരി മുത്തപ്പനെ കണ്ടിട്ടുണ്ടെന്ന് പറയാറുണ്ട്, കോട്ടും സ്യൂട്ടും ധരിച്ച് ചുരുട്ട് വലിക്കുകയും ചങ്ങല കുലുക്കുകയും ചെയ്യുന്ന ആണാത്മാവായിട്ടാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പൗര്‍ണ്ണമി ദിവസങ്ങളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്,” എന്നാണ് സാന്ദ്ര ഫൊര്‍ണാണ്ടസ് എഴുതിയിരിക്കുന്നത്.
കാപ്പിരികളുടെ കൂട്ടക്കുരുതിക്ക് കാരണക്കാരായ ഡച്ചുകാരുടെ പിന്തലമുറക്കാരന് ഗബ്രിയേല്‍ ലെസ്റ്ററിന്റെ ‘Dwelling Kappiri Spirits’ എന്ന ഇന്സ്റ്റലേഷന് കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാം പതിപ്പില്‍ ഏറെ ശ്രദ്ധനേടിയിരുന്നു.
കാപ്പിരി നിധി കാക്കുമ്പോള്‍, കൊച്ചിക്കാര് നിധി പോലെ കാപ്പിരിയെ സംരക്ഷിക്കുന്നു…ഇപ്പോഴും എപ്പോഴും എന്നേക്കും.