എറണാകുളം: വഖഫ് അവകാശവാദത്തില്‍ കുടുങ്ങി ക്രയവിക്രയം ചെയ്യാന്‍ സാധിക്കാത്ത ഭൂമിയില്‍ അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മുനമ്പം പ്രദേശത്തെ സാധാരണ മനുഷ്യര്‍ റവന്യൂ അവകാശങ്ങള്‍ക്കും നീതിക്കുമായി രണ്ടുമാസമായി തുടരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വരാപ്പുഴ അതിരൂപതയുടെയും കോട്ടപ്പുറം രൂപതയുടെയും നേതൃത്വത്തില്‍ ജനുവരി അഞ്ചിന് ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് ഫോര്‍ട്ട് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ 27 കിലോമീറ്റര്‍ മനുഷ്യചങ്ങല തീര്‍ക്കും.
വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, സഹായമെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ മനുഷ്യചങ്ങലയില്‍ പങ്കാളികളാകും. വൈപ്പിന്കരയിലെ എല്ലാ ഇടവക സമൂഹങ്ങളില്‍ നിന്നുമുള്ള 25,000 ജനങ്ങള്‍ മനുഷ്യചങ്ങലയില്‍ അണിനിരക്കുമെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഓളിപറമ്പില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എബി ജോണ്സണ് തട്ടാരുപറമ്പില്‍ എന്നിവര്‍ അറിയിച്ചു.
വൈപ്പിന്കരയിലെ ഇടവകകളിലെ അടിസ്ഥാന ക്രൈസ്ത സമൂഹങ്ങളുടെ (ബിസിസി – കുടുംബ യൂണിറ്റുകള്‍) മനുഷ്യചങ്ങല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് മുനമ്പം തീരദേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടി സംഘടിപ്പിക്കുന്നത്.
വൈപ്പിന്‍ ഇടവകദേവാലയങ്ങളിലെ വികാരിമാരും സഹവികാരിമാരും അല്മായ നേതാക്കളും നേതൃത്വം കൊടുക്കും. വൈദികര്‍ വിവിധ കമ്മിറ്റികളുടെ ചെയര്മാന്മാരും വൈസ് ചെയര്മാന്മാരും, അല്മായ നേതാക്കള്‍ കണ്‍വീനര്‍മാരും ജോയിന്റ് കണ്വീനര്മാരുമായിരിക്കും. മുനമ്പത്ത് സംഭവിച്ചത് നാളെ നമുക്കും സംഭവിക്കാതിരിക്കാന്‍, നമുക്കുനേരെ ചൂഷണത്തിന്റെ കൈനീട്ടുന്നവര്‍ക്ക് ഒരു മുന്നറിയിപ്പായി മനുഷ്യചങ്ങല മാറണമെന്ന് ഫാ. സെബാസ്റ്റ്യന്‍ ഓളിപറമ്പില്‍ പറഞ്ഞു.